Monthly Reminders

വിത്തും കൈക്കോട്ടും ഒക്‌ടോബര്‍മാസത്തെ കൃഷിപ്പണികള്‍

october month

തെങ്ങ്

കഴിഞ്ഞമാസം വളം ചേര്‍ത്തില്ലെങ്കില്‍ ഈ മാസം ചേര്‍ക്കാം. തുലാവര്‍ഷത്തിനു മുമ്പ് കൊത്തുകിള നടത്തണം. തുലാവര്‍ഷവെളളം മണ്ണിലിറക്കാന്‍ കൊത്തുകിള സഹായിക്കും. ഒപ്പം മണ്ണൊലിപ്പു തടയാന്‍ വരമ്പുകള്‍ ബലപ്പെടുത്തുകയും വേണം. ചെമ്പന്‍ചെല്ലിയ്‌ക്കെതിരെ കരുതല്‍ വേണം. പ്രത്യേകിച്ച് ചെറുതെങ്ങുകളില്‍. തടിയില്‍ സുഷിരവും അതിലൂടെ ചണ്ടി പുറത്തുവരുന്നതുമാണ് ലക്ഷണം. ഏറ്റവും മുകളിലത്തെ സുഷിരം ഒഴികെ മറ്റ് എല്ലാ സുഷിരങ്ങളും കളിമണ്ണുകൊണ്ടടച്ച് മുകളിലത്തെ സുഷിരത്തിലൂടെ 3 ഗ്രാം വെവിന്‍ (50%) ഒരു ലിറ്റര്‍ എന്ന തോതില്‍ ലായനി തയ്യാറാക്കി ഒഴിക്കുക.

എന്നിട്ട് ആ സുഷിരവും അടയ്ക്കണം. തോട്ടത്തില്‍ പറന്നുനടക്കുന്ന ചെമ്പന്‍ ചെല്ലികളെ കളളിന്റെ മട്ടില്‍ കീടനാശിനി ചേര്‍ത്ത കെണി വച്ചും നശിപ്പിക്കാം.
കോറിഡ് ബഗ് തെങ്ങിനെ ഉപദ്രവിക്കുന്ന കീടമാണ്. മച്ചിങ്ങയും വെളളയ്ക്കയും ഇത് കുത്തി വീഴ്ത്തും. കുത്തേറ്റിടത്ത് ചെറിയ വിളളല്‍ കാണാം. ചാഴി കുത്തിയിട്ടും പൊഴിയാത്ത തേങ്ങ കുലയില്‍ തന്നെ നിന്ന് പേടായി മാറും. വെവിന്‍ (50%) നാലു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ മണ്ടയില്‍ തളിച്ച് ഇവയെ നിയന്ത്രിക്കാം.
കൂമ്പിലകളെ ഉപദ്രവിക്കുന്ന കീടമാണ് മീലിമൂട്ട. ഇത് വെളുത്ത് പഞ്ഞിപോലിരിക്കും. മണ്ട വൃത്തിയാക്കി എക്കാലക്‌സ് 2 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ചാല്‍ ഇവയെ നിയന്ത്രിക്കാം.

മഴയോടൊപ്പം എത്തുന്ന കൂമ്പുചീയലാണ് പ്രധാന കുമിള്‍ രോഗം. കൂമ്പോലകള്‍ക്ക് ചുറ്റും ഒരു നിര ഓല മഞ്ഞളിക്കുന്നതാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് മഞ്ഞളിപ്പു വ്യാപിച്ച് മണ്ട മറിയും. മഞ്ഞളിപ്പു കാണുന്നതോടെ മണ്ടയിലെ കൂമ്പോലകള്‍ വെട്ടിനീക്കി അഴുകിയ ഭാഗം ചെത്തിക്കളഞ്ഞ് ബോര്‍ഡോകുഴമ്പ് തേയ്ക്കണം. തുടര്‍ന്ന് വായ വിസ്താരമുളള ചട്ടി കമഴ്ത്തിവയ്ക്കുക. 100 ഗ്രാം തുരിശും 100 ഗ്രാം നീറ്റുകക്കയും ഒരു ലിറ്റര്‍ വെളളത്തില്‍ 10 ശതമാനം വീര്യമുളള ബോര്‍ഡോ കുഴമ്പ് തയ്യാറാക്കാം.

ചെന്നീരൊലിപ്പ് വന്നാല്‍ തടിയില്‍ തൊലി പൊട്ടി കറ ഒലിക്കും. ക്രമേണ ഓലകള്‍ തൂങ്ങി തേങ്ങ കൊഴിയും. കറയൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തി അവിടെ ഉരുകിയ ടാറോ ബോര്‍ഡോകുഴമ്പോ റബര്‍കോട്ടോ പുരട്ടുക. തുടര്‍ന്ന് 5 മില്ലി കാലിക്‌സിന്‍ 100 മില്ലി വെളളത്തില്‍ കലക്കി വേരിലൂടെ കയറ്റുക. രണ്ടു മാസം ഇടവിട്ട് ഇത് രണ്ടു തവണ ആവര്‍ത്തിച്ചാല്‍ ചെന്നീരൊലിപ്പ് പൂര്‍ണ്ണമായും ഭേദമാകും.

കേരളത്തില്‍ ഓലചീയല്‍ രോഗം പലയിടത്തുമുണ്ടാകാറുണ്ട്. കുമിള്‍ ബാധിച്ച് ഓലയുണങ്ങി നശിക്കുന്നു. കൂമ്പോല വിടരാനും തടസ്സമുണ്ടാകും. ബോര്‍ഡോ മിശ്രിതം/കോപ്പര്‍ ഓക്‌സി ക്ലോറൈഡ് എന്നിവിയിലൊന്ന് 5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിക്കുക. ഡൈത്തേന്‍ എം. 45 എന്ന കുമിള്‍നാശിനിയാണെങ്കില്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിക്കുന്നതും നല്ലതാണ്.

നെല്ല്

ഈ മാസം മുണ്ടകന്റെ നടീലും വിതയും തീരണം. വൈകുന്നതനുസരിച്ച് കീട-രോഗ ബാധ വര്‍ദ്ധിക്കും എന്നോര്‍ക്കുക. പാടത്തെ പുളിരസം മാറ്റാന്‍ ഏക്കറിന് 140 കി. ഗ്രാം വീതം കുമ്മായം അടിവളമായി ചേര്‍ക്കുന്നത് നന്ന്. കുമ്മായം ചേര്‍ക്കുമ്പോള്‍ പാടത്ത് വെളളം കെട്ടി നില്‍ക്കാന്‍ പാടില്ല. കുമ്മായമിട്ട് ഒരാഴ്ച കഴിഞ്ഞേ രാസവളം പാടുളളൂ. വിരിപ്പിനു ശേഷമുളള മുണ്ടകന്‍ കൃഷിയാണെങ്കില്‍ കച്ചിയും മറ്റും വേണ്ട വിധം അഴുകാന്‍ 15 ദിവസം ഇടവേള നല്‍കണം. 

നേരത്തെ നട്ട പാടങ്ങളില്‍ ഈ മാസം മേല്‍വളം ചേര്‍ക്കാം.ഞാറിന്റെ ചുവടറ്റം സ്യൂഡോമോണസ് ലായനിയില്‍ മുക്കിവച്ചാല്‍ പല കുമിള്‍രോഗങ്ങളും ചെറുക്കാം. ഇതിന് 250 ഗ്രാം കള്‍ച്ചര്‍ 750 മില്ലി ലിറ്റര്‍ വെളളത്തില്‍ കലക്കി ഞാറിന്റെ വേരുകള്‍ ഈ ലായനിയില്‍ 20 മിനിട്ട് മുക്കി വയ്ക്കുക. തുടര്‍ന്ന് നടാം. നട്ട് ഒരു മാസം കഴിയുമ്പോള്‍ സ്യൂഡോമോണസ് കള്‍ച്ചര്‍ ലായനിയാക്കി കളിക്കണം. 20 ഗ്രാം കള്‍ച്ചര്‍ ഒരു ലിറ്റര്‍ വെളളത്തില്‍ എന്നതാണ് തോത്.

ഓലചുരുട്ടിയും തണ്ടുതുരപ്പനുമെതിരെ പാടത്ത് ട്രൈക്കോകാര്‍ഡുകള്‍ നാട്ടാം. ഒരേക്കറിന് രണ്ട് സി.സി എന്ന തോതിലാണ് കാര്‍ഡുകള്‍ വയ്‌ക്കേണ്ടത്. വിതയ്ക്കുന്ന പാടങ്ങളില്‍ 25 ദിവസത്തിനു ശേഷം കാര്‍ഡ് വയ്ക്കാം.

കമുക്

രോഗസംരക്ഷണമാണ് കശുമാവിന് പ്രധാനം. കമ്പുകളുണങ്ങുന്നത് കണ്ടാല്‍ കേടായ ഭാഗം മുറിച്ചുമാറ്റി മുറിപാടില്‍ ബോര്‍ഡോ കുഴമ്പ് തേയ്ക്കണം. തടി തുരപ്പന്‍ പുഴുവിന്റെ കുഴമ്പ് തേയ്ക്കണം. തടി തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടാല്‍ മൂര്‍ച്ചയുളള ഉളി കൊണ്ട് ആ ഭാഗം വൃത്തിയായി പുഴുവിനെ നശിപ്പിക്കാം.

റബര്‍

കഴിഞ്ഞമാസം വളം ചേര്‍ത്തില്ലെങ്കില്‍ ഈമാസം ചേര്‍ക്കാം. വെട്ടുപട്ടയും പുതുപ്പട്ടയും കുമിള്‍നാശിനി ലായനി കൊണ്ട് കഴുകണം. ബഡ് തൈകളില്‍ തറനിരപ്പില്‍ നിന്ന് എട്ടടിക്കു താഴെ യുളള ശിഖരങ്ങള്‍ മുറിച്ചു നീക്കണം. കറ പൊട്ടി ഒലിക്കുന്നത് കണ്ടാല്‍ ആ ഭാഗത്തെ തൊലി ചെത്തി മാറ്റി ബോര്‍ഡോ കുഴമ്പ് തേയ്ക്കണം.

കുരുമുളക്

തോട്ടം വൃത്തിയായി സൂക്ഷിക്കുകയും ആവശ്യമെങ്കില്‍ ഒരു തവണ ബോര്‍ഡോ മിശ്രിതം തളിക്കുകയും വേണം. സ്യൂഡോമോണസ് കള്‍ച്ചര്‍ 10 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തടത്തിലൊഴിച്ച് കുതിര്‍ക്കുന്നതും ചെടികളില്‍ തളിക്കുന്നതും കുരുമുളകില്‍ രോഗങ്ങള്‍ കുറയ്ക്കും. പൊങ്ങുവണ്ടിന്റെ ശല്യം കണ്ടാല്‍ ഇക്കാലക്‌സ് 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുക. ഇതോടൊപ്പം നടീല്‍ വസ്തുശേഖരണത്തിന് മാതൃവളളികള്‍ തെരെഞ്ഞെടുക്കുകയും ചെയ്യുാം.

ജാതി

മൂക്കാത്ത ജാതിക്കായ് അഴുകുക, ഇലകള്‍ അഴുകുക, ശിഖരങ്ങള്‍ കരിയുക എന്നീ രോഗങ്ങള്‍ക്ക് ബോര്‍ഡോ മിശ്രിതം പ്രയോഗിക്കാം.

ഗ്രാമ്പു

ഇലകരിയലും ചില്ലകള്‍ ഉണങ്ങുകയുമാണ് ഉണ്ടാകാനിടയുളള പ്രധാനപ്രശ്‌നം. ബോര്‍ഡോ മിശ്രിതം നിശ്ചിതവീര്യത്തില്‍ ഇലകളിലും ശിഖരങ്ങളിലും തളിച്ച് ഇത് നിയന്ത്രണവിധേയമാക്കാം.

ഇഞ്ചി, മഞ്ഞള്‍

ചുവടുചീയല്‍ രോഗവും തണ്ടുതുരപ്പനും ഇഞ്ചിക്കും മഞ്ഞളിനും പ്രശ്‌നം തീര്‍ക്കാം. അഴുകിയ ഭാഗങ്ങള്‍ പിഴുത് കത്തിച്ചുകളയുക; അവ വളര്‍ന്ന ഭാഗം ബോര്‍ഡോമിശ്രിതം കൊണ്ട് കുതിര്‍ക്കുക. തണ്ടുതുരപ്പന്‍ പുഴുവിനെ തുരത്താന്‍ ആവശ്യാധിഷ്ഠിതമായ കീടനാശിനി പ്രയോഗം വേണ്ടിവരും. റോഗര്‍ ഒന്നരമില്ലി ഒന്നര ലിറ്റര്‍ വെളളത്തില്‍ തളിക്കുക. മഞ്ഞളില്‍ ഇലകരിയല്‍, ഇലപ്പുളളി എന്നിവ കണ്ടാല്‍ ബോര്‍ഡോമിശ്രിതം തളിക്കാം.

ഏലം

ഏലം വിളവെടുപ്പു കാലമാണിത്. വിളവെടുത്ത കായ്കള്‍ നന്നായി ഉണക്കി ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക. തോട്ടത്തില്‍ മണ്ണൊലിപ്പില്ലാതെ നോക്കണം. ഏലപ്പേന്‍ നിയന്ത്രണത്തിന് ജൈവമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനായാല്‍ നന്ന്.

വാഴ

നേന്ത്രന്‍ കൃഷിക്ക് തുടക്കമിടാം. കരുത്തുളള സൂചിക്കന്നുകള്‍ മാത്രം നടുക. കുല വെട്ടിയ വാഴയില്‍ നിന്നൊഴുകുന്ന കന്നുകള്‍ വേര് നീക്കി ചാണകപ്പാലില്‍ മുക്കി 3-4 ദിവസം വെയിലത്തും കുറച്ചുദിവസം തണലത്തും ഉണക്കിയിട്ട് നടാം. കഴിഞ്ഞ മാസം നട്ട നേന്ത്രന് ചുവടൊന്നിന് 65 ഗ്രാം യൂറിയ, 250ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, ചാരം, പിണ്ണാക്കുകള്‍, ബയോഗ്യാസ് സ്ലറി എന്നിവ ആവശ്യത്തിന് ചേര്‍ക്കാനായാല്‍ രാസവളങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ജീവാണു വളമായ പി.ജി.പി.ആര്‍ മിശ്രിതം ഒരു ചുവട്ടില്‍ 50 ഗ്രാം വീതം ചേര്‍ക്കുന്നതും നല്ലതാണ്.വാഴയ്ക്ക് ഇടവിളയായി നട്ടയുടനെ ചീര, വെളളരി, പയര്‍ തുടങ്ങിയ പച്ചക്കറികളും നടാം.

മാവ്

രോഗസംരക്ഷണത്തില്‍ ശ്രദ്ധിക്കുക. കുമിള്‍ ബാധയേറ്റ് ചില്ലകള്‍ ഉണങ്ങുന്നത് കണ്ടാല്‍ അത്തരം കമ്പുകള്‍ കേടുവന്ന ഭാഗത്തിനു താഴെ വച്ച് മുറിച്ച് കത്തിക്കുക. മുറിപ്പാടില്‍ ബോര്‍ഡോ കുഴമ്പ് തേയ്ക്കുക. തളിരിലകള്‍ മുറിയുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ 50% വെവിന്‍ 3 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുക.

കരിമ്പ്

വിളവെടുപ്പ് തുടരുന്നു. പുതുകൃഷിയുടെ കാലം കാലം കൂടിയാണിത്. നിലം നന്നായി ഉഴുത് ചാലുകളിലാണ് കരിമ്പു നടുന്നത്. ചാലിന് 25 സെ. മീ. ആഴവും ചാലുകള്‍ തമ്മില്‍ രണ്ടരയടി അകലവും. നടുന്ന തലക്കത്തിന് മൂന്നു മുട്ടുണ്ടാകണം. കരിമ്പിന്‍ തലക്കങ്ങള്‍ ഒന്നിനോടൊന്ന് മൂടിയിരിക്കും വിധമാണ് നടുക. നടുമ്പോള്‍ മുകുളങ്ങള്‍ വശത്തേക്ക് വരണം. ഒരേക്കര്‍ സ്ഥലത്ത് നടാന്‍ 16000-18000 കരിമ്പിന്‍ തലക്കങ്ങള്‍ വേണം.
മാധുരി, മധുരിമ, മധുമതി, സി.ഒ. 92175, സി.ഒ 740 തുടങ്ങിയ മികച്ച കരിമ്പിനങ്ങളാണ്. കരിമ്പു കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തിരുവല്ലയിലെ കരിമ്പു ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാം.

മരച്ചീനി

തുലാക്കപ്പയുടെ നടീല്‍ തുടരാം. വൈറസ് രോഗമായ മൊസൈക്ക് ആണ് മരച്ചീനിയില്‍ കാണുക. നടീല്‍കമ്പുകള്‍ രോഗബാധയില്ലാത്ത ചെടികളില്‍ നിന്നെടുക്കണം. രോഗം പരത്തുന്ന വെളളീച്ചയെ നിയന്ത്രിക്കാന്‍ വെളുത്തുളളി നീര് നേര്‍പ്പിച്ച് തളിക്കാം.
മധുരക്കിഴങ്ങ്

നടീല്‍ തുടരാം. ശ്രീ വര്‍ദ്ധിനി, പൂസ റെഡ്, കാഞ്ഞങ്ങാട് തുടങ്ങിയവ നല്ല ഇനങ്ങളാണ്. രണ്ടരയടി അകലത്തില്‍ എടുക്കുന്ന ഏരിയകളിലാണ് മധുരക്കിഴങ്ങ് നടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക.

കാബേജ്, കോളിഫ്‌ളവര്‍ നടാം

കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ തണുപ്പുകാല പച്ചക്കറികള്‍ നടാനൊരുങ്ങാം. കാബേജ്, കോളിഫ്‌ളവര്‍ എന്നിവയാണ് പ്രധാനം. ഇവയുടെ തൈകള്‍ ഇപ്പോള്‍ കൃഷിവകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ചെടികള്‍ തമ്മില്‍ രണ്ടടി അകലം നല്‍കി തൈകള്‍ നടാം. പുളിരസമുളള സ്ഥലത്ത് സെന്റിന് 2-3 കി.ഗ്രാം കുമ്മായം ചേര്‍ക്കണം. കൂടാതെ 19:19:19, 20:20:20 എന്നീ രാസവളമിശ്രിതങ്ങളിലൊന്ന് തൈകള്‍ നട്ട് ഒരാഴ്ച കഴിഞ്ഞ് വേര് പിടിച്ചിട്ട് ചേര്‍ക്കാം. കൂടാതെ കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും വളര്‍ച്ചയനുസരിച്ച് നല്‍കാം. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ക്ക് വി.എഫ്.പി.സി.കെയുടെ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. (ഇവയുടെ ലിസ്റ്റ് മുന്‍ ലക്കങ്ങളില്‍ ചേര്‍ത്തിട്ടുളളത് ഓര്‍ക്കുമല്ലോ).


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine