Monthly Reminders

തെങ്ങിന് നനച്ചാല്‍ വിളവ് ഇരട്ടിയാകും

നെല്ല്

പുഞ്ചപ്പാടങ്ങളില്‍ നനയും കീടരോഗ നിയന്ത്രണവും തുടരുക. ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ വൈകി വിതച്ച പാടങ്ങളില്‍ വിതച്ച് 50-60 ദിവസമാകുന്നതോടെ ഏക്കറിന് 20 കിലോ യൂറിയയും 15 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും വിതറുക. പോളരോഗം, കുലവാട്ടം എന്നീ കുമിള്‍രോഗങ്ങള്‍ക്ക് സാധ്യതയുള്ള നിലങ്ങളില്‍ വിതച്ച് 35 ദിവസം കഴിയുമ്പോള്‍ സ്യൂഡോമോണസ് കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക. ഇലചുരുട്ടി, തണ്ടുതുരപ്പന്‍ എന്നിവയെ നിയന്ത്രിക്കാന്‍ ട്രൈക്കോ കാര്‍ഡ് ഉപയോഗിക്കാം.

തെങ്ങ്

നനച്ചാല്‍ തെങ്ങില്‍ വിളവ് ഇരട്ടിയാകും. തുള്ളിനയാണെങ്കില്‍ ഒരു ദിവസം 60 ലിറ്ററും തടത്തില്‍ വെള്ളം തുറന്നു വിടുകയാണെങ്കില്‍ ഒരു തവണ 400-700 ലിറ്ററും നല്‍കാം. ഒരാഴ്ച ഇടവേളയില്‍ ഇത് ചെയ്യാം. മണലിന്റെ അംശം കൂടിയ മണ്ണില്‍ കുറച്ചു വെള്ളവും കുറഞ്ഞ ഇടവേളയും കളിമണ്ണിന്റെ അംശവുമാണ് കൂടുതലെങ്കില്‍ കൂടുതല്‍ വെള്ളവും കൂടിയ ഇടവേളയും. ചെറുതൈകള്‍ക്ക് തെക്കുപടിഞ്ഞാറന്‍ വെയിലില്‍ നിന്ന് സംരക്ഷണം നല്‍കണം. തൈകള്‍ നനച്ചാല്‍ നാലഞ്ചു വര്‍ഷം കൊണ്ട് കായ്ക്കും. നന സൗകര്യമില്ലാത്ത തെങ്ങിന്‍ തടത്തില്‍ പുതയിടാം.

വിത്തു തേങ്ങ സംഭരണം ഈ മാസവും തുടരാം. നനയ്ക്കാതെ തന്നെ വര്‍ഷംതോറും 80 നാളികേരം തരുന്ന തെങ്ങില്‍ നിന്നു വേണം വിത്തുതേങ്ങ എടുക്കാന്‍. തെങ്ങിന്‍ തൈകളില്‍ ചെമ്പന്‍ ചെല്ലി ഉപദ്രവമുണ്ടാകും. തടിയില്‍ സുഷിരങ്ങളും അതിലൂടെ ചണ്ടി പുറത്തേക്ക് വരുന്നതുമാണ് ലക്ഷണം. 250 ഗ്രാം വേപ്പിന്‍/മരോട്ടി പിണ്ണാക്ക് 250 ഗ്രാം മണലുമായി കലര്‍ത്തി ഓലക്കവിളുകളില്‍ ഇട്ടുകൊടുക്കുക. മുകളിലത്തേതൊഴികെ മറ്റെല്ലാ സുഷിരങ്ങളു കളിമണ്ണുകൊണ്ട് അടച്ചശേഷം ഏറ്റവും മുകളിലത്തെ സുഷിരത്തിലൂടെ സ്‌പൈനോസാഡ് എന്ന കീടനാശിനി നാലു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുക. തുടര്‍ന്ന് ആ സുഷിരവും അടയ്ക്കുക. ഫിറമോണ്‍ കെണി വച്ചും ചെല്ലികളെ ആകര്‍ഷിച്ച് കുടുക്കാം.

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഈ മാസം പച്ചോല തിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ഉപദ്രവമുണ്ടാകും. ഉടനെ അടുത്ത പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനുമായോ കൃഷിഭവനുമായോ ബന്ധപ്പെട്ട് മിത്രപ്രാണികളെ ശേഖരിച്ച് ജൈവനിയന്ത്രണം നടപ്പാക്കണം.
മച്ചിങ്ങയ്ക്കും കരിക്കിനും കുത്തി കേടുവരുത്തുന്ന പൂങ്കുലച്ചാഴിയുടെ ഉപദ്രവം കണ്ടാല്‍ സെവിന്‍ (50 ശതമാനം) നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ വിടരാത്ത കൊതുമ്പിലും കുലകളിലും തളിക്കണം. ആവശ്യമെങ്കില്‍ ഒന്നര മാസം കഴിഞ്ഞ് മരുന്നുതളി ആവര്‍ത്തിക്കാം. അസാഡിറാക്‌സിന്‍ 300 പി.പി.എം അടങ്ങിയ നിംബിസിഡിന്‍ എന്ന ജൈവകീടനാശിനി 13 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കതലര്‍ത്തി ഇളം കുലകളില്‍ തളിച്ചും ഈ കീടത്തെ നിയന്ത്രിക്കാം.

പൂങ്കുലകളില്‍ പഞ്ഞിപോലെ വെളുത്ത മീലിമുട്ടകള്‍ പറ്റിക്കൂടിയിരിക്കുന്നത് നന്നല്ല. ഇക്കാലക്‌സ് രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക.
തെങ്ങിന് ഗണ്യമായ വിളനഷ്ടമുണ്ടാക്കുന്ന കുമിള്‍ രോഗമാണ് ചെന്നീരൊലിപ്പ്. കറ ഒലിച്ച ഭാഗത്തെ തൊലി ചെത്തിമാറ്റി മുറിപ്പാടില്‍ അഞ്ചു ശതമാനം വീര്യത്തില്‍ തയാറാക്കിയ ഹെക്‌സാകൊണാസോള്‍ എന്ന കുമിള്‍നാശിനി 100 മില്ലി വെള്ളത്തില്‍ കലര്‍ത്തിയെടുത്താല്‍ മതി. രണ്ടു ദിവസം കഴിഞ്ഞ് ഇതിന് പുറത്ത് ടാര്‍ പുരട്ടുക. ട്രൈക്കോഡെര്‍മ ചേര്‍ത്ത വേപ്പിന്‍ പിണ്ണാക്ക് അഞ്ച് കിലോഗ്രാം എന്ന തോതില്‍ തടത്തില്‍ ചേര്‍ത്തുകൊടുക്കുക. വേരിലൂടെ അഞ്ചു ശതമാനം വീര്യത്തില്‍ കാര്‍ബെന്‍ഡാസിം (ബാവിസ്റ്റിന്‍) എന്ന കുമിള്‍നാശിനി 100 മില്ലി എന്ന തോതില്‍ നല്‍കുന്നതും രോഗനിയന്ത്രണത്തിന് സഹായകമാണ്.

കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളെ നന്നായി സംരക്ഷിക്കണം. ശുപാര്‍ശ ചെയ്തിട്ടുള്ള രാസവളങ്ങള്‍ ശരിയായ അളവില്‍ യഥാസമയം നല്‍കുക. കൂടാതെ തെങ്ങൊന്നിന് 50 കിലോഗ്രാം ജൈവവളവും മൂന്നു കിലോ മഗ്നീഷ്യം സള്‍ഫേറ്റും നല്‍കുക. തെങ്ങിന്‍ തടത്തില്‍ പച്ചിലകള്‍ ചേര്‍ക്കുക.

കശുമാവ്

മരച്ചുവട്ടില്‍ തടിതുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കാണാം. പുറമെ കാണുന്ന വേരിലും തടിയുടെ ചുവട്ടിലുമാണ് പുഴുവിന്റെ ശല്യം രൂക്ഷം. പുഴു ഉള്ളിലുണ്ടെങ്കില്‍ സുഷിരങ്ങളിലൂടെ ചണ്ടി പുറത്തുവരും. മൂര്‍ച്ചയുള്ള ഉളി കൊണ്ട് സുഷിരം വൃത്തിയാക്കി പുഴുവിനെ പുറത്തെടുത്ത് കൊല്ലുക.

കുരുമുളക്

കൊടിത്തലകള്‍ മുറിച്ചെടുത്ത് കഷ്ണങ്ങളാക്കി വേരുപിടിപ്പിക്കാന്‍ പോളിത്തീന്‍ സഞ്ചികളില്‍ നടുക. ചെന്തലകളുടെ നടുഭാഗമാണ് സാധാരണ നടുക. പോളിത്തീന്‍ സഞ്ചിയിലെ മിശ്രിതത്തില്‍ ട്രൈക്കോര്‍ഡെര്‍മ, വാം എന്നിവ ചേര്‍ത്താല്‍ അഴുകല്‍ രോഗം തടയാം. കുരുമുളക് നഴ്‌സറിയില്‍ നന നിര്‍ബന്ധം.


കമുക്

കമുകിനും നന തുടരാം. ഒരു നനയ്ക്ക് 175 ലിറ്റര്‍ വെള്ളം നാലഞ്ചു ദിവസം ഇടവിട്ട് നല്‍കണം. തടിയില്‍ കുമ്മായം കലക്കിയ ലായനി പൂശിയാല്‍ വെയിലില്‍ നിന്ന് സംരക്ഷിക്കാം. കമുകോലകളില്‍ മഞ്ഞളിപ്പ് കണ്ടാല്‍ അതിന്റെ യഥാര്‍ഥമായ കാരണം തിരിച്ചറിയുകയാണ് പ്രധാനം. വെള്ളക്കെട്ടു കൊണ്ടും മൂലകങ്ങളുടെ അഭാവത്താലും അണുബാധ വഴിയും മഞ്ഞളിപ്പ് വരാം. നീര്‍വാര്‍ച്ച ഉറപ്പാക്കിയും ചിട്ടയായി വളം ചേര്‍ത്തും മഞ്ഞളിപ്പ് പരിഹരിക്കാം. കുരുത്തോലപ്പുഴുവാണ് മഞ്ഞളിപ്പിന് കാരണമെങ്കില്‍ സെവിന്‍ (50 ശതമാനം) നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ തളിക്കാം.

റബര്‍

റബര്‍ തൈകള്‍ക്ക് തെക്കുപടിഞ്ഞാറന്‍ വെയിലില്‍ നിന്ന് സംരക്ഷണം നല്‍കണം. ചെറു തൈകളുടെ തടിയില്‍ കുമ്മായം പൂശാം. പുതുപ്പട്ടയിലും ഇത് ചെയ്യണം. 'പ്യൂറേറിയ' എന്ന തോട്ടപ്പയറിന്റെ വിത്ത് ശേഖരിക്കുന്ന സമയമാണിത്. ബഡ്ഡ് തൈകളുടെ തായ്ത്തടിയില്‍ നിന്ന് വശങ്ങളിലേക്ക് മുളയ്ക്കുന്ന ചിനപ്പുകള്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് മുറിച്ചു മാറ്റു ഒച്ചുകള്‍ ചെറുതൈകളുടെ കൂമ്പ് തിന്നു നശിപ്പിക്കും. രാത്രിയില്‍ ഒച്ചുകളെ പെറുക്കി നശിപ്പിക്കണം. തോട്ടത്തില്‍ തീ പിടിക്കാതിരിക്കാന്‍ നടപടിയെടുക്കുക.

മാവ്

തൈകള്‍ക്ക് ആഴ്ചയില്‍ രണ്ടു നന. ഉണ്ണിമാങ്ങ പിടിക്കുമ്പോള്‍ മാലത്തയോണ്‍ രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചാല്‍ കീടങ്ങളെ നശിപ്പിക്കാം. ഇതിലേക്ക് ലിറ്ററിന് 20 ഗ്രാം പഞ്ചസാരകൂടി ചേര്‍ത്ത് തളിച്ചാല്‍ കായീച്ചകളെ പിടികൂടാം. അല്ലെങ്കില്‍ മീതൈല്‍ യൂജിനോള്‍ കെണി 25 സെന്റിന് ഒന്ന് എന്ന തോതില്‍ വയ്ക്കുകയും ചെയ്യാം. കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങള്‍, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കെണി ലഭിക്കും.

വാഴ

നേന്ത്രന് നന പ്രധാനം. മൂന്നു നാലു ദിവസം ഇടവിട്ട് നനയ്ക്കണം. ഒരു നനയ്ക്ക് 40 ലിറ്റര്‍ വെള്ളം. തടത്തില്‍ പുതയിട്ടാല്‍ നനയുടെ ഇടവേള കൂട്ടാം. നട്ട് നാലു മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയയും 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നല്‍കുക. തടപ്പുഴുവിനെതിരെ ജാഗ്രത വേണം. സെവിന്‍ (50 ശതമാനം) നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തടയിലും കവിളിലും ചുവട്ടിലും വീഴുംവിധം തളിക്കുക. തടിയില്‍ തളിക്കുമ്പോള്‍ സുഷിരങ്ങളിലൂടെ ലായനി ഉള്ളില്‍ കടക്കുംവിധം പിടിക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ വാഴക്കവിളുകളില്‍ ഒഴിച്ചുകൊടുക്കാം.

ഏലം

വിളവെടുപ്പ് തീരുന്നു. പോളിബാഗ് നഴ്‌സറികളില്‍ ആവശ്യാനുസരണം നനയ്ക്കണം. തോട്ടങ്ങളില്‍ നന, പുതയിടീല്‍, മണ്ണിടീല്‍, നീര്‍ച്ചാലുകള്‍ വൃത്തിയാക്കല്‍ എന്നിവ ചെയ്യുക. കറ്റെ രോഗമുള്ള ചുവടുകള്‍ നശിപ്പിക്കണം. പുതുക്കൃഷിക്ക് തോട്ടമൊരുക്കാം.

ഇഞ്ചി

പുതുമഴ കിട്ടുന്നതോടെ നടാന്‍ സ്ഥലം ഒരുക്കണം. വിത്തിഞ്ചി നടുമ്പോള്‍ ചാണകപ്പൊടിയോടൊപ്പം ട്രൈക്കോഡെര്‍മ കൂടെ ഉപയോഗിക്കണം. കോഴിക്കോട് ഇന്ത്യന്‍ സ്‌പൈസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച രജത, വരദ, മഹിമ എന്നിവ മികച്ച ഇനങ്ങളാണ്. ഫോണ്‍: 0495-2371410


മഞ്ഞള്‍

പുതുമഴ കിട്ടിയാല്‍ മഞ്ഞള്‍ നടാന്‍ സ്ഥലമൊരുക്കാം. സുവര്‍ണ, സുഗുണ, സുദര്‍ശന, പ്രഭ, പ്രതിഭ, കാന്ത, ശോഭ, സോണ എന്നിവ മികച്ച ഇനങ്ങളാണ്. ഇവയുടെ വിത്തിനും മറ്റും കോഴിക്കോട് ഇന്ത്യന്‍ സ്‌പൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി (0495-2371410) ബന്ധപ്പെട്ടാല്‍ മതി. കൂടാതെ തൃശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ തോട്ടവിളവിഭാഗവുമായും ബന്ധപ്പെടാം. ഫോണ്‍: 0487-2370822 എക്സ്റ്റന്‍ഷന്‍ 8358.

കൊക്കോ

കഴിഞ്ഞ മാസം വളം ചേര്‍ക്കാത്തവയ്ക്ക് ഈ മാസം വളം ചേര്‍ക്കാം. നനയ്ക്കണം. തൈകള്‍ പോളിത്തീന്‍ സഞ്ചികളില്‍ നട്ട് തണലത്ത് പരിപാലിക്കണം. പുതുക്കൃഷിക്ക് തോട്ടം ഒരുക്കാം. മികച്ച ബഡ് കൊക്കോത്തൈകള്‍ തൃശൂര്‍ വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0487-2371582.

മരച്ചീനി

മഴ കുറവാണെങ്കില്‍ രണ്ടു തവണയെങ്കിലും നനയ്ക്കണം. തുലാക്കപ്പയ്ക്കും രണ്ടാഴ്ചയില്‍ ഒരു നന. നേരത്തെ നട്ട കപ്പയുടെ ഇലകള്‍ മുരടിക്കുന്നതും മാര്‍ദവം നഷ്ടപ്പെടുന്നതുമൊക്കെ വെള്ളീച്ചയുടെയും പച്ചത്തുള്ളന്റെയും ഉപദ്രവമാണ്. വെള്ളം ശക്തിയായി തളിച്ചാല്‍ ഈ ചെറുകീടങ്ങളെ നശിപ്പിക്കാം. വെളുത്തുള്ളി നീരും നേര്‍പ്പിച്ച് തളിക്കാം.

മധുരക്കിഴങ്ങ്

നേരത്തേ നട്ട മധുരക്കിഴങ്ങിന് നന തുടരുക. തടങ്ങളില്‍ പുതയിടാം.


ചേന

കുംഭച്ചേനയ്ക്ക് മഴ കിട്ടുന്നില്ലെങ്കില്‍ നനയ്ക്കണം. കഴിഞ്ഞ മാസം നട്ട വിത്തുകള്‍ ഉണങ്ങിയെങ്കില്‍ മാറ്റി പകരം പുതുവിത്ത് നടുക. നല്ലയിനങ്ങളുടെ നടീല്‍വസ്തുക്കള്‍ക്ക് ശ്രീകാര്യത്തെ കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. ഫോണ്‍: 0471-2598551

അടുക്കളത്തോട്ടത്തില്‍ ഈ മാസം 

വെണ്ട

വേനലില്‍ വെണ്ടയ്ക്ക് നല്ല നന വേണം. വെളുത്തുള്ളി നീരോ വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പ് മിശ്രിതമോ തളിച്ച് ചെറുപ്രാണികളെ നശിപ്പിക്കാം. മഞ്ഞബോര്‍ഡില്‍ ആവണക്കെണ്ണ തേച്ച് ചെടികള്‍ക്കിടയില്‍ കെട്ടിയിട്ടാല്‍ ഈ ചെറുകീടങ്ങള്‍ അതില്‍ പറ്റിപ്പിടിക്കും.


ചീര

ചീര ഈ മാസം നടാം. വിത്തുപാകി തൈകള്‍ മാറ്റി നടണം. സെന്റിന് അഞ്ചു ഗ്രാം വിത്തു വേണം. സെന്റിന് 150-200 കിലോഗ്രാം കാലിവളമോ 100 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ ചേര്‍ക്കണം. തൈകള്‍ ആഴം കുറഞ്ഞ ചാലുകളില്‍ നടുക. ചാലുകള്‍ തമ്മില്‍ 20 സെന്റീമീറ്റര്‍ ഇടയകലം വേണം. ചുവന്ന ചീരയായ കണ്ണാറ ലോക്കല്‍, അരുണ്‍, ചുവന്ന തണ്ടും പച്ചയിലയുമുള്ള രേണുശ്രീ, സി.ഒ. 1, 2, 3, മോഹിനി എന്നിവ പച്ചയിനങ്ങളാണ്.

മുളക്, വഴുതന, തക്കാളി

ഇവയ്ക്ക് മൂന്നു നാലു ദിവസത്തിലൊരിക്കല്‍ ഒരു നന. തക്കാളിക്ക് താങ്ങ് നല്‍കിയാല്‍ കൂടുതല്‍ വിളവും കായ്കള്‍ക്ക് നല്ല നിറവും കിട്ടും. ചെടികള്‍ക്കു ചുറ്റും കുമ്മായം വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കുന്നത് നന്ന്. മീനെണ്ണ ഇമല്‍ഷനോ മീനെണ്ണ സോപ്പോ വെള്ളത്തില്‍ കലര്‍ത്തി തളിച്ച് തണ്ടുതുരപ്പന്‍ പുഴിവിന്റെ ശല്യം ഒഴിവാക്കാം. വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പു മിശ്രിതവും തളിക്കാം.

മുളകു ചെടികള്‍ക്ക് ചുറ്റും കുമ്മായം വിതറുന്നത് ബാക്ടീരിയല്‍ വാട്ടം ചെറക്കും. മുളകിന് ചുവടഴുകാതിരിക്കാന്‍ നീര്‍വാര്‍ച്ച നന്നാക്കുകയും ബോര്‍ഡോ മിശ്രിതം തളിക്കുകയും വേണം.

വെള്ളരി വിളകള്‍

പാവല്‍, പടവലം, വെള്ളരി, മത്തന്‍, തണ്ണിമത്തന്‍, സലാഡ് വെള്ളരി എന്നിവയ്ക്ക് മൂന്നു നാലു ദിവസത്തിലൊരു നന. പാവലിനും പടവലത്തിനും ഇടയ്ക്ക് വളപ്രയോഗം നടത്താം. കീടനിയന്ത്രണത്തിന് നേരത്തെ പറഞ്ഞ ജൈവമിശ്രിതങ്ങള്‍ മതിയാകും. വെളുത്ത് പൊടിപോലെ ഇലകളില്‍ ഗുരുതരമായി കണ്ടാല്‍ കരാത്തേന്‍ (48 ശതമാനം), 0.5 മില്ലി/ലിറ്റര്‍ എന്ന തോതില്‍ തളിച്ചാല്‍ മതി.

വാനില

വാനില പൂക്കുമ്പോള്‍ നന നിര്‍ബന്ധമാണ്. ചപ്പുചവറുകളോ ഇലകളോ ഉപയോഗിച്ച് പുതയിടുന്നതും നന്ന്. 50 ഗ്രാം വേപ്പിന്‍കുരു ചതച്ച് കിഴികെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ വച്ചശേഷം പിഴിഞ്ഞെടുത്ത് നേരിട്ടു തളിച്ചാല്‍ വാനിലയുടെ പൂങ്കുലകള്‍ നശിപ്പിക്കുന്ന വണ്ടിനെ നിയന്ത്രിക്കാം. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 25 ഗ്രാം കാന്താരിമുളകും കൂടെ അരച്ചു ചേര്‍ത്ത് അരിച്ചെടുത്ത് തളിക്കാം. ബീന്‍സ് അഴുകല്‍, മഞ്ഞളിപ്പ് എന്നിവ നിയന്ത്രിക്കാന്‍ രണ്ടു ശതമാനം സ്യൂഡോമോണസ് ലായനി രണ്ടാഴ്ച ഇടവിട്ട് തളിക്കാം.

കാപ്പി

കാപ്പിത്തോട്ടങ്ങളില്‍ ജലസേചനം നടത്തിയാല്‍ വിളവ് ഗണ്യമായി വര്‍ധിക്കും. സ്പ്രിങ്ക്‌ളര്‍ നനയോ ഹോസ് ഉപയോഗിച്ചുള്ള നനയോ ആണ് അഭികാമ്യം.
കൈതച്ചക്ക
മൂന്നാഴ്ച കൂടുമ്പോള്‍ ജലസേചനം നടത്തിയാല്‍ വിളവ് വര്‍ധിക്കും. പുതയിടാം. ഇതിന് കരിയിലയോ മറ്റ് ജൈവവളങ്ങളോ ഉപയോഗിക്കാം.


വിഷുവിന് കണിവെള്ളരി നടാം 

വിഷുവിന് വിളവെടുക്കാന്‍ പാകത്തിന് കണിവെള്ളരി നടാന്‍ മറക്കേണ്ട. കേരള കാര്‍ഷിക സര്‍വകലാശാല ഇതിനുവേണ്ടി 'മുടിക്കോട് ലോക്കല്‍ കണിവെള്ളരി' ഇനം പുറത്തിറക്കിയിട്ടുണ്ട്. രണ്ടടി നീളവും വീതിയും ഒന്നരയടി താഴ്ചയുമുള്ള കുഴികളില്‍ മേല്‍മണ്ണ്, ചാണകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി കുഴി നിറയ്ക്കുക. തടമൊന്നിന് 10 കിലോ ചാണകം, 30 ഗ്രാം കപ്പലണ്ടി പിണ്ണാക്ക്, 60 ഗ്രാം ചാരം, 10 ഗ്രാം എല്ലുപൊടി എന്നിവ രണ്ടോ മൂന്നോ തവണയായി ചേര്‍ക്കണം. നിത്യവും നനയ്ക്കുക. വള്ളി പടരാന്‍ സംവിധാനമൊരുക്കണം. വിത്തുപാകി ഏകദേശം 45 ദിവസമാകുമ്പോള്‍ ആദ്യ വിളവെടുപ്പ്. അഞ്ചു ദിവസം ഇടവിട്ട് ഇത് തുടരാം.

 

സുരേഷ് മുതുകുളം

 പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (റിട്ട.) ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine