Monthly Reminders

വിത്തും കൈക്കോട്ടും

ജനുവരിയിലെ കൃഷിപ്പണികള്‍
മുണ്ടകന്‍ കൊയ്യാം, തെങ്ങിന് നന തുടരണം
സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, 9446306909
* പുഞ്ചയ്ക്ക് നിലമൊരുക്കാം
* വിത്തുതേങ്ങ ശേഖരിക്കാം
* തൈത്തെങ്ങിന് തണല്‍
* റബ്ബര്‍ തൈകള്‍ക്ക് തണല്‍


നെല്ല്


മുണ്ടകന്‍ കൊയ്ത്ത് ഈ മാസം തുടങ്ങും. കൊയ്ത്തിന് രണ്ടാഴ്ച മുന്‍പുതന്നെ പാടത്തെ വെള്ളം വാര്‍ത്തുകളയണം. വിത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന പാടങ്ങളില്‍നിന്ന് കൊയ്ത്തിന് രണ്ടാഴ്ച മുന്‍പ് കണക്കതിരുകള്‍ നീക്കണം.
മുണ്ടകനുശേഷം പുഞ്ചക്കൃഷി ചെയ്യുന്നെങ്കില്‍ നിലമുഴുതിടണം. പുഞ്ചയ്ക്ക് മൂപ്പുകുറഞ്ഞ ജ്യോതി, മട്ട ത്രിവേണി, മനുപ്രിയ, വര്‍ഷ, ഗൗരി എന്നീ ഇനങ്ങളാണ് നന്ന്. ഏക്കറിന് രണ്ടുടണ്‍ ജൈവവളം വിതറി നിലം ഉഴുക. അവസാന ഉഴവിനു മുന്‍പ് മൂപ്പുകുറഞ്ഞ ഇനങ്ങള്‍ക്ക് ഏക്കറിന് 70 കിലോ ഫാക്ടം ഫോസ്, 10 കിലോ യൂറിയ, 24 കിലോ പൊട്ടാഷ് എന്നിവ അടിവളമായി വിതറുക. ഇടത്തരം മൂപ്പുളള ഇനങ്ങള്‍ക്ക് ഫാക്ടംഫോസ് 90 കിലോയും പൊട്ടാഷ് വളം 15 കിലോയും നല്‍കണം. തുടര്‍ന്ന് പാടം നിരപ്പാക്കി ഏക്കറിന് 30-35 കിലോ വിത്ത് വിതയ്ക്കുക. സ്യൂഡോമൊണാസ് കള്‍ച്ചര്‍ ഉപയോഗിച്ച് വിത്ത് കുതിര്‍ക്കണം. ഒരുകിലോ വിത്തിന് 10 ഗ്രാം കള്‍ച്ചര്‍ എന്ന തോതില്‍ വെള്ളത്തില്‍ കലക്കി വിത്ത് രാത്രി മുഴുവന്‍ കുതിര്‍ക്കണം. നടീലോ വിതയോ കഴിഞ്ഞ് ഒരു മാസം ആകുമ്പോള്‍ ഈ കള്‍ച്ചര്‍ 15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ തളിക്കുക. പുഞ്ചയില്‍ ഞാറു പറിക്കുന്നതിന് 10 ദിവസം മുന്‍പ് ഞാറ്റടിയില്‍ ഒരുകിലോ യൂറിയ രണ്ടര സെന്റിന് എന്ന തോതില്‍ വിതറണം. ഇലചുരുട്ടി, തണ്ടുതുരപ്പന്‍ എന്നിവയെ നിയന്ത്രിക്കാന്‍ ട്രൈക്കോഡര്‍മ്മ കാര്‍ഡ് ഫലപ്രദമാണ്.


തെങ്ങ്


തെങ്ങിന് നനയാണ് പ്രധാനം. തുള്ളിനനയാണെങ്കില്‍ ഒരു തെങ്ങിന് ദിവസം 50-60 ലിറ്റര്‍ വെള്ളം വേണം. മണല്‍ അംശം കൂടിയ മണ്ണില്‍ 400-450 ലിറ്റര്‍ അഞ്ചുദിവസത്തിലൊരിക്കല്‍ നല്‍കണം. എക്കല്‍ മണ്ണില്‍ 6-7 ദിവസത്തില്‍ 600 ലിറ്റര്‍. പശിമരാശി മണ്ണില്#7-8 ദിവസം കൂടുമ്പോള്‍ 700-750 ലിറ്റര്‍ വെള്ളം. നനയില്ലാത്ത തടങ്ങളില്‍ ചപ്പുചവറിട്ട് പുതയിടാം. തൊണ്ട് കമഴ്ത്തി അടുക്കുകയുമാവാം.
വിത്തുതേങ്ങ സംഭരണം ഈ മാസം തുടങ്ങണം. നനയില്ലെങ്കിലും ആണ്ടില്‍ 80 തേങ്ങയില്‍ കൂടുതല്‍ കായ്ഫലമുളള, കരുത്തുറ്റ തെങ്ങുകളില്‍നിന്നു വേണം വിത്തുതേങ്ങ എടുക്കാന്‍. വിത്തുതേങ്ങ കയറില്‍ കെട്ടി ഇറക്കണം. മുളപ്പിക്കുന്നതിന് മുന്‍പ് 60 ദിവസമെങ്കിലും തണലില്‍ സൂക്ഷിക്കണം. മൂന്നിഞ്ചു കനത്തില്‍ മണല്‍ വിരിച്ച് അതില്‍ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി മണലിട്ട് മൂടിയിടണം. ചെറുതൈകള്‍ തെക്കുപടിഞ്ഞാറന്‍ വെയിലില്‍ നിന്നും രക്ഷിക്കണം. വേനല്‍ക്ക് നനച്ചാല്‍ തൈകള്‍ വേഗം വളര്‍ന്ന് നാലാംവര്‍ഷം കായ്ക്കും. ഇലകള്‍ കാര്‍ന്നുതിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കണ്ടാല്‍ എതിര്‍പ്രാണികളെ വിടാന്‍ കൃഷിഭവനുമായി ബന്ധപ്പെടുക. കൊമ്പന്‍ചെല്ലികളെ ചെല്ലിക്കോല്‍കൊണ്ട് കുത്തിയെടുക്കാം. ഓലതീനിപ്പുഴുവിനെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ രണ്ട് മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. 


കമുക്
ജലസേചനം തുടരുക. അടയ്ക്കാമരങ്ങളെ ചൂടില്‍നിന്ന് സംരക്ഷിക്കാന്‍ തടിയില്‍ കുമ്മായം പൂശുകയോ ഉണക്ക ഓലകള്‍ പൊതിഞ്ഞുകെട്ടുകയോ ചെയ്യാം.


റബ്ബര്‍
ചെറുതൈകള്‍ക്ക് തെക്കുപടിഞ്ഞാറന്‍ വെയിലടിക്കാതിരിക്കാന്‍ തണല്‍ നല്‍കുക. 2-4 വര്‍ഷം പ്രായമായ തൈകളുടെ കട മുതല്‍ കവര വരെ കുമ്മായം പൂശണം. വെട്ടുപട്ടിയില്‍ ബോര്‍ഡോ മിശ്രിതം തേക്കാം. നഴ്‌സറിയില്‍ നന തുടരണം.


കുരുമുളക്
മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ വള്ളിച്ചുവട്ടില്‍ പുതയിടുക. ചെറുകൊടികള്‍ക്ക് തണല്‍ നല്‍കുക. തോട്ടങ്ങളില്‍ വിളവെടുപ്പ് തുടരണം. വിളവെടുത്ത മുളക് ചാക്കുകൊണ്ട് മൂടിയിട്ടാല്‍ വേഗം ചവിട്ടിയെടുക്കാം. ഉതിര്‍ന്ന മണികള്‍ 4-5 ദിവസം വെയിലത്തുണക്കി സൂക്ഷിക്കാം. മാതൃവള്ളികളുടെ തെരഞ്ഞെടുപ്പ് തുടരാം. തെരഞ്ഞെടുക്കുന്ന ചെന്തലകള്‍ മണ്ണിലിഴയാതെ ചെറിയതാങ്ങില്‍ ചുറ്റിവെയ്ക്കണം.


ഇഞ്ചി, മഞ്ഞള്‍
വിളവെടുപ്പ് തുടരുന്നു. കേടില്ലാത്ത തടങ്ങളില്‍നിന്ന് വിത്തിഞ്ചി എടുക്കണം. ഡൈത്തേന്‍ എം.45 ഏഴുഗ്രാം, മാലത്തയോണ്‍ രണ്ട് മില്ലി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിന് ലായനിയാക്കി വൃത്തിയാക്കിയ വിത്ത് ഇതില്‍ അര മണിക്കൂര്‍ കുതിര്‍ക്കണം. തുടര്‍ന്ന് തണലില്‍ നിരത്തി വെള്ളം വാര്‍ത്ത് നനവില്ലാത്തിടത്ത് സൂക്ഷിക്കുക. വിത്തിഞ്ചിയുടെ അടിയിലും മുകളിലും പാണലിന്റെ ഇലകള്‍ നിരത്തുന്ന പതിവുണ്ട്. മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം.


വാഴ
നന തുടരാം. വാഴത്തടത്തില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്താം. നേന്ത്രന് ഇനി പറയുംവിധം വളം ചേര്‍ക്കാം.

പ്രായം                യൂറിയ (ഗ്രാം)       റോക്ക് ഫോറസ്റ്റ്            മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (ഗ്രാം)

നട്ട് രണ്ടുമാസം                       65                            250                        100
നട്ട് മൂന്നുമാസം                       65                              -                          100


കുറുനാമ്പ് പോലുളള രോഗങ്ങള്‍ തടയാന്‍ വൈറസുകളെ പരത്തുന്ന ചെറുകീടങ്ങളെ വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പ് മിശ്രിതം ഒരാഴ്ച ഇടവിട്ട് രണ്ടുതവണ തളിക്കുക. തടതുരപ്പന്‍ പുഴുവിന്റെ ഉപദ്രവം തടയാന്‍ സെവിന്‍ (50 ശതമാനം) നാലുഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തടയിലും കവിളുകളിലും ചുവട്ടിലും വീഴുവിധം തളിക്കുക. ഇലകള്‍ പുള്ളിവീണു കരിയുന്ന സിഗട്ടോക രോഗം നിയന്ത്രിക്കാന്‍ ഉണങ്ങിയ ഇലകള്‍ നീക്കി ബോര്‍ഡോ മിശ്രിതം തളിക്കുക.


മാവ്
മാമ്പഴപ്പുഴുവിനെതിരെ കരുതല്‍ വേണം. മാവില്‍ ഹോര്‍മോണ്‍ കെട്ടിത്തൂക്കാം. 25 സെന്റ് സ്ഥലത്തിന് ഒരു കെണി മതി. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിപണനകേന്ദ്രങ്ങള്‍, കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍, കൃഷിവകുപ്പ് വിപണനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാമ്പഴക്കെണി വാങ്ങാന്‍ കിട്ടും.


കശുമാവ്
കശുമാവിന്‍ തോട്ടത്തില്‍ തേയിലക്കൊതുക്, തടിതുരപ്പന്‍, കൊമ്പുണക്കം എന്നിവയ്‌ക്കെതിരെ സസ്യസംരക്ഷണ നടപടികള്‍ സ്വീകരിക്കണം. തേയിലക്കൊതുകു ബാധയോടൊപ്പം ആന്ത്രാക്‌നോസ് കുമിള്‍ ബാധയുണ്ടെങ്കില്‍ രണ്ട് മില്ലി ക്വിനാല്‍ഫോസ്, രണ്ടുഗ്രാം മാങ്കോസെബ് എന്നിവ ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് പ്രായമനുസരിച്ച് 3-5 ലിറ്റര്‍ വരെ മരമൊന്നിന് തളിക്കുക.


ജാതി, ഗ്രാമ്പൂ
നന തുടരുക. ഗ്രാമ്പൂ വിളവെടുപ്പ് തുടങ്ങാം. പൂക്കളില്‍ പച്ചനിറം മാറി ഇളം ചുവപ്പു നിറമാകുന്നവ വിളവെടുക്കണം. വിളവെടുത്തവ വെയിലത്ത് ഒറ്റ നിരയായി പരത്തി 4-5 ദിവസം ഉണക്കിയാല്‍ നല്ല തവിട്ടുനിറമാകും. ഇതാണ് ഉണക്കുപാകം.


ഏലം
ആദ്യ ഞാറ്റടിയില്‍ നന തുടരാം. വിത്ത് മുളയ്ക്കുന്നതോടെ പുത നീക്കണം. കളയെടുപ്പും തണല്‍ ക്രമീകരണവും തുടരണം. രണ്ടാഴ്ച കൂടുമ്പോള്‍ നനയ്ക്കുക. ഏലം വിളവെടുപ്പ് തുടരാം. വിളവെടുത്ത ഏലം തരം തിരിച്ച് സൂക്ഷിക്കണം. തണലില്ലാത്തിടത്ത് ചെറുതൈകള്‍ക്ക് തണല്‍ നല്‍കണം. ചെറുതൈകള്‍ക്ക് പുതയിടാം.


എള്ള്
മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ തുടര്‍ വിളയായി എള്ള് നടാം. നിലം ചാലുകീറി കട്ടയുടച്ച് കളനീക്കി നിരപ്പാക്കുക. അടിവളമായി ഏക്കറിന് രണ്ടുടണ്‍ കാലിവളവും 10 കി.ഗ്രാം യൂറിയ, 12 കി.ഗ്രാം മസൂറിഫോസ്, എട്ടുകിലോ പൊട്ടാഷ് ചേര്‍ക്കുക. കായംകുളം-1, തിലോത്തമ, സോമ എന്നീ ഇനങ്ങള്‍ ഏക്കറിന് 1.5-5 കിലോ എന്ന തോതില്‍ മണലുമായി ചേര്‍ത്ത് വിതയ്ക്കണം.


അടുക്കളത്തോട്ടത്തില്‍ ഈ മാസം
വേനല്‍ക്കാല പച്ചക്കറികള്‍ നടുന്ന സമയമാണിത്. കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ മതിയായ ഈര്‍പ്പവും സൂര്യപ്രകാശവും ഉണ്ടെങ്കില്‍ പച്ചക്കറിക്കൃഷി ചെയ്യാം. വെണ്ട, വെള്ളരി വിളകളുടെ വിത്ത് നേരിട്ടും മുളക്, വഴുതന, തക്കാളി വിത്തുകള്‍ പാതി മുളപ്പിച്ച് ഇളക്കിമാറ്റി നട്ടും വളര്‍ത്താം. തണലും നനയും വളവും നിര്‍ബ്ബന്ധം.


                                    ഒരു സെന്റിന് വളങ്ങള്‍ ഇങ്ങനെ:
              

വിള ജൈവവളം(കി.ഗ്രാം)   യൂറിയ(ഗ്രാം) മസൂറിഫോസ്(ഗ്രാം) പൊട്ടാഷ്(ഗ്രാം)
ചീര 200 800  1000  330
വെണ്ട 50  450  160  170
പയര്‍ 80  170  600  70
വഴുതന, മുളക്, തക്കാളി 80  650  800  170
വെള്ളരി വിളകള്‍  80  610  500 180

 
  
 
 Share your comments