1. Fruits

റെഡ് ലേഡി : തോട്ടം നിറയെ ചുവന്ന സുന്ദരികള്‍ 

മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പഴവര്‍ഗമാണ് പപ്പായ. മധ്യകേരളത്തില്‍ കപ്പളങ്ങ എന്നും തെക്കന്‍ കേരളത്തില്‍ ഓമയ്ക്ക എന്നും പ്രാദേശികമായി പപ്പരയ്ക്ക, പപ്പായ എന്നിങ്ങനെ വിവിധ പേരുകളുണ്ടിതിന്.

KJ Staff
മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പഴവര്‍ഗമാണ് പപ്പായ. മധ്യകേരളത്തില്‍ കപ്പളങ്ങ എന്നും തെക്കന്‍ കേരളത്തില്‍ ഓമയ്ക്ക എന്നും പ്രാദേശികമായി പപ്പരയ്ക്ക, പപ്പായ എന്നിങ്ങനെ വിവിധ പേരുകളുണ്ടിതിന്. സാധാരണക്കാരന്റെ ഫലം എന്നും പറയും. പോഷകഗുണത്തില്‍ മുന്‍പന്തിയിലാണ് പപ്പായ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവശ്യമായ 'ജീവകം എ' യുടെ കലവറയായ പപ്പായ മറ്റുധാതു ലവണങ്ങളാലും സമ്പുഷ്ടമാണ്. 

ഇന്ന് ജനപ്രീതിയിലും കൃഷി ചെയ്യുന്ന പരിധിയിലും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സങ്കരയിനം പപ്പായയാണ് റെഡ് ലേഡി. പേരു സൂചിപ്പിക്കുന്നതുപോലെ ഈ പഴത്തിന്റെ ഉള്‍വശം ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്.  നന്നേ ഉയരം കുറഞ്ഞ ഈ ഇനം നട്ട് മൂന്നു മാസത്തിനുളളില്‍ തന്നെ പൂവിടുകയും ഏതാണ്ട് 4-5 മാസത്തിനുളളില്‍ വിളവെടുപ്പിന് പാകമാകുകയും ചെയ്യും. മുമ്പ് സൂചിപ്പിച്ചതുപോലെ പൊക്കം കുറവുളള ഈ ഇനത്തിന്റെ വിളവെടുപ്പും കൈകൊണ്ട് നമുക്ക് നടത്താം എന്നതും ഈ ഇനത്തിന്റെ പ്രചാരം കൂട്ടുന്ന ഒരു വസ്തുതയാണ്. അതുപോലെ ഇളം കായ്കള്‍ മറ്റു വിഭവങ്ങള്‍ തയ്യാറാക്കാനും ഉപയോഗിക്കുന്നു.

red lady fruit

ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് റെഡ് ലേഡി ചെടികള്‍ മുളപ്പിക്കാന്‍ നന്ന്. ഒരു മീറ്റര്‍ വീതിയില്‍ അര അടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ പപ്പായ വിത്തുകള്‍ പാകാം. നഴ്‌സറിയില്‍ ചാണകപ്പൊടി ചേര്‍ത്ത് അതിനു മീതെ വിത്തു വിതച്ച് പുറത്ത് നേരിയ തോതില്‍ മൂടും വിധം മണ്ണിട്ടു മൂടി നനച്ചാണ് തൈകള്‍ മുളപ്പിക്കുന്നത്. ആവശ്യാനുസരണം നനച്ചുകൊടുക്കണം. 2 മാസം പ്രായമായ തൈകള്‍ മാറ്റി നടാം. മെയ്-ജൂണ്‍ മാസങ്ങളില്‍ മാറ്റിനടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ പാറമാറ്റിയ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടുക.

വൈകുന്നേരമാണ് തൈ നടാന്‍ പറ്റിയ സമയം. ഒന്നു രണ്ടു മാസം പ്രായമായാല്‍ റെഡ് ലേഡി പപ്പായയ്ക്ക് ഇനി പറയും വിധം വളം ചേര്‍ക്കണം. വേരു മുറിയാതെ അല്പം മണ്ണിളക്കി ചെറുതടമാക്കുക. 10 കിലോ ഗ്രാം ജൈവവളം, 200 ഗ്രാം എല്ലുപൊടി എന്നിവ ചുറ്റും വിതറി ചെറുതായി മണ്ണിട്ടു മൂടുക. 15-20 ദിവസം കഴിഞ്ഞ് 500 ഗ്രാം ചാരം തണ്ടില്‍ നിന്ന് വിട്ട് വിതറിക്കൊടുക്കുക. മുകളില്‍ അല്പം മണ്ണ് വിതറാന്‍ മറക്കരുത്. വേനല്‍ക്കാലത്ത് തടത്തില്‍ പുതയിടുന്നത് നല്ലതാണ്.

7-8 മാസം കൊണ്ട് മൂപ്പെത്തി കായ്പറിച്ചെടുക്കണം. കായ്കളുടെ ഇടച്ചാലുകളില്‍ മഞ്ഞനിറം കാണുന്നത് വിളവെടുക്കാറായതിന്റെ ലക്ഷണമാണ്. കായ്കള്‍ക്ക് 2 മുതല്‍ 6 കിലോ വരെ തൂക്കം പ്രതീക്ഷിക്കാം. ഉയരം കുറവായതിനാല്‍ ചുവട്ടില്‍ നിന്നു തന്നെ ആയാസ രഹിതമായി കായ്കള്‍ വിളവെടുക്കാം. ഒരു മരത്തില്‍ നിന്നും 50 കായ് വരെ കിട്ടും. ഇത് വിപണിയില്‍ കിലോയ്ക്ക് 30 രൂപ വരെ വിലയുണ്ട്. വിശ്വസിക്കാവുന്ന നഴ്‌സറികളില്‍ നിന്നോ സര്‍ക്കാര്‍ വക കൃഷിത്തോട്ടത്തില്‍ നിന്നോ തൈകള്‍ വാങ്ങാം. അല്ലെങ്കില്‍ സങ്കരയിനം വിത്തുകള്‍ മുളപ്പിച്ച് ഉപയോഗിക്കാം.

യമുനാ ജോസ്
കൃഷി ആഫീസര്‍ പാറത്തോട്
English Summary: Red Lady Pappaya

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds