Monthly Reminders

വിത്തും കൈക്കോട്ടും

വിളകളുടെ നടീല്‍കാലം
വളപ്രയോഗം തുടരാം
പൊടിവിതയ്ക്ക് മേല്‍വളം
തെങ്ങിന് കൊത്തുകിള
കമുകിന്‍ തൈ നടാം
കുരുമുളക്, ഏലം നടീല്‍
വാഴയ്ക്ക് വളപ്രയോഗം
ചേറുഞാറ്റടി ഒരുക്കാം

നെല്ല്

വൈകി പൊടിവിത നടത്തിയ പാടങ്ങളില്‍ ഇടയിളക്കി കളകള്‍ നീക്കി മേല്‍വളം ചേര്‍ക്കാം. ഞാറിന് മഞ്ഞളിപ്പോ പുഷ്ടിക്കുറവോ കണ്ടാല്‍ ഞാറ് പറിക്കുന്നതിനു 10 ദിവസം മുമ്പ് 100 ച. മീറ്ററിന് (രണ്ടര സെന്റ്) ഒരു കിലോ എന്ന തോതില്‍ യൂറിയ ചേര്‍ക്കാം. ഹ്രസ്വമൂപ്പുള്ള ഇനങ്ങള്‍ 18-21 ദിവസത്തിനകവും മധ്യമൂപ്പുള്ളവ 21-25 ദിവസത്തിനകവും ദീര്‍ഘമൂപ്പുള്ളവ 35-45 ദിവസത്തിനകവും പറിച്ചു നടണം. പറിച്ചു നടന്നു പാടങ്ങളില്‍ ഞാറ്റടി ഇനിയും തയാറാക്കിയിട്ടില്ലെങ്കില്‍ ചേറുഞാറ്റടിയോ പായ് ഞാറ്റടിയോ തയാറാക്കാം.

നടാനുള്ള നിലങ്ങള്‍ ഉഴുത് പരുവപ്പെടുത്തണം. ഏക്കറിന് 14 കിലോഗ്രാം കുമ്മായം ചേര്‍ക്കാം. തുടര്‍ന്ന് ഏക്കറിന് രണ്ടു ടണ്‍ ജൈവവളം വിതറി ഉഴുതു മറിക്കുക. പച്ചിലവളമാണ് ചേര്‍ക്കുന്നതെങ്കില്‍ നടുന്നതിന് മുമ്പ് രണ്ടാഴ്ച ഇടവേള നല്‍കണം. അവസാന ഉഴവിന് മുമ്പ് വളം വാര്‍ത്തുകളഞ്ഞ് ഇനി പറയും പ്രകാരം വളം ചേര്‍ക്കുക.

ഇനം യൂറിയ രാജ്‌ഫോസ് മ്യൂറിയേറ്റ്
(കി.ഗ്രാം) (കി.ഗ്രാം) ഓഫ്
പൊട്ടാഷ്
(കി.ഗ്രാം)
മധ്യമൂപ്പുള്ള മികച്ച ഇനം 80* 90 30
മൂപ്പുകുറഞ്ഞ മികച്ച ഇനം
നിലം കൃഷി 62 70 24
പറമ്പു കൃഷി 52 60 21
നാടന്‍ ഇനങ്ങള്‍ 30 90 21
*യൂറിയ വിതച്ച് 15-20, 30-35, 55-58 ദിവസക്രമത്തില്‍ മൂന്നു പ്രാവശ്യം തുല്യ തവണകളായി ചേര്‍ക്കണം. യൂറിയ, പൊട്ടാഷ് എന്നിവ ഞാറുപരുവത്തിലും ചിനപ്പു പൊട്ടുമ്പോഴും അടിക്കണ പരുവത്തിലും മൂന്നു തുല്യതവണയായി നല്‍കുക.

ചറുഞാറ്റടി

വിരിപ്പില്‍ നടാന്‍ ചേറുമണ്ണില്‍ ഞാറ്റടി തയാറാക്കാം. നല്ല സൂര്യപ്രകാശവും ജലപരിപാലന സൗകര്യവും വളക്കൂറുമുള്ള സ്ഥലത്തുവേണം ഞാറ്റടി ഇടാന്‍. ഒന്ന്-ഒന്നര മീറ്റര്‍ വീതിയും അഞ്ച്-പത്ത് സെ.മീ ഉയരവുമുള്ള തടങ്ങള്‍ തയാറാക്കണം. ഒരു ച.മീറ്ററിന് ഒരു കിലോഗ്രാം വീതം ഉണക്കി പൊടിച്ച് ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കാം. നല്ല തുടമുള്ളതും 80 ശതമാനം മുളയ്ക്കല്‍ ശേഷിയുമുള്ള 25 കിലോ വിത്ത് 10 സെന്റില്‍ പാകിയാല്‍ ഒരേക്കറില്‍ പറിച്ചു നടാന്‍ ആവശ്യത്തിന് നല്ല ഞാറ് കിട്ടും. 50 ഗ്രാം സ്യൂഡോമോണസ് രണ്ടു കി.ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി രണ്ടു ദിവസം ചേര്‍ത്തുവച്ചശേഷം മണ്ണില്‍ ഇളക്കിച്ചേര്‍ത്തു കൊടുക്കണം. വിത്ത് തുല്യമായി വീഴുംവിധം പാകി വിത്ത് മണലോ പൊടിമണ്ണോ വിതറി മൂടുക.

പായ് ഞാറ്റടി

യന്ത്രനടീല്‍ നത്തുന്ന പാടങ്ങളില്‍ പായ് ഞാറ്റടി തയാറാക്കണം. നിരപ്പുള്ള പ്രതലത്തിലോ കോണ്‍ക്രീറ്റ് തറയിലോ പോളിത്തീന്‍ ഷീറ്റ് വിരിച്ച് ഇതു തയാറാക്കാം. മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത മിശ്രിതം പോളിത്തീന്‍ ഷീറ്റില്‍ 15 സെ.മീ കനത്തല്‍ ഇട്ട് നിരപ്പാക്കണം. ഇതിനു മീതെ മുളപ്പിച്ച വിത്ത് ചതുരശ്ര മീറ്ററിന് 0.4-0.6 കി.ഗ്രാം എന്ന തോതില്‍ വിതറണം. പച്ചിലപ്പുതയിടാം. മൂന്നു നാലു ദിവസം ചെറുതായി നനയ്ക്കുക. നാലാംദിവസം പുതനീക്കി ചാലുകളില്‍ വെള്ളം നിറയ്ക്കണം. ഏകദേശം 12 ദിവസം മതി ഞാറ് പറിച്ചു നടീലിന് പാകമാകാന്‍. ഞാറ് പായ്‌പോലെ ചുരുട്ടിയെടുക്കാം.കുറഞ്ഞത് ആറു മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം വാര്‍ത്തു കളയണം. ഒരേക്കറിന് ഒരു സെന്റ് പായ് ഞാറ്റടി മതിയാകും.

ഞാറിന് നാലില വന്നാല്‍ പറിച്ചു നടാം. ഈ പ്രായത്തിലാണ് ചിനപ്പുപൊട്ടാന്‍ തുടങ്ങുക. പുതിയ വേരുപടലങ്ങളും ഈ പ്രായത്തിലാണ് പൊട്ടുക. ഞാറ് നടുന്നതിനുമുമ്പ് സ്യൂഡോമോണസ് കള്‍ച്ചറിന്റെ ലായനിയില്‍ വേര് അര മണിക്കൂര്‍ കുതിര്‍ത്ത് നട്ടാല്‍ പിന്നീട് പോളരോഗം, പോള അഴുകല്‍, ഇലപ്പുള്ളി മുതലായവ തടയാം. 20 ഗ്രാം കള്‍ച്ചര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയുണ്ടാക്കി ഞാറിന്റെ ചുവടുഭാഗം അതില്‍ 30 മിനിട്ട് മുക്കിവച്ചിട്ട് നടണം.
മൂപ്പുകുറഞ്ഞ ഇനങ്ങള്‍ 15ഃ10 സെ.മീ അകലത്തിലും ഇടത്തരം മൂപ്പുള്ളവ 20ഃ15 സെ.മീ അകലത്തിലും നടണം മൂപ്പുകുറഞ്ഞ ഇനങ്ങള്‍ നടുമ്പോള്‍ ഒരു ചതുരശ്രമീറ്ററില്‍ 55-60 നുരികളും ഇടത്തരം മൂപ്പുള്ളവയ്ക്ക 33 നുരികളും ഉണ്ടാകുന്നത് നന്ന്. ഒരു ചുവട്ടില്‍ രണ്ട്-മൂന്ന് ഞാറ് മൂന്ന്-നാല് സെ.മീ താഴ്ത്തിയാണ് നടുക.

തെങ്ങ്

തെങ്ങിന് കൊത്തുകിള നടത്താം. കളകള്‍ നശിക്കാനും മണ്ണൊലിപ്പ് തടയാനും ഇത് സഹായിക്കും. ചരിഞ്ഞ തോട്ടങ്ങളില്‍ കോണ്ടൂര്‍ ബണ്ടോ കയ്യാലയോ മഴക്കുഴിയോ കുത്തി മണ്ണൊലിപ്പ് തടയുക. കഴിഞ്ഞ മാസം വളം ചേര്‍ത്തില്ലെങ്കില്‍ ഈ മാസം ചേര്‍ക്കണം. മഴയെ ആശ്രയിച്ച് ശരാശരി നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളില്‍ യൂറിയ-റോക്ക്‌ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350, 350-600, 400-650 ഗ്രാം വീതവും നനച്ചു വളര്‍ത്തുന്ന തോട്ടങ്ങളില്‍ ഇവ യഥാക്രമം 200-270, 275-500 ഗ്രാം വീതവും നല്‍കണം. സങ്കര ഇനങ്ങള്‍ക്കും അത്യുത്പാദനശേഷിയുള്ളവയ്ക്കും മഴയെ ആശ്രയിച്ച് കൃഷി നടത്തുന്നവയ്ക്കും 350, 500, 650 ഗ്രാം വീതവും നനച്ചു വളര്‍ത്തുന്ന തോട്ടങ്ങളില്‍ 650, 800, 1200 ഗ്രാം വീതവും ഈ വളങ്ങള്‍ ചേര്‍ക്കാം വെട്ടുകല്‍ മണ്ണില്‍ തെങ്ങൊന്നിന് 850 ഗ്രാം വീതം കല്ലുപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് രാസവളപ്രയോഗത്തോടൊപ്പം വേണ്ട എന്നു മാത്രം.

ഈര്‍പ്പ സംരക്ഷണത്തിന് തടത്തിലോ വരികള്‍ക്കിയില്‍ ചാലുകളെടുത്തോ തൊണ്ടു മൂടാം. അഞ്ച്-ആറ് മീറ്റര്‍ ഇടവിട്ട് ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതില്‍ ചപ്പുചവറുകള്‍ നിറയ്ക്കാം. മഴക്കാലത്ത് കൂമ്പുചീയല്‍ രോഗം വരാന്‍ സാധ്യതയുണ്ട്. നാമ്പോലയ്ക്കു ചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകള്‍ മഞ്ഞളിക്കുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. രോഗമുള്ള ഭാഗം മുറിച്ചുമാറ്റി കത്തിച്ചുകളയുക; മുറിച്ചുമാറ്റിയ  ഭാഗത്ത് ബോര്‍ഡോ കുഴമ്പ് പുരട്ടുക. ആ ഭാഗം പോളിത്തീന്‍ ഷീറ്റുകൊണ്ട് പൊതിഞ്ഞുകെട്ടുകയും വേണം. അടുത്തുള്ള തെങ്ങുകള്‍ക്ക് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ രോഗപ്പകര്‍ച്ച തടയാം.

കമുക്

കമുകിന്‍ തോട്ടത്തില്‍ ഇടച്ചാലുകള്‍ വൃത്തിയാക്കി നീര്‍വാര്‍ച്ച സുഗമമാക്കുക. കമുകിന്‍ തൈ നടാം. മൊഹിത് നഗര്‍, സുമംഗള, ശ്രീമംഗള, മംഗള പോലുള്ള ഇനങ്ങള്‍ നടാം. കമുകിന്‍ തോട്ടത്തില്‍ ഇടവിളയായി ഇഞ്ചി, വാനില, കുരുമുളക്, ജാതി, വാഴ, പച്ചക്കറികള്‍, കിഴങ്ങുവിളകള്‍, തീറ്റപ്പുല്ല് തുടങ്ങിയവ വളര്‍ത്താം. ഇവയ്ക്ക് പ്രത്യേക പരിചരണം നല്‍കണമെന്നു മാത്രം.

കുരുമുളക്

മഴ കനക്കുന്നതിനു മുമ്പ് ഒരുക്കിയ കുഴികളില്‍ വേരുപിടിപ്പിച്ച വള്ളികള്‍ നടാം. വേരുപിടിപ്പിച്ചവ രണ്ടെണ്ണം വീതവും വേരുപിടിപ്പിക്കാത്തവ അഞ്ചെണ്ണം വരെയും ഒരു കുഴിയില്‍ നടാം. ദ്രുതവാട്ടത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയാറാക്കി ഒഴിച്ചു തടം കുതിര്‍ക്കുക. തുടര്‍ന്ന് രണ്ടാഴ്ച ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ തടത്തില്‍ ചേര്‍ക്കാം. വേപ്പിന്‍ പിണ്ണാക്കിലോ വേപ്പിന്‍ പിണ്ണാക്കും കാലിവളവും കലര്‍ത്തിയ മിശ്രിതത്തിലോ കള്‍ച്ചര്‍ വളര്‍ത്തി അതില്‍ നിന്ന് 250 ഗ്രാം വീതമാണ് ഓരോ ചുവട്ടിലും ചേര്‍ക്കേണ്ടത്. തടത്തില്‍ ധാരാളം ജൈവവളവും ചേര്‍ക്കുക. ചുവട്ടില്‍ പുതയിടണം. മൂന്നു വര്‍ഷത്തിനുമേല്‍ പ്രായമായ കൊടികള്‍ക്ക് കൊടിയൊന്നിന് യൂറിയ, സൂപ്പര്‍ ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 50, 150, 125 ഗ്രാം വീതം ചേര്‍ക്കണം. ഒരു വര്‍ഷം പ്രായമായ കൊടിക്ക് ഇവ 15, 50, 40 ഗ്രാം വീതവും രണ്ടു വര്‍ഷം പ്രായമായതിന് 25, 75, 60 ഗ്രാം വീതമാണ് നല്‍കേണ്ടത്.

റബ്ബര്‍

ബഡ്ഡ് തൈകള്‍ ഈ മാസം നടാം. മഴ കനക്കുന്നതിനു മുമ്പ് നടീല്‍ കഴിയണം. കുഴിയുടെ വലിപ്പം 75ഃ75ഃ75 സെ.മീ തുടര്‍ന്ന് കുഴി 55 സെ.മീ ഉയരത്തില്‍ മേല്‍മണ്ണിട്ട് മൂടുക. ബാക്കി 20 സെ.മീ ഉയരം മേല്‍മണ്ണുമായി 13 കി.ഗ്രാം കാലിവളം, അല്ലെങ്കില്‍ കമമ്പോസ്റ്റ്, 15 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് എന്നിവ കൂട്ടിച്ചേര്‍ത്ത് മൂടുക.തൈകള്‍ നടുന്നതോടൊപ്പം തന്നെ മണ്ണൊലിപ്പ് തടയാനും ബണ്ടുകളൊരുക്കണം. മ്യൂക്കുണ എന്ന തോട്ടപ്പയറിന്റെ തൈകള്‍ നട്ട് ആവരണവിളയാക്കാം. കോണ്ടൂര്‍ ബണ്ടുകള്‍ എടുക്കുന്നില്ലെങ്കില്‍ മഴക്കുഴികള്‍ തയാറാക്കണം. റെയിന്‍ ഗാര്‍ഡ് പിടിപ്പിച്ച മരങ്ങള്‍ ഈ മാസം ടാപ്പ് ചെയ്യാം. കനത്ത മഴയുള്ള ദിവസങ്ങളില്‍ ടാപ്പിങ് ഒഴിവാക്കുകയാണ് നന്ന്. പട്ടചീയല്‍ രോഗത്തിനെതിരെ ആഴ്ചയില്‍ഒരിക്കല്‍ കുമിള്‍ നാശിനിയുടെ ലായനി കൊണ്ട് പട്ട കഴുകണം. ചീക്കുരോഗം ബാധിച്ച ഭാഗത്തെ തൊലി ചുരണ്ടി വൃത്തിയാക്കി കാലിക്‌സിന്‍ നേര്‍പ്പിച്ച് പുരട്ടണം.

ഇഞ്ചി, മഞ്ഞള്‍

ഇഞ്ചിക്കും മഞ്ഞളിനും രണ്ടാം വളപ്രയോഗത്തിനുള്ള സമയമാണിത്. ഇഞ്ചിക്ക് ഒരു സെന്റിന് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നട്ട് 90 ദിവസം കഴിഞ്ഞും ചേര്‍ക്കണം. വളം ചേര്‍ത്ത് പുതയിട്ടതിനുശേഷം വാരങ്ങള്‍ മൂടുക. മഞ്ഞളിന് യൂറിയ 250 ഗ്രാം വീതം നട്ട് 40, 90 ദിവസങ്ങളിലും 500 ഗ്രാം പൊട്ടാഷ് നട്ട് 90 ാം ദിവസവും നല്‍കണം. സ്യൂഡോമോണസ് കള്‍ച്ചര്‍ 15-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി തളിക്കുകയോ വാരങ്ങളില്‍ ഒഴിക്കുകയോ ചെയ്ത് ചുവടുചീയല്‍ രോഗം തടയാം.

ജാതി ഗ്രാമ്പു

മഴ കനക്കുന്നിന് മുമ്പ് തൈകള്‍ നടാം. ഗ്രാമ്പുവിന് അകലം 6ഃ6 മീറ്റര്‍. കുഴിക്ക് 60 സെ.മീ നീളം, വീതി, ആഴം. തൈകള്‍ക്ക് തണല്‍ നിര്‍ബന്ധം. കഴിഞ്ഞ മാസം വളം ചേര്‍ത്തില്ലെങ്കില്‍ ഈ മാസം ചേര്‍ക്കുക.

കരിമ്പ്

ചെഞ്ചിയല്‍ രോഗത്തിനെതിരെ കരുതല്‍ ഉണ്ടാകണം. മാധുരി, തിരുമധുരം, മധുരിമ, മധുമതി തുടങ്ങി ചെഞ്ചിയലിനെ ചെറുക്കുന്ന ഇനങ്ങള്‍ നടാം. തുടര്‍ച്ചയായി ഒരേ സ്ഥലത്ത് കരിമ്പു മാത്രം നടുന്ന രീതിക്കു പകരം മറ്റൊരു വിള കൂടി ഉള്‍പ്പെടുത്തണം. കരിമ്പുകൃഷിയെപ്പറ്റി കൂടതല്‍ അറിയാന്‍ തിരുവല്ലയിലെ കരിമ്പുഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ മതി. (ഫോണ്‍: 0469-2604181).

വാഴ

നേന്ത്രന്‍ കുലച്ചയുടന്‍ ഒരു ചുവടിന് 65 ഗ്രാം വീതം യൂറിയ ചേര്‍ക്കാം. കളകള്‍ ചെത്തി വാഴയുടെ ചുവട്ടില്‍ കൂട്ടി മണ്ണിട്ടു മൂടുക. വാഴ വളരുന്നതനുസിച്ച് പിണ്ടിപ്പുഴുവിന്റെ ഉപദ്രവമുണ്ടാകും. ജൈവരീതിയില്‍  ഇത് നിയന്ത്രിക്കാം. ഇതിന് വാഴത്തട ഒന്ന്-ഒന്നരയടി നീളത്തില്‍ മുറിച്ച് നെടുകെ പിളര്‍ന്ന് അതില്‍ ബ്യൂവേറിയ 10 ഗ്രാം വിതറി തോട്ടത്തില്‍ വയ്ക്കുക. ബ്യൂവേറിയ കള്‍ച്ചര്‍ മണ്ണൂത്തി ബയോ-കണ്‍ട്രോള്‍ ലാബിലും (0487-2374605) കൃഷിഭവനുകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പുകളിലും വാങ്ങാന്‍ കിട്ടും.

നട്ട് രണ്ടു മാസമായ പാളയന്‍കോടന് ചുവടൊന്നിന് 110, 500, 335 ഗ്രാം യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, പൊട്ടാഷ് വളം എന്നിവ ചേര്‍ക്കാം. മറ്റിനങ്ങള്‍ക്ക് ഇവ യഥാക്രമം 220, 500, 335 ഗ്രാം വീതവും നല്‍കാം. ജൈവവളം ധാരാളം നല്‍കിയാല്‍ രാസവളത്തിന്റെ തോത് കുറയ്ക്കാം. വാഴക്കൃഷിയുടെ വിശദാംശങ്ങള്‍ കൂടുതലറിയാന്‍ തൃശൂര്‍ കണ്ണാറയിലെ വാഴ ഗവേഷണ കേന്ദ്രം (0487-2699087) സഹായിക്കും.

മാവ്

നല്ല ഒട്ടുതൈകള്‍ നടാം. 10 വര്‍ഷത്തിനുമേല്‍ പ്രായമായ മരങ്ങള്‍ക്ക് ആവശ്യമായതിന്റെ പകുതി രാസവളം 500 ഗ്രാം യൂറിയ. 900ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 750 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേര്‍ക്കുക. വളരുന്നതനുസരിച്ച് ഇവയുടെ തോത് ആനുപാതികമായി വര്‍ധിപ്പിക്കേണ്ടി വരും.

കൈതച്ചക്ക

ഈ മാസം പതുകൃഷിക്ക് അനുയോജ്യമാണ്. കളനിയന്ത്രണം നിര്‍ബന്ധം. വളം ചേര്‍ത്തില്ലെങ്കില്‍ ഈ മാസം ചേര്‍ക്കാം.
കൈതച്ചക്ക കൃഷിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍: 0485-2260832, പൈനാപ്പിള്‍ ഗവേഷണകേന്ദ്രം, വെള്ളാനിക്കര ഫോണ്‍: 0487-2373242

മരച്ചീനി

വൈകി നട്ട കുംഭക്കപ്പയച്ക്ക് മേല്‍വളം ചേര്‍ക്കണം. വളം ചേര്‍ത്ത് ഇളക്കിയ മണ്ണ് ചുവട്ടില്‍ കൂടുകയും കളകള്‍ നീക്കുകയും വേണം.

ചേന

ഇടയിളക്കി കളകള്‍ നീക്കുക

ചേമ്പ്

ചേമ്പിന്റെ നടീല്‍ തുടരാം.

കാച്ചില്‍

ഇടയിളക്കുക. കളകള്‍ നീക്കി വളം ചേര്‍ത്ത് ഇളകിയ മണ്ണ് ചുവട്ടില്‍ അടുപ്പിക്കുക. കിഴങ്ങുവിളകളുടെയും കൃഷിയെയും പുതിയ ഇനങ്ങളെയും കുറിച്ചറിയുന്നതിന് തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടുക. ഫോണ്‍: 0471-25988551
സുരേഷ് മുതുകുളം

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox