Monthly Reminders

വിത്തും കൈക്കോട്ടും സെപ്റ്റംബര്‍ മാസത്തെ കൃഷിപ്പണികള്‍

• മുണ്ടകന് ഞാറ്റടി
• തെങ്ങ്-വളം ചേര്‍ക്കാം
• റബര്‍-പ്രായം നോക്കി വളപ്രയോഗം
• വാഴ-നനകൃഷിക്ക് തുടക്കം
• കമുകിന് വളം ചേര്‍ക്കാം
• കുരുമുളക്- ട്രൈക്കോഡെര്‍മ ചേര്‍ക്കാം
നെല്ല്

വിരിപ്പു പാടങ്ങള്‍ കൊയ്ത്തിന് പാകമാകും. പത്തു ദിവസം മുന്‍പ് പാടത്തെ വെളളം വാര്‍ത്തു കളഞ്ഞാല്‍ എല്ലാ ചെടികളും ഒരു പോലെ മൂപ്പാകും. വൈകി നട്ട പാടങ്ങളില്‍ പാലുറയ്ക്കുന്ന സമയമാണ്. ഈ അവസരം ചാഴിയുടെ ഉപദ്രവം കരുതിയിരിക്കണം. ചാഴിയ്‌ക്കെതിരെ മാലത്തയോണ്‍ 400 മില്ലി ഒരേക്കറിന് എന്ന തോതില്‍ തളിക്കണം. മരുന്നു തളി രാവിലെ ഒമ്പതിനു മുമ്പോ ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷമോ മതി. ചുറ്റും കീടനാശിനി തളിച്ച് ഉളളിലേക്ക് കടക്കണം. വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം തളിക്കുന്നതും ചാഴിയ്‌ക്കെതിരെ ഫലപ്രദമാണ്.

മുണ്ടകന്‍ കൃഷിക്ക് തുടക്കമിടാം. ഞാറ്റടി ഒരുക്കുക, വിത്തിന് നല്ല കനമുളള മണികള്‍ മാത്രം ഉപയോഗിക്കുക, ഏക്കറിന് 25-30 കിലോ വിത്ത് വേണം. ഞാറ്റടിയില്‍ ച. മീറ്ററിന് ഒരു കിലോ വീതം ചാണകം ചേര്‍ക്കുക. വിത്ത് കുതിര്‍ക്കുന്ന വെളളത്തില്‍ 10 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണസ് കള്‍ച്ചര്‍ ചേര്‍ക്കണം. വിത്ത് 12 മണിക്കൂര്‍ കുതിര്‍ക്കണം. മുളപ്പിച്ച വിത്തു വിതച്ച് അഞ്ചാം ദിവസം ഞാറ്റടിയില്‍ വെളളം കയറ്റാം. ക്രമേണ വെളളത്തിന്റെ നിരപ്പ് കൂട്ടി 5 സെന്റീ മീറ്റര്‍ നിലനിര്‍ത്തുക. ഇടയ്ക്ക് വെളളം വാര്‍ത്തു കളഞ്ഞ് വീണ്ടും കയറ്റുന്നത് ഞാറിനു കരുത്ത് കൂട്ടും. ഞാറ് പൊട്ടിപ്പോകുന്നതു തടയാന്‍ പറിയ്ക്കുന്നതിന് 10 ദിവസം മുമ്പ് ഞാറ്റടിയില്‍ സെന്റിന് 400 ഗ്രാം എന്ന തോതില്‍ യൂറിയ വിതറുക. നാലഞ്ചില പ്രായമായാല്‍ നടാന്‍ സമയമായി. 

കൊയ്ത്തു കഴിഞ്ഞ വിരിപ്പു പാടങ്ങളില്‍ കുമ്മായവും ജൈവവളവും ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തണം. നിലമൊരുക്കുമ്പോള്‍ ഏക്കറിന് 140 കി. ഗ്രാം കുമ്മായവും നട്ട് ഒരു മാസം കഴിഞ്ഞ് 100 കി.ഗ്രാം കുമ്മായവും ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തണം. അടിവളമായി 2 ടണ്‍ കാലിവളം/ കമ്പോസ്റ്റ്/ പച്ചിലവളം അല്ലെങ്കില്‍ ഒരു ടണ്‍ മണ്ണിര കമ്പോസ്റ്റ് ചേര്‍ക്കാം. നാടന്‍ ഇനങ്ങള്‍ക്ക് ഫാക്ടം ഫോസ്, പൊട്ടാഷ് വളം എന്നിവ യഥാക്രമം 40 കിലോയും 6 കിലോയും, മൂപ്പ് കുറഞ്ഞവയ്ക്ക് 70 കിലോ, 12.5 കിലോ; മൂപ്പ് കൂടിയവയ്ക്ക് 90 കിലോ, 15 കിലോ എന്നിങ്ങനെ ഒരേക്കറിന് ചേര്‍ക്കാം. 

തെങ്ങ്

തെങ്ങിന് കൊത്തുകിള നടത്തേണ്ട മാസമാണിത്. കളകള്‍, വേരുതീനിപ്പുഴു എന്നിവയെ നിയന്ത്രിക്കുക, തുലാമഴയുടെ വെളളം മണ്ണിലിറക്കുക, മണ്ണില്‍ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഉദ്ദേശ്യം. ചരിഞ്ഞ സ്ഥലങ്ങളില്‍ 2 മീ. നീളം, 60 സെ.മീ. വീതി, 60 സെ.മീ ആഴം എന്നിങ്ങനെ മഴക്കുഴി എടുക്കാം. സെപ്റ്റംബറില്‍ തന്നെ രണ്ടാം വളപ്രയോഗവും നടത്താം. മൂന്നു വര്‍ഷം തികഞ്ഞ വളപ്രയോഗം നോക്കാം. 

table


ഒരു വര്‍ഷം പ്രായമായ തൈയ്ക്ക് ഇതിന്റെ മൂന്നില്‍ ഒരു ഭാഗവും രണ്ടു വര്‍ഷമായതിന് മൂന്നില്‍ രണ്ടു ഭാഗവും മുതിര്‍ന്നവയ്ക്ക് മുഴുവന്‍ അളവും തടത്തില്‍ വിതറി കൊത്തിച്ചേര്‍ക്കണം. 

ധാരാളം ജൈവവളം ചേര്‍ക്കുന്ന തെങ്ങിന് രാസവളം കുറയ്ക്കാം.  

കൂമ്പു ചീയല്‍ രോഗത്തിന് സാധ്യത ഒരു ശതമാനം ബോര്‍ഡോമിശ്രിതം, കോപ്പര്‍ ഓക്‌സി ക്ലോറൈഡ്, ഡൈത്തേന്‍ എം-45 എന്നീ കുമിള്‍ നാശിനികള്‍ കുമിള്‍ രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്. രോഗബാധ കണ്ടാല്‍ കൂമ്പോലകള്‍ വെട്ടി മാറ്റി അഴുകിയ ഭാഗം ചെത്തി വൃത്തിയാക്കി ബോര്‍ഡോ കുഴമ്പ് തേയ്ച്ച് വായ് വിസ്തൃതിയുളള ചട്ടി കമഴ്ത്തുക.
ചെന്നീരൊലിപ്പു കണ്ടാല്‍ കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി കാലിക്‌സിന്‍ 5 മില്ലീ 100 മില്ലീ ലിറ്റര്‍ വെളളത്തില്‍ കലക്കി പുരട്ടുക. ഇത്തരം തെങ്ങിന് ഒരു ചുവടിന് 5 കിലോ വീതം വേപ്പിന്‍ പിണ്ണാക്ക് കൂടെ ചേര്‍ക്കണം. 

 വാഴ

 ഓണവിളവെടുപ്പും കഴിഞ്ഞ ഈ മാസം പുതുകൃഷിക്ക് തയ്യാറെടുക്കാം. നേന്ത്രന്‍ കൃഷിയും ഈ മാസാവസാനമാണ് തുടങ്ങാറ്. അകലം 2*2 മീറ്റര്‍; കുഴിയുടെ വലിപ്പം 50*50*50 സെന്റീ; ചാണകക്കുഴമ്പില്‍ മുക്കിയെടുത്ത ചാരം പൂശി ഉണങ്ങിയ സൂചിക്കന്നുകളാണ് നടേണ്ടത്. വാഴക്കന്നുകള്‍ നട്ട് ചവിട്ടിയുറപ്പിച്ച ശേഷം കുഴിയൊന്നിന് 10 കിലോ വീതം ചാണകമോ ചവറോ ചേര്‍ക്കുക. വേരെടുത്തു കഴിഞ്ഞിട്ട് മതി രാസവളം ചേര്‍ക്കല്‍. വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്താല്‍ നിമാവിരശല്യം ഉണ്ടാകുകയില്ല.

കമുക്

വളം ചേര്‍ക്കാവുന്ന സമയമാണിത്. 10 കിലോ കാലിവളം/ കമ്പോസ്റ്റ് എന്നിവ രണ്ടാഴ്ച കഴിഞ്ഞ് കമുകൊന്നിന് 100 ഗ്രാം പൊട്ടാഷ് വീതം ചേര്‍ക്കുക. ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ കുമിള്‍ രോഗങ്ങള്‍ തടയാം. 

 കുരുമുളക്

കഴിഞ്ഞമാസം വളം ചേര്‍ത്തില്ലെങ്കില്‍ ഈ മാസം വളം ചേര്‍ക്കാം. കൊടിയുടെ ചുവട്ടില്‍ ട്രൈക്കോഡെര്‍മ ചേര്‍ത്താല്‍ കുമിള്‍ ബാധ പ്രതിരോധിക്കും. 50 ഗ്രാം യൂറിയ, 150 ഗ്രാം ഫോസ്‌ഫേറ്റ്, 120 ഗ്രാം പൊട്ടാഷ് വളം എന്നിവ തടത്തില്‍ വിതറി മണ്ണിട്ടു മൂടണം. പൊങ്ങുവണ്ടിന്റെ ശല്യമുണ്ടാകാം. വേപ്പെണ്ണ, വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം എന്നിവ പ്രയോഗിച്ചാല്‍ പൊങ്ങുവണ്ടിന്റെ ഉപദ്രവം കുറയ്ക്കാം. ആവശ്യമെങ്കില്‍ ഇക്കാലക്‌സ് 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കാം. മഴയുടെ തോത് നോക്കിയിട്ട് ബോര്‍ഡോമിശ്രിതം പ്രയോഗം തുടരണം. 

 ഏലം

വിളവെടുപ്പ് നടത്താം. വിത്തു ശേഖരിക്കാനുളള മികച്ച ചെടികള്‍ കണ്ടുവയ്ക്കണം. ഒരു മീറ്റര്‍ വീതിയും 20-30 സെ.മീ. ഉയരവുമുളള വാരങ്ങള്‍ സൗകര്യപ്രദമായ നീളത്തില്‍ തയാറാക്കി 10 സെ. മീ. അകലത്തില്‍ നിരകളായി വിത്തിടണം. പൊടിമണ്ണ് വിതറി പുതയിടുക. ഏക്കറിന് 33 കിലോ യൂറിയ, 75 കിലോ റോക്ക് ഫോസ്‌ഫേറ്റ്, 50 കിലോ പൊട്ടാഷ് വളം എന്നിവ ചെടിയുടെ ചുവട്ടില്‍ നിന്ന് ഒന്ന്-ഒന്നര അടി അകലം വിട്ട് 20 സെ.മീ. വീതിയില്‍ വൃത്താകൃതിയില്‍ വിതറി ഫോര്‍ക്കു കൊണ്ട് കൊത്തിച്ചേര്‍ക്കണം. ഏലപ്പേനിനെ നിയന്ത്രിക്കാന്‍ 12 മില്ലീ എക്കാലക്‌സ് 10 ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി കുറഞ്ഞ അളവില്‍ പരമാവധി ഇടവേള വിട്ട് തളിക്കുക. വെളുത്തുളളി-വേപ്പെണ്ണ-സോപ്പു മിശ്രിതവും ഏലപ്പേനിനെതിരെ ഫലപ്രദമാണ്. ശക്തിയായി വെളളം ചീറ്റിയാലും കുറേയധികം ചെറുകീടങ്ങളെ നശിപ്പിക്കാന്‍ കഴിയും. തോട്ടം വൃത്തിയായി സൂക്ഷിക്കുക, അഴുകിയതും ഉണങ്ങിയതുമായ സസ്യഭാഗങ്ങള്‍ യഥാസമയം നീക്കി തീയിട്ടു നശിപ്പിക്കുക. ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ ചുവട്ടില്‍ ചേര്‍ക്കുന്നതും സ്യൂഡോമോണസ് ചെടികളില്‍ തളിക്കുന്നതും രോഗനിയന്ത്രണത്തിന് സഹായിക്കും.

 റബര്‍

വെട്ടുപട്ടയും പുതുപ്പട്ടയും ഇടയ്ക്ക കുമിള്‍ നാശിനി നേര്‍പ്പിച്ച് കഴുകാം. വെട്ടുപട്ടയില്‍ റബര്‍കോട്ട് തേയ്ക്കുന്നത് നന്ന്.

കൊക്കോ

ബഡ്ഡ് തൈകള്‍ നടാം. കൊക്കോയുടെ മികച്ച ബഡ്ഡ് തൈകള്‍ വെളളാനിക്കരയിലെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 04872371582 . കൊക്കോയ്ക്ക് വളം ചേര്‍ക്കാം. മരമൊന്നിന് യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 225, 220, 235 ഗ്രാം വീതം ചേര്‍ക്കുക. നനസൗകര്യമുണ്ടെങ്കില്‍ ഇത് യഥാക്രമം 110, 100, 120 ഗ്രാം എന്ന അളവില്‍ മതി.

മരച്ചീനി

തുലാക്കപ്പ നടാനൊരുങ്ങാം. എം-4 ന് 75*75 സെന്റീ മീറ്റര്‍ അകലം മതി. മറ്റിനങ്ങള്‍ക്ക് 90*90 സെന്റീ മീറ്റര്‍ അകലം. ആറേഴുമാസം കൊണ്ട് വിളവെടുക്കാവുന്ന കല്‍പക, നിധി, വെളളായണി ഹ്രസ്വ തുടങ്ങിയ ഇനങ്ങള്‍ 75*75 സെന്റീ മീറ്റര്‍ അകലത്തില്‍ നടാം. അടിവളമായി ഒരു ചുവടിന് ഒരു കിലോ വീതം കാലിവളം ചേര്‍ക്കണം.

കശുമാവ്

രാസവളം ചേര്‍ക്കാവുന്ന മാസമാണിത്. മരത്തിനു ചുറ്റും 15 സെന്റീ മീറ്റര്‍ ആഴത്തില്‍ 0.5-3 മീറ്റര്‍ ചുറ്റളവില്‍ വളം വിതറിയ ശേഷം ചെറിയ തോതില്‍ മണ്ണുമായി യോജിപ്പിക്കണം. പ്രായമായ മരമൊന്നിന് 1.6 കി. ഗ്രാം യൂറിയ, 2 കി. ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 1.2 കി. ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. 

മാവ്

കായ്ച്ചുതുടങ്ങിയ മാവിന് ആകെ ശുപാര്‍ശയുടെ പകുതി വളം രണ്ടാം ഗഡുവായി ചേര്‍ക്കാം. 10 വര്‍ഷത്തിനു മുകളില്‍ പ്രായമായ മാവിന് 550 ഗ്രാം യൂറിയ, 900 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 625 ഗ്രാം പൊട്ടാഷ് എന്നിവ രണ്ടാം ഗഡുവായി ഓരോ മരത്തിനും നല്‍കാം. 4-5, 6-7, 8-10 വര്‍ഷം പ്രായമായവര്‍ക്ക് ഇവ യഥാക്രമം 100, 90, 80; 250, 425, 170; 430, 610, 335 ഗ്രാം എന്ന തോതില്‍ ചേര്‍ക്കണം. മരത്തില്‍ നിന്ന് 2.5- 3 മീറ്റര്‍ അകലത്തില്‍ ചുറ്റിനുമായി 25-30 സെ. മീ. ആഴത്തില്‍ ചാലുണ്ടാക്കി രാസവളമിട്ട് മണ്ണിട്ടു മൂടണം. മണ്ണില്‍ ഈര്‍പ്പമുണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇഞ്ചി, മഞ്ഞള്‍

വാരങ്ങളില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം ഒഴിച്ച് ചുവടു ചീയല്‍ പോലുളള കുമിള്‍ രോഗങ്ങള്‍ തടയുക.

- സുരേഷ് മുതുകുളം

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox