Features

കാരയ്ക്ക മരങ്ങൾ വരിവരിവരിയായ്..

ഈത്തപ്പഴത്തിന്റെ (കാരയ്ക്ക) നാടായി മാറിയിരിക്കയാണ് എരഞ്ഞിമാവ് ഗ്രാമം ! കുലച്ചു നിൽക്കുന്ന ഈത്തപ്പഴങ്ങൾ കാണികൾക്ക് ആശ്ചര്യവും കൗതുകക്കാഴ്ചയുമായി മാറുകയാണ്. അറേബ്യൻ നാടുകളിലും മറ്റും സുലഭമായി കായ്ക്കുന്ന ഈത്തപ്പഴങ്ങൾ മലയോര ഗ്രാമങ്ങളുടെ മണ്ണിൽ നട്ടു പിടിപ്പിച്ച് വിളവെടുപ്പിന് പാകപ്പെടുത്തിയിരിക്കുന്നത് കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവിലെ എപെക്സ് പബ്ലിക് സ്കൂൾ കോംപൗണ്ടിലാണ്.

സ്കൂൾ കോംപൗണ്ടിൽ ആറ് വർഷം മുൻപ് 30 ഈത്തപ്പഴങ്ങളുടെ തൈകളായിരുന്നു നട്ടു പിടിപ്പിച്ചിരുന്നത്. അതിൽ രണ്ടെണ്ണം പൂർണമായും കായ്ചിരിക്കയാണ്. മറ്റുള്ളവയിൽ ചിലതും കുലയ്ക്കാറായി നിൽക്കുകയാണ്.അറേബ്യൻ മണലാരണ്യത്തിൽ എത്തിയ പ്രതീതിയിലാണ് എപെക്സ് ക്യാംപസിൽ ഈത്തപ്പഴ മരങ്ങൾ നിരനിരയായി വളർന്നു പന്തലിച്ച് നിൽക്കുന്നത്.

പുതിയ അധ്യയന വർഷത്തെ വരവേറ്റുള്ള പ്രവേശനോൽസവത്തിനെത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗതുകക്കാഴ്ചയായിരിക്കും കായ്ചു നിൽക്കുന്ന ഈത്തപ്പഴ മരങ്ങളെന്ന് എപെക്സ് സ്കൂൾ പ്രിൻസിപ്പൽ എ.കെ. അബ്ദുല്ല പറഞ്ഞു. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത്തവണ റമസാനിൽ നോമ്പ് തുറക്കുന്നതിന് ക്യാംപസിലെ കാരയ്ക്ക പ്രയോജനപ്രദമായിരിക്കുമെന്നും പ്രിൻസിപ്പൽ പറയുന്നു.

തമിഴ്നാട്ടിൽ നിന്നായിരുന്നു ആറ് വർഷം മുൻപ് 30 കാരയ്ക്കത്തൈകൾ കൊണ്ടുവന്ന് നട്ടതെന്ന് എ.കെ. അബ്ദുല്ല ഓർക്കുന്നു. ഇന്ന് മലയോര മേഖലയിലുള്ളവർക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എപെക്സിലെത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അപൂർവ കാഴ്ചയുമാണ് ഈത്തപ്പഴങ്ങൾ കുലച്ചു നിൽക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് എൻട്രൻസ് പരീക്ഷയെഴുതാനെത്തുന്നവർക്കും കൗതുകക്കാഴ്ചയാണ് ക്യാംപസിലെ ഈത്തപ്പഴ മരങ്ങൾ.ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിൽ കുഴിയെടുത്ത് മണലും മണ്ണും തുല്യ അളവിൽ നിറച്ചാണ് ഈത്തപ്പഴ മരങ്ങൾ നടുന്നത് ചാണകമാണ് മുഖ്യ വളം.

അറേബ്യൻ നാടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുലഭമായി ലഭിക്കുന്ന ഈത്തപ്പഴം മലയോര മേഖലയിലും വേരുറക്കുമെന്ന് തെളിയിച്ചിരിക്കയാണ് എപെക്സ് ക്യാംപസ്. മലയോര ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഈത്തപ്പഴം കായ്ച വിവരമറിഞ്ഞ് ദിനം പ്രതി ക്യാംപസിലെത്തുന്നത്. സ്കൂളുകൾ തുറക്കുന്നതോടെ കാഴ്ചക്കാരുടെ എണ്ണം വർധിക്കുമെന്ന കാര്യത്തിൽ സംശംയം വേണ്ട !


English Summary: Date Palms in School

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds