Monthly Reminders

വിത്തും കൈക്കോട്ടും മെയ് മാസത്തെ കൃഷിപ്പണികള്‍

വിത്തും കൈക്കോട്ടും
മെയ് മാസത്തെ കൃഷിപ്പണികള്‍
വിരിപ്പിനൊരുങ്ങാം
വിളകള്‍ക്ക് നടീല്‍ കാലം
പൊടിവിതയ്ക്ക് കളനിയന്ത്രണം
തെങ്ങിന് വളം ചേര്‍ക്കാം
കമുകിന് നീര്‍വാര്‍ച്ച
റബര്‍ കൂമ്പുചീയലിനു സാദ്ധ്യത
സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, (റിട്ട.)
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, 9446306909

നെല്ല്

ഏപ്രില്‍ മാസം പൊടിവിത നടത്താന്‍ കഴിയാത്തവര്‍ക്ക് മെയ് ആദ്യവും പൊടിവിത നടത്താം. ഇതിന് വേനല്‍മഴ കിട്ടിക്കഴിഞ്ഞ കണ്ടങ്ങളില്‍ ഏക്കറിന് 120 കി.ഗ്രാം കുമ്മായവും രണ്ടു ടണ്‍ ജൈവവളവും വിതറി കട്ടയുടച്ച് നിലമൊരുക്കണം. ഏക്കറിനു അര കിലോ സ്യൂഡോമോണസ് 20 കി. ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി രണ്ടു ദിവസം ചേര്‍ത്തുവച്ച ശേഷം മണ്ണില്‍ ഇളക്കി ചേര്‍ത്തുകൊടുക്കണം. മണ്ണിന്റെ പുളിരസം മാറാന്‍ കുമ്മായപ്രയോഗവും വളപ്പറ്റ് നിലനിര്‍ത്താന്‍ ജൈവവളപ്രയോഗവും അത്യാവശ്യമാണ്. റോട്ടവേറ്റര്‍ എന്ന ഉപകരണം ട്രാക്ടറില്‍ ഘടിപ്പിച്ച് അവസാനത്തെ പൂട്ടിന് ഉപയോഗിക്കുന്നത് കണ്ടം നല്ല പൊടിപ്പരുവമാകാന്‍ ഉപകരിക്കും. വിത്ത് വിതയ്ക്കുകയോ സീഡ് ഡ്രില്‍ അഥവാ വിതയന്ത്രം ഉപയോഗിച്ച് വിത്ത് നുരിയിടുമ്പോള്‍ വിത്ത് വീഴുന്ന ആഴം പ്രധാനമാണ്. വളരെ ആഴത്തില്‍ വീണ വിത്തു മുളയ്ക്കാതെ നശിച്ചു പോകും. വിരിപ്പില്‍ നുരികളുടെ എണ്ണം കുറയാനും പാടില്ല. ഹ്രസ്വകാല ഇനങ്ങള്‍ക്ക് ച.മീറ്ററില്‍ 67 നുരികളെങ്കിലും ഉണ്ടായിരിക്കണം. സ്യൂഡോമോണസ് 10 ഗ്രാം ഒരു കി. ഗ്രാം വിത്തിന് എന്ന തോതില്‍ വിത്തുമായി കൂട്ടിക്കലര്‍ത്തി 12-14 മണിക്കൂറിനുശേഷം വിതച്ചാല്‍ വിത്തു വഴി പകരുന്ന തവിട്ടുപുളളിക്കുത്ത്, ബ്ലാസ്റ്റ് തുടങ്ങിയ രോഗങ്ങള്‍ കാലേകൂട്ടി ചെറുക്കാന്‍ കഴിയും. 

കഴിഞ്ഞ മാസം പൊടിവിതയില്‍ നുരിയിട്ട പാടങ്ങളില്‍ ഇടയിളക്കി കളകള്‍ നീക്കം ചെയ്ത് മേല്‍ വളം വിതറുക. ഒരേക്കറിന് നാടന്‍ ഇനങ്ങള്‍ക്ക് 12 കിലോ, ഉല്‍പാദന ശേഷി കൂടിയ മൂപ്പു കുറഞ്ഞ ഇനങ്ങള്‍ക്ക് 21 കിലോ, ഉല്‍പാദന ശേഷി കൂടിയ ഇടത്തരം മൂപ്പുളള ഇനങ്ങള്‍ക്ക് 26 കിലോ എന്നിങ്ങനെ യൂറിയയും മഷൂരി 17 കിലോയും ചേര്‍ക്കണം.
 
വിരിപ്പില്‍ നടുന്നതിന് ഞാറ്റടിയൊരുക്കാം. നല്ല മഴ കിട്ടിക്കഴിഞ്ഞാല്‍ നിലമുഴുത് പൊടിക്കുക. ഞാറ്റടിത്തടങ്ങള്‍ തയാറാക്കണം. ഒരു ച.മീറ്ററിന് ഒരു കിലോ വീതം ചാണകപ്പൊടി ചേര്‍ക്കുന്നു. ഒരേക്കര്‍ നടാന്‍ 32-35 കിലോ വിത്തു വേണം. 
നെല്‍ കൃഷിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഏറ്റവുമടുത്തുളള കാര്‍ഷിക ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടണം. കാര്‍ഷിക ഗവേഷണകേന്ദ്രം, പീലിക്കോട് (0467-2260632), അമ്പലവയല്‍ (04936-260421), പട്ടാമ്പി (0466-2212275), മണ്ണുത്തി (0487-2370726), ചാലക്കുടി (0480-270216), കൃഷിവിജ്ഞാനകേന്ദ്രം, പന്നിയൂര്‍ (0460-2226087), നെല്ലു ഗവേഷണകേന്ദ്രം, വൈറ്റില (0487-2809963), കാരഷിക ഗവേഷണകേന്ദ്രം, കുമരകം (0481-2524421), കരിമ്പു ഗവേഷണകേന്ദ്രം, തിരുവല്ല (0469-2443192), ഫാമിംഗ് റിസര്‍ച്ച് സ്റ്റേഷന്‍, കൊട്ടാരക്കര (0474-2343586), ഫാമിംഗ് റിസര്‍ച്ച് സ്റ്റേഷന്‍, കരമന (0471-2343586), കാര്‍ഷിക കോളേജ്, വെളളായണി (0471-2383573).

    ഇനം                                 യൂറിയ(ഗ്രാം)         റോക്ക് മ്യൂറിയേറ്റ് ഓഫ്ഫോസ്‌ഫേറ്റ്   പൊട്ടാഷ് (ഗ്രാം)
നനയില്ലാത്ത തെങ്ങുകള്‍         375                                      285                                                   350
സങ്കരയിനങ്ങളും 
ഉത്പാദനശേഷി
കൂടിയതും                              550                                      530                                                   670
കുട്ടനാടന്‍ തെങ്ങുകള്‍            275                                      285                                                   325
തെക്കന്‍ കേരളത്തിലെ 
തെങ്ങുകള്‍                             500                                     385                                                    500
നനയ്ക്കുന്ന തെങ്ങുകള്‍
1. നാടന്‍                                  275                                     400                                     500
2. സങ്കരയിനം                         550                                     500                                     835
തെങ്ങ്

നല്ല മഴ കിട്ടിയാല്‍ തെങ്ങിന് തടം തുറക്കാം. തടത്തിന് രണ്ടു മീറ്റര്‍ ചുറ്റളവ് വേണം. തടം തുറന്ന് ഒരു കിലോ വീതം കുമ്മായം വിതറുക. മണ്ണിന്റെ പുളിരസം കുറയാനും മൂലകങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനും ഇതുപകരിക്കും. രണ്ടാഴ്ച കഴിഞ്ഞ് ഓരോ തടത്തിലും 20-25 കിലോ ജൈവവളം ചേര്‍ത്ത് കുറച്ചു ദിവസം കഴിഞ്ഞ് ഇനി പറയുന്നതു പ്രകാരം രാസവളം ചേര്‍ത്ത്       തടം ഭാഗികമായി മൂടുക. 

ഒരു വര്‍ഷം പ്രായമായ തൈയ്ക്ക് മേല്പറഞ്ഞ അളവിന്റെ മൂന്നിലൊന്നും രണ്ടു വര്‍ഷമായതിനു മൂന്നില്‍ രണ്ടും ചേര്‍ക്കാം. മൂന്നാം വര്‍ഷം മുതല്‍ മുഴുവന്‍ അളവിലും വളം ചേര്‍ക്കണം. വളം ചേര്‍ത്തു കഴിഞ്ഞ് തൈക്കുഴിയുടെ വശങ്ങള്‍ 10 സെ. മീ. കനത്തില്‍ അരിഞ്ഞിറക്കുക. മൂന്നു വര്‍ഷം കഴിയുന്നതോടെ കുഴികള്‍ മൂടി തടം രൂപപ്പെടണം. ഓലചീയല്‍, കൂമ്പുചീയല്‍ രോഗങ്ങള്‍ക്ക് പ്രതിവിധി ഈ മാസം ചെയ്യണം. ബോര്‍ഡോ മിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിക്കുക. കൂടാതെ ഡൈത്തേന്‍ എം 45, മൂന്നു ഗ്രാം അല്ലെങ്കില്‍ കോണ്ടാഫ് 5 ഇ.സി, 300 മില്ലി വെളളത്തില്‍ കലക്കി വിടരാനുളള കൂമ്പോലകളുടെ ചുവട്ടില്‍ ഒഴിക്കുക.

ഈ മാസം വിത്തു തേങ്ങ പാകാം. ഞാറ്റടിക്ക് ഒന്നര മീറ്റര്‍ വീതിയും സൗകര്യം പോലെ നീളവുമാകാം. തടത്തില്‍ 30 സെ.മീ. ഇടയകലത്തില്‍ ചാലു കീറി വിത്തു തേങ്ങ പാകി ഇടയ്ക്കുളള സ്ഥലം മണ്ണിട്ടു മൂടുക. മേല്‍ഭാഗം മണലിട്ടു മൂടണം. തേങ്ങയുടെ മുകള്‍ ഭാഗം മാത്രം മണലിനു വെളിയില്‍ കണ്ടാല്‍ മതി. ഞാറ്റടിയില്‍ നിന്ന് മണ്ണൊലിപ്പു തടയാനും തണല്‍ നല്‍കാനും ഉണങ്ങിയ തെങ്ങോല കൊണ്ട് പുതയിടുക. മഴ കുറവെങ്കില്‍ ഒന്നു രണ്ടു തവണ നനയ്ക്കണം. വിത്തു തേങ്ങ ചരിച്ചോ കുത്തനെയോ പാകാം. 

 മെയ് മാസം തെങ്ങിന്‍ തൈ നടാന്‍ യോജിച്ച സമയമാണ്. ഒരു മീറ്റര്‍ നീളം, വീതി, ആഴം. കുഴി കുത്തിയ മണ്ണിട്ട് കുഴിയുടെ ചുറ്റും വരമ്പിടുക. വരമ്പ് ചവിട്ടിയുറപ്പിച്ച് ബലപ്പെടുത്തണം. ഒഴുക്കുവെളളം കുഴിയിലിറങ്ങരുത്. പെയ്ത്തുവെളളം കുഴിയില്‍ വീഴുന്നതില്‍ തകരാറില്ല. കുഴിയുടെ അടിയില്‍ ഒരടി ഘനത്തില്‍ മേല്‍മണ്ണിടുക. ഇത് ചെറു കൂനയാക്കി അതിനു നടുവില്‍ ഒരു കുഴിയെടുത്ത് തൈ നടുക. തൈയ്ക്കു ചുറ്റും മണ്ണു ചവിട്ടിയുറപ്പിക്കണം. തറനിരപ്പില്‍ നിന്ന് 70 സെ.മീ. താഴ്ത്തി തൈ നടണം. തൈകള്‍ 25 അടി അകലത്തിലാണ് നടുക. ഇടവിളകൃഷി ചെയ്യാനാണെങ്കില്‍ അകലം കൂട്ടാം. നട്ട് മൂന്നു മാസമാകുന്നതോടെ ആദ്യത്തെ ഇല വരുമ്പോള്‍ തൈക്കു ചുറ്റും 5 കിലോ ഉണങ്ങിയ ചാണകപ്പൊടിയും 200 ഗ്രാം കോക്കനട്ട് മിക്‌സ്ച്ചറും മണ്ണില്‍ കൊത്തിച്ചേര്‍ക്കുക. 

കമുക്

മഴയുടെ ലഭ്യതയനുസരിച്ച് നനയും നീര്‍വാര്‍ച്ചയും ക്രമീകരിക്കുക. വെളളക്കെട്ട് മഞ്ഞളിപ്പിന് കാരണമാകാം. കഴിഞ്ഞ വര്‍ഷം കുമ്മായം ചേര്‍ത്തില്ലെങ്കില്‍ ഈ വര്‍ഷം ഓരോ ചുവടിനും 500 ഗ്രാം വീതം കുമ്മായം ചേര്‍ക്കണം. മണല്‍ പ്രദേശങ്ങളില്‍ വേരുതീനിപ്പുഴുവിന്റെ ഉപദ്രവം കമുക് നശിക്കാനും മഞ്ഞളിപ്പിനും കാരണമാകും. മഴ കിട്ടുന്നതോടെ തോട്ടം താഴ്ത്തിക്കിളച്ച് മണ്ണിളക്കിയാല്‍ പുറത്തുവരുന്ന പുഴുക്കളെ കാക്ക കൊത്തിത്തിന്നും. മാഹാളി രോഗത്തിനെതിരെ ഈ മാസം ബോര്‍ഡോ മിശ്രിതം തളിക്കണം. കമുകിന്‍ തൈ നടാനും യോജിച്ച സമയമാണിത്. 

മാവ്

മഴയുടെ തുടക്കത്തോടെ മാവിന്‍ തൈ നടാം. ഒരു മീറ്റര്‍ നീളവും വീതിയും താഴ്ചയുമുളള കുഴികള്‍ തൈ നടുന്നതിന് ഒരു മാസം മുമ്പ് തയ്യാറാക്കണം. വളക്കൂറുളള മേല്‍മണ്ണിട്ട് കുഴി മൂടിയ ശേഷം മദ്ധ്യഭാഗത്തായി ചെറിയ കുഴി കുത്തുക. വേരിനും അതിനെ പൊതിഞ്ഞിരിക്കുന്ന മണ്ണിനും ഉലച്ചില്‍ തട്ടാതെ തൈ മെല്ലെയിളക്കി ഈ കുഴിയില്‍ നടാം. നടുമ്പോള്‍ തൈ ചരിയരുത്. തൈ പോളിത്തീന്‍ കവറില്‍ എത്ര ആഴത്തിലായിരുന്നോ അത്രയും ആഴത്തില്‍ വേണം കുഴിയില്‍ നടാന്‍. ഒട്ടു സന്ധി മണ്ണിനടിയിലാകരുത്. ഒട്ടുസന്ധിയുടെ മണ്ണില്‍ താഴെ സ്റ്റോക്കില്‍ നിന്ന് ചിലപ്പോള്‍ മുളകള്‍ പൊട്ടി വളരുന്നതു കാണാം. അത് അപ്പപ്പോള്‍ നുളളിക്കളയണം.
 
കശുമാവ്

ചരിവുളള തോട്ടങ്ങളില്‍ മണ്ണ് അധികം ഇളക്കാതെ ഇടക്കയ്യാലകളും ബണ്ടും കെട്ടി മണ്ണൊലിപ്പു തടയുക. തോട്ടത്തില്‍ 2ഃ0.6ഃ0.6 മീ. വലിപ്പത്തില്‍ നീര്‍ക്കുഴികളെടുക്കുക. മവ കിട്ടുമ്പോഴേക്കും കശുമാവിന് വളം ചേര്‍ക്കണം.

റബര്‍

കൂമ്പുചീയലും അകാല ഇലപൊഴിച്ചിലും പ്രതീക്ഷിക്കാം. ഇതിനെതിരെ നഴ്‌സറിയിലും മരങ്ങളിലും ബോര്‍ഡോമിശ്രിതം തളിക്കണം. കവരകളിലും ശിഖരങ്ങളിലും കറ പൊട്ടി ഒലിക്കുന്ന കുമിള്‍രോഗം കണ്ടാല്‍ കേടായ തൊലി ചീന്തിക്കളഞ്ഞ് ബോര്‍ഡോ മിശ്രിതം തളിക്കണം. കവരങ്ങളിലും ശിഖരങ്ങളിലും കറ പൊട്ടി ഒലിക്കുന്ന കുമിള്‍ രോഗം കണ്ടാല്‍ കേടായ തൊലി ചീന്തിക്കളഞ്ഞ് ബോര്‍ഡോ കുഴമ്പ് തേയ്ക്കണം. റെയിന്‍ഗാര്‍ഡ് ഈ മാസം ഉറപ്പിക്കണം. പുതുകൃഷിക്കും ആവര്‍ത്തനകൃഷിക്കും സ്ഥലമൊരുക്കുക. മേല്‍മണ്ണുമായി കുഴിയൊന്നിന് ഒരു പാട്ട കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് കുഴി മൂടുക. ഒരു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെ പ്രായമുളള തൈകള്‍ക്ക് 10:10:4:15 എന്‍.പി.കെ മഗ്നീഷ്യം മിശ്രിതമാണ് ചേര്‍ക്കുക. ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷം പ്രായമുളള തൈകള്‍ക്ക് ഇത് യഥാക്രമം 450, 450, 550, 550 ഗ്രാം വീതം ഈ മാസം ചേര്‍ക്കാം. വളം തണ്ടില്‍ വീഴാതെ ചുറ്റും കനം കുറച്ച് വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കണം. അഞ്ചാം വര്‍ഷം മുതല്‍ വെട്ടു തുടങ്ങുന്നതുവരെ ആവരണവിള ഉണ്ടെങ്കില്‍ 12:12:12 എന്‍.പി.കെ മിശ്രിതം ഉപയോഗിക്കാം. ഒരു മരത്തിന് മെയ്മാസം 300 ഗ്രാം വീതം. ആവരണവിള ഇല്ലെങ്കില്‍ 15:10:5 എന്‍.പി.കെ മിശ്രിതമാണ് ചേര്‍ക്കേണ്ടത്. മേയില്‍ ഒരു മരത്തിന് 450 ഗ്രാം വീതം.

വാഴ

വാഴയെ ആശ്രയിച്ചുളള കൃഷി തുടങ്ങാം. പൂവന്‍, ചെങ്കദളി, റോബസ്റ്റ, പാളയന്‍കോടന്‍, ഞാലിപ്പൂവന്‍, കുന്നന്‍ മുതലായ ഇനങ്ങള്‍ നടാന്‍ സമയമായി. മഴക്കാലത്ത് വാഴ നടുമ്പോള്‍ കുഴി ഉടനെ തന്നെ മൂടണം. വലിയ വാഴകള്‍ക്ക് മഴ ലഭിക്കുന്നതുവരെ ജലസേചനം ക്രമീകരിക്കുക. 

കൈതച്ചക്ക

നടീല്‍ കാലം. കനത്ത മഴയത്ത് കന്നുകള്‍ നടരുത്. തനിവിളയായും ഇടവിളയായും മൗറീഷ്യസ് കൃഷി ചെയ്യാം. 

ഏലം

രണ്ടാം ഞാറ്റടിയിലും പോളീബാഗിലും വളര്‍ത്തുന്ന തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടാം. മഴയുടെ ലഭ്യതയനുസരിച്ച് മെയ് അവസാനമോ ജൂണ്‍ ആദ്യമോ പ്രധാന കൃഷി സ്ഥലത്ത് മാറ്റി നടാം. തോട്ടങ്ങളില്‍ തണല്‍ ക്രമീകരിക്കണം. 

കുരുമുളക്

പുതുതായി തൈ നടാന്‍ കുഴി തയ്യാറാക്കാം. താങ്ങു കാലിന്റെ വടക്കുഭാഗത്ത് 50 സെ. മീ. നീളവും വീതിയും ആഴവുമുളള കുഴികളെടുക്കണം. മേല്‍ മണ്ണില്‍ നാലു കി.ഗ്രാം കാലിവളം ചേര്‍ത്തു മൂടുക. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരു ചുവടിന് 500 ഗ്രാം വീതം കുമ്മായം വിതറി മുപ്പല്ലി കൊണ്ട് കൊത്തിച്ചേര്‍ക്കണം. മെയ് പകുതിയോടെ ഇതു ചെയ്യാം. മെയ് അവസാനം മണ്ണിനു നനവുണ്ടെങ്കില്‍ വളവും ചേര്‍ക്കാം. ഒരു കൊടിക്ക് 10 കിലോ ജൈവവളം. കുറച്ച് കഴിഞ്ഞ് 55 ഗ്രാം യൂറിയ, 125 ഗ്രാം റോക്ക് ഫോറസ്റ്റ്, 125 ഗ്രാം പൊട്ടാഷ് വളം എന്നിവ ചേര്‍ക്കാം. വളം ചുറ്റും വിതറി കൊത്തിച്ചേര്‍ത്ത് ചുറ്റും പുതയിടുക. 

ഗ്രാമ്പു, ജാതി

ജൈവവളങ്ങളും രാസവളങ്ങളും നിര്‍ദ്ദിഷ്ട അളവില്‍ ചേര്‍ക്കേണ്ട മാസമാണിത്. ഒന്നാം കൊല്ലം ചെടി ഒന്നിന് 10 കി. ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. വളത്തിന്റെ തോത് ക്രമേണ ഉയര്‍ത്തി 15 വര്‍ഷം പ്രായമായ ഒരു മരത്തിന് 15 കി. ഗ്രാം ജൈവവളം ഒരു കൊല്ലം എന്ന തോതില്‍ ലഭ്യമാക്കണം. ഒരു വര്‍ഷം പ്രായമായ തൈക്ക് യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, പൊട്ടാഷ് ഇവ യഥാക്രമം 20, 45, 40 ഗ്രാം വീതം. രണ്ടു വര്‍ഷമായതിന് 45, 90, 85 ഗ്രാം വീതം. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ രാസവളം ക്രമമായി ഉയര്‍ത്തുക. 15 വര്‍ഷമാകുന്നതോടെ 320, 625, 625 ഗ്രാം വീതമാക്കാം. ജാതിക്ക് പൊട്ടാഷ് 835 ഗ്രാം ചേര്‍ക്കണം. തുടര്‍ന്ന് അളവില്‍ മാറ്റമില്ല. മഴക്കാലത്ത് ബോര്‍ഡോ മിശ്രിതം തളിക്കുന്നത് നന്ന്. കുമിള്‍ രോഗങ്ങള്‍ മഴക്കാലത്ത് വരാനിടയുളളതിനാല്‍ ഈ മാസം ഒരു തവണ ബോര്‍ഡോ മിശ്രിതം തളിക്കണം.
 
ചേമ്പ്

ചേമ്പ് നടാന്‍ യോജിച്ച സമയം. ശ്രീരശ്മി, ശ്രീ പല്ലവി, ശ്രീ കിരണ്‍ എന്നിവ കേന്ദ്രകിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ മികച്ച ഇനങ്ങളാണ് (0471-2598551). നടാന്‍ 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പുവിത്ത് ഉപയോഗിക്കാം. ഒരു സെന്റ് സ്ഥലത്തിന് 5 ഗ്രാം വിത്തു വേണം. ഒരു സെന്റില്‍ 150 ഗ്രാം ചേമ്പ് നടാം. നിലമൊരുക്കുന്ന സമയത്ത് സെന്റൊന്നിന് 50 കി.ഗ്രാം എന്ന തോതില്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കാം. കൂടാതെ650 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 350 ഗ്രാം വീതം യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മുളച്ച് ഒരാഴ്ചയ്ക്കു ശേഷം നല്‍കണം. ബാക്കി 350 ഗ്രാം യൂറിയയും പൊട്ടാഷും ഒരു മാസം കഴിഞ്ഞ് കള നീക്കിയതിനുശേഷം നല്‍കാം.

കാച്ചില്‍

മുളച്ച് ഒരാഴ്ച കഴിയുന്നതോടെ ആദ്യമേല്‍വളം ചേര്‍ക്കണം. സെന്റിന് 50 ഗ്രാം യൂറിയയും 1.2 കി.ഗ്രാം റോക്ക് ഫോസ്‌ഫേറ്റും 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നല്‍കണം. വളളികള്‍ പിടിച്ചു കയറുന്നതിനു താങ്ങ് നല്‍കുക.

മരച്ചീനി

മരച്ചീനി നടീല്‍ തുടരാം. ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇനങ്ങളാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ കല്പക, നിധി, വെളളായണി ഹ്രസ്വ തുടങ്ങിയവ. 15-20 സെ.മീ. നീളമുളള മധ്യഭാഗത്തെ കമ്പുകളാണ് നടാനുത്തമം. ഒരു സെന്റില്‍ നടാന്‍ ഇത്തരം 50-80 കമ്പുകള്‍ വേണം. ശാഖകളുളള ഇനങ്ങള്‍ 90ഃ90 സെ.മീ. അകലത്തിലും ശാഖകളില്ലാത്തവ 75ഃ75 സെ.മീ. അകലത്തിലും നടണം. 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox