Monthly Reminders

വിത്തും കൈക്കോട്ടും നവംബര്‍ മാസത്തെ കൃഷിപ്പണികള്‍

november
തെങ്ങിന് പുത
നെല്ലിന് മേല്‍വളം
   
•  ചെമ്പന്‍ ചെല്ലിക്കെതിരെ ജാഗ്രത
•  കമുകിന്‍ തോട്ടത്തില്‍ ശുചിത്വം
•  കുരുമുളകിനു പുത
•  കരിമ്പു നടാം
•  തുലാക്കപ്പയ്ക്ക് വളം
  
തെങ്ങ്

തുലാമഴയുടെ വെളളം പരമാവധി പുരയിടത്തില്‍ തന്നെ ആഴ്ന്നിറങ്ങുന്ന വിധം ഇടയിളക്കലും തൊണ്ടടുക്കലും ചെയ്തിട്ടുളള സ്ഥലങ്ങളില്‍ ജലനഷ്ടം ഉണ്ടാകുകയില്ല. മഴ തീരുന്നതോടെ നവംബര്‍ അവസാനം തെങ്ങിന്‍തടത്തില്‍ പുതയിടുക. ഓല, മരച്ചില്ലകള്‍ എന്നിവ ഇതിനുപയോഗിക്കാം.പുതയിടുന്നത് മണ്ണിന്റെ വളക്കൂറും വര്‍ദ്ധിപ്പിക്കും. 

കൊമ്പന്‍ ചെല്ലിയുടെ ഉപദ്രവം ഉണ്ടാകാന്‍ ഇടയുണ്ട്. തടിയില്‍ സുഷിരങ്ങളും അതിലൂടെ ചണ്ടിയും പുറത്തുവരികയാണ് ലക്ഷണം. ഏറ്റവും മുകളിലത്തെ സുഷിരം ഒഴികെ ബാക്കിയെല്ലാംകളിമണ്ണുകൊണ്ട് അടയ്ക്കുക. തുടര്‍ന്ന് സെവിന്‍ (50%) 8 ഗ്രാം 2 ലിറ്റര്‍ വെളളത്തില്‍ കലക്കി മുകളിലത്തെ സുഷിരത്തിലൂടെ ചോര്‍പ്പു കൊണ്ട് ഒഴിച്ച് ആ സുഷിരവും അടയ്ക്കുക. ഇതിനു പകരം അലൂമിനിയം ഫോസ്‌ഫൈഡിന്റെ ഒന്നു രണ്ടു ഗുളികകള്‍ ഇട്ട ശേഷം എല്ലാ സുഷിരവും അടയ്ക്കുക. കൊമ്പന്‍ ചെല്ലിയെ ചെല്ലിക്കോലു കൊണ്ട് കുത്തിയെടുത്തു കളയാം. മണ്ട വൃത്തിയാക്കി മുകളിലത്തെ നാല് ഓലക്കവിളുകളില്‍ കല്ലുപ്പും മണലും ഒന്നിച്ചിടുക. വേപ്പ്, മരോട്ടിപ്പിണ്ണാക്കുകള്‍ മണ്ണുമായി കലര്‍ത്തി മുകളിലത്തെ നാല് ഓലക്കവിളുകളില്‍ ഇടുന്നതും കൊമ്പന്‍ ചെല്ലിയെ തുരത്തും. അതുപോലെ നാഫ്തലിന്‍ ഗുളിക രണ്ടു വീതം മുകളിലത്തെ രണ്ട് ഓലക്കവിളുകളില്‍ ഇട്ടശേഷം മണലിട്ടു മൂടുന്നതും നല്ലതാണ്. രണ്ടുതരം ചെല്ലികളെ നിയന്ത്രിക്കുവാനും ഇത് ഉപകരിക്കും.

 മാരകമാണ് ചെന്നീരൊലിപ്പ്. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി 5 മില്ലി കാലിക്‌സിന്‍ 100 മില്ലി വെളളത്തില്‍ കലക്കി തേക്കുകയും പിറ്റേന്ന് കോള്‍ടാര്‍/ റബ്ബര്‍ കോട്ട് തേയ്ക്കുകയും ചെയ്യുക. കൂടാതെ 25 മില്ലി കാലിക്‌സിന്‍ 25 ലിറ്റര്‍ വെളളത്തില്‍ കലക്കി നനവുളള തടത്തില്‍ ഒഴിച്ചാലും മതി. തെങ്ങൊന്നിന് 5 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. ഒരു തെങ്ങിന് ഒരു വര്‍ഷം ഒരു കി.ഗ്രാം കറിയുപ്പ് ചേര്‍ക്കുന്നതും നല്ലതാണ്. ചെങ്ങിന്‍ തോപ്പില്‍ സാധ്യമാകുന്നിടത്തോളം ഇടവിളകള്‍ കൃഷിചെയ്യുന്നത് ആദായകരമാണ്. സമ്മിശ്രകൃഷിയില്‍ കാലിവളര്‍ത്തല്‍ കൂടെ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാം. പ്രകൃതി സൗഹൃദമായ ഇന്ധനം ലഭിക്കും. ബയോഗ്യാസ് നേര്‍പ്പിച്ച സ്ലറി ഉപയോഗിച്ച് തീറ്റപ്പുല്ല് വളര്‍ത്താം. സ്ലറി തെങ്ങിനും പച്ചക്കറികള്‍ക്കും ഉത്തമ വളമാണ്.

നെല്ല്

നെല്ലിന് മേല്‍വളം ചേര്‍ക്കേണ്ട മാസമാണിത്. അടിവളമായി ജൈവവളം, മേല്‍വളം തവണകളായി എന്നതാണ് നല്ലത്. ഈ മാസം ചേര്‍ക്കേണ്ട രാസവളങ്ങളുടെ അളവ് പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത് നോക്കുമല്ലോ. 

ഇനം                            വളം ചേര്‍ക്കുന്ന സമയം       യൂറിയ         മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്                     
                                                         (കിലോ)                                   (കിലോ)
മൂപ്പ് കുറഞ്ഞ്                  വിതച്ച് 25 ദിവസം/                   20                    12        
ഉത്പാദനശേഷി                 നട്ട് 25 ദിവസം
കൂടിയവ
ഇടത്തരം മൂപ്പ്                 വിതച്ച് 45 ദിവസം/                   39                     15
ഉത്പാദന ശേഷി                നട്ട് 30 ദിവസം        
കൂടിയത്
മഷൂരി                           വിതച്ച് 45 ദിവസം/                    11                        7
                                          നട്ട് 35 ദിവസം 
നാടന്‍                           വിതച്ച് 30 ദിവസം/                     18                        7
മൂപ്പു കുറഞ്ഞവ               നട്ട് 25 ദിവസം                                             
നാടന്‍                           വിതച്ച് 45 ദിവസം/                      18                        7
ഇടത്തരം മൂപ്പ്                 നട്ട് 30 ദിവസം 
മുണ്ടകന്‍ കൃഷിക്ക് തണ്ടുതുരപ്പന്‍, ഇലചുരുട്ടി തുടങ്ങിയ കീടങ്ങള്‍ ഉപദ്രവത്തിനെത്തുന്ന മാസമാണിത്. ട്രൈക്കോഗ്രമ്മ കാര്‍ഡുകള്‍ പാടത്ത് നാട്ടി ഇവയെ അകറ്റാം. കീടശല്യം പരിധി വിടുന്നെങ്കില്‍ സെവിന്‍(50%) 800 ഗ്രാം, ഇക്കാലക്‌സ് 300 മില്ലി എന്നിവയിലൊന്ന് 200 ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി ഒരേക്കറില്‍ നന്നായി തളിക്കുക. ഓലചുരുട്ടിക്ക് മുളളുവടികൊണ്ട് മടക്കു നിവര്‍ത്തിയിട്ടു വേണം മരുന്നുതളി. മുഞ്ഞയ്ക്ക് മരുന്ന് തളിക്കുന്നതിനു മുമ്പ് പാടത്തെ വെളളം വാര്‍ക്കണം.
 പോള രോഗവും പോളയഴുകലും പിടിപെടാം. നട്ട് ഒരു മാസമാകുന്നതോടെ സ്യൂഡോമോണസ് കള്‍ച്ചര്‍ 10-15 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിക്കുക. 'സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ്' എന്ന ബാക്ടീരിയല്‍ കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി ഞാറു നട്ട് 45 ദിവസമാകുമ്പോള്‍ നെല്‍ച്ചെടികളില്‍ നന്നായി വീഴുംവിധം തളിക്കണം. പച്ചച്ചാണകം വെളളത്തില്‍ കലക്കി നെല്ലില്‍ തളിക്കുന്നതും നല്ലതാണ്. ഒരു ഹെക്ടറിന് ഒരു ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി പാടത്ത് വെളളം കയറുന്ന ചാലിന്റെ തലപ്പില്‍ ഇട്ടുവച്ചാല്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ പിടിപെടാതെ കഴിക്കാം.
  രോഗകീടബാധയ്‌ക്കെതിരെ പ്രതിരോധശേഷിയുളള ഇനങ്ങള്‍ നടാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ആശ നെല്‍വിത്ത് മുഞ്ഞയ്‌ക്കെതിരെയും പോളരോഗം, പോളചീയല്‍, ബാക്ടീരിയല്‍ ഓലകരിച്ചില്‍ എന്നീ രോഗങ്ങള്‍ക്കെതിരെയും പ്രതിരോധശേഷിയുളളതാണ്.
കമുക്

 തോട്ടം കള നീക്കി വൃത്തിയാക്കുക. തടങ്ങളില്‍ പുതയിടുക. മഞ്ഞളിപ്പും പൂങ്കുലകൊഴിച്ചിലും അടയ്ക്ക കൊഴിച്ചിലും കാണുന്ന തോട്ടങ്ങളില്‍ 1% വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കുക.

റബര്‍

ചെറുതൈകള്‍ക്ക് പുതയിടാം. ബഡ് തൈകള്‍ കാറ്റത്ത് ഇളകി ഒടിയാതിരിക്കാന്‍ ശ്രദ്ധിക്കുക. മഴ തീരുന്ന മുറയ്ക്ക് നഴ്‌സറിയില്‍ നന തുടങ്ങാം. ഒപ്പം പുതിയ കൂടത്തൈകള്‍ ഉണ്ടാക്കാന്‍ തയ്യാറെടുപ്പും നടത്താം. മഴ നീണ്ടാല്‍ വെട്ടുപട്ട കുമിള്‍നാശിനി ലായനി കൊണ്ട് കഴുകുക.

കുരുമുളക്

കുരുമുളകിനു വിളവെടുപ്പു കാലമാണ്. വിളവെടുത്ത മണികള്‍ക്ക് ഒരു പോലെ കറുത്ത നിറം കിട്ടാന്‍ അവ ഒരു കുട്ടയിലെടുത്ത് തിളപ്പിച്ച വെളളത്തില്‍ ഒരു മിനിട്ട് മുക്കിയെടുത്ത് വെളളം വാര്‍ന്നു കഴിഞ്ഞ് വൃത്തിയുളള പായിലോ തറയിലോ വിരിച്ചുണക്കുക. കൊടിച്ചുവട്ടില്‍ നിന്ന് വളരുന്ന ചെന്തലകള്‍ മണ്ണില്‍ തൊടാതെ താങ്ങുകാലില്‍ പടര്‍ത്തണം. പൊളളുവണ്ടിന്റെ ഉപദ്രവം കണ്ടാല്‍ റോഗര്‍ ഒന്നര മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കാം. കൊടിച്ചുവട്ടില്‍ പുതയിടാം. 

ജാതി

കുമിള്‍ രോഗബാധയ്‌ക്കെതിരെ ബോര്‍ഡോ മിശ്രിതം തളിക്കാം. 

ഗ്രാമ്പു

കുമിള്‍ബാധയെത്തുടര്‍ന്ന് ഗ്രാമ്പുവിന് ചില്ലയുണങ്ങുക, പൂ കരിയുക എന്നിവ വരാം. കരുതലായി ചെടികള്‍ പൂക്കുന്നതിന് മുമ്പ് തന്നെ ഒരു തവണ ബോര്‍ഡോ മിശ്രിതം തളിക്കണം.

ഏലം

ഏലത്തിന് വിളവെടുപ്പ് തുടരാം. അഴുകല്‍ രോഗം ബാധിച്ച ചുവടുകള്‍ പറ്റെ പിഴുത് നശിപ്പിക്കുക. സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ കള്‍ച്ചറുകള്‍ കുമിള്‍രോഗങ്ങള്‍ തടയും. ഏലപ്പേനിനെതിരെ മരുന്നു തളിക്കുന്നതില്‍ ജാഗ്രത വേണം. അമിതമായ രാസ കീടനാശിനി പ്രയോഗം ആപല്‍ക്കരമാണ്. വേപ്പെണ്ണ-സോപ്പ്-വെളുത്തുളളി മിശ്രിതം, വെളുത്തുളളി നീര് എന്നി ഒരു പരിധി വരെ ഫലപ്രദമാണ്. 

ഇഞ്ചി

ആറുമാസം വളര്‍ന്ന പച്ചയിഞ്ചി ഇനങ്ങള്‍ വിളവെടുപ്പിക്കാന്‍ സമയമായി.

വാഴ

നേന്ത്രവാഴ നട്ട് ഒരു മാസമാകുമ്പോള്‍ ഓരോ കുഴിയിലും 10 കിലോ വീതം ജൈവവളം ചേര്‍ത്ത് കുഴി ഭാഗികമായി മൂടണം. മഴ കഴിയുന്നതോടെ ഇടയിളക്കി കുഴികള്‍ മൂടി നന തുടങ്ങാം.
പ്രായം              യൂറിയ            റോക്ക് ഫോറസ്റ്റ്       മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
                             (ഗ്രാം)               (ഗ്രാം)                               (ഗ്രാം)  

 നട്ട് ഒരു മാസം       100                   325                           100
നട്ട് രണ്ടു മാസം      100                  -                              100
നട്ട് മൂന്നു മാസം     100                  -                              100
കരിമ്പ്

നടീല്‍ തുടരാം. കഴിഞ്ഞമാസം നട്ട കരിമ്പിന് ഇടയിളക്കി കളകള്‍ മാറ്റി ആദ്യവളം ചേര്‍ക്കാം. ഒരേക്കറിന് വളപ്രയോഗം ഇങ്ങനെ.
സ്ഥലം                    യൂറിയ                      മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 
                             (കി.ഗ്രാം)                          (കി.ഗ്രാം)
പന്തളം, തിരുവല്ല                 72                              28
ചിറ്റൂര്‍                                  98                              25
വളക്കൂറുളള വനമണ്ണ്           50                              30
വളം ചേര്‍ത്തു കഴിഞ്ഞ് ചുവട്ടില്‍ മണ്ണ് കൂട്ടുക. കാലാകരിമ്പിന് പ്രധാന വിളയുടെ വിളവെടുത്ത് 25 ദിവസം കഴിയുമ്പോള്‍ ആദ്യതവണ വളം ചേര്‍ക്കുക. മുഴുവന്‍ ഫോസ്ഫറസും അടിവളമായി ചേര്‍ക്കണം. പുതുകൃഷിക്ക് 25% യൂറിയ കൂടുതല്‍ വേണം. പൊട്ടാഷിന്റെ അളവില്‍ മാറ്റമില്ല. ചാലുകള്‍ക്കിടയില്‍ വളം വിതറി കൊത്തിച്ചേര്‍ക്കുകയാണ് ചെയ്യേണ്ടത്.

കശുമാവ്

തുലാമഴ കഴിയുന്നതോടെ തൈകളുടെ ചുവട്ടില്‍ പുതയിടുക. ഒട്ടുതൈകളുടെ ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ വരെ ഉയരത്തില്‍ ചിനപ്പുകള്‍ വളരാന്‍ അനുവദിക്കരുത്. കശുമാവ് തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്ന മാസമാണിത്. തേയിലക്കൊതുകിന്റെ ഉപദ്രവം ഉണ്ടാകാം. ഇക്കാലക്‌സ് 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി ഒരു മരത്തിന് 5-7 ലിറ്റര്‍ ലായനി വരെ തളിക്കുക. ആന്ത്രാക്‌നോസ് എന്ന കുമിള്‍ രോഗത്തിനെതിരെ 3 ഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി ലായനിയാക്കി തളിക്കാം. തടിതുരപ്പന്റെ ഉപദ്രവമുണ്ടാകാന്‍ ഇടയുണ്ട്. മരങ്ങളുടെ ചുവടു ഭാഗം പരിശോധിച്ചാല്‍ ഇതറിയാം. മരച്ചുവട്ടില്‍ സുഷിരവും അതിലൂടെ ചണ്ടി പുറത്തേക്കു വരുന്നതുമാണ് ലക്ഷണം. സുഷിരം വൃത്തിയാക്കി പുഴുനിനെ പുറത്തെടുത്ത് നശിപ്പിക്കാം. സുഷിരം അടയ്ക്കുകയും ചെയ്യാം. 

മാവ്

ഈ മാസം മാവ് പൂക്കാന്‍ തുടങ്ങും. ഒപ്പം തുളളന്‍ എന്ന പ്രാണിയും എത്തും. പൂങ്കുലകള്‍ കരിഞ്ഞുണങ്ങാന്‍ ഇതുമതി. മാലത്തയോണ്‍ 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കാം. കായീച്ചകളെ നിയന്ത്രിക്കാന്‍ ഒരു ലിറ്റര്‍ മരുന്നു ലായനിയില്‍ 20 ഗ്രാം എന്ന തോതില്‍ പഞ്ചസാര കൂടെ ചേര്‍ക്കുക. മാവിന്റെ ചെറു ശിഖരങ്ങള്‍ നിറം മാറി ഉണങ്ങുന്നത് കുമിള്‍ രോഗമാണ്. കേടുവന്ന ഭാഗത്തിന് താഴെ വച്ച് ചില്ല മുറിച്ചെടുത്ത് കത്തിക്കുക. മുറിവായില്‍ കുമിള്‍ നാശിനി തേയ്ക്കണം. മാവ് പൂക്കാന്‍ കള്‍ട്ടാര്‍ പ്രയോഗിക്കാം. ചെറിയ മാവിന് 5 മില്ലി, വലുതിന് 10 മില്ലി എന്നാണ് തോത്.
 
കൈതച്ചക്ക 

കൈതച്ചക്കയ്ക്ക് വളപ്രയോഗം നടത്താം. കാനികള്‍ ഒന്നിച്ചു കായ്ക്കാന്‍ ഹോര്‍മ്മോണ്‍ പ്രയോഗം ചെയ്യാം. കാനിയില്‍ 39-42 ഇലകള്‍ ഉണ്ടാകുന്ന സമയത്താണിത് നടത്തുക.

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍(റിട്ട.)
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 
കൃഷിവകുപ്പ്, ഫോണ്‍- 9446306909

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine