Monthly Reminders

വിത്തും കൈക്കോട്ടും ഏപ്രില്‍ മാസത്തെ കൃഷിപ്പണികള്‍

നെല്ല്: വിഷു കഴിഞ്ഞ് പൊടിവിത

ഈ മാസം നല്ല മഴകിട്ടിയാല്‍ വിഷു കഴിഞ്ഞ് പൊടിവിത നടത്താം. ഏക്കറൊന്നിന് 120 കി.ഗ്രാം കുമ്മായം വിതറി കട്ടയുടച്ച് നന്നായി ഉഴുത് പാകപ്പെടുത്തണം. ഏക്കറിന് രണ്ടു ടണ്‍ കാലിവളവും ചേര്‍ക്കണം. വിത്തു വിതയ്ക്കുന്ന പാടങ്ങളില്‍ സീഡ് ഡ്രില്‍ ഉപയോഗിച്ചാല്‍ കൃത്യ അകലത്തില്‍ വരിവരിയായി വിത്തിടാം. ഒരു കൃഷിയിറക്കുന്ന മ്യാല്‍പാടങ്ങളില്‍ ജ്യോതി, ഓണം, കാഞ്ചന, മകം, കാര്‍ത്തിക, മട്ടത്രിവേണി, അഹല്യ, ഹര്‍ഷ, കനകം എന്നിവയിലൊരു മൂപ്പു കുറഞ്ഞ വിത്തു വിതയ്ക്കാം. ഇടത്തരം മൂപ്പിന് ഐശ്വര്യ, പവിഴം, ഉമ, ഗൗരി എന്നിവ ഉപയോഗിക്കാം. മണലിന്റെ അംശം കൂടിയ ഓണാട്ടുകരപ്പാടങ്ങളില്‍ ജയ, പവിഴം, കനകം, കാര്‍ത്തിക, മകം, ഓണം, ചിങ്ങം എന്നിവ വിതയ്ക്കാം. പാലക്കാടന്‍ നിലങ്ങളില്‍ മട്ടത്രിവേണി, അഹല്യ, ജ്യോതി, ഉമ, കാഞ്ചന, വര്‍ഷ, കരിഷ്മ, പഞ്ചമി, ഐശ്വര്യ എന്നിവ ഉപയോഗിക്കാം. 

വിരിപ്പില്‍ നല്ല വിളവ് കിട്ടാന്‍ 115-125 ദിവസം മൂപ്പുളള ഇനങ്ങളുപയോഗിക്കാം. ഇടത്തരം മൂപ്പുളള ഇനങ്ങള്‍ 20ത15 സെ.മീ. അകലത്തിലും മൂപ്പു കുറഞ്ഞവ 15ത10 സെ.മീ. അകലത്തിലും നുരിയിടുക. മൂപ്പുളളവയ്ക്ക് ഒരു ചതുരശ്ര മീറ്ററില്‍ 33 നുരിയും മൂപ്പു കുറഞ്ഞതിന് 66 നുരിയും വേണം. വിത്ത് വിതയ്ക്കുകയാണെങ്കില്‍ ഏക്കറിന് 35 കിലോ മതി. നുരിക്ക് 32 കിലോയും. 

പറിച്ചു നടുന്ന പാടങ്ങളില്‍ കാലവര്‍ഷത്തിന് മുമ്പു ലഭിക്കുന്ന ആദ്യ മഴയോടുകൂടി പച്ചിലവളച്ചെടികളായ ചണമ്പ്, സെസ്‌ബേനിയ, ഡെയിഞ്ച എന്നിവ വളര്‍ത്തിയാല്‍ കൃഷിക്കാവശ്യമായ ജൈവവളം കിട്ടും. 

തെങ്ങ്: നന തുടരാം

മഴ കിട്ടുന്നതുവരെ തെങ്ങിന് നന തുടരണം. നാലു ദിവസത്തിലൊരിക്കല്‍ 300 ലിറ്ററ് വെളളം എന്നതാണ് കണക്ക്. തുളളിനനയ്ക്ക് ദിവസവും 50-75 ലിറ്റര്‍. മണലിന്റെ അംശം കൂടിയ മണ്ണില്‍ കുറഞ്ഞ അളവും കുറഞ്ഞ ഇടവേളയും, കളിമണ്ണിന്റെ അംശം കൂടിയ മണ്ണില്‍ കൂടിയ അളവും കൂടിയ ഇടവേളയും. നല്ല മഴ കിട്ടിയാല്‍ മാത്രം ഈ മാസം അവസാനം തടം തുറന്ന് ഓരോ കിലോ കുമ്മായം ചേര്‍ക്കണം. തെങ്ങിന്‍ തൈകളുടെ തടിയില്‍ ചെമ്പന്‍ ചെല്ലിയുടെ സുഷിരങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കണം. സുഷിരങ്ങളിലൂടെ ചണ്ടി പുറത്തുവരുന്നത് കാണാം. സുഷിരങ്ങള്‍ കളിമണ്ണുകൊണ്ടടച്ച് ഏറ്റവും മുകളിലത്തെ എട്ടു ഗ്രാം വെവിന്‍ (50 ശതമാനം) രണ്ടു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി ഒഴിക്കുക. തുടര്‍ന്ന് ആ സുഷിരവും അടയ്ക്കുക.  

വിരിപ്പിന് ചേര്‍ക്കേണ്ട അടിവളങ്ങള്‍ ഇങ്ങനെ

ഇനം                                                ചാണകം/ കമ്പോസ്റ്റ്               ഫാക്ടം           യൂറിയ       മ്യൂറിയേറ്റ് ഓഫ് 
                                                                 ഫോസ്                        പൊട്ടാഷ്
മികച്ച ഉല്‍പാദനശേഷി-
യുളള മൂപ്പു കുറഞ്ഞ 
ഇനങ്ങള്‍                                                           2                               70              10.5               12
മികച്ച ഉല്‍പാദനശേഷി-
യുളള ഇടത്തരം മൂപ്പുളള
ഇനങ്ങള്‍                                                            2                                90                  -                15
നാടന്‍ ഇനങ്ങള്‍                                                 2                                40                  -                10

കൊമ്പന്‍ ചെല്ലിയെ കുത്തിയെടുക്കാന്‍ ചെല്ലിക്കോല്‍ ഉപയോഗിക്കണം. പൂങ്കുലച്ചാഴിയുടെ കുത്തേറ്റ് മച്ചിങ്ങയും വെളളയ്ക്കയും കൊഴിയുന്നത് കാണുന്നുവെങ്കില്‍ സെവിന്‍ (50%) നാലു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുക. പരാഗണം നടക്കുന്ന കുലകളെ ഒഴിവാക്കണം. പഞ്ഞി പോലുളള മീലിമൂട്ടകളാണ് ഉപദ്രവിക്കാനെത്തുന്നതെങ്കില്‍ ഇക്കാലക്‌സ് രണ്ടു മില്ലി വെളളത്തില്‍ എന്ന തോതില്‍ തളിക്കണം. 
ഗുരുതര രോഗമാണ് ചെന്നീരൊലിപ്പ്. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തിയ ശേഷം കാലിക്‌സിന്‍ അഞ്ചു മില്ലി 100 മില്ലി വെളളത്തില്‍ കലക്കി തേയ്ക്കുക. ഉണങ്ങുമ്പോള്‍ അതിനു മീതെ റബര്‍ കോട്ട് തേയ്ക്കാം. തെങ്ങൊന്നിന് അഞ്ചു കിലോ വീതം വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം. 

ഓലചീയല്‍ രോഗത്തിനെതിരെയും കരുതല്‍ വേണം. ഇത് കുമിള്‍ രോഗമാണ്. കുമിള്‍ ബാധിച്ചാല്‍ തുറക്കാത്ത കൂമ്പോലകള്‍ അഴുകും. ഇവ തുറക്കുമ്പോള്‍ അഴുകിയ ഭാഗങ്ങള്‍ കാറ്റത്ത് ഉണങ്ങി പറന്നു പോകുകയും ഓലയുടെ ബാക്കി ഭാഗം കുറ്റിയായി നില്‍ക്കുകയും ചെയ്യും. കൂമ്പോലയുടെയും അതിനോടു ചേര്‍ന്നുളള രണ്ടു മൂന്നു ഓലകളുടെയും ചീത്ത ഭാഗങ്ങള്‍ മുറിച്ചു മാറ്റണം. കോണ്ടാഫ് 2 മില്ലി അല്ലെങ്കില്‍ ഡൈത്തേണ്‍-എം 45 മൂന്നു ഗ്രാം എന്നിവയിലൊന്ന് 300 മില്ലി വെളളത്തില്‍ കലക്കി നാമ്പോലയുടെ ചുറ്റും ഒഴിക്കുക. ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് ചെയ്യണം. 

മാവ്: നനയ്ക്കണം

മാങ്ങ വലുതാകുന്ന സമയമായതിനാല്‍ നനയ്ക്കുന്നതില്‍ ഒട്ടും ലുബ്ധം പാടില്ല. നന തുടരുക. അങ്ങനെയായാല്‍ നല്ല വിളവ് കിട്ടും. മാലത്തയോണ്‍ 2 മില്ലി ഒരു ലിറ്റര്‍ വെളളത്തിന് എന്ന തോതില്‍ അല്പം പഞ്ചസാര കൂടെ ചേര്‍ത്ത് തളിച്ചാല്‍ പുഴുക്കേട് ഉണ്ടാകുന്നത് തടയാം. പുഴു കുത്തി താഴെ വീണ് കേടായ മാങ്ങകള്‍ പെറുക്കി നശിപ്പിക്കണം. തുളസിക്കെണി, ഫിറമോണ്‍ കെണി, എന്നിവ ഉപയോഗിച്ച് കായീച്ചകളെ കുടുക്കാം.

റബര്‍: പുതുകൃഷിക്ക് ഒരുങ്ങാം

റബര്‍ പുതുകൃഷിയുടെയും ആവര്‍ത്തന കൃഷിയുടെയും സമയമാണിത്. നിരയെടുക്കല്‍, കുഴികളുടെ സ്ഥാനനിര്‍ണ്ണയം എന്നിവ ചെയ്യുക. മഴ കിട്ടുന്നതോടെ കുഴികളെടുക്കാം. ചരിഞ്ഞ സ്ഥലങ്ങളില്‍ കോണ്ടൂര്‍ രീതിയില്‍ കുഴികളെടുക്കണം. മണ്ണുസംരക്ഷണത്തിന് ഇടക്കയ്യാലകളും നിരപ്പു തട്ടുകളും കോണ്ടൂര്‍ ബണ്ടുകളും തയ്യാറാക്കാം. ഒരേക്കറില്‍ 180-200 തൈകള്‍ വരെയേ നടാന്‍ പാടുളളൂ. മഴ കിട്ടുന്നതോടെ നഴ്‌സറിയില്‍ തൈകള്‍ ബഡ് ചെയ്യാം. 

വാഴ: വളവും നനയും 

നന തുടരണം. ആരോഗ്യമില്ലാത്ത കന്നുകള്‍ ചവിട്ടണം. താങ്ങ് കൊടുക്കാം. വാഴകള്‍ക്ക് താങ്ങ് കൊടുക്കാന്‍ സൗകര്യത്തിന് പത്തനം തിട്ട കാര്‍ഡ് കൃഷിവിജ്ഞാനകേന്ദ്രം രൂപകല്‍പന ചെയ്ത കോളര്‍ റിങ്ങുകള്‍ ഉപയോഗിക്കാം. (0469-2662094, 2661821). ഒരു നനയ്ക്ക് 40 ലിറ്റര്‍ വെളളം ഉപയോഗിക്കാം. അഞ്ചു മാസം പ്രായമായ വാഴയ്ക്ക് 65 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷ് വളവും ചേര്‍ക്കാം. പുതിയ കന്നുകള്‍ നടുമ്പോള്‍ ഓരോ കുഴിയിലും 10 കിലോ വീതം ജൈവവളം ചേര്‍ക്കണം.

കശുമാവ്: പുതിയ തൈകള്‍ നടാം

കശുമാവിന്‍ തോട്ടങ്ങള്‍ക്ക് സ്ഥലമൊരുക്കാം. പുതിയ തോട്ടങ്ങളില്‍ ഫെബ്രുവരി അവസാനവത്തോടചെ വിളവെടുപ്പ് കഴിയുന്ന ഇനങ്ങള്‍ നടാന്‍ ശ്രദ്ധിക്കുക. മണ്ണിന്റെ വളപ്പറ്റനുസരിച്ച് 7.5 മുതല്‍ 9 മീറ്റര്‍ വരെ അകലം നല്‍കാം. ഒട്ടുതൈകള്‍ക്ക് അകലം നല്‍കാം. 4ത4 മീറ്റര്‍ മതി. നട്ട് അഞ്ചു വര്‍ഷമാകുമ്പോള്‍ തൈകള്‍ ഇടതിങ്ങാന്‍ തുടങ്ങും. അപ്പോള്‍ അകലം ക്രമീകരിച്ച് 8ത8 മീറ്ററാക്കാം. പ്രിയങ്ക, സുലഭ, അനഘ, അക്ഷയ, രാഘവ് തുടങ്ങിയ മികച്ച ഇനം സങ്കര കശുമാവിന്‍ തൈകള്‍ കേരളകാര്‍ഷിക സര്‍വകലാശാലയുടെ ഫാമുകളില്‍ നിന്ന് വാങ്ങാം. കശുമാവ് ഗവേഷണകേന്ദ്രം, ആനക്കയം(0483-2564739), മാടക്കത്തറ (0487-2370339) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 

കുമുളക്: നടാനൊരുക്കം

 മഴ കിട്ടിയാല്‍ താങ്ങുകാലുകള്‍ നട്ട് തുടങ്ങാം. വിസ്താരം കുറഞ്ഞതും 30-45 സെ. മീ. ആഴവുമുളള കുഴികള്‍ നിശ്ചിത അകലത്തിലെടുത്ത് അതില്‍ താങ്ങുകാലുകളില്‍ ഇറക്കിവച്ച് മണ്ണിട്ട് നന്നായി ഉറപ്പിക്കണം. ശക്തിയായ വെയില്‍ കിട്ടുന്ന സ്ഥലമാണെങ്കില്‍ താങ്ങുകാലുകള്‍ പൊതിഞ്ഞു കെട്ടേണ്ടി വരും. ഈ മാസം കാലുകളുടെ ചുവട്ടില്‍ നിന്ന് 15 സെ. മീ. അകലം വിട്ട് വടക്കു ഭാഗത്തായി 50 ത50 ത 50  സെ. മീ. വലിപ്പമുളള കുഴികളെടുത്ത്  മേല്‍മണ്ണും കാലിവളവും ചേര്‍ത്തിടണം. തോട്ടത്തിലെ രോഗം ബാധിച്ച കുരുമുളകു ചെടികള്‍ നീക്കി നശിപ്പിക്കണം. നിലവിലുളള കൊടികള്‍ക്ക് ഒരു ചുവടിന് 500 ഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ക്കണം.

കൈതച്ചക്ക: കന്ന് ശേഖരിക്കാം

കൈതച്ചക്കയുടെ വിളവെടുപ്പ് തുടരാം. പുതുകൃഷിക്ക് കന്നുകള്‍ ശേഖരിക്കാന്‍ തുടങ്ങാം. കീടരോഗവിമുക്തമായ ആരോഗ്യമുളള ചെടികളില്‍ നിന്ന് നടാനുളള കന്നുകള്‍ ശേഖരിക്കണം. മഴ തുടങ്ങുന്നതോടെ പുരയിടം കളകളും കട്ടകളും മാറ്റി ഉഴുതിടണം. 

ഇഞ്ചി: മഴ കിട്ടിയാല്‍ നടാം

മഴ കിട്ടിയാല്‍ ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ ഇഞ്ചി നടാന്‍ യോജിച്ച സമയമാണിത്. രജത, വരദ, മഹിമ എന്നിവ മികച്ച ഇഞ്ചിയിനങ്ങളാണ്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ മികച്ച ഇഞ്ചി ഇനങ്ങള്‍ ലഭിക്കും. (ഫോണ്‍: 0495-2730294)

ഒരു മീറ്റര്‍ വീതിയില്‍ സൗകര്യപ്രദമായ നീളത്തില്‍ 40 സെ.മീ. അകലത്തില്‍ തടങ്ങളെടുത്താണ് ഇഞ്ചി നടുക. വാരങ്ങള്‍ക്ക് 25 സെ. മീ. ഉയരമുണ്ടാകണം. തടങ്ങള്‍ നിരപ്പാക്കി 25 സെ.മീ. ഉയരമുണ്ടാകണം. തടങ്ങള്‍ നിരപ്പാക്കി 25 സെ. മീ. അകലത്തില്‍ ചെറു കുഴികളെടുത്ത് ഒരു മുകുളമെങ്കിലുമുളള വിത്തിഞ്ചിയുടെ ഓരോ കഷ്ണം വീതം ഓരോ കുഴിയിലും നടുക. ഒരു കഷ്ണത്തിന് 15 ഗ്രാം തൂക്കം എന്നതാണ് കണക്ക്. നടുമ്പോള്‍ ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് കള്‍ച്ചറുകള്‍ ചേര്‍ക്കാം. നട്ടശേഷം കുഴികളില്‍ ചാണകപ്പൊടി നിറയ്ക്കണം. അതിനു മീതെ മുക്കാല്‍ ഇഞ്ച് കനത്തില്‍ മണ്ണ് നിരത്തണം. തുടര്‍ന്ന് പച്ചില കൊണ്ട് പുതയിടുക. പച്ചിലപ്പുത നനവ് നഷ്ടപ്പെടാതിരിക്കാനും മണ്ണിന്റെ ജൈവാംശം കൂട്ടാനും സഹായിക്കും. ഒരു സെന്റ് സ്ഥലത്ത് നടാന്‍ ഏകദേശം ആറു കിലോ വിത്തിഞ്ചി വേണം.
 
മഞ്ഞള്‍: നടീല്‍ കാലം

മഞ്ഞള്‍ നടാന്‍ യോജിച്ച മാസമാണിത്. സോണ, വര്‍ണ, ശോഭ, സുഗുണ, പ്രഭ, പ്രതിഭ, കാന്തി എന്നിവ മികച്ച മഞ്ഞള്‍ ഇനങ്ങളാണ്. ഇവയെക്കുറിച്ച് കൂടുതല്‍ അറിയാനും വിശദാംശങ്ങള്‍ക്കും ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ഐ.ഐ.എസ്.ആര്‍., കോഴിക്കോട് 0495-2730294, പ്ലാന്റേഷന്‍ ക്രോപ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജ്, വെളളാനിക്കര, തൃശൂര്‍ 0487-2370822 (എക്സ്റ്റന്‍ഷന്‍ 358).

മഞ്ഞള്‍ വിത്ത് നടാനുളള തടത്തിന് 1.2 മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ നീളവും 25 സെ. മീ. ഉയരവുമാകാം. തടങ്ങള്‍ തമ്മില്‍ ഇടയകലം 40 സെ. മീ. തടങ്ങള്‍ നിരപ്പാക്കി 20ത30 സെ. മീ. അകലത്തില്‍ ചെറു കുഴികളെടുത്ത് വിത്ത് നടുക. തുടര്‍ന്ന് കുഴികളില്‍ ചാണകപ്പൊടി നിറച്ച് കുഴികള്‍ മുക്കാലിഞ്ചു കനത്തില്‍ മണ്ണിട്ടു മൂടിയശേഷം പച്ചിലകൊണ്ട് പുതയിടാം.

കമുക്: നനയും വളവും

നന തുടരാം. നാലഞ്ചു ദിവസം ഇടവിട്ട് 150-175 ലിറ്റര്‍ വീതം വെളളം കൊടുക്കണം. മഴ കിട്ടിയാലുടന്‍ അര കിലോ കുമ്മായവും 25 കിലോ ജൈവവളവും വീതം ഓരോ തടത്തിലും ചേര്‍ക്കുക. നാടന്‍ കമുകിന് 100 ഗ്രാം യൂറിയ, 100 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ വളങ്ങള്‍ നല്‍കണം. ഉല്‍പാദനശേഷി കൂടിയ ഇനങ്ങള്‍ക്ക് ഇവ യഥാക്രമം 165, 150, 175 ഗ്രാം വീതമാണ് കണക്ക്. ഒരു വര്‍ഷം പ്രായമായ തൈക്ക് ഈ അളവിന്റെ മൂന്നിലൊന്നും രണ്ടു വര്‍ഷമായതിന് മൂന്നില്‍ രണ്ടും മൂന്നാം വര്‍ഷം മുതല്‍ മുഴുവന്‍ അളവും ചേര്‍ക്കാം. അടയ്ക്ക കൊഴിയുന്നതു തടയാന്‍ ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ ഒന്ന-രണ്ട് ശതമാനം വീര്യമുളള സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് ഉപയോഗിക്കാം. 

ഏലം: സസ്യസംരക്ഷണം

ഏലം നഴ്‌സറിയില്‍ കളയെടുപ്പ്, നന, സസ്യസംരക്ഷണം, എന്നിവ നടത്താം. വേരു പുഴു, ഏലപ്പേന്‍ എന്നിവയ്‌ക്കെതിരെ മുന്‍കരുതല്‍ വേണം. വെളളം ശക്തിയായി ചീറ്റിയാല്‍ വെളളീച്ച, ജാസിഡ് തുടങ്ങിയ ചെറുകീടങ്ങളെ നശിപ്പിക്കാം. വെളുത്തുളളി-വേപ്പെണ്ണ-സോപ്പുമിശ്രിതം പോലുളള ജൈവകീടനാശിനികള്‍ ഏലത്തിന്റെ കീടങ്ങളെ നശിപ്പിക്കാനുപയോഗിക്കാം. 

ജാതി, ഗ്രാമ്പു- വിളവെടുപ്പ് 

ജാതി, ഗ്രാമ്പു തുടങ്ങിയ സുഗന്ധവിളകളില്‍ വിളവെടുപ്പു തുടരാം. മഴ കിട്ടുന്നതുവരെ നന മുടക്കരുത്. 

ചേന: വളം ചേര്‍ക്കാം

കുംഭച്ചേനയ്ക്ക് വളമിടേണ്ട സമയമാണ്. ചുവടൊന്നിന് 10 ഗ്രാം യൂറിയയും 20 ഗ്രാം രാജ് ഫോസും 10 ഗ്രാം പൊട്ടാഷും ചേന നട്ട് ഒന്നര മാസമാകുമ്പോള്‍ ചേര്‍ത്തു കൊടുക്കണം. ഒപ്പം മണ്ണണച്ചു കൊടുക്കുകയും വേണം. ഇടയിളക്കി മണ്ണ് ചുറ്റും കൂട്ടുന്നതും നന്ന്. വളം ചേര്‍ക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടെന്ന് ഉറപ്പു വരുത്തണം. 

കാച്ചില്‍: നടീല്‍ സമയം

നല്ല മഴ കിട്ടിയാല്‍ നിലമുഴുത് പാകപ്പെടുത്തി കാച്ചില്‍ നടാം. ഒന്നരയടി നീളവും വീതിയും ആഴവുമുളള കുഴികളെടുത്ത് 1-1.25 കിലോ ജൈവവളം ചേര്‍ത്ത് മേല്‍മണ്ണ് കൊണ്ട് മുക്കാല്‍ ഭാഗം മൂടണം. ചാണകപ്പാലില്‍ മുക്കിയെടുത്ത കഷ്ണങ്ങള്‍ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി കരിയില, ഉണങ്ങിയ തെങ്ങോല എന്നിവ കൊണ്ട് പുതയിടണം. 

മരച്ചീനി: നടാം, നനയ്ക്കാം

മഴയിലെലങ്കില്‍ തുലാക്കപ്പയ്ക്ക് രണ്ടാഴ്ച ഇടവിട്ട് നനയ്ക്കണം. നേരത്തെ മരച്ചിനി നടാന്‍ പറ്റിയില്ലെങ്കില്‍മഴ കിട്ടുന്ന മുറയ്ക്ക് ഈ മാസവും നടാം. ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന ഇനങ്ങളാണ് കല്പക, നിധി, വെളളായണി ഹ്രസ്വ. ഇവ കാര്‍ഷിക സര്‍വ്വകലാശാലയുടെ വെളളായണി (0471-2383573), കുമരകം (0481-2524421), കായം കുളം (0479-244790) എന്നീ കോന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിച്ചവയാണ്.

എളള്: വിളവെടുക്കാം

എളളിന്റെ വിളവെടുപ്പുകാലമാണിത്. കായ്കള്‍ക്ക് മഞ്ഞനിറമാകുമ്പോള്‍ ചെടികള്‍ രാവിലെ പിഴുതെടുക്കണം. വേരുകള്‍ മുറിച്ചു നീക്കി കെട്ടുകളാക്കി മൂന്നു-നാലു ദിവസം വയ്ക്കുക. ഇലകള്‍ കൊഴിയുമ്പോള്‍ വെയിലത്ത് നിരത്തി വടികൊണ്ടടിച്ച് കായ്കള്‍ പൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇതാവര്‍ത്തിക്കാം. ആദ്യ ദിവസം എടുക്കുന്ന എളള് വിത്തിനുപയോഗിക്കാം. വിത്ത് സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് ഏഴ് ദിവസത്തെ ഉണക്കു വേണം. പോളിത്തീന്‍ കൂടുകളിലോ തകരപ്പാത്രങ്ങളിലോ മരപ്പാത്രങ്ങളിലോ മണലിട്ട പാത്രങ്ങളിലോ വിത്ത് സൂക്ഷിച്ചാല്‍ ഒരു വര്‍ഷം വരെ കേടാകാതെ ഇരിക്കും. 
 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine