1. Health & Herbs

ആടലോടകം വീട്ടുമുറ്റത്തെ ഔഷധി

ആയുർ‌വേദത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമായ ആടലോടകം ഏത് കാലാവസ്ഥയിലും വളരും. ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും.

KJ Staff
ആയുർ‌വേദത്തിൽ ഏറെ  ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമായ ആടലോടകം ഏത് കാലാവസ്ഥയിലും വളരും. ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും. ഔഷധസസ്യമെന്ന രീതിയില്‍ ഒന്നോ രണ്ടോ ചെടി വീടുകളില്‍ നടുന്നതിന് ഉപരി അതിര്‍ത്തികളില്‍ വേലിയായും ആടലോടകം വളര്‍ത്താം. 

കൃഷിസ്ഥലമുള്ളവര്‍ക്ക് കൃഷിയിടങ്ങളില്‍ അങ്ങിങ്ങായി ആടലോടകം വളര്‍ത്തുന്നത് കീടനിയന്ത്രണത്തിന് സഹായകരമാണ്.  നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിളക്കി അതില്‍ മുറിച്ചെടുത്ത കമ്പുകള്‍ നടാവുന്നതാണ്. അല്‍പം ജലലഭ്യത ഉറപ്പാക്കിയാല്‍ നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിക്കും. ഇലകള്‍ ഒട്ടനവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമേ ജൈവ കീടനാശിനി നിര്‍മ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും ആടലോടക ഇല വളരെയധികം ഉപയോഗിച്ച് വരുന്നു.

അക്കാന്തേസീ കുടുംബത്തിൽ പെട്ട ആടലോടകം രണ്ടു തരമുണ്ട്. ചെറിയ ആടലോടകവും വലിയ ആടലോടകവും. ചെറിയ ആടലോടകം (ശാസ്ത്രീയ നാമം : Adhatoda vasica Nees) . ഇതിന് ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ കാണും. വലിയ ആടലോടകം (ശാസ്ത്രീയ നാമം : ആഡത്തോഡ വസിക്ക Adhatoda vascica Nees) ആണ്.  ഇതിന് 14ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും. 
വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു. ആടലോടകത്തിന്‍റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്‍റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം. ഇതിന് ഔഷധഗുണം കൂടുതലാണ്.

കേരള കാർഷിക സർവ്വകലാശാല അജഗന്ധി, വാസിക എന്നിങ്ങനെ രണ്ട് ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 
ശാസ്ത്രനാമമായ ആടാതോട വാസിക്ക സൂചിപ്പിക്കുന്നത് തന്നെ ശ്വാസകോശ രോഗങ്ങളെ ചെറുക്കുവാനുള്ള ഇതിന്‍റെ കഴിവിനെയാണ്. 
Adhatoda Zeylanica Medik എന്നതിനേയും ആടലോടകമായി പറയുന്നു. പച്ചില വളമായി ഉപയോഗിക്കുന്നു. മഞ്ഞ ചായം ഉണ്ടാക്കുന്നതിന് ഇല ഉപയോഗിക്കുന്നുണ്ട്. ചില ആൽക്കലോയ‌്ഡുകളുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് ഫംഗസ്സും കീടങ്ങളും ആക്രമിക്കാത്തതു കൊണ്ടു പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്നു. ആടലോടകത്തിന്റെ ശീതവീര്യവും രൂക്ഷഗന്ധവും നിമിത്തം ആടുമാടുകളും മറ്റ് ജീവികളും ഇതിന്‍റെ ഇല ഭക്ഷിക്കാത്തത് കൊണ്ട് തന്നെ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം ഉള്ള സസ്യം കൂടിയാണിത്. 

കാലവർഷാരംഭത്തിൽ കമ്പുകൾ മുറിച്ച് നട്ട് തെങ്ങിൻതോപ്പുകളിലും പറമ്പുകളിലും വളർത്താം. ചാണകപ്പൊടി വളമായി ഉപയോഗിക്കാം. ഓരോ വീട്ടുവളപ്പിലും ഈ സസ്യം നട്ടുവളർത്തിയാൽ കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഗൃഹവൈദ്യമായി ഉപയോഗപ്പെടുത്താം. കൃഷിക്കും ഒരുത്തമ സുഹൃത്താണ് ഈ സസ്യം. കുമിളുകള്‍ , ബാക്ടീരിയകള്‍, കീടങ്ങള്‍ ഇവയെ ശമിപ്പിക്കാന്‍ ആടലോടകത്തിനു കഴിവുണ്ട്. അതുകൊണ്ട് പൂച്ചെടികള്‍ക്കും മറ്റും ആടലോടകത്തിന്റെ ഇലവെന്ത് ആറിയ വെള്ളം കീടനാശിനിയായി ഉപയോഗിക്കാം.

ബി.സി. മൂന്നാം നൂറ്റാണ്ടിലൊ നാലാം നൂറ്റാണ്ടിലൊ എഴുതിയ അമരകോശത്തിൽ ആടലോടകത്തിന്റെ എട്ടു പര്യായങ്ങൾ പറയുന്നു. വൈദ്യമാതാവ്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം. ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി, ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങൾ ആടലോടക വേർ ചേർത്തുണ്ടാക്കുന്നതാണ്.

ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കയാണെങ്കിൽ‍ കഫം ഇല്ലാതാവുകയും, തണലിൽ‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. 
രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം, കാസം, ശ്വാസം എന്നിവയേയും ശമിപ്പിക്കും. കൂടാതെ, ആടലോടകത്തിൻറെ വേര് അരച്ച് നാഭിക്ക് കീഴിൽ പുരട്ടിയാൽ പ്രസവം വേഗം നടക്കും. ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.

ചെറുചുണ്ട, കുറുന്തോട്ടി, കർക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തിൽ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേൻ ചേർത്ത് പതിവായി കുടിച്ചാൽ ചുമ, ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആടലോടകത്തിൽ നിന്ന് തയ്യാറാക്കുന്ന വാസിസെൻ എന്ന മരുന്ന് ഉപയോഗിക്കുന്നു. 

ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ആടലോടകത്തിന്റെ ഇലയും ചന്ദനവും അരച്ച് 15 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാല്‍ രോമാകൂപത്തിലൂടെ രക്തം വരുന്നത് തടയാം. ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തം പോകുന്നുണ്ടെങ്കില്‍ ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലിയും 15 ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ദിവസേന രണ്ടു നേരം വീതം കഴിക്കുക. ക്ഷയരോഗത്തിന്‍റെ ആദ്യ അവസ്ഥയില്‍ ചുമ ഉണ്ടെങ്കില്‍ ആടലോടക ഇളനീര് 1 ടീസ്പൂണ്‍ വീതം ദിവസേന 3 നേരം കഴിക്കുക.

നേത്രരോഗങ്ങള്‍ക്ക് ഇതിന്‍റെ പൂവിന്‍റെ നീര് കണ്ണില്‍ ഒഴിക്കുന്നത് നല്ലതാണ്.ഉണങ്ങിയ ഇലകള്‍ ചുരുട്ടാക്കി വലിക്കുന്നത് മൂലം ആസ്ത്മ രോഗത്തിന് ശമനം ലഭിക്കും. ഒരു ടീസ്പൂണ്‍ ആടലോടകത്തിന്റെ ഇലയുടെ നീരും ഒരു കോഴിമുട്ട വാട്ടിയതും അല്‍പ്പം കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ ചുമ, കഫക്കെട്ട് ഇവ മാറുന്നതാണ്.ആടലോടകത്തിന്റെ ഇല, കണ്ടകാരിയില, ചെറു വഴുതനയില ഇവ കഷായം വെച്ച് കുടിച്ചാല്‍ വയറിലെ കൃമികള്‍ നശിക്കും.
ആടലോടകത്തിന്റെ ഇല വെയിലത്ത്‌ ഉണക്കി പൊടിച്ചത്, അരി വറുത്തു പൊടിച്ചത്, കല്‍ക്കണ്ടം, ജീരകം, കുരുമുളക് ഇവ പൊടിച്ചത്, ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ മാറും. 

നെഞ്ചിലെ കഫക്കെട്ടുമാറ്റാൻ അദ്ഭുത കഴിവുള്ള ഈ ഔഷധ സസ്യം ആയുർവേദ ഔഷധ നിർമാണത്തിൽ ഏറെ പ്രധാനമാണ്. ഇന്നു ലഭിക്കുന്ന എല്ലാ കഫ് സിറപ്പുകളിലേയും മുഖ്യഘടകമാണ് ഇത്.
വാശാരിഷ്‌ടത്തിലെ പ്രധാന ചേരുവ ആടലോടകമാണ്. കനകാസവത്തിനും ഈ ചെടിയുടെ വേര് ഉപയോഗിക്കുന്നു. 
കൊച്ചുകുട്ടികൾക്കു ജലദോഷത്തോടൊപ്പം കഫം ഇളകി മാറ്റുന്നതിനും ആടലോടക ഇലയുടെ സ്വരസം അഞ്ച് മില്ലി തുല്യ അളവിൽ തേനും ചേർത്ത് ദിവസം പലതവണ കൊടുക്കാം. ആടലോടകം സമൂലം അരിഞ്ഞ് 30 ഗ്രാം 750 മില്ലി വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി അല്പം തിപ്പല്ലിപ്പൊടി ചേർത്ത് സേവിക്കുന്നത് ചുമയ്ക്കും ശ്വാസവൈഷമ്യത്തിനും സിദ്ധൗഷധമാണ്. രക്‌തപിത്തം എന്ന അസുഖത്തിന് ആടലോടകത്തിന്റെ സ്വരസവും ചന്ദനവും അരച്ച് 15 മില്ലി വീതം രാവിലെയും വൈകുന്നേരവും പതിവായി ഉപയോഗിച്ചാൽ രക്‌തപിത്തം ശമിക്കും.
ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ (Vasicine) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്. ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് (സ്വരസം) ഒരു ടീസ്പൂണ്‍ അത്രയും തന്നെ തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.
ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും. ഇതേ കഷായം രക്താര്‍ശസ്, രക്താതിസാരം എന്നിവയ്ക്കും നല്ലതാണ്.
900 ഗ്രാം പച്ച ആടലോടകവും (സമൂലം) 100 ഗ്രാം തിപ്പലിയും ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്ററാക്കി വറ്റിച്ച്, 250 ഗ്രാം നെയ്യ് ചേര്‍ത്തു കാച്ചിക്കഴിക്കുന്നത് ചുമ, രക്തം കലര്‍ന്നു കഫം തുപ്പല്‍, ഉരഃക്ഷതം എന്നിവയില്‍ ഫലപ്രദമാണ്. ഇതേ കഷായം ക്ഷയരോഗത്തിനും നല്ലതാണ്.
ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചന്ദനം അരച്ചു ചേര്‍ത്ത്, 15 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തപിത്തവും രക്തം കലര്‍ന്നു കഫം തുപ്പലും ശമിക്കും.ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്.
ആടലോടകത്തിന്‍റെ ഇല മാത്രം ഇടിച്ചു പിഴിഞ്ഞെടുത്ത നീര്, 10 മില്ലി വീതം ദിവസവും രണ്ടു നേരം കഴിച്ചാല്‍ രക്തപ്രദരം ശമിക്കും. ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ശര്‍ക്കര ചേര്‍ത്തു കഴിക്കുന്നത്‌ സ്ത്രീകളിലെ അമിതആര്‍ത്തവത്തില്‍ നന്നാണ്. ആടലോടകത്തിന്‍റെ വേര് അരച്ച് നാഭിക്കടിയില്‍ പുരട്ടിയാല്‍ ഗര്‍ഭിണികളില്‍ പ്രസവം വേഗത്തില്‍ നടക്കും..ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.
ആടലോടകത്തിന്‍റെ വേര്, വെളുത്ത ആവണക്കിന്‍റെ വേര്, ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി, ഇരട്ടിമധുരം, തിപ്പലി, ഏലത്തരി എന്നിവ കഷായം വെച്ച് കന്മദം മേമ്പൊടിയായി കഴിക്കുന്നത്‌ അശ്മരിക്ക് നല്ലതാണ്. ആടലോടകത്തിന്‍റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ പനിയും ചുമയും മാറും. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിച്ചാല്‍ കഫവും ചുമയും ശമിക്കും. ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട, കുറുന്തോട്ടി എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും. ആടലോടകത്തിന്‍റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കൂടും.
English Summary: aadalodakam

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds