കൃഷിയുടെ ഭാവി

Thursday, 10 August 2017 06:48 By KJ KERALA STAFF

യുവതലമുറ കൃഷിയില്‍നിന്ന് അകന്ന പരിതസ്ഥിതിയില്‍ കൃഷി എന്ന പ്രക്രിയ എങ്ങനെയാണ് തുടര്‍ന്നുപോവുക എന്നതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടു. സ്വന്തം കൃഷി അനുഭവങ്ങളെക്കുറിച്ച് കൃഷി ജാഗരണ്‍ മാസികയോട് സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍.
ഞാന്‍ ജനിച്ചത് കാര്‍ഷികമേഖലയായ കോട്ടം ജില്ലയിലാണ്. എന്റെ നാട്ടില്‍ ധാരാളം ധനിക കര്‍ഷക കുടുംബങ്ങളുണ്ടായിരുന്നു. അവര്‍ കുട്ടികളെ ബാംഗ്ലൂര്‍, ഡല്‍ഹി, ഊട്ടി തുടങ്ങിയ നഗരങ്ങളില്‍ പഠിക്കാന്‍ അയച്ചു. വിദ്യാഭ്യാസം മറ്റ് നാടുകളില്‍ കഴിഞ്ഞതോടെ അവര്‍ പരദേശങ്ങളിലേക്ക് ചേക്കേറി. കുട്ടികള്‍ നാടുവിട്ടതോടെ സ്വന്തം ഇടങ്ങളിലെ കൃഷി മറന്നു. കൃഷിസ്ഥലം അനാഥമായി. തൊഴില്‍തേടി മറുനാടുകളില്‍ പോകുന്നത് തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. കാരണം കൃഷിക്കാരന്റെ മക്കള്‍ കൃഷിക്കാരാകണം എന്ന് നിര്‍ബ്ബന്ധിക്കുന്നത് ശരിയല്ല. കൃഷി നശിക്കാനിടയായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു എന്നുമാത്രം. കൃഷി തുടരാന്‍ ആരെ കിട്ടും. ഒരു കര്‍ഷക കുടുംബത്തില്‍ ഒരു മകനെയോ മകളെയോ കൃഷിക്ക് കിട്ടുമോ എന്നാണ് ഇന്നത്തെ ചോദ്യം.
യുവാക്കള്‍ കൃഷിയില്‍നിന്ന് അകലുന്നതുകൊണ്ടുള്ള പ്രശ്‌നം അനുഭവിക്കുന്നത് നമ്മള്‍ മാത്രമല്ല. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഈ പ്രശ്‌നമുണ്ട്. പക്ഷേ, അവര്‍ ഇതിനെ കൈകാര്യം ചെയ്യുന്നത് രണ്ട് തരത്തിലാണ്. ഒന്ന്, ആ രാജ്യത്ത് ആരും ഒരു തൊഴിലും താഴ്ന്നതായി കാണുന്നില്ല. കൃഷിക്കാരനായാലും ഇറച്ചിവെട്ടുകാരനായാലും മീന്‍കാരനായാലും സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ട്. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള തരം താഴ്ത്തലില്ല. കാരണം അവിടെ ജാതി ഇല്ല. തൊഴില്‍മാന്യത എന്ന അടിസ്ഥാനഘടകം ഉള്ളതുകൊണ്ട് അവര്‍ക്ക് ഏത് തൊഴിലും ചെയ്യാന്‍ മടിയുമില്ല. യന്ത്രവത്കരണമുള്ളതിനാല്‍ അഞ്ഞൂറോ ആയിരമോ ഏക്കര്‍ ഭൂമിയില്‍പോലും ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനും മറ്റൊരാളെയും ആശ്രയിക്കാതെ കൃഷി ചെയ്യാന്‍ കഴിയും. അങ്ങനെ ചെയ്യുന്നതില്‍ അവര്‍ക്ക് ഒരു നാണക്കേടുമില്ല.
എന്നാല്‍ കേരളത്തിലാകട്ടെ ദേഹം വിയര്‍ക്കുന്നതും ദേഹത്ത് ചെളി പറ്റുന്നതും നാണക്കേടാണ്. വിദേശരാജ്യങ്ങളില്‍ അഭിമാനമായി കാണുന്ന കൃഷി കേരളത്തില്‍ അപമാനമായാണ് കാണുന്നത്. ദേഹം വിയര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു സമൂഹം കൃഷിയെ തകര്‍ക്കുകയും നഷ്ടത്തിലാക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടത്തരക്കാരായ കൃഷിക്കാര്‍ പോലും സ്വയം പണിയെടുക്കാത്തതുകൊണ്ട് തൊഴിലാളികളെ വെക്കേണ്ടി വരുന്നു. തൊഴിലാളികളുടെ ദിവസക്കൂലി ഉയര്‍ന്ന് 800 മുതല്‍ 1000 രൂപ വരെയായി. കൂലി കൊടുത്ത് വരുത്തുന്ന നഷ്ടം നികത്താന്‍ കര്‍ഷകന് കഴിയുന്നില്ല. ഭരണകൂടങ്ങള്‍ക്ക് കൃഷിയെ സഹായിക്കാന്‍ പ്രാപ്തിയില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ കൃഷി ലാഭകരമാക്കാന്‍ പ്രയാസമാണ്. അതോടൊപ്പം കേരളത്തിലെ ശക്തമായ ജാതിവ്യവസ്ഥയും തൊഴിലിന്റെ മാന്യത ഇല്ലാതാക്കി.
രണ്ട്. വിദേശരാജ്യങ്ങളില്‍ കൃഷിക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. കര്‍ഷകന് കൃഷി തുടങ്ങാന്‍ സര്‍ക്കാര്‍ തന്നെ എല്ലാ സഹായവും ചെയ്യുന്നു. പണമില്ലെന്ന പേരില്‍ കര്‍ഷകര്‍ കൃഷി ചെയ്യാതിരിക്കരുത് എന്ന് ഭരണകൂടം നിര്‍ബ്ബന്ധിക്കുന്നു. സര്‍ക്കാര്‍ സഹായധനം കൊടുത്ത് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തില്‍ സ്ഥിതി മറിച്ചാണ്. കൃഷിയെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ഭരണകൂടം ശക്തമായ യാതൊരു നടപടിയും എടുക്കുന്നില്ല. നെല്ല്, നാളികേരം തുടങ്ങി വിളകളുടെ ശേഖരണം കൊണ്ടു മാത്രം കൃഷി വളരില്ല. കൃഷി ആകര്‍ഷകമാകണം. ജനങ്ങള്‍ക്ക് കൃഷിയോട് താല്പര്യമുണ്ടാകണം. അതില്‍നിന്ന് അവര്‍ക്ക് ജീവിക്കാനുള്ള വരുമാനമുണ്ടാകണം. ചെറുക്കന്‍ കൃഷിക്കാരനായാല്‍ പെണ്ണുകൊടുക്കാത്ത അവസ്ഥവരെ കേരളത്തിലുണ്ട്.
ഞാന്‍ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ഞങ്ങള്‍ കുട്ടികള്‍ വളമിടുക, കളപറിക്കുക, വിത്തിടുക തുടങ്ങിയ കൃഷിപ്പണിയില്‍ സഹായിക്കുമായിരുന്നു. പണിക്കാരുടെ കൂടെ നില്‍ക്കും. പിന്നീട് കര്‍ഷകകുടുംബത്തില്‍ ജനിച്ച് വിദ്യാഭ്യാസം തേടി പുറത്തേക്ക് പോയവരെ പോലെ ഞാനും കൃഷിയില്‍നിന്ന് അകന്നു. നഗരത്തില്‍ ജീവിക്കുമ്പോള്‍ കൃഷി ചെയ്യാന്‍ പറ്റില്ലല്ലോ.
1982 ല്‍ ഞാനും ജ്യേഷ്ഠനും ചേര്‍ന്ന് കര്‍ണ്ണാടകത്തില്‍ കുറച്ച് സ്ഥലം വാങ്ങി കൃഷി ചെയ്തു. റബ്ബര്‍, തെങ്ങ്, അടയ്ക്ക, കശുമാവ് തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. കൃഷിയോടുള്ള താല്പര്യം കൊണ്ടും ഒരു വരുമാനം എന്ന ലക്ഷ്യത്തിലുമാണ് കൃഷി തുടങ്ങിയത്. 2003 ഓടെ അത് അവസാനിപ്പിച്ചു. കര്‍ണ്ണാടകത്തില്‍ നടത്തിയ കൃഷിയുടെ ദൗര്‍ബല്യം അല്ലെങ്കില്‍ പോരായ്മയായി ഞാന്‍ കണക്കാക്കുന്നത് കൃഷികാര്യങ്ങള്‍ നേരിട്ട് നോക്കാതെ മറ്റൊരാളെ വച്ച് നടത്തി എന്നതാണ്. കാരണം ഞാന്‍ ഡല്‍ഹിയിലും ജ്യേഷ്ഠന്‍ സ്ഥലം മാറിപ്പോകുന്നയിടങ്ങളിലുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു കൃഷിക്കാരന്‍ മുഴുവന്‍ സമയവും കൃഷിയിടത്തില്‍ ചെലവഴിക്കണം. അല്ലെങ്കില്‍ കൃഷി വെറുമൊരു ഹോബി മാത്രമായി മാറും.
60 കൊല്ലം മുന്‍പ് കേരളത്തില്‍ മറ്റ് തൊഴില്‍ മേഖലകള്‍ അധികം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, ഒരു അദ്ധ്യാപകന്‍ അല്ലെങ്കില്‍ തൊട്ടടുത്ത ടൗണില്‍ ഏതെങ്കിലും ചെറിയ ജോലി, അത്രമാത്രം. തൊഴില്‍മേഖലകള്‍ തേടി ആരും വിദേശത്തേക്ക് കുടിയേറിപ്പാര്‍ത്തില്ല. കൃഷിയായിരുന്നു മലയാളിയുടെ പ്രധാന തൊഴിലും വരുമാനമാര്‍ഗ്ഗവും. അന്ന് അവനവന് ഉള്ള സ്ഥലത്ത് കൃഷിചെയ്തു. ഇന്ന് തൊഴില്‍ തേടി വിദേശങ്ങളിലേക്ക് പോകുന്ന മലയാളികള്‍ ലക്ഷക്കണക്കിനാണ്. അതുകൊണ്ടു കൃഷിസ്ഥലം ഉള്ള കുടുംബത്തില്‍ പോലും അത് വെറുതെ കിടക്കുന്ന അവസ്ഥയാണള്ളത്.
കുട്ടികള്‍ കൃഷിയെപ്പറ്റി അറിയുന്നത് വളരെ നല്ലതാണ്. കൃഷിക്കാരന്റെ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടിക്ക് എന്നും കൃഷി ഓര്‍മ്മയുണ്ടാകും. പക്ഷേ, നഗരത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക് അതുണ്ടാവില്ല. അവര്‍ക്ക് കൃഷിയെപ്പറ്റി മനസ്സിലാക്കിക്കൊടുക്കണം.
കൃഷിയില്ലെങ്കില്‍ സമൂഹമില്ല എന്ന ബോധം വിദേശരാജ്യങ്ങള്‍ക്കുണ്ട്. മലയാളികളിലും ഈ അവബോധം ഉടലെടുക്കണം. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഇപ്പോള്‍തന്നെ കൃഷിവിദ്യാഭ്യാസം കൊടുത്താല്‍ അരനൂറ്റാണ്ടിനുള്ളിലെങ്കിലും കൃഷിയെ മലയാളികളുടെ ജീവിതക്രമത്തിന്റെ ഭാഗമാക്കാന്‍ കഴിയും.

സക്കറിയ

CommentsMORE ON FEATURES

കൃഷിയിടത്തില്‍ സെല്‍ഫോണ്‍-മോട്ടോര്‍-സ്റ്റാര്‍ട്ടര്‍ കണ്‍ട്രോളറുമായി ജിനു തോമസ്‌

എല്ലാം ഡിജിറ്റല്‍ ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിയിടത്തിലെ ജലസേചനവും ഡിജിറ്റലാവുന്നു. സാങ്കേതിക വിദഗ്ധനായ ജിനു തോമസാണ് ജലസേചനത്തിനുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യ കണ…

November 13, 2018

നിരപ്പേല്‍ നഴ്‌സറിയിലെ മള്‍ട്ടിപ്പിള്‍ വിപ്ലവം

കേരളത്തിലെ കാര്‍ഷിക മേഖലയിലെ നഴ്‌സറികളുടെ തലസ്ഥാനമാണ് തൃശൂര്‍. മണ്ണുത്തി, പട്ടിക്കാട്, നടത്തറ പഞ്ചായത്തുകളിലായി ചെറുതും വലുതുമായ 350 ഓളം നഴ്‌സറികളുണ്ട്. ഈ പ്രദേശത്തെ കുടില്‍ വ്യവസാ…

November 12, 2018

ബോൺസായ് - തളികയിലെ കൗതുകവൃക്ഷം

പൂന്തോട്ടത്തിലും വീടിന്റെ അകത്തളത്തിലും കൗതുകവും ആഡംബരവുമായ ബോൺസായ് ഏതുകാലത്തും ഏവർക്കും പ്രിയങ്കരമായ പുഷ്‌പാലങ്കാര രീതിയാണ്. പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരാണ് വൃക്ഷങ്ങള…

November 05, 2018

FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.