Monthly Reminders

വിത്തും കൈക്കോട്ടും ജൂലായ് മാസത്തെ കൃഷിപ്പണികള്‍

• നെല്ലിന് ജലനിയന്ത്രണം 
• തെങ്ങിന് വളം
• റബറിന് വെള്ളക്കെട്ടൊഴിവാക്കണം
• വാഴയ്ക്ക് നീര്‍വാര്‍ച്ച
• കൊടിത്തല കെട്ടണം
• ഏലത്തോട്ടത്തില്‍ തണല്‍ നല്‍കണം
തെങ്ങിനും നെല്ലിനും വളം ചേര്‍ക്കാം
നെല്ല്  

നെല്ലിന് ജലനിയന്ത്രണം, വളപ്രയോഗം എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വയ്‌ക്കേണ്ട സമയമാണിത്. മെയ് മാസം പൊടിവിത നടത്തിയ പാടങ്ങളില്‍ ഈ മാസം മധ്യത്തോടെ രണ്ടാം മേല്‍ വളം വിതറുക. ഒരേക്കറിനുള്ള അളവ് പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു. 

ഇനം                              യൂറിയ (കിലോ)       മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (കിലോ)

നാടന്‍                                          12                               7
ഉല്‍പാദനശേഷി കൂടി

മൂപ്പു കുറഞ്ഞവ                           15                             12
ഉല്‍പാദനശേഷി കൂടി
ഇടത്തരം മൂപ്പ് 18 15

ജൂണില്‍ നട്ട പാടങ്ങളിലും ഈ മാസം അവസാനത്തോടെ ഒന്നാം മേല്‍വളം ഈ പട്ടിക പ്രകാരം ഒരേക്കറിന് ചേര്‍ക്കാം.

ഇനം                            യൂറിയ (കിലോ)                 മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (കിലോ)

നാടന്‍                                       9                                          7
മൂപ്പു കുറഞ്ഞവ                      20                                        12
ഇടത്തരം മൂപ്പ്                         26                                        15

വെള്ളക്കെട്ടുള്ള പാടങ്ങളില്‍ യൂറിയ ലായനിയാക്കി ഇലകളില്‍ തളിക്കുകയും ചെയ്യാം. ഇതിന് ഒന്നര കിലോ ഗ്രാം പുതിയ യൂറിയ 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ലായനിയാക്കി പവര്‍ സ്‌പ്രേയര്‍ കൊണ്ട് തളിക്കണം. ഏക്കറിന് ഒരു തവണ ആറു കിലോ യൂറിയ ഇങ്ങനെ ഇലകളില്‍ തളിക്കാം. വളം വിതറുന്നതിനു തലേന്ന് പാടത്തെ വെള്ളം വാര്‍ത്തു കളയുകയും വളം വിതറി 12 മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കയറ്റുകയും ചെയ്യാം. വളം ചേര്‍ത്തയുടന്‍ വെള്ളം തുറന്നു വിട്ടാല്‍ യൂറിയ പകുതിയിലധികവും നഷ്ടപ്പെട്ടു പോകും എന്നോര്‍ക്കുക.

കീട - രോഗ ബാധയ്‌ക്കെതിരെ സംയോജിത നിയന്ത്രണ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിത്. നട്ട പാടങ്ങളില്‍, പ്രത്യേകിച്ച് വൈകി നട്ട പാടങ്ങളില്‍ ഗാളീച്ചയുടെ ഉപദ്രവം ഉണ്ടാകാം. മുഞ്ഞ ബാധ സ്ഥിരമായി കാണുന്ന പാടങ്ങളില്‍ നടുന്നതിന് മുമ്പ് ഞാറിന്റെ ചുവട് ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ ലായനിയില്‍ (ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത്) 12 മണിക്കൂര്‍ മുക്കി വയ്ക്കണം. നട്ട് 10 - 15 ദിവസം കഴിയുമ്പോള്‍ സെവിന്‍ (50%) 4 ഗ്രാം അല്ലെങ്കില്‍ ഇക്കാലക്‌സ് 2 മില്ലി ഇവയിലൊന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കണം. വൈകുന്നേരം പാടത്ത് വിളക്കു കെണി വയ്ക്കുന്നത് ഓലചുരുട്ടി, തണ്ടുതുരപ്പന്‍ ശലഭങ്ങള്‍, മുഞ്ഞ, ചാഴി എന്നിവയെ ആകര്‍ഷിച്ച് നശിപ്പിക്കും.
പാടങ്ങളില്‍ പോളകരിച്ചില്‍ രോഗം കാണാം. ഇലകളിലും പോളകളിലും തിളച്ച വെള്ളം വീണു പൊള്ളിയതുപോലെയുള്ള പാടുകളാണ് ലക്ഷണം. നടന്ന സമയത്ത് ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ ചേര്‍ക്കുക. സ്യൂഡോമോണസ് ലായനിയില്‍ വേര് അര മണിക്കൂര്‍ കുതിര്‍ത്തശേഷം നടുക; നട്ട് 30 ദിവസം കഴിഞ്ഞാല്‍ 10 - 15 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ സ്‌പ്രേ  ചെയ്യുക. കുമിള്‍ നാശിനി തളിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ 150 മി.ലിറ്റര്‍ ടില്‍റ്റ് 200 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരേക്കറിന് തളിക്കുക. ഇത്തരം പാടങ്ങളില്‍ രോഗ പ്രതിരോധ ശേഷിയുള്ള ഗൗരി പോലെയുള്ള ഇനങ്ങള്‍ നടാം. 
തണ്ടുതുരപ്പന്‍, ഓലചുരുട്ടി തുടങ്ങിയവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഉപയോഗിക്കാം.  ഏക്കറൊന്നിന് 2 സി.സി എന്ന തോതില്‍ ഒന്നോ രണ്ടോ ആഴ്ച ഇടവേളയില്‍ കാര്‍ഡ് വയ്ക്കുക. 

തെങ്ങ്

മികച്ച വിളവിന് ചിട്ടയായ വളപ്രയോഗം കൂടിയേ തീരൂ. കഴിഞ്ഞ മാസം വളം ചേര്‍ത്തില്ലെങ്കില്‍ ഈ മാസം ചേര്‍ക്കണം. നന്നായി വളം ചേര്‍ത്താല്‍ തെങ്ങൊന്നിന് ശരാശരി 90 - 100 നാളികേരം കിട്ടും. തെങ്ങൊന്നിന് 25 കിലോ ജൈവവളം; കൂടാതെ 250 - 350 ഗ്രാം യൂറിയ; 350 - 600 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്; 400 - 650 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം. നനയ്ക്കാന്‍ സൗകര്യമുള്ള തോട്ടങ്ങളില്‍ ഇത് യഥാക്രമം 200 - 270 ഗ്രാം, 275 - 500 ഗ്രാം, 375 - 500 ഗ്രാം എന്ന ക്രമത്തിലാകണം. 
മഴക്കാലമായതിനാല്‍ തെങ്ങിന് കൂമ്പ് ചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. ഇതിന് മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ അക്കോമിന്‍ - 40 (പൊട്ടാസ്യം ഫോസ്ഫണേറ്റ്) എന്ന കുമിള്‍ നാശിനി 1.5 മില്ലി 300 മില്ലി വെള്ളത്തില്‍ കലര്‍ത്തി നാമ്പോലയുടെ തൊട്ടടുത്തുള്ള ഓലക്കവിളുകളില്‍ മഴയില്ലാത്ത ദിവസങ്ങളില്‍ ഒഴിക്കണം. കൂമ്പു ചീയല്‍ പിടിപ്പെട്ടാല്‍ കേടുവന്ന ഭാഗം ചെത്തി നീക്കി ബോര്‍ഡോ കുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴ കൊള്ളാതെ സംരക്ഷിക്കണം. ചെന്നീരൊലിപ്പ് കണ്ടാല്‍ കറ ഒലിക്കുന്ന ഭാഗം മൂര്‍ച്ചയുള്ള കത്തിയോ ഉളിയോ കൊണ്ട് ചെത്തിമാറ്റി ബോര്‍ഡോ കുഴമ്പോ, 5 മില്ലി കാലിക്‌സിന്‍ 100 മില്ലി വെള്ളത്തില്‍ കലര്‍ത്തിയോ തേയ്ക്കണം. കോള്‍ടാര്‍ പുരട്ടുന്നതും നല്ലതാണ്.
തെങ്ങിന്‍ തോപ്പില്‍ സാധ്യമാകുന്നിടത്തോളം ഇടവിളകളും വളര്‍ത്താം.

റബര്‍

കനത്ത മഴയ്ക്ക് നടീല്‍ ഒഴിവാക്കുക. നടുന്നതിനു മുന്‍പ് ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും ഫോസ്ഫറസ് വളവും ചേര്‍ക്കുക. തൈ നട്ട് ചുറ്റും മണ്ണുറപ്പിച്ച് താങ്ങു നല്‍കുക. തൈക്കുഴിയില്‍ മണ്ണൊലിച്ച് വെള്ളം കെട്ടാതെ നോക്കണം. പുതുപ്പട്ടയും വെട്ടുചാലും കുമിള്‍ നാശിനി കൊണ്ട് ആഴ്ചയില്‍ രണ്ട് തവണ കഴുകണം.

വാഴ

നട്ട് രണ്ട് മാസം പ്രായമായ പാളയന്‍കോടന് ചുവടൊന്നിന് 110, 500, 335 ഗ്രാം വീതം യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കാം. നട്ട് രണ്ടു മാസം കഴിഞ്ഞ നേന്ത്രന് 65 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും നല്‍കണം. കളകള്‍ ചെത്തി ചുവട്ടില്‍ കൂട്ടി മണ്ണിട്ടു മൂടുക. വാഴയ്ക്ക് ഊന്ന് കൊടുക്കണം.വാഴയില്‍ സിഗട്ടോക രോഗം പിടിപെടാന്‍ സാധ്യതയുള്ള സമയമാണ്. മഴ തുടങ്ങുന്നതോടെയാണ് ഇത് വ്യാപകമാകുക. രോഗബാധയുള്ള ഇലകള്‍ മുറിച്ചു കത്തിക്കുക. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം; ഒരു ഗ്രാം ബാവിസ്റ്റിന്‍; അര മില്ലി കാലിക്‌സിന്‍, രണ്ട് ഗ്രാം ഡൈത്തേന്‍ എം-45 ഇവയിലൊന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കുക. ഇവയെക്കു പകരമായി സ്യൂഡോമോണസ് കള്‍ച്ചര്‍ 10 - 15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ രണ്ടോ മൂന്നോ തവണ തളിക്കുക. ഒരു ചുവട്ടില്‍ രണ്ടില്‍ കൂടുതല്‍ വാഴ വളരാന്‍ അനുവദിക്കരുത്. വാഴയുടെ ഉണങ്ങിയ ഇലകള്‍ മുറിച്ചു കളഞ്ഞ് തോട്ടം വൃത്തിയായി സൂക്ഷിക്കണം. രണ്ട് മില്ലി ഇക്കാലക്‌സ്, സെവിന്‍ (50%) നാല് ഗ്രാം എന്നിവയിലൊന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലക്കവിളുകളില്‍ തളിക്കാം.

കുരുമുളക്

വേരു പിടിപ്പിച്ച കുരുമുളക് വള്ളികള്‍ നടുന്നത് തുടരാം. നേരത്തെ നട്ട വള്ളികള്‍ താങ്ങുകാലിനോട് ചേര്‍ത്തുകെട്ടണം. തോട്ടത്തില്‍ കഴിയുന്നിടത്തോളം സൂര്യപ്രകാശം കിട്ടാന്‍ അനുവദിക്കുക. തണല്‍ കൂടിയാല്‍ പൊള്ളു വണ്ടും കുമിള്‍ രോഗങ്ങളും കൂടും. സ്യൂഡോമോണസ് കള്‍ച്ചര്‍ 10 -15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തു തളിക്കുക. തോട്ടം ശുചിയായി സൂക്ഷിക്കുക. ദ്രുതവാട്ടം നിയന്ത്രിക്കാന്‍ ഒരു ശതമാനം വീത്യമുള്ള ബോര്‍ഡോ മിശ്രിതം കൊടിയിലും ചുവട്ടിലും തളിച്ചു കൊടുക്കുക. വിശദവിവരങ്ങള്‍ക്ക് പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ : 0460 - 2227287

കമുക്

മരമൊന്നിന് 500 ഗ്രാം വീതം കുമ്മായം തടത്തില്‍ വിതറി കൊത്തിച്ചേര്‍ക്കുക. തളിരിലകളില്‍ നിന്ന് നീരുറ്റിക്കുടിച്ച് മഞ്ഞളിപ്പുണ്ടാക്കുന്ന ചുവന്ന ചാഴികളെ നിയന്ത്രിക്കാന്‍ സെവിന്‍ (50%) നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക. മണ്ണിന്റെ പുളിരസം നിയന്ത്രിച്ച് വെള്ളക്കെട്ട് തടഞ്ഞ്, ചിട്ടയായി വളം ചേര്‍ത്താല്‍ കമുകിന്റെ മഞ്ഞളിപ്പ് ഒഴിവാക്കാന്‍ സാധിക്കും.

ജാതി, ഗ്രാമ്പു

കള നീക്കി തോട്ടം വൃത്തിയാക്കി വെള്ളക്കെട്ടില്ലാതെ ശ്രദ്ധിക്കുക. കുമിള്‍ രോഗ നിയന്ത്രണത്തിന് ബോര്‍ഡോ മിശ്രിതം പ്രയോഗിക്കാം. ഇലകളും കൊമ്പും ഉണങ്ങുന്നതു കണ്ടാല്‍ കമ്പ് മുറിച്ചു നീക്കി ബോര്‍ഡോ മിശ്രിതമോ ബാവിസ്റ്റിനോ (രണ്ട് ഗ്രാം/ലിറ്റര്‍) തളിക്കുക. 

ഏലം

പുതിയ തോട്ടങ്ങളില്‍ തണല്‍മരത്തൈകള്‍ നടാം. അഴുകല്‍ രോഗത്തിനെതിരെ കരുതല്‍ വേണം. രോഗമുള്ള ചുവടുകള്‍ പിഴുത് നശിപ്പിക്കുക. അവ നിന്ന ഭാഗം കുമിള്‍നാശിനി കൊണ്ട് കുതിര്‍ക്കുക. ഏലച്ചെടികളില്‍ ബോര്‍ഡോ മിശ്രിതം തളിക്കുക. ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ അഴുകിപ്പൊടിഞ്ഞ കാലിവളത്തില്‍ കലര്‍ത്തി ചേര്‍ക്കുന്നത് ഇത്തരം രോഗങ്ങള്‍ ചെറുക്കും. സ്യൂഡോമോണസ് കള്‍ച്ചര്‍ 10-15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ മഴയില്ലാത്തപ്പോള്‍ തളിച്ചാല്‍ കുമിള്‍ രോഗങ്ങള്‍ നിയന്ത്രിക്കാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാവുന്ന ഫോണ്‍ നമ്പര്‍ : ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ (04868 - 236263); ഏലം ഗവേഷണ കേന്ദ്രം, മൈലാടും പാറ (04868 - 237268).

മാവ്

കൊമ്പുണക്കമാണ് മാവില്‍ ശ്രദ്ധിക്കേണ്ട സംഗതി; കുമിശരോഗമാണിത്. നിറവ്യത്യാസം കാണുന്ന ഭാഗത്തിനു താഴെവച്ച് കേടുവന്ന കമ്പ് മുറിച്ചു തീയിടുക. മുറിപാടില്‍ ബോര്‍ഡോ കുഴമ്പോ, കോപ്പര്‍ ഓക്‌സിക്ലോറൈഡോ പുരട്ടുക. ഒട്ടുതൈകള്‍ നടുമ്പോള്‍ ഒട്ടുസന്ധിക്ക് താഴെ മുളക്കുന്ന ചിനപ്പുകള്‍ നീക്കണം.

പൈനാപ്പിള്‍

ചെടികള്‍ക്കിടയില്‍ വെള്ളം കെട്ടരുത്. കളകള്‍ വളരുന്നത് തടയുക. ഇലകളില്‍ അഴുകല്‍ കണ്ടാല്‍ ഉടന്‍ ബോര്‍ഡോ മിശ്രിതം തളിക്കണം.

കിഴങ്ങുവിളകള്‍

മരച്ചീനി, ചേന, കാച്ചില്‍, ചേമ്പ് തുടങ്ങിയ കിഴങ്ങു വിളകളില്‍ കളകള്‍ നീക്കം മണ്ണ് കൂനകൂട്ടണം. കപ്പത്തടങ്ങളില്‍ കുറച്ചു കറിയുപ്പിട്ട് മണ്ണ് കൊത്തിച്ചേര്‍ക്കുക. ഇത് വിളവു കൂട്ടാനും വലിപ്പമുള്ള കിഴങ്ങുകളുണ്ടാകാനും സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. 
ഫോണ്‍ നമ്പര്‍ :0471- 2598551 മുതല്‍ 2598555 വരെ


സുരേഷ് മുതുകുളം

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox