Features

കൃഷി: നിലനില്‍പ്പിന് അനിവാര്യം 

ആചാര്യ വിനോബ ഭാവെയുടെ പാതകള്‍ പിന്തുടര്‍ന്ന് രാജ്യത്ത് സാധാരണക്കാര്‍ക്ക് ഭൂമി നല്‍കാനുള്ള സന്നദ്ധ പ്രവര്‍ത്തനവും സമരാഹ്വാനവും നടത്തുന്ന ഏകതാ പരിഷത്തിന്റെ സ്ഥാപക നേതാവ് മലയാളിയായ പി.വി. രാജഗോപാലാണ്. പരിഷത്തിന്റെ തുടക്കത്തെ കുറിച്ചും പ്രവര്‍ത്തന രീതിയികളെക്കുറിച്ചും സൈദ്ധാന്തിക അടിത്തറയെ കുറിച്ചും രാജഗോപാല്‍ സംസാരിക്കുന്നു. കൃഷി ജാഗരണിന് അനുവദിച്ച പ്രത്യേക അഭിമുഖം.

ഇന്നത്തെ ഇന്ത്യയുടെ കാര്‍ഷിക ഉല്പാദനം 30 ശതമാനത്തില്‍ താഴെയാണ്. ഇന്ത്യയുടെ കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി? 

കാര്‍ഷികമേഖല തകര്‍ന്നു തുടങ്ങിയിരിക്കുന്നു. കാരണം നമ്മള്‍ ആദ്യം പറഞ്ഞു 80 ശതമാനം ഇന്ത്യക്കാര്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നു. ഇപ്പോള്‍ പറയുന്നു 65 ശതമാനം ആളുകള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നു. 80 ശതമാനത്തില്‍ നിന്ന് 65 ശതമാനത്തിലേക്ക് ഉള്ള യാത്ര ഗ്രാമത്തിലുള്ളവരെ ചേരികളിലേക്ക് അയച്ചുകൊണ്ടായിരുന്നു ഉണ്ടായത്. അപ്പോള്‍ അത് കൃഷിമേഖലയെ ബാധിച്ചു. പിന്നെ നമ്മുടെ എട്ട് ശതമാനം ആളുകള്‍ കാടുകളിലാണ് ആദിവാസികള്‍. അവരെ നക്‌സലിസത്തിന്റെ പേരിലും മറ്റും കാടുകളില്‍ നിന്ന് പുറത്താക്കി. കാട് വേറൊരു തരത്തില്‍ കൃഷിമേഖലയാണ്. വനകൃഷി. അവരതില്‍ നിന്നാണ് ജീവിക്കുന്നത്. വനത്തില്‍ കൃഷിചെയ്യുന്നവരെ പുറത്താക്കി. 15 ശതമാനം നമ്മുടെ നാട്ടുകൃഷി ചെയ്യുന്നവരെയും പുറത്താക്കി. എല്ലാ മേഖലയിലും അതുണ്ടായി. മീന്‍പിടുത്തക്കാരുടെ ജോലി പോയി. നാടോടികളുടെ ജോലി പോയി. ആദിവാസികളുടെ ഊരും ജോലിയും പോയി. കര്‍ഷകരുടെ കൈയില്‍ നിന്ന് ഭൂമി പോയി. സ്ഥിതി വളരെ മോശമായി. കൃഷി ചെയ്യുന്നവര്‍ കുറഞ്ഞു എന്നുമാത്രമല്ല, കൃഷി ചെയ്യുന്നവരെക്കുറിച്ച് ബഹുമാനം ഇല്ലാതായപ്പോള്‍ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നു. വിദര്‍ഭയിലും മറ്റും ഓരോ വര്‍ഷവും ആയിരങ്ങളാണ് ആത്മഹത്യ ചെയ്യുന്നത്. ഇത്തവണ അത് കൂടാന്‍ സാധ്യതയുണ്ട്. കാരണം അവിടെ സ്ഥിതി വളരെ മോശമാണ്. അപ്പോള്‍ കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു രാജ്യം പെട്ടെന്ന് വ്യവസായത്തെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ ശരിയാവും. കൃഷി വേണ്ട എന്നുവയ്ക്കാന്‍ പാടില്ല. വ്യവസായം ആവശ്യമാണെങ്കിലും കൃഷിക്കുവേണ്ട പ്രാധാന്യം കൊടുത്തേ പറ്റൂ. 
 
ഈ നിലയിലാണ് പോവുന്നതെങ്കില്‍ കാര്‍ഷിക ഭാരതത്തിന്റെ ഭാവി? 

മോശമാകും. വെള്ളം മുഴുവന്‍ കൊക്കോ കോളയ്ക്കും പെപ്‌സി കോളയ്ക്കും വ്യവസായത്തിനും വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്. ഞാന്‍ 2011 ല്‍ ഇന്ത്യ മുഴുവന്‍, ഏതാണ്ട് ഒരു വര്‍ഷം സഞ്ചരിച്ചു. ജീവിക്കാനുള്ള എല്ലാ സാധനങ്ങളും നമ്മള്‍ വളരെ വേഗത്തില്‍ വ്യവസായത്തിന്  കൊടുത്തുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ഭൂമി, വനം, വെള്ളം എന്നിവ. ഇപ്പോള്‍ എല്ലാ നദികളും കേടുവന്നു. നദികള്‍ കേടുവന്നാല്‍ കൃഷി കേടുവരും. ഭൂഗര്‍ഭജലം മലിനമായി. ഭൂഗര്‍ഭജലം ഇല്ലാതെ വിദര്‍ഭ പോലുള്ള സ്ഥലങ്ങള്‍ വറ്റിവരണ്ട് കിടക്കുന്നു. കൃഷിക്കാര്‍ക്ക്  വിലയില്ലാത്ത ഒരു ഇന്ത്യയായി മാറി. ഭക്ഷണം ഉണ്ടാക്കുന്നവന്‍ ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുന്നു. അത് വലിയൊരു ദുരന്തമാണ്. എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കുന്നവന് വിലയില്ല. എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കുന്നവന്‍ ആത്മഹത്യ ചെയ്യാന്‍ ബാധ്യസ്ഥരാകുന്നു. വിശന്നു മരിക്കുന്നു. അതിനേക്കാള്‍ മോശം എന്തുണ്ടാവാനാണ്. ഇന്ത്യയുടെ ഭാവി വ്യവസായമല്ല, ഗ്രാമങ്ങളാണ്. ഭാരതത്തില്‍ മാത്രമല്ല, ഫ്രാന്‍സിലും ബല്‍ജിയത്തിലും ഇംഗ്ലണ്ടിലും ഭൂമിക്കുവേണ്ടിയും കൃഷിക്കുവേണ്ടിയും സമരങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അവിടെയുള്ളവര്‍ പറയുന്നത് ഞങ്ങള്‍ പോയ വഴിയില്‍ നിങ്ങള്‍ പോവാതിരിക്കൂ എന്നാണ്. ഞങ്ങള്‍ തെറ്റായ വഴിയില്‍ പോയി. അതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഭൂമി മുഴുവന്‍ ഞങ്ങള്‍ മലിനമാക്കി. ഞങ്ങളുടെ വെള്ളം ഞങ്ങള്‍ മലിനമാക്കി. ഗാന്ധിയുടെ നാട്ടുകാര്‍ ആ വഴിയില്‍ പോകാന്‍ പാടില്ല എന്നവര്‍ പറയുന്നു. 

അടിസ്ഥാനപരമായി താങ്കള്‍ ഒരു മലയാളിയാണ്. ഒരു മലയാളി എന്ന നിലയില്‍ താങ്കളെ ഇത്തരമൊരു പ്രവര്‍ത്തനമേഖലയിലേക്ക് ആകര്‍ഷിച്ച ഘടകം?
 

P V Rajagopal

ഇതിന്റെ ഒരു വഴിത്തിരിവുണ്ടായത് 1969 ലാണ്. ഞാന്‍ സേവാഗ്രാമില്‍ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്ന കാലത്താണ് മഹാത്മാഗാന്ധിയുടെ 100 വര്‍ഷം ഇന്ത്യ ആഘോഷിച്ചത്. 1969 ല്‍ ഗാന്ധി ജനിച്ചത് 1869 ല്‍ നൂറ് വര്‍ഷം തികയുകയായിരുന്നു. നൂറുവര്‍ഷം തികയുമ്പോള്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന ഒരു ട്രെയിന്‍ ഉണ്ടായിരുന്നു. ഒരു മൊബൈല്‍ എക്‌സിബിഷന്‍ ട്രെയിന്‍. മോഹന്‍ എന്ന ഈ ചെറിയ പയ്യന്‍ എങ്ങനെ മഹാത്മാവായി എന്ന് ആളുകളെ പറഞ്ഞ് മനസ്സിലാക്കുക എന്നത് ആവശ്യമായിരുന്നു. എന്നുവച്ചാല്‍ എല്ലാ മനുഷ്യരിലും ഒരു മഹാത്മാവുണ്ട്. മോഹന്‍ ഒരു വിശേഷപ്പെട്ട കുട്ടിയൊന്നും ആയിരുന്നില്ല. മടിയനും സാധാരണക്കാരനും ആയിരുന്നു. വലിയ മിടുക്കന്‍ പഠിപ്പുകാരനും ആയിരുന്നില്ല. എന്നാല്‍ സത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹത്തെ മഹാത്മാവാക്കി. സത്യത്തില്‍ വിശ്വസിക്കുകയും സത്യമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയും ചെയ്താല്‍ ആര്‍ക്കും മഹാത്മാവാകാന്‍ കഴിയും എന്ന ഇദ്ദേഹത്തിന്റെ കഥ പത്ത് കമ്പാര്‍ട്ട്‌മെന്റില്‍ എക്‌സിബിഷന്‍ ആക്കി ഞങ്ങള്‍ ഒരുവര്‍ഷത്തോളം ഇന്ത്യമുഴുവന്‍ കൊണ്ടു നടന്നു. ആ ഒരുവര്‍ഷത്തെ യാത്ര എന്റെ വഴിത്തിരിവായി. അതിനുശേഷം എനിക്കു തോന്നി കേരളത്തില്‍ തിരിച്ചു പോവുകയല്ല ആവശ്യം. ഞാന്‍ കേരളത്തില്‍ നിന്നുവന്നത് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ് പഠിച്ച് തിരിച്ചുപോകാനായിരുന്നു. എന്നാല്‍ പിന്നെ തിരിച്ചുപോക്ക് ഉണ്ടായില്ല. ഗാന്ധിജിയെക്കുറിച്ച് ഒരു വര്‍ഷം സഞ്ചരിച്ച് സംസാരിച്ചാല്‍ പോരല്ലോ. ഗാന്ധിജി ചെയ്തതെല്ലാം ചെയ്യണ്ടേ. അങ്ങനെയാണ് 1969 നു ശേഷം ചമ്പല്‍ക്കാട്ടിലെ പ്രശ്‌നം വന്നത്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്നുകൊണ്ട് ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരുടെ അക്രമം അവസാനിപ്പിക്കാന്‍ പോയി. എസ്.എന്‍. സുബ്ബറാവുവിന്റെ നേതൃത്വത്തില്‍ ചമ്പല്‍ക്കാട്ടില്‍ ഗാന്ധിആശ്രമം തുടങ്ങി. പിന്നീട് ആശ്രമത്തില്‍ തന്നെ ചമ്പല്‍ക്കാട്ടിലെ കൊളളക്കാര്‍ കീഴടങ്ങി. അങ്ങനെ അവരുടെ പുനരധിവാസവും മറ്റു കാര്യങ്ങളിലും പെട്ട് തിരിച്ചുപോക്ക് ഉണ്ടായില്ല. 

ഏകതാ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാമോ?

ഏകതാ പരിഷത്ത് 1991 ലാണ് തുടങ്ങിയത്. ചമ്പല്‍ കൊള്ളക്കാരുടെ കീഴടങ്ങലൊക്കെ കഴിഞ്ഞശേഷം ഞാന്‍ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ശ്രമം തുടങ്ങുകയായിരുന്നു. കാരണം കൊള്ളക്കാരുടെ ഇടയിലും പോലും ഭൂമിപ്രശ്‌നം ഒരു വിഷയമായിരുന്നു. സാധാരണക്കാര്‍ക്കക്ക് ഭൂമിയില്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയായിരുന്നല്ലോ ആചാര്യ വിനോബ ഭാവെ ഭൂദാന്‍ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 14 വര്‍ഷം അദ്ദേഹം ഇന്ത്യ മുഴുവന്‍ ഇതിനായി നടന്നു. 42 ലക്ഷം ഏക്കര്‍ ഭൂമി ദാനമായി കിട്ടി. എന്നിട്ടും ഭൂമിപ്രശ്‌നം പരിഹരിക്കപ്പെടാത്തതുകൊണ്ടാണ് ഇന്ത്യയില്‍ നക്‌സല്‍-മാവോവാദി പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. ഒരു അക്രമരഹിത മുന്നേറ്റം കൊണ്ട് ഭൂമിപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അക്രമം വര്‍ദ്ധിക്കമെന്ന് അന്നും വിനോബാജി പറഞ്ഞിരുന്നു. ചമ്പല്‍കാട്ടിലെ അനുഭവംകൊണ്ട് എനിക്കും അത് മനസ്സിലാക്കാന്‍ കഴിഞ്ഞു. 

ഏകതാ പരിഷത്തിന്റെ തുടക്കം? 

ഗ്രാമങ്ങളിലെ മറ്റ് പ്രശ്‌നങ്ങളോടൊപ്പം ഭൂമിപ്രശ്‌നം കൂടി പരിഹരിക്കാന്‍ വേണ്ടി 1980 ല്‍ ചത്തിസ്ഗഢില്‍ യുവാക്കളെ പരിശീലിപ്പിക്കാന്‍ തുടക്കമിട്ടു. ഗ്രാമങ്ങളിലെ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ല എന്ന് യുവാക്കള്‍ക്ക് തോന്നിയത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ സര്‍ക്കാരുകള്‍ എതിരാളികളായിട്ടാണ് കാണുന്നത്. കാരണം റേഷന്‍ കടയില്‍ എന്തുകൊണ്ട് റേഷന്‍ വന്നില്ല? ഡോക്ടര്‍ എന്തുകൊണ്ട് മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നു? ഭൂമി എന്തുകൊണ്ട് പാവപ്പെട്ടവര്‍ക്ക് കിട്ടുന്നില്ല? അദ്ധ്യാപകര്‍ എന്തുകൊണ്ട് സ്‌കൂളില്‍ വരുന്നില്ല? തുടങ്ങിയ പ്രശ്‌നങ്ങള്‍ യുവാക്കള്‍ ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ അത് സര്‍ക്കാരിന് എതിരാണെന്ന് അവര്‍ക്കു തോന്നി. 1991 ല്‍ ഇത്തരം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കുറേ യുവാക്കളും യുവതികളും ഒന്നിച്ചുചേര്‍ന്ന് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഏകതാ പരിഷത്ത് എന്ന സംഘടന ഉണ്ടായത്. 

പരിഷത്തിന്റെ ലക്ഷ്യം?

ഗാന്ധിജിയുടെ ചിന്തയാണ് പരിഷത്തിന്റെ അടിത്തറ. അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നുയര്‍ന്ന രണ്ട് കാര്യങ്ങള്‍ പരിഷത്ത് ഏറ്റെടുത്തു. ഒന്ന്, എന്തു ചെയ്യുമ്പോഴും ഏറ്റവും താഴെതട്ടിലുള്ളവരെക്കുറിച്ച് ചിന്തിക്കണം. രണ്ട്, അഹിംസ. അഹിംസയുടെ വഴിയിലൂടെ ജനകീയപ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സര്‍ക്കാരിനെ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിപ്പിക്കാന്‍ ബാധ്യസ്ഥരാക്കുക. അതിനുവേണ്ടിയാണ് പരിഷത്ത് ഉണ്ടായത്. ജയപ്രകാശ് നാരായണ്‍ പറഞ്ഞതുപോലെ ജനശക്തിയാണ് ഭരണകൂടത്തിന്റെ ശക്തി. ഭരണകൂടത്തിന്റെ ശക്തി നിയന്ത്രമില്ലാതെ പോയാല്‍ ഒരു ആനയെപ്പോലെ എല്ലാം നശിപ്പിക്കും. എല്ലാ ആനയുടെ പിന്നിലും നിയന്ത്രിക്കുന്ന ഒരു പാപ്പാന്‍ ഉണ്ടാകും. അതാണ് ജനകീയ സംഘടനകളുടെ പങ്ക്. സ്വാതന്ത്ര്യത്തിനുശേഷവും ഗാന്ധിജി പറഞ്ഞു, കുറെപേര്‍ ജനങ്ങളുടെ അടുത്തേക്ക് പോവുക, എല്ലാവരും പാര്‍ട്ടിയിലേക്കും ഭരണത്തിലേക്കും പോകേണ്ട എന്ന്. അതനുസരിച്ച് വിനോബാജി ഭൂദാനപ്രസ്ഥാനവുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി. ഇത്തരം ആദര്‍ശങ്ങള്‍ മുന്നില്‍ വച്ചുകൊണ്ടാണ് ഏകതാ പരിഷത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 
 
യുവാക്കള്‍ക്കു വേണ്ടി എന്താണ് ചെയ്യുന്നത്?
 
ഏകതാ പരിഷത്തില്‍ നല്ലൊരു ഭാഗം ഗ്രാമത്തില്‍ നിന്നു വരുന്ന യുവാക്കളാണ്. കാരണം കാര്യങ്ങള്‍ ചെയ്യാനും മറ്റും ഗ്രാമത്തിലെ യുവാക്കള്‍ക്ക് നല്ലൊരു അവസരമില്ല. അവരുടെ ജീവിതം മാറ്റിയെടുക്കാന്‍ അവസരങ്ങളില്ല. അവര്‍ക്ക് പണിയെടുക്കാനും വയറുനിറയ്ക്കാനും മാത്രമേ അറിയൂ. പട്ടണത്തിലെ യുവാക്കള്‍ക്ക് അങ്ങനെയല്ല. അവസരങ്ങള്‍ ധാരാളമുണ്ട്. അപ്പോള്‍ ഗ്രാമത്തിലെ യുവാക്കള്‍ക്ക്, വേണമെങ്കില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന ഒരു പരിശീലന പരിപാടിയാണ് അന്ന് തുടങ്ങിയത്. അപ്പോള്‍ കുറെ യുവാക്കളുണ്ടായി. അവര്‍ ഗ്രാമങ്ങളിലേക്ക് പോയി. ഗ്രാമങ്ങളില്‍ സംഘടനകളുണ്ടായി. അവ ചേര്‍ന്ന് ഏകതാ പരിഷത്ത് ആയി. 
 
ഭൂദാന്‍ പ്രസ്ഥാനവുമായി ഏകതാ പരിഷത്ത് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. 
 
ഭൂദാന്‍ പ്രസ്ഥാനവുമായി ഏകതാ പരിഷത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. വിനോബാജി ഭൂദാന്‍ പ്രസ്ഥാനം നടത്തിയ കാലത്ത് ഏകതാ പരിഷത്ത് ഉണ്ടായിരുന്നില്ല. വിനോബാജി പറഞ്ഞത് കാനേ, കരുണാ, കപല്‍ എന്നാണ്. കപല്‍ എന്നുപറഞ്ഞാല്‍ കൊല്ലല്‍. കൊല്ലല്‍ കൊണ്ട് ഭൂമിപ്രശ്‌നം അവസാനിപ്പിക്കുന്നതിനേക്കാള്‍ നല്ലത് നിയമം കൊണ്ട് അവസാനിപ്പിക്കലാണ്. കപലിനേക്കാള്‍ നല്ലത് കാനൂനാണ്. കാനൂനും ശരിയായില്ലെങ്കില്‍ കരുണയിലേക്ക് പോകാം. അതുകൊണ്ട് അദ്ദേഹം കപല്‍, കാനൂന്‍, കരുണ എന്നുപറഞ്ഞത്. വലിയ പണക്കാരെയും മറ്റും കൊന്നുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതായിട്ടാണ്. നിയമം കൊണ്ടും സാധിക്കില്ല എന്ന് അദ്ദേഹത്തിന് തോന്നി. അപ്പോള്‍ കരുണ കൊണ്ട് കാര്യങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാം എന്നദ്ദേഹത്തിന് തോന്നി. അതുകൊണ്ടാണ് ഗ്രാമങ്ങളില്‍ ഇറങ്ങിച്ചെന്ന് നിങ്ങള്‍ക്ക് അഞ്ച് മക്കള്‍ ഉണ്ടെങ്കില്‍ എന്നെയും ഒരു മകനായി കാണൂ എന്നിട്ട് അഞ്ച് ഓഹരിയില്‍ ഒരു ഓഹരി എനിക്ക് തരൂ എന്നുപറഞ്ഞു. ശരിക്കും പറഞ്ഞാല്‍ അതൊരു വിപ്ലവ പ്രവര്‍ത്തനമായിരുന്നു. കാരണം സര്‍ക്കാര്‍ തന്നെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കട്ടെ എന്നു കരുതുന്ന ഒരു ലോകത്ത് സര്‍ക്കാരിന് സാധിക്കില്ല, ജനങ്ങള്‍ തന്നെ പരിഹാരം കണ്ടെത്തണം എന്നുപറയുന്ന അവസ്ഥയാണ് വിനോബാജി ഉണ്ടാക്കിയത്. 
 
ഞങ്ങളെല്ലാം ചെറുപ്പകാലത്ത് വിനോബാജിയുടെ കൂടെയും അദ്ദേഹത്തിന്റെ പാത പിന്‍തുടര്‍ന്ന് ഭൂദാന്‍ പ്രസ്ഥാനത്തിന്റെയും ഭാഗമായി. വിനോബജിയുടെ പ്രചോദനം കൂടിയാണ് ഏകതാ പരിഷത്തിനെ ഭൂമിപ്രശ്‌നങ്ങളിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ സര്‍വോദയ പ്രവര്‍ത്തകരും ഗാന്ധിയ•ാരും ഭൂമിപ്രശ്‌നത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചത് വിനോബാജിയുടെ പാത പിന്‍തുടര്‍ന്നാണ്. ജയപ്രകാശ് നാരായണ്‍ തന്നെ രാഷ്ട്രീയമെല്ലാം വിട്ട് വിനോബാജിയുടെ കൂടെ പോയി. അദ്ദേഹം പോയി ബീഹാറിലെ മുഖ്‌വരി എന്ന ഗ്രാമത്തില്‍ ഇരുന്നു. ഭൂമിപ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയിലെ ദാരിദ്ര്യം പരിഹരിക്കാന്‍ കഴിയില്ല. ദാരിദ്ര്യം പരിഹരിക്കാതെ അക്രമം അവസാനിപ്പിക്കാനാവില്ല. അന്ന് ജവഹര്‍ലാല്‍ നെഹ്‌റു വരെ വിനോബാജിയോട് അഭിപ്രായങ്ങള്‍ ചോദിക്കുന്ന കാലമായിരുന്നു. ഇന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വിലയില്ല. ജയപ്രകാശ്ജിയെയാണ് നാഗാലാന്റ് പ്രശ്‌നം അവസാനിപ്പിക്കാന്‍ വേണ്ടി ഇന്ദിരാഗാന്ധി പറഞ്ഞുവിട്ടത്. ചമ്പല്‍ക്കാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ജയപ്രകാശ്ജിയോടും വിനോബജിയോടുമാണ് ആവശ്യപ്പെട്ടത്. ഇന്ന് സാമൂഹ്യപ്രവര്‍ത്തകരെ എന്‍.ജി.ഒ എന്ന ക്ലബ്ബില്‍പ്പെടുത്തി. ഒരു വിലയുമില്ലാതെ സര്‍ക്കാരിനെ ആശ്രയിച്ച് ജീവിക്കുന്ന ഗ്രൂപ്പാക്കി മാറ്റി. ശരിക്കും പറഞ്ഞാല്‍ ഇന്ത്യയിലെ വലിയ വലിയ മാറ്റങ്ങള്‍ വരുത്തിയത് ഇത്തരം സാമൂഹ്യപ്രവര്‍ത്തനങ്ങളാണ്. 

വിനോബജി എന്ന ആദര്‍ശമാതൃക? 
 
അതെ തീര്‍ച്ചയായും. എന്റെ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും മാതൃകയാണ്. കാരണം ഗാന്ധിജിയ്ക്കു ശേഷം കുറെപേര്‍ രാഷ്ട്രീയത്തിലേക്ക് പോയി. എന്നാല്‍ ഗാന്ധിജി പറഞ്ഞതുപോലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നത് വിനോബജിയും വിനോബജിയുടെ അനുയായികളുമാണ്. അതായത് സ്വാതന്ത്ര്യത്തിനുശേഷം രണ്ടുഭാഗമായി പിരിഞ്ഞു. കുറെപ്പേര്‍ ഗ്രാമഭാഗങ്ങളിലേക്കു പോയി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. കുറെപേര്‍ സര്‍ക്കാരിലേക്ക് പോയി. ആ കാലത്ത് ഗ്രാമത്തിലേക്ക് പോയവരും സര്‍ക്കാരിലേക്ക് പോയവരും ഒരുമയോടെ എല്ലാം ചെയ്യുമായിരുന്നു. ഇന്നത് സാധിക്കുന്നില്ല. ഇന്ന് ഗ്രാമത്തിലേക്ക് പോയവരും സര്‍ക്കാരിലേക്ക് പോയവരും തമ്മില്‍ സംസാരമില്ല. പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിച്ചു തീര്‍ക്കാനുള്ള ഒരുമ കാണിക്കുന്നില്ല. അന്നത് ഉണ്ടായിരുന്നു. അതുകൊണ്ട് വിനോബജി ഭൂദാന്‍ തുടങ്ങിയപ്പോള്‍ നെഹ്‌റു ഭൂദാന്‍ നിയമം ഉണ്ടാക്കി. വിനോബജി ഗ്രാമദാന്‍ തുടങ്ങിയപ്പോള്‍ നെഹ്‌റു ഗ്രാമദാന്‍ നിയമം ഉണ്ടാക്കി. സര്‍ക്കാരും ജനങ്ങളും സന്നദ്ധ-ജനകീയ സംഘടനകളും സര്‍ക്കാരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംസ്‌കാരം ഉണ്ടായിരുന്നു. ഇന്നതില്ല. ആ സംസ്‌കാരത്തിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ സാമൂഹികപ്രശ്‌നങ്ങള്‍ സുതാര്യമായി പരിഹരിക്കാന്‍ കഴിയും. 
 
കേരളത്തില്‍ ഏകതാ പരിഷത്തിന്റെ പ്രവര്‍ത്തനം ഉത്തരേന്ത്യയില്‍ ഉള്ളത്ര ശക്തമല്ലല്ലോ? 
 
ഞാന്‍ ഇവിടെ തന്നെ ഒരു ഉത്തരേന്ത്യന്‍ ആയി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇവിടെ തുടങ്ങി. ഇപ്പോള്‍, പതുക്കെ പതുക്കെ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചു തുടങ്ങി. നാലഞ്ചു വര്‍ഷമായി ഏകതാ പരിഷത്ത് കേരളത്തില്‍ വളര്‍ന്നു വരുന്നു. കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഏകതാ പരിഷത്ത് ഇടപെടുന്നു. കേരളത്തില്‍ കണ്ണൂര്‍ പോലുള്ള അക്രമ പ്രദേശങ്ങളില്‍ സമാധാനം ഉണ്ടാക്കാന്‍ വേണ്ടി സമാധാനകമ്മിറ്റി ഉണ്ടാക്കുന്നു. കേരളത്തില്‍ പൊതുവെ ഭൂസമരങ്ങള്‍ ഉണ്ട്. അത് മുത്തങ്ങ ആയാലും അട്ടപ്പാടി ആയാലും ചേങ്കര ആയാലും ഇടുക്കി ആയാലും ഇന്നും കേരളത്തിലെ ഭൂമിപ്രശ്‌നം അവസാനിച്ചിട്ടില്ല. ടാറ്റയ്ക്കും മലയാളം ഹാരിസണ്‍ കമ്പനിക്കും ഒക്കെ ആയിരമായിരം ഏക്കര്‍ ഭൂമിയുള്ളപ്പോള്‍ സാധാരണക്കാരന് വീടുവെയ്ക്കാന്‍ ഭൂമിയില്ലാതെ അടുക്കള പൊളിച്ച് മൃതദേഹം മറവുചെയ്യുന്ന കഥയൊക്കെ അതുകൊണ്ടാണ് വരുന്നത്. ഇരുന്നൂറോളം കുട്ടികള്‍ പോഷകാഹാര കുറവുകൊണ്ട് മരിച്ച കഥ അട്ടപ്പാടിയില്‍ നിന്നാണ് വന്നത്.

അന്ന് ജയ്‌റാം രമേശും മന്‍മോഹന്‍സിംഗിന്റെ സെക്രട്ടറി ടി.കെ.എ. നായരും അട്ടപ്പാടിയില്‍ പോയി പറഞ്ഞത്, ഭൂമിപ്രശ്‌നമാണ് ഇവിടത്തെ ദാരിദ്ര്യത്തിന് കാരണമെന്നാണ്. ദാരിദ്ര്യം കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ വരുന്നത്. എല്ലാവര്‍ക്കും കൃഷി ചെയ്യാനുള്ള ഭൂമി കൊടുക്കണം. വീട് വെയ്ക്കാനുള്ള ഭൂമി കൊടുക്കണം. പക്ഷേ, കൃഷി ചെയ്യാന്‍ ഭൂമി കൊടുക്കാന്‍ അല്പം വൈകിയാലും വീട് വെയ്ക്കാന്‍ ഭൂമി കൊടുക്കാത്തത് വലിയ അപരാധമാണ്. കാരണം ലക്ഷക്കണക്കിന് ആളുകള്‍ റോഡുവക്കിലും റെയില്‍വേ ട്രാക്കിലും കഴിയുന്ന ഈകാലത്ത് ഇന്ത്യയില്‍ ജനിച്ചുവീണവര്‍ക്ക് ഒരു തരി മണ്ണ് ഇല്ലാന്നു പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് അവര്‍ക്കൊക്കെ ഇന്ത്യയെക്കുറിച്ച് ഭക്തിഭാവമുണ്ടാവുക, സ്‌നേഹമുണ്ടാവുക.   ഭൂമിപ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍, ഇവര്‍ക്കൊക്കെ ഞാന്‍ ഈ രാജ്യത്തെ ഒരു പൗരനാണ് ഈ രാജ്യത്ത് എനിക്ക് ജീവിക്കാന്‍ അവകാശമില്ല എന്നൊക്കെ തോന്നുന്ന അവസ്ഥയാണ്. അതുകൊണ്ട് ഭൂപ്രശ്‌നം അവസാനിപ്പിക്കേണ്ടി സമയം വന്നിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ വലിയതാണ് എന്ന് തോന്നിയതുകൊണ്ടാണ് കേരളത്തില്‍ തിരിച്ചു വരാമെന്ന് വിചാരിച്ചത്. 


അഭിമുഖം: പി.വി. രാജഗോപാല്‍/ ധന്യ. എം.ടി
 

English Summary: Interview with P.V Rajagopal

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds