1. Livestock & Aqua

മഴക്കാലത്ത് പക്ഷിമൃഗാദികളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ 

കനത്ത വേനലിനു ശേഷം ഈ മാസം അവസാനത്തോടു കൂടി ശക്തമായ മഴയുണ്ടാകുമെന്നും, സാധാരണയിൽ കവിഞ്ഞ മഴ ഇപ്രാവശ്യം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

KJ Staff

കനത്ത വേനലിനു ശേഷം ഈ മാസം അവസാനത്തോടു കൂടി ശക്തമായ മഴയുണ്ടാകുമെന്നും, സാധാരണയിൽ കവിഞ്ഞ മഴ ഇപ്രാവശ്യം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കനത്ത മഴക്കാലം പക്ഷി / മൃഗസ്നേഹികളായ നമുക്ക് വളരെയേറെ ബുദ്ധിമുട്ട് പലപ്പോഴും ഉണ്ടാക്കാറുണ്ട്..... ചെറിയ ഒരു അസുഖമോ, അശ്രദ്ധയോ ചിലപ്പോൾ നമ്മുടെ ഓമന പക്ഷി/മൃഗങ്ങളുടെ ജീവൻ നഷ്ടപ്പെടാനും ആയിരകണക്കിനു രൂപയുടെ സാമ്പത്തിക നഷ്ടത്തിനും അതിലേറെ മനോവേദനക്കും കാരണമാകാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) കൂടുകളും പരിസരവും അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക

2) പക്ഷി/മൃഗങ്ങൾ എന്നിവയുടെ ശരീരത്തിലെ പേൻ, ഈച്ച, വണ്ടുകൾ, ചെള്ള് എന്നീ ക്ഷുദ്രജീവികളെ നിർമാർജനം ചെയ്യുക.

3) വിര നിർമാർജനം(De-worming) നടത്തുക.

4) കൂടുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള കമ്പുകളും, ചില്ലകളും മാറ്റി പുതിയത് സ്ഥാപിക്കുക.. ഇവ ഒരു പ്രത്യേകതരം ചർമ്മരോഗം പടർത്താൻ കാരണമാകുന്നുണ്ട്. കളിപ്പാട്ടങ്ങളും, റിങ്ങുകളും അണുവിമുക്തമാക്കി വെയിലത്തുവെച്ച് ഉണക്കിയെടുക്കുക.

5) മഴവെള്ളം കെട്ടിനിൽക്കാനുള്ള എല്ലാ സാധ്യതകളും-- ചിരട്ടകൾ, കുപ്പികൾ, പഴയ ഫീഡിങ്ങ് & ഡ്രിങ്കിങ്ങ് പാത്രങ്ങൾ, പഴയ ബ്രീഡിങ്ങ് പാത്രങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. കൊതുകുകൾ വളരാനുള്ള എല്ലാ സാധ്യതയും ഒഴിവാക്കിയാൽ വസൂരി പോലെയുള്ള വൈറസ് അസുഖങ്ങൾ ഒരു പരിധി വരെ തടയാനാകും.

6) ഓട്ടോമാറ്റിക് വാട്ടർ ഡ്രിങ്കിങ്ങ് സംവിധാനങ്ങൾ അണുവിമുക്തമാക്കുകയും പൂപ്പലിന്റെ ശല്യം ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം.

7) ഗോതമ്പ്, തിന, ചോളം, പയറിനങ്ങൾ, കമ്പം, മുത്താറി, ചണവിത്തുകൾ, നെല്ല് തുടങ്ങിയ പ്രകൃതിദത്ത ധാന്യങ്ങൾ കഴുകി ഉണക്കി ഒന്നിലധികം പ്ലാസ്റ്റിക് ചാക്കുകളിലോ,കവറുകളിലോ ആക്കി കട്ടികൂടിയ പ്ലാസ്റ്റിക് ബാരലുകളിൽ സൂക്ഷിക്കുക.

8) കൃത്രിമ ഭക്ഷ്യപദാർത്ഥങ്ങളായ ഫിനിഷറുകൾ, സ്റ്റാർട്ടറുകൾ, ലെയറുകൾ, ഹാന്റ് ഫീഡിങ്ങ് ഫോർമുലകൾ, ടിൻ ഫുഡുകൾ എന്നിവ ഒന്നോ രണ്ടോ ആഴ്ച്ച ഉപയോഗിക്കാൻ മാത്രം സൂക്ഷിച്ചു വെക്കുക. മഴക്കാലത്തെ അന്തരീക്ഷത്തിലെ ഈർപ്പം ഉണങ്ങിയ ഇത്തരം ഭക്ഷ്യവസ്തുക്കൾ പെട്ടെന്ന് ആഗിരണം ചെയ്യുകയും ഫംഗസ്സ് വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും.

9) താപ ക്രമീകരണം ആവശ്യമുള്ളവയ്ക്ക് കൂടുകളിൽ ഹീറ്ററുകളോ, ഇൻകാൻഡിസന്റ് ബൾബുകളോ, സൂര്യപ്രകാശത്തിന്റെ ഗുണമേന്മ ലഭ്യമാക്കുന്ന ബൾബുകളോ ക്രമീകരിക്കേണ്ടതാണ്.

10) മഴക്കാലത്ത് ബ്രീഡിങ്ങ് ബോക്സുകളിൽ ഉപയോഗിക്കുന്ന ചിപ്പിലി ( വുഡൻ ഷേവിംഗ്സ്) ഒരു കാർഡ് ബോർഡ് പെട്ടിയിൽ വെച്ച് 12 മണിക്കൂറെങ്കിലും ഒരു 60 W സാധാരണ ബൾബിന്റെ ചൂടിൽ ഉണക്കിയെടുത്താൽ ചിപ്പിലിയിലെ ഫംഗസ്സ് പൂർണമായും ഇല്ലാതാകും.

11) പുതിയ പക്ഷികളെയും മൃഗങ്ങളേയും വാങ്ങുന്നവർ അസുഖവിമുക്തമായവയെ മാത്രം വാങ്ങുക. ബ്രീഡർമാരിൽ നിന്ന് വാങ്ങുന്നത് കൂടുതൽ സുരക്ഷിതമാണ്. പുതിയ അംഗങ്ങളെ ഒരു ഐസൊലേഷൻ കേജിൽ 7 ദിവസമെങ്കിലും സൂക്ഷിച്ച് നിരീക്ഷിച്ചതിനു ശേഷം മാത്രമേ പ്രധാന കൂടുകളിലേക്ക് മാറ്റാവൂ.

12) മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളായ വയറിളക്കം, കഫക്കെട്ട്, ചുമ, വസൂരി, കോഴിവസന്ത, നേത്രരോഗങ്ങൾ, പ്രാവുകൾക്കുണ്ടാവുന്ന PMV എന്നിവയ്ക്കാവശ്യമായ മരുന്നുകൾ, വിറ്റാമിനുകൾ, മിനറലുകൾ, ആൻറിബയോട്ടിക്കുകൾ, പ്രി-ബയോട്ടിക്കുകൾ, പ്രോ-ബയോട്ടിക്കുകൾ, ഐ ഡ്രോപ്പുകൾ, നാസൽ ഡ്രോപ്പുകൾ, ORS സാഷേകൾ എന്നിവ ചെറിയ അളവിൽ കരുതിവെച്ചാൽ ആവശ്യം വരുമ്പോൾ താമസംവിനാ ഉപയോഗിക്കാവുന്നതാണ്.

13) എല്ലാ ദിവസവും നമ്മുടെ ഓമന പക്ഷി/മൃഗങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതാണ്. പിടിച്ചു നോക്കാവുന്നവയെ അങ്ങനെ ചെയ്യണം.

14) തൂങ്ങിയിരിപ്പ്, ഒറ്റക്കാലിൽ നിൽക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അധിക ജലപാനം, ചിറക് താഴ്ത്തിയിടൽ, തൂവലുകൾ പൊങ്ങി നിൽക്കുക, മൂക്ക്, വായ,കണ്ണ് എന്നിവയിൽ നിന്നുമുള്ള സ്രവങ്ങൾ, മലദ്വാരത്തിൽ വിസർജ്യം പറ്റിപ്പിടിച്ചിരിക്കുക ,തൂക്കകുറവ് എന്നിവ രോഗലക്ഷണങ്ങളാണ്.

15) അസുഖങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഒരു വിദഗ്ധ ഡോക്ടറെ കണ്ട് ചികിത്സ നടത്തേണ്ടതാണ്. ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് രോഗത്തിന്റെ രീതിയും സ്വഭാവവും കൂടുതൽ സങ്കീർണമാവുകയും മാരകമാവുകയും ചെയ്യും.


എല്ലാവർക്കും രോഗമുക്തമായ ഒരു മഴക്കാലം ആശംസിക്കുന്നു.

തയ്യാറാക്കിയത് 
സുബ്രഹ്മണ്യൻ .കെ .
കോഴിക്കോട്-- 944775424

English Summary: important measures to be taken during rainy season to keep cattle cage and poultry farm clean

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds