Monthly Reminders

ആഗസ്റ്റിലെ  കൃഷിപ്പണികള്‍ വളപ്രയോഗവും വിളവെടുപ്പും

നെല്ല് നേരത്തേ വിതച്ച പാടങ്ങള്‍ ഈ മാസം കൊയ്ത്തിന് തയാറാകും. കൊയ്ത്തിന് രണ്ടാഴ്ച മുമ്പ് വെളളവും വാര്‍ത്തു കളയണം. വിത്തിനുളള നെല്ല് വേറെ മാറ്റണം. 

വിരിപ്പ് വൈകി നട്ട പാടങ്ങളില്‍ രണ്ടാം മേല്‍വള പ്രയോഗത്തിന് സമയമായി. വളപ്രയോഗത്തിനു മുമ്പ് പാടത്തെ വെളളം വാര്‍ത്തു കളയണം. വളപ്രയോഗം കഴിഞ്ഞ് കുറഞ്ഞത് 12 മണിക്കൂറിന് ശേഷമേ പാടത്ത് വെളളം കയറ്റാവൂ. 120 ദിവസം മൂപ്പുളള ഇനങ്ങള്‍ക്ക് വിത്തിട്ട് 51 ദിവസങ്ങള്‍ക്കുളളിലോ, ഞാറു നട്ട് 35-40 ദിവസങ്ങള്‍ക്കുളളിലോ അതായത് അടിക്കണ പരുവത്തിന് ഒരാഴ്ച മുമ്പ് അവസാനത്തെ വളപ്രയോഗം കഴിഞ്ഞിരിക്കണം. മേല്‍വളം പട്ടികയില്‍ സൂചിപ്പിച്ച പ്രകാരം ചേര്‍ക്കണം.

ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണസാധ്യതയുളള പാടങ്ങളില്‍ ഇതിനെതിരെ ട്രൈക്കോഗ്രാമ കീലോണിസ എന്ന മിത്ര പ്രാണിയുടെ കാര്‍ഡുകള്‍ നാട്ടണം.
അടിക്കണപരുവം വരെ ഇലപ്പോളകളില്‍ വെളളം വീണു പൊളളിയതു പോലുളള പാടുകള്‍ പ്രത്യക്ഷപ്പെടുകയും ക്രമേണ പോളകളും ഇലകളും കരിഞ്ഞ് അഴുകിപ്പോകുന്നതാണ് പോളരോഗം. കതിരോലയിലും അതിന്റെ പോളകളിലും കാണുന്ന പാടുകളും അഴുകലുമാണ് പോള അഴുകല്‍. രോഗസാദ്ധ്യതയുളള പാടങ്ങളില്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ പ്രയോഗിക്കുന്നത് ഫലപ്രദമാണ്. നെല്ല് കതിരാകുന്ന സമയത്ത് വരാന്‍ സാധ്യതയുളള മറ്റൊരു രോഗമാണ് ബാക്ടീരിയല്‍ ഇലകരിച്ചില്‍. ഇല മഞ്ഞളിപ്പും കരിച്ചിലുമാണ് ലക്ഷണം. മഞ്ഞളിപ്പ് കാണുന്ന ഇല നെടുകെ മുറിച്ചയുടന്‍ മുറിപ്പാട് ഒരു ചില്ലു ഗ്ലാസിലെടുത്ത വെളളത്തില്‍ മുക്കിപ്പിടിക്കുക. മുറിപ്പാടില്‍ നിന്നും പാലു പോലുളള ദ്രാവകം ഊറിവന്നാല്‍ അത് ബാക്ടീരിയല്‍ രോഗമാണെന്ന് അനുമാനിക്കാം. 20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ പുതിയ ചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി അടിയാന്‍ വച്ച ശേഷം മുകളിലെ തെളി പാടത്തു തളിക്കുന്നത് ഇതിനെതിരെ ഫലപ്രദമാണ്. ഒരു ഏക്കറിന് 200 ലിറ്റര്‍ തെളി വേണം. രോഗം മറ്റു ഭാഗങ്ങളിലേക്ക് പകരാതിരിക്കാന്‍ ഒരു ഏക്കറില്‍ 2 കി.ഗ്രാം എന്ന തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറണം.

പി.ജി.പി.ആര്‍ 2 മിശ്രിതം ഇലകളില്‍ തളിച്ചുകൊടുക്കുന്നതും കുമിള്‍ ബാക്ടീരിയന്‍ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ്. ഇതിന്റെ ലഭ്യത അറിയാന്‍ വെളളായണി കാര്‍ഷിക കോളേജിലെ മൈക്രോബയോളജി വിഭാഗവുമായി ബന്ധപ്പെടുക. കതിര്‍ നിരന്ന് പാല്‍ പരുവത്തില്‍ ചാഴിയുടെ ഉപദ്രവമുണ്ടാകും. ചാഴിയ്‌ക്കെതിരെ ഗോമൂത്രം-കാന്താരി മിശ്രിതംതളിക്കുന്നതു പോലുളള ജൈവ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കര്‍ഷകര്‍ അവലംബിക്കാറുണ്ട്.

മൂപ്പേറിയ വിത്തുകള്‍ക്ക് മുണ്ടകന്‍ ഞാറ്റടി 

രണ്ടാം വിളയ്ക്ക് മൂപ്പേറിയ വിത്തുകള്‍ ഉപയോഗിക്കുന്ന പറിച്ചു നടുന്ന പാടങ്ങളില്‍ മുണ്ടകന്‍ ഞാറ്റടി ഒരുക്കേണ്ട സമയമാണിത്. പറിച്ചുനടേണ്ട ഭാഗത്തിന്റെ പത്തിലൊന്നു ഭാഗം ഞാറ്റടിയൊരുക്കേണം. അതായത് ഒരേക്കറിന് പത്ത് സെന്റില്‍. യന്ത്രമുപയോഗിച്ച് ഞാറുനടുന്നതിനായി പായ് ഞാറ്റടിയാണ് തയ്യാറാക്കുന്നതെങ്കില്‍ ഒരു സെന്റ് മതി. സാധാരണ ഞാറ്റടിക്ക് സെന്റൊന്നിന് 40-50 കിലോ ഗ്രാം ചാണകം വിതറി നിലം ഉഴുത് പരുവപ്പെടുത്തിയ ശേഷം വിത്തു വിതയ്ക്കാനുളള തവാരണകള്‍ തയ്യാറാക്കാം. ഒന്നാം വിള കൊയ്‌തെടുക്കുന്ന പാടത്താണ് ഞാറ്റടി തയ്യാറാക്കേണ്ടതെങ്കില്‍ നിലം പാകമാകാന്‍ വേണ്ടി ചുരുങ്ങിയത് 10 ദിവസം സമയമെങ്കിലും കൊടുക്കണം. 

രണ്ടാം കൃഷിയിറക്കിയ കുട്ടനാടന്‍ പാടങ്ങളില്‍ രണ്ടാം മേല്‍വളപ്രയോഗവും സസ്യസംരക്ഷണവും വിദഗ്ദ്ധരുടെ നിര്‍ദ്ദേശപ്രകാരം ചെയ്യാം. 

തെങ്ങ്

ഇടവിളകള്‍ക്ക് വളപ്രയോഗവും കളയെടുപ്പും തുടരാം. പുതിയ തൈ നട്ട് മൂന്ന് മാസമായാല്‍ വളം ചേര്‍ക്കാം. ഒരു തൈയ്ക്ക് 5 കിലോ ജൈവവളം ചേര്‍ക്കണം. ഒപ്പം പി.ജി.പി.ആര്‍. മിശ്രിതം-1 100-200 ഗ്രാം വീതം ചേര്‍ക്കുന്നത് തൈകള്‍ ആരോഗ്യത്തോടെ മണ്ണില്‍ വേരോടാന്‍ സഹായിക്കും. ശരാശരി പരിപാലനത്തില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന തൈകള്‍ക്ക് 75 ഗ്രാം, 100 ഗ്രാം, 125 ഗ്രാം വീതവും നല്ല പരിപാലനത്തില്‍ വളര്‍ത്തുന്നവയ്ക്ക് 110 ഗ്രാം, 175 ഗ്രാം, 200 ഗ്രാം വീതവും സങ്കരയിനങ്ങള്‍ക്ക് 210, 275, 360 ഗ്രാം വീതവും യൂറിയ, സൂപ്പര്‍ ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ വളങ്ങള്‍ യഥാക്രമം ചേര്‍ക്കണം. വളം തൈയ്ക്ക് ചുറ്റും വിതറി കൊത്തി ചേര്‍ക്കുകയും കുഴിയുടെ വശങ്ങള്‍ നേരിയ കനത്തില്‍ അരിഞ്ഞിറക്കുകയും വേണം. 

വലിയ തെങ്ങുകള്‍ക്ക് മഗ്നീഷ്യം സള്‍ഫേറ്റ് 500 ഗ്രാം വീതം ഈ മാസം ചേര്‍ക്കാം. ഏപ്രില്‍, മെയ് മാസം നട്ട പച്ചിലവളച്ചെടികള്‍ പിഴുത് മണ്ണില്‍ ചേര്‍ക്കണം. കൂമ്പ് ചീയല്‍ രോഗം ബാധിച്ച തെങ്ങുകളുടെ കൂമ്പോലകള്‍ മഞ്ഞനിറമാകും. കൂമ്പോല വെട്ടി മാറ്റി മണ്ടയുടെ ചീഞ്ഞ ഭാഗം ചെത്തി വൃത്തിയാക്കി ബോര്‍ഡോകുഴമ്പ് തേച്ചശേഷം  വായ് വിസ്താരമുളള ചട്ടി കമഴ്ത്തി വയ്ക്കുക. പോളിത്തീന്‍ ഷീറ്റ് കൊണ്ട് മൂടി കെട്ടരുത്.

കമുക്

വളപ്രയോഗം നടത്താനുളള ജൈവവളമായി കാലിവളമോ കമ്പോസ്റ്റോ പച്ചിലവളമോ തടത്തില്‍ ചേര്‍ക്കാം. 100 ദിവസത്തിനു ശേഷം 100 ഗ്രാം യൂറിയ, 100 ഗ്രാം മസൂറിഫോസ്, 120 ഗ്രാം പൊട്ടാഷ് വീതം ഇടുക. മഹാളി രോഗം കാണുന്ന തോട്ടങ്ങളില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കണം. രോഗം ബാധിച്ച് കേടായ അടയ്ക്കകള്‍ ശേഖരിച്ച് കത്തിക്കുക. 

കശുമാവ്

തോട്ടപരിചരണം, കളനിയന്ത്രണം, തൈനടീല്‍ ഇവ തുടരാം. ആരോഗ്യം കുറഞ്ഞതും കെട്ടിപ്പിണഞ്ഞ് കിടക്കുന്നതും ഉണക്കച്ചില്ലകളും മുറിച്ചു മാറ്റുക. തടിതുരപ്പന്റെ ഉപദ്രവം ഉണ്ടോയെന്ന് ശ്രദ്ധിക്കുക. ചെറുതൈകളുടെ ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരം വരെ പ്രധാന തണ്ടിലുണ്ടാകുന്ന ചിനപ്പുകള്‍ മുറിച്ചു നീക്കണം. 

വാഴ

ഓണത്തിന് മുഴുത്ത ആകര്‍ഷകമായ കുലകള്‍ ലഭിക്കാന്‍ ഓല, ചാക്ക്, വാഴയില എന്നിവയിലേതെങ്കിലും വച്ച് കുലയ്ക്ക് സംരക്ഷണം നല്‍കണം. മൂപ്പെത്തിയ കുലകള്‍ മുറിക്കാം. 3-4 മാസം പ്രായമായ ആരോഗ്യമുളള സൂചിക്കന്നുകള്‍ നിര്‍ത്തണം. കുല വെട്ടിശേഷം ഇളക്കിയെടുത്ത കന്നുകളുടെ വേരുകള്‍ നീക്കി തണ്ട് അരയടി നീളത്തില്‍ നിര്‍ത്തി മുറിച്ചശേഷം പച്ചച്ചാണക സ്ലറിയില്‍ മുക്കി ചാരം പൂശി 3-4 ദിവസം വെയിലത്ത് ഉണക്കണം. പിന്നീട് രണ്ടാഴ്ച മഴ നനയാതെ ഉണക്കിയ ശേഷം നടാം. നേന്ത്രന് നട്ട് മൂന്നാം മാസവും നാലാം മാസവും 65 ഗ്രാം വീതം യൂറിയയും 100 ഗ്രാം വീതം പൊട്ടാഷും നട്ട് മാസമായ പാളയന്‍കോടന് യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, പൊട്ടാഷ് വളം എന്നിവ യഥാക്രമം 110, 500, 335 ഗ്രാം വീതവും മറ്റിനങ്ങള്‍ക്ക് 200, 500, 335 ഗ്രാം വീതവും തടമൊന്നിന് ചേര്‍ക്കണം. 

വാഴ നട്ട് അഞ്ചാം മാസം പിണ്ടിപ്പുഴുവിന്റെ ഉപദ്രവത്തിനും സാധ്യതയുണ്ട്. ഇതിനെതിരെ ബ്യൂവേറിയ എന്ന മിത്രകുമിളിന്റെ കള്‍ച്ചര്‍ ഫലപ്രദമാണ്. മിത്രകുമിളിന് അടുത്തുളള കൃഷി വിജ്ഞാന കേന്ദ്രത്തിലോ കൃഷിവകുപ്പിന്റെ കീഴിലുളള സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബുമായോ (0487 2374605) മുന്‍കൂര്‍ ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കുക. ഇലപ്പുളളി രോഗം വ്യാപകമായ തോട്ടങ്ങളില്‍ ബോര്‍ഡോ മിശ്രിതം (1%), ഫലപ്രദമാണ്. കഠിനമായി രോഗം ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റുക. 

മാവ് 

പുതിയ ഒട്ടുതൈകള്‍ നടുന്നത് തുടരാം. കായ്ക്കുന്ന മരങ്ങള്‍ക്ക് രണ്ടാം ഗഡു വളപ്രയോഗം നടത്താം. മരത്തില്‍ നിന്ന് 2.5-3 മീറ്റര്‍ അകലത്തില്‍ ചുറ്റിനും 25-30 സെ.മീ. ആഴത്തില്‍ ചാലുണ്ടാക്കി രാസവളം ചേര്‍ത്ത് മണ്ണിട്ട് മൂടണം. വളമിടുന്ന സമയത്ത് മണ്ണില്‍ ഈര്‍പ്പമുെണ്ടന്ന് ഉറപ്പു വരുത്തണം. 3-5 വര്‍ഷം, 7-8 വര്‍ഷം, 8-10 വര്‍ഷം, 10 വര്‍ഷത്തിനു മുകളില്‍ പ്രായമുളള മാവുകള്‍ക്ക് യൂറിയ, മസൂറിഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 100-90-100 ഗ്രാം, 250-425-200 ഗ്രാം, 400-360-400 ഗ്രാം, 500-900-750 ഗ്രാം വീതം മരമൊന്നിന് രണ്ടാം ഗഡുവായി ചേര്‍ക്കണം.

കൈതച്ചക്ക

രണ്ടാം ഗഡു വളപ്രയോഗത്തിന് സമയമായി. കളയെടുത്ത് ചാലുകളുടെ രണ്ടു വശത്തും വളം വിതറി അരിക് ചെറുതായി അരിഞ്ഞിറക്കുക. മഴ ആശ്രയിച്ചുളള കൃഷിയ്ക്ക് സെന്റ് ഒന്നിന് യൂറിയ 1 കി. ഗ്രാമും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 700 ഗ്രാമും 530 ഗ്രാമുമാണ്.

ഏലം

വിത്ത് ശേഖരണത്തിന് പ്രാരംഭനടപടികള്‍ തുടരാം. അനുയോജ്യമായ തോട്ടങ്ങളില്‍ അത്യുല്‍പാദനശേഷിയുളളതും രോഗബാധയില്ലാത്തതുമായ മാതൃചെടികള്‍ വിത്തുശേഖരണത്തിന് അടയാളപ്പെടുത്തണം. രണ്ടാമത്തെയോ മൂന്നാമത്തേയോ തവണ വിളവെടുക്കുമ്പോള്‍ ലഭിക്കുന്ന മൂത്തുപഴുത്ത കായ്കളാണ് വിത്തിന് ഏറ്റവും അനുയോജ്യം. രണ്ടാം തവാരണകളിലേക്ക് പറിച്ചു നട്ട തൈകളുടെ പരിചരണം ശ്രദ്ധിക്കുക. 

തോട്ടങ്ങളില്‍ വിളവെടുപ്പ് ആരംഭിക്കാം. ഇതിനു മുമ്പ് പുകപ്പുരയുടെ അറ്റകുറ്റപണികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നടത്താന്‍ മറക്കരുത്. 

കുരുമുളക്

പുതുതായി നട്ട വളളികള്‍ വേരുപിടിച്ച് വളരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. വളരുന്ന തലകള്‍ താങ്ങുകാലില്‍ ചേര്‍ത്തു കെട്ടി മുകളിലേക്ക് വളരുവാന്‍ സഹായിക്കണം. ദ്രുതവാട്ടത്തിനെതിരെ ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം തയ്യാറാക്കി കൊടികളുടെ ഇലയിലും ചെറുതണ്ടിലും നന്നായി വീഴും വിധം തളിക്കണം. തിരികളില്‍ പരാഗണം നടന്ന് മുളക് മണി പിടിച്ച് കഴിഞ്ഞശേഷം വേണം ഇങ്ങനെ മരുന്നു തളി നടത്താന്‍. കുരുമുളകുമണി രൂപം കൊണ്ടു തുടങ്ങുന്നതോടെ പൊളളുവണ്ടിനെതിരെയും പ്രതിരോധ നടപടി ആരംഭിക്കാം. വേപ്പെണ്ണ, വേപ്പെണ്ണ വെളുത്തുളളി മിശ്രിതം തുടങ്ങിയ ജൈവ കീടനാശിനികള്‍ ഉപയോഗിക്കാം. 

രണ്ടാം ഗഡു വളപ്രയോഗം ഈ മാസം നടത്താം. 50 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ തടത്തില്‍ വിതറി മണ്ണിട്ട് മൂടണം. കോഴിക്കോടും അതുപോലെയുളള പ്രദേശങ്ങളിലും 200, 105, 100 ഗ്രാം വീതം ചേര്‍ക്കണം. കൊടിയുടെ പ്രധാന തണ്ടില്‍ നിന്ന് 30 സെ.മീ. അകലത്തില്‍ അര്‍ദ്ധവൃത്താകൃതിയില്‍ ചാലുകളെടുത്ത് വളം വിതറി മണ്ണിട്ടു മൂടണം.

ഇഞ്ചി, മഞ്ഞള്‍

കളയെടുപ്പ്, മണ്ണിടീല്‍, പുതയിടല്‍ എന്നിവ ആവശ്യാനുസരണം നടത്താം. അവസാന വളപ്രയോഗവും തുടരാം. ഇഞ്ചിക്ക് സെന്റൊന്നിന് നട്ട് 90 ദിവസം കഴിഞ്ഞ് 350 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും നല്‍കണം. തടങ്ങളിലെ മണ്ണ് ചെറുതായി ഇളക്കി ചെടികളുടെ ഇടയില്‍ നീളത്തില്‍ ആഴം കുറഞ്ഞ ചാലു കീറി വളമിട്ടു മൂടണം. വളപ്രയോഗത്തോടെ തടങ്ങളില്‍ പച്ചിലപ്പുതയിടുകയും വാരം പിടിപ്പിക്കുകയും വേണം. ഇഞ്ചിയുടെ മൂടുചീയലും മഞ്ഞളിന്റെ കടചീയലും നിയന്ത്രിക്കാന്‍ ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം തളിക്കാം. രോഗം കൂടുതലായി കണ്ടാല്‍ തടങ്ങളില്‍ ബോര്‍ഡോ മിശ്രിതം ഒഴിച്ചു കൊടുക്കണം. 

ജാതി, ഗ്രാമ്പൂ 

രണ്ടാം വളപ്രയോഗം നടത്താനുളള സമയമായി. ജാതിക്ക് യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ വളങ്ങള്‍ ഒരു വര്‍ഷം പ്രായമായ തൈയ്ക്ക് 25, 45, 45 ഗ്രാം വീതം ചേര്‍ക്കുക. രണ്ടു വര്‍ഷം പ്രായമായതിന് 50, 90, 90 ഗ്രാം വീതം 3-ാം വര്‍ഷം മുതല്‍ അളവ് ക്രമമായി കൂട്ടി 15 വര്‍ഷം മുതല്‍ ഇവ യഥാക്രമം 540, 625, 825 ഗ്രാം വീതം ചേര്‍ക്കാം. ഗ്രാമ്പുവിന് ഒരു വര്‍ഷം പ്രായമായവയ്ക്ക് 25, 45,45 ഗ്രാമും രണ്ടു വര്‍ഷം പ്രായമായതിന് 45, 70, 85 ഗ്രാം വീതവും മൂന്നാം വര്‍ഷം മുതല്‍ വളത്തിന്റെ അളവ് ക്രമമായി ഉയര്‍ത്തുക. 15 വര്‍ഷം പ്രായമായതിന് ഇവ യഥാക്രമം 325, 625, 625 ഗ്രാം വീതം ചേര്‍ക്കാം. മുതിര്‍ന്ന മരങ്ങള്‍ക്ക് ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ അകലെ വൃത്താകൃതിയില്‍ ആഴം കുറഞ്ഞ ചാലുകളെടുത്ത് വളം ചേര്‍ക്കണം. കുമിള്‍ രോഗം കാണുന്നെങ്കില്‍ ബോര്‍ഡോ മിശ്രിതം തളിക്കണം.

കിഴങ്ങുവര്‍ഗങ്ങള്‍

മേല്‍ വള പ്രയോഗവും കളനീക്കലും തുടരാം. ഇടവിളകളുടെ വിളവെടുപ്പും ആരംഭിക്കുന്നു. 

സുരേഷ് മുതുകുളം
പ്രിന്‍സപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, (റിട്ട.)
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, 9446306909

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox