Features

അയൂബിൻ്റെ പരീക്ഷണം വിജയിച്ചു; ഇനി കുരുമുളക് കൃഷിയില്‍ വിയറ്റ്‌നാം മാതൃക

കുരുമുളക് ഉല്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിയറ്റ്‌നാമില്‍ പരീക്ഷിച്ച് വിജയിച്ച താങ്ങുകാല്‍ മാതൃക കേരളത്തിലും പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുകയാണ് കാര്‍ഷിക മേഖലയിലെ മാതൃക ഗവേഷക കര്‍ഷകനായ വെള്ളമുണ്ട ആറുവാള്‍ തോട്ടോളി അയൂബ്. എടവക പഞ്ചായത്തിലെ സഫ ഓര്‍ഗാനിക് ഫാമിലാണ് അയൂബ് കുരുമുളക് കൃഷിയില്‍ വിയറ്റ്‌നാം മാതൃക പരീക്ഷിച്ച് വിജയം കണ്ടത്.
Vietnam pepper
 
2016 ലാണ് മാനന്തവാടി എടവക പഞ്ചായത്തിലെ താനിയാടുള്ള കൃഷിസ്ഥലത്ത് എടവക കൃഷിഭവനിലെ കൃഷി ഓഫീസര്‍ മണികണ്ഠന്റെ സഹായത്തോടെ അയൂബ് ഈ രീതിയില്‍ കൃഷി ആരംഭിച്ചത്. കുരുമുളക് കൃഷിയക്ക് സാധാരണയായി ഉപയോഗിക്കുന്ന മരങ്ങളുടെ താങ്ങു കാലുകള്‍ക്ക് പകരം നിര്‍ജ്ജീവ കാലുകള്‍ (dead Post) ഉപയോഗിക്കുന്നതാണ് രീതി. മരത്തടികള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ വേണ്ടി രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്‌തോ, കോണ്‍ക്രീറ്റ്, ജി.ഐ പൈപ്പ്‌ എന്നിവ ഉപയോഗപെടുത്തിയോ താങ്ങു കാലുകള്‍ ഉണ്ടാക്കാം. പതിനഞ്ച് അടി നീളവും നാല് ഇഞ്ച് കനവുമുള്ള കോണ്‍ക്രീറ്റിന്റെ ചതുര തൂണുകളാണ്  അയൂബ് തിരഞ്ഞെടുത്തത്. തോട്ടത്തില്‍ തന്നെ ഒരു പോസ്റ്റിന് 1150 രൂപ നിരക്കില്‍ 3 കമ്പി ഇട്ട് വാര്‍ത്തെടുക്കുകയായിരുന്നു.
 
പതിമൂന്ന്‌ അടി മുകളില്‍ വരത്തക്കവിധം രണ്ടടിയുടെ കുഴികളെടുത്ത് അതില്‍ പോസ്റ്റ് ചെരിവോ, ഇളക്കമോ ഇല്ലാതെ ഉറപ്പിച്ചു. അടിയില്‍ കോണ്‍ക്രീറ്റ് ചെയ്യാതെ തന്നെ ചെറിയ കല്ലുകള്‍, ഇഷ്ടിക കഷണങ്ങള്‍ ഇതൊക്കെ ഉപയോഗിച്ചാണ് പോസ്റ്റ് ഉറപ്പിച്ചത്. പോസ്റ്റിന്റെ വടക്കുഭാഗത്തു ഒരടി സമചതുര കുഴി എടുത്ത് അതില്‍ ട്രൈക്കോഡര്‍മ കൊണ്ട് സമ്പുഷ്ടീകരിച്ച ചാണകവും മേല്‍മണ്ണും കൊണ്ട് നിറച്ച് ഒരാഴ്ച കഴിഞ്ഞ് ഒരു കുഴിയില്‍ 3 വീതം തൈകള്‍ നട്ടു. വേനലില്‍ ജലസേചനത്തിന് ഡ്രിപ്പ് ഇറിഗേഷന്‍ സൗകര്യം ഏര്‍പെടുത്തി. മഴ മാറിക്കഴിഞ്ഞപ്പോള്‍ ഒരു മാസം ഇടവേളയില്‍ ചാണകം, കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് പുളിപ്പിച്ചത് നേര്‍പ്പിച്ച് ചെടികള്‍ക്ക് ചുവട്ടില്‍ ഒരു ലിറ്റര്‍ വീതം 3 മാസക്കാലം കൊടുത്തു.
 
ആദ്യവര്‍ഷത്തെ വേനല്‍ക്കാലം എല്ലാ ദിവസവും ഒരു നേരം മുടങ്ങാതെ നനച്ചു കോണ്‍ക്രീറ്റ് ചൂടാവും എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ആദ്യവര്‍ഷം തണലുകൊടുത്തിട്ടില്ല. പറ്റിപ്പിടിച്ചു വളരാനുള്ള സൗകര്യത്തിന് പോസ്റ്റ് ഷെയ്ഡ് നെറ്റ് കൊണ്ട് പൊതിഞ്ഞു. നല്ല വളര്‍ച്ച ഉണ്ടായിരുന്നതായി അയൂബ് പറയുന്നു. ഒരു വര്‍ഷം ആയപ്പോള്‍ തന്നെ ഒന്നു രണ്ട് ചെടികള്‍ തിരിയിട്ടിരുന്നു. രണ്ടാം വര്‍ഷം വേനലില്‍ ചെടികളില്‍ മഞ്ഞളിപ്പ് മാറാതിരുന്നത് ആശങ്കയുണ്ടാക്കി. സൂര്യാഘാതമാണ് കാരണമെന്ന് കണ്ടെത്തി ഓലകൊണ്ട് തണലൊരിക്കയപ്പോള്‍ ആ പ്രശ്‌നവും പരിഹരിക്കാനായി. എന്താണ് രോഗമെന്നറിയാതെ ആകെ വിഷമിച്ച് നില്‍ക്കുമ്പോള്‍ പരിഹാരം കണ്ടെത്താന്‍ സഹായിച്ചത്, ആത്മ വയനാടിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആശയാണന്ന് ഇദ്ദേഹം പറഞ്ഞു. 

English Summary: Vietnam model pepper farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds