Livestock & Aqua

ജയന്റ് ഗൗരാമി ബ്രീഡിങ്ങും വേഗം വളരാനും ഉള്ള നൂതന മാർഗങ്ങൾ പരിചയപ്പെടാം

Giant gourami

ശുദ്ധജല മത്സ്യയിനമായ ഗൗരാമികളിലെ ഏറ്റവും വലിയ ഇനമാണ് ജയന്റ് ഗൗരാമികൾ. പേര് സൂചിപ്പിക്കുന്നതുപോലെ ശരീര വലുപ്പം കൂടുതലുള്ളവയാണ് ഇക്കൂട്ടർ. ജയന്റ് ഗൗരാമികളിൽത്തന്നെ നാലിനം ഇന്ന് കേരളത്തിൽ ലഭ്യമാണ്. എങ്കിലും ഏറെ പ്രചാരമുള്ളത് കറുത്ത സാധാരണ ജയന്റ് ഗൗരാമികളാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് വില കുറവായതിനാൽ കറുത്ത ഗൗരാമികളെ ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ഉറപ്പുള്ള മാംസമായതിനാൽ രുചിയിൽ ബഹു കേമൻ തന്നെ. ഗൗരാമി അച്ചാറും ഗൗരാമി മപ്പാസുമെല്ലാം വായിൽ വെള്ളമൂറാൻ പാകത്തിനുള്ള വിഭവങ്ങളാണ്. വളരെ പ്രത്യേകൾ നിറഞ്ഞ മത്സ്യയിനമാണ് ഗൗരാമികൾ. അവയുടെ പ്രത്യേകതകൾ പെട്ടെന്ന് പറഞ്ഞുതീർക്കാൻ കഴിയുന്നതല്ല. ആയതിനാൽ, ഏതാനും ഭാഗങ്ങളായി നമുക്ക് ഗൗരാമികളെക്കുറിച്ച് പഠിക്കാം. നമ്മുടെ നാട്ടിൽ ലഭ്യമായിട്ടുള്ള ഗൗരാമികളെക്കുറിച്ചാവട്ടെ ആദ്യ ഭാഗം.

Giant Gauramis are the largest species of freshwater fish. They are as big as their body size, as the name suggests. Four of the giant gauramis are available in Kerala today. But the most popular are the black giant gauramis. Black gauramis are also used for food purposes as they are cheaper than others. It's a solid meat and is good at taste. Gaurami pickle and Gaurami mapas are all foods that can be watered in the mouth. The Gauramis are a very special fish.

കേരളത്തിൽ നാലിനം ജയന്റ് ഗൗരാമികൾ ലഭ്യമാണെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. അവയുടെ പേരും പ്രത്യേകതകളും എന്തൊക്കെയെന്ന് നോക്കാം.

  1. കറുത്ത ജയന്റ് ഗൗരാമി

കേരളത്തിൽ ഇന്ന് ഏറെ പ്രചാരമുള്ള ജയന്റ് ഗൗരാമി ഇനം. ഇരുണ്ട ശരീരം. ചെറു പ്രായത്തിൽ വാൽഭാഗത്തിന്റെ ഇരു വശത്തും കറുത്ത പൊട്ടുകൾ. കൂർത്ത മുഖം. മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ ചെറിയ തോതിൽ ചുവപ്പു നിറവും കാണാം. പ്രായപൂർത്തിയാകുമ്പോൾ മുഖം ഉരുണ്ടതായി മാറും. ശരീരത്തിലെ ഇരുണ്ട നിറം മാറി സ്വർണനിറത്തിന്റെ പ്രസരിപ്പുണ്ടാകും. രണ്ടു വർഷത്തോളം വളർച്ച സാവധാനത്തിലായിരിക്കും. അതിനുശേഷമുള്ള വളർച്ച വേഗത്തിലായിരിക്കും. പെല്ലറ്റ് തീറ്റകൾ നൽകി വളർത്തൽ ലാഭകരമല്ല.

  1. പിങ്ക് ജയന്റ് ഗൗരാമി

ശരീരഘടന കറുത്ത ഗൗരാമികളുടേതുപോലെയെങ്കിലും അൽപം ചുവപ്പു കലർന്ന വെളുത്ത ശരീരമാണ് ഇക്കൂട്ടർക്ക്. എന്നാൽ, അക്വേറിയത്തിൽ കിടക്കുമ്പോൾ ഈ ചുവപ്പു നിറം പ്രകടമായെന്നുവരില്ല. വളർച്ച കറുത്ത ഗൗരാമികളെപ്പോലെതന്നെ സാവധാനം മാത്രം. ജയന്റ് ഗൗരാമി ആൽബിനോ ബ്ലാക്ക് ഐ എന്ന് പലരും പറയാറുണ്ടെങ്കിലും ശരിയായ പേര് പിങ്ക് ജയന്റ് ഗൗരാമി എന്നാണ്.

  1. ആൽബിനോ ജയന്റ് ഗാരാമി

വെളുത്ത ശരീരം ചുവന്ന കണ്ണുകൾ എന്നിവയാണ് പ്രധാന ശരീരരചന. രൂപം മുകളിൽ പറഞ്ഞ ഗൗരാമികളേപ്പോലെതന്നെ. വളർച്ച സാവധാനം. പലരും ആൽബിനോ ജയന്റ് ഗൗരാമി റെഡ് ഐ എന്ന് വിളിക്കാറുണ്ട്. പക്ഷികളിലാണെങ്കിലും മൃഗങ്ങളിലാണെങ്കിലും വെളുത്ത ശരീരവും ചുവന്ന കണ്ണുകളും ഉള്ളതിനെയാണ് ആൻബിനോ എന്നു വിളിക്കുക. അതിനാൽത്തന്നെ ആൽബിനോ റെഡ് ഐ എന്ന് എടുത്തു പറയേണ്ടതില്ല.

Giant gourami

4. റെഡ് ടെയിൽ ജയന്റ് ഗൗരാമി

ആദ്യം സൂചിപ്പിച്ച മൂന്നു ഗൗരാമികളിൽനിന്നും ശരീരഘടനയിൽ വ്യത്യാസമുള്ളവരാണ് റെഡ് ടെയിൽ ജയന്റ് ഗൗരാമികൾ. വാലിന്റെ അടുത്ത് ഇരു ഭാഗത്തും ഓരോ കറുത്ത പുള്ളി കാണാം. പ്രായപൂർത്തിയാകുമ്പോൾ ഈ പുള്ളികൾ മായും. മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ പ്രായത്തിനനസരിച്ച് ചുവപ്പു നിറം വരുന്നതാണ് പേരിനാധാരം. അതേസമയം, ചെറുപ്രായത്തിൽ ചുപ്പുനിറം ശരീരത്തിൽ കാണപ്പെടില്ല. കറുത്ത ജയന്റ് ഗൗരാമികളുടെ മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ ചുവപ്പു നിറം കാണുന്നതിനാൽ പലരും അവയെ റെഡ്‍ ടെയിൽ ജയന്റ് ഗൗരാമികളാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. രണ്ടു മത്സ്യങ്ങളുടെയും ശരീരം നിരീക്ഷിച്ചാൽ വ്യത്യാസം തിരിച്ചറിയാം.

കേരളത്തിൽ നാലിനം ജയന്റ് ഗൗരാമികളാണ് ലഭ്യമായി‌‌ട്ടുള്ളതെങ്കിലും മലേഷ്യ, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങിൽ മറ്റ് ചില ഇനങ്ങളെക്കൂടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സയാമീസ് റൂബി ജയന്റ് ഗൗരാമി, സൂപ്പർ റെഡ് ജയന്റ് ഗൗരാമി, കാലികോ ജയന്റ് ഗൗരാമി എന്നിവ അവയിൽ ചിലതാണ്.

എന്തുകൊണ്ട് ഗൗരാമികൾ അതിവേഗം വളരുന്നില്ല?

എത്ര തീറ്റ കൊടുത്താലും ജയന്റ് ഗൗരാമികൾ അതിവേഗം വളരില്ല. ശരാശരി അഞ്ചു കിലോഗ്രാമോളം ജയന്റ് ഗൗരാമികൾ തൂക്കം വയ്ക്കുമെങ്കിലും ദീർഘകാലമെടുത്താണ് അവ ആ തൂക്കത്തിലേക്കെത്തുക. കഴിക്കുന്ന തീറ്റയ്ക്കനുസരിച്ച് ശരീരതൂക്കം വയ്ക്കുന്ന വാള, തിലാപ്പിയ, അനാബസ്, നട്ടർ തുടങ്ങിയ വളർത്തുമത്സ്യങ്ങൾ ലഭ്യമായിട്ടുള്ളപ്പോൾ ഗൗരാമികളെ അത്തരത്തിൽ വളർത്തുന്നത് അഭികാമ്യമല്ല. എന്നാൽ, മുകളിൽ പറഞ്ഞ മത്സ്യങ്ങളേക്കാളേറെ രുചിയുള്ളത് ജയന്റ് ഗൗരാമികൾക്കാണെന്ന് നിസംശയം പറയാം. സസ്യഭുക്കുകളായ ജയന്റ് ഗൗരാമികൾക്ക് ഏറെയിഷ്‌ടം നാരുകളടങ്ങിയ ഭക്ഷണങ്ങളോടാണ്. അതായത് ഇലവർഗങ്ങളും പഴങ്ങളുമൊക്കെ മടികൂ‌ടാതെ വെട്ടിവിഴുങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് ഗൗരാമികൾ. അതേസമയം, മറ്റു മത്സ്യങ്ങൾക്ക് വളർച്ച പെട്ടെന്നാകാൻ പ്രോട്ടീൻ കൂടുതലുള്ള തീറ്റകൾ നൽകാറുണ്ടല്ലോ. ആ തീറ്റകൾ ഗൗരാമികൾക്ക് നൽകിയാൽ നേരിയ വളർച്ച ലഭിക്കുമെങ്കിലും ഉടമയുടെ പോക്കറ്റിന്റെ ഭാരം കുറയ്ക്കാനേ അതുപകരിക്കൂ. നാരുകൾ അടങ്ങിയ ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷിയാണ് ഗൗരാമികളുടെ ആമാശയത്തിനുള്ളത്. എന്നാൽ, പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം നൽകുമ്പോൾ പ്രോട്ടീൻ ചെയിനുകൾ വിഘടിപ്പിച്ച് ദഹിപ്പിക്കാൻ അവർക്കു കഴിയില്ല. അപ്പോൾ സ്വാഭാവികമായും പോഷകങ്ങൾ ആഗീരണം ചെയ്യാൻ ശരീരത്തിനു കഴിയില്ല. 'ഞങ്ങൾ പെല്ലറ്റ് കൊടുക്കുന്നുണ്ടല്ലോ, ഇതുവരെ യാതൊരു പ്രശ്നവും കണ്ടിട്ടില്ല' എന്ന് ഇതു വായിക്കുന്ന പലർക്കും തോന്നാം. എന്തു ഭക്ഷണം നൽകിയാലും കുറച്ചു സമയമെടുത്തിട്ടാണെങ്കിലും ഗൗരാമികളുടെ ആമാശയം അത് ദഹിപ്പിക്കും. എന്നാൽ, സ്ഥിരം പെല്ലറ്റ് നൽകുമ്പോൾ ആമാശയത്തിന് ജോലിഭാരം കൂടുകയാണ് ചെയ്യുന്നത്. സാവധാനം അൾസർ, വയർ വീർക്കൽ തുടങ്ങിയ അവസ്ഥയിലേക്ക് ഗൗരാമികൾ എത്തപ്പെടും. വയർവീർക്കൽ അസുഖം കണ്ടുതുടങ്ങിയാൽ പിന്നീടൊരു തിരിച്ചുവരവ് ആ മത്സ്യത്തിനുണ്ടാകില്ല. അതുകൊണ്ടുതന്നെ 15 വർഷത്തിനു മുകളിൽ ജീവിക്കാൻ ശേഷിയുള്ള ഗൗരാമികളുടെ ആയുസ് തീറ്റ നൽകി ഇല്ലാതാക്കേണ്ട. പെല്ലറ്റ് തീറ്റ നൽകിയാലും ഇലകൾ നൽകിയാലും ഗൗരാമികളുടെ വളർച്ച ​ഒരേ രീതിയിലായിരിക്കും. അതുകൊണ്ട് പെല്ലറ്റ് നൽകി പണച്ചെലവ് കൂട്ടണ്ട. വളർച്ചയിൽ ചെറിയൊരു മാറ്റം വരുന്നത് കുളത്തിന്റെ വലുപ്പമനുസരിച്ചാണ്. അതായത് വിശാലമായ കുളങ്ങളിൽ മറ്റു മത്സ്യങ്ങൾക്കുള്ളതുപോലെതന്നെ ഗൗരാമികളുടയും വളർച്ച കൂടും. എന്നാൽ, രണ്ടു വയസിനു ശേഷം മാത്രമേ ദ്രുതഗതിയിലുള്ള വളർച്ച പ്രതീക്ഷിക്കാവൂ.

Giant gourami

നേരത്തെ സൂചിപ്പിച്ചതുപോലെ സസ്യാധിഷ്ഠിത ഭക്ഷണങ്ങളാണ് ഗൗരാമികൾക്ക് ഏറെ നല്ലത്. അതുകൊണ്ടുതന്നെ രണ്ടിഞ്ചു വലുപ്പം മുതൽ ഡക്ക് വീഡ്, അസോള തുടങ്ങിയവ നൽകാം. ഈ പ്രായത്തിൽ ചേമ്പിലയും ഗൗരാമികൾ നന്നായി കഴിക്കും. ചേമ്പില പ്രധാന ഭക്ഷണമായി നൽകാം. ചേമ്പിലയാണ് ജയന്റ് ഗൗരാമികളുടെ ഇഷ്ടഭക്ഷം. സാധാരണ നമ്മൾ ഭക്ഷണാവശ്യത്തിനു വളർത്തുന്നയിനം ചേമ്പിന്റെ ഇലകൾ നൽകാം. തണ്ട് ചെറുതായി അരിഞ്ഞു നൽകിയാൽ അതും അവ കഴിച്ചോളും. മറ്റിനം ചേമ്പുകളും കഴിക്കുമെങ്കിലും കൊടുത്തു ശീലിപ്പിക്കണം. ചേമ്പിലെ കൂടാതെ, ചേനയില, മൾബെറിയില, വാഴയില, സിഒ3, സിഒ5 തീറ്റപ്പുല്ലുകൾ, മറ്റിനം പുല്ലുകൾ, തോട്ടപ്പയർ തുടങ്ങിയവയും തുളസിയില, പനിക്കൂർക്കയിലെ തുടങ്ങിയവയും നൽകാം. കപ്പ, പപ്പായ എന്നിവയുടെ ഇലകൾ കഴിക്കുമെങ്കിലും അവ വെള്ളതിൽ കിടന്ന് അഴുകിയാൽ ദുർഗന്ധമുണ്ടാകും. പപ്പായപ്പഴം, ചക്കപ്പഴം, വാഴപ്പഴം, ചക്കച്ചുള, അപ്പം, ചോറ്, പഴത്തൊലി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ, ഒന്നും കുളത്തിൽ ബാക്കിയാവരുത്. കാബേജ്, പയർ, തക്കാളി പോലുള്ള പച്ചക്കറികളും ഗൗരാമികൾക്ക് ഇഷ്ട ഭക്ഷണമാണ്. പെല്ലറ്റ് തീറ്റകൾ വല്ലപ്പോഴും മാത്രം നൽകിയാൽ മതി.

ജയന്റ് ഗൗരാമികളുടെ കൃത്യമായ ലിംഗനിർണയം മൂന്നു വയസ് കഴിഞ്ഞ്

അൽപം ശ്രമകരമാണ് ജയന്റ് ഗൗരാമികളുടെ ലിംഗനിർണയം. പ്രായപൂർത്തിയാകുമ്പോൾ മാത്രമേ കൃത്യമായി ലിംഗനിർണയം സാധ്യമാകൂ. അതിനായി നാലു വർഷം കാത്തിരിക്കണം. എന്നാൽ, ചില മത്സ്യങ്ങളെ (പ്രത്യേകിച്ച് അക്വേറിയങ്ങളിൽ കിടക്കുന്നവയെ) രണ്ടു വയസാകുമ്പോഴേക്കും ലിംഗനിർണയം ന‌ടത്തിയെടുക്കാൻ സാധിക്കും. ചെറു പ്രായത്തിൽ കൂർത്ത മുഖവും ശരീരത്തിൽ വാലിനു സമീപം കറുത്ത പൊട്ടുകളുമാണ് കുഞ്ഞുങ്ങൾക്കുള്ളത്. എന്നാൽ പ്രായമേറുന്തോറും ആകൃതിയിൽ മാറ്റം വരും. പ്രായപൂർത്തിയാകുമ്പോഴേക്കും മുഖം ഉരുണ്ടതാകും. ശരീരത്തിലെ നിറം കുറേക്കൂടി തെളിഞ്ഞതാകും. ആൺമത്സ്യത്തെ തടിച്ചു മുന്നോട്ടുന്തിയ കീഴ്ത്താടികൊണ്ട് തിരിച്ചറിയാം. ഒപ്പം അംസച്ചിറകുകളുടെ ചുവട്ടിൽ വെളുത്ത നിറമായിരിക്കം. നെറ്റിയിൽ മുഴയുമുണ്ടാകും. പെൺമത്സ്യത്തിന്റെ മുഖം ചെറുതാണ്. അംസച്ചിറകുകളുടെ ചുവട്ടിൽ കറുത്ത നിറമായിരിക്കും. ആൺമത്സ്യത്തെ അപേക്ഷിച്ച് വലുപ്പത്തിൽ അൽപം ചെറുതുമാണ് പെൺമത്സ്യം.

gourami

ജയന്റ് ഗൗരാമി ബ്രീഡിങ്

കൂടുകൂട്ടി മുട്ടയിടുകയും ആ മുട്ടകൾക്ക് മൂന്നാഴ്ചയോളം കാവൽ നിൽക്കുകയും ചെയ്ത് കുഞ്ഞുങ്ങളെ സംരംക്ഷിക്കുന്നവരാണ് ഗൗരാമികൾ. എന്നാൽ, അവ എത്രയൊക്കെ സംരക്ഷിച്ചാലും ഒടുവിൽ ജീവിതത്തിലേക്കു കടന്നുവരുന്ന കുഞ്ഞുങ്ങൾ 30–40 ശതമാനം മാത്രമേ കാണൂ. എന്തുകൊണ്ടായിരിക്കാം ഇടുന്ന മുട്ടകൾ പൂർണമായും കുഞ്ഞുങ്ങളായി പുറത്തുവരാത്തത്? അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പായൽ നിറഞ്ഞ അതായത് പച്ച നിറമുള്ള വെള്ളമാണ് ഗൗരാമികൾക്കാവശ്യം. തെളിഞ്ഞ വെള്ളത്തിലാണെങ്കിൽ ഫംഗസ് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. തീറ്റയെടുക്കാനും മടിയായിരിക്കും. പ്രജനനത്തിനും ഈ പച്ച നിറമുള്ള ജലാശയമാണ് അവർക്കാവശ്യം.

Giant Gaurami Breeding

The Gauramis are the ones who lay their eggs in nests and guard the eggs for three weeks. But no matter how much they are saved, only 30-40 percent of the babies who finally come into life will be seen. Why do the eggs that lay not come out as babies? There are a few things that need to be noted. Gauramis need green water, which is full of sauta. If it is clear water, the risk of fungal disease is high. He'll be reluctant to eat. They also need this green water body for breeding.

ചെറിയ കുളത്തിൽപ്പോലും ജയന്റ് ഗൗരാമികളെ വളർത്താൻ കഴിയുമെങ്കിലും ബ്രീഡ് ചെയ്യണമെങ്കിൽ കുളത്തിന് വലുപ്പം വേണം. പത്തടി നീളവും വീതിയും 4 അടി താഴ്ചയുമുള്ള ഒരു കുളത്തിൽ ഒരു ജോടി മത്സ്യത്തെ ബ്രീഡ് ചെയ്യാം. 18x14x4 അടി ടാങ്കിൽ മൂന്നു ജോ‌ടി വരെ ബ്രീഡ് ചെയ്യാം. പടുതക്കുളം, സിമന്റ് കുളം, പാറക്കുളം, മൺകുളം തുടങ്ങിയവയിൽ ഗൗരാമികളെ ബ്രീഡ് ചെയ്യാൻ കഴിയും. ഒരാൺമത്സ്യത്തിന് മൂന്നു പെൺമത്സ്യം വരെ ജോടി തിരിച്ചു ഒരു കുളത്തിൽ നിക്ഷേപിക്കാമെങ്കിലും കുളത്തിൽ ആൺമത്സ്യങ്ങളുടെ എണ്ണം കൂടുതലുണ്ടെങ്കിൽ ജോടിയായി മാത്രം അതായത് 1:1 അനുപാതത്തിൽ മാത്രമേ ഇടാവൂ. ജോടികളനുസരിച്ച് കൂടൊരുക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരിക്കണം. കുളത്തിൽ എത്രത്തോളം വെയിൽ പതിക്കുന്നുവോ അത്രത്തോളം കുഞ്ഞുങ്ങളെ ലഭിക്കാനുള്ള സാധ്യതയും കൂടും. സാധാരണ 23–28 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഗൗരാമികൾക്കാവശ്യമുള്ളത്. ഈ താപനിലയിൽ കുഞ്ഞുങ്ങൾക്ക് മികച്ച വളർച്ചയും എണ്ണക്കൂടുതലും കാണാം. അതുകൊണ്ടുതന്നെ വേനൽക്കാലത്താണ് കുഞ്ഞുങ്ങളുടെ എ​ണ്ണം കൂടുതൽ ലഭിക്കുന്നത്. പ്രജനനം ചെയ്യാൻ ഉദ്ദേശിക്കുന്ന കുളങ്ങളിൽ മാതൃശേഖരം അല്ലാതെ മറ്റ് മീനുകൾ പാടില്ല, ഗൗരാമികൾ പോലും. എണ്ണം കൂടിയാൽ ബ്രീഡിങ് കൃത്യമായി നടക്കില്ലെ‌ന്നു മാത്രമല്ല വഴക്കും കൂടുതലായിരിക്കും. പ്രജനനസമയത്ത് ജയന്റ് ഗൗരാമികളുടെ കുഞ്ഞുങ്ങൾ പോലും കുളത്തിൽ ഉണ്ടാവരുത്. കാരണം ഈ കുഞ്ഞുങ്ങൾ മുട്ടകൾ നന്നായി ഭക്ഷിക്കും. നല്ല ശരീരവളർച്ചയുള്ള മത്സ്യങ്ങളെ വേണം പ്രജനനായി തെരഞ്ഞെടുക്കാൻ. ഊർജസ്വലതയുള്ളതും ശരീരം നന്നായി തിളങ്ങുന്നതും ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. നാലു വയസു കഴിഞ്ഞ മത്സ്യങ്ങളെ വേണം പ്രജനനത്തിനായി ഉപയോഗിക്കാൻ. ഈ പ്രായത്തിൽ അവയ്ക്ക് രണ്ടു കിലോഗ്രാമിനു മുകളിൽ തൂക്കമുണ്ടാകും. ഇവയ്ക്ക് സസ്യാഹാരം നൽകുന്നതാണ് നല്ലത്. ചെറിയ അക്വേറിയങ്ങളിൽ ചെറിയ ഇനം മത്സ്യങ്ങളെ അനായാസം ബ്രീഡ് ചെയ്ത് ഏതാണ്ട് മുഴുവൻ കുഞ്ഞുങ്ങളെയും വളർത്തിയെടുക്കാൻ കഴിയും. എന്നാൽ, ജയന്റ് ഗൗരാമികളിൽ കുഞ്ഞുങ്ങളുടെ വളർച്ച ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാം കുഞ്ഞുങ്ങളുടെ എണ്ണത്തെ സ്വാധീനിക്കുന്നതുപോലെ ജലത്തിലെ ചെറു പ്രാണികളും കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതാണ്. തുമ്പിയുടെ ലാർവ, ഒച്ച്, തവള മുതലായ ജലജീവികൾ കുഞ്ഞുങ്ങളെ നശിപ്പിക്കും. ഇവയെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പവുമല്ല.

Giant gourami

കൂട് നിർമിക്കാൻ

സാഹചര്യമൊരുക്കിയാൽ മുട്ടയിടാൻ ജയന്റ് ഗൗരാമികൾ തയാർ ആവും. ഗൗരാമി വർഗത്തിലെ എല്ലാവരും മുട്ടകളിടുന്നവരാണ്. അതും കൂടുകൂട്ടി മുട്ടകളിടുന്നവർ. അക്വേറിയങ്ങളിൽ വളർത്തുന്ന ബ്ലൂഗൗരാമി, പേൾ ഗൗരാമി, മൂൺലൈറ്റ് ഗൗരാമി എന്നുതുടങ്ങി എല്ലാ ചെറിയ ഇനം ഗൗരാമികളും ജലോപരിതലത്തിൽ കുമിളക്കൂടുകൾ നിർമിച്ചാണ് മുട്ടയിടുക. മാത്രമല്ല മുട്ടയിട്ടുകഴിഞ്ഞാൽ അവർ പെൺമത്സ്യങ്ങളെ ആക്രമിക്കാനും കൊന്നുകളയാനും ശ്രമിക്കും. എന്നാൽ, ജയന്റ് ഗൗരാമികൾ അങ്ങനെയല്ല. ജലോപരിതലത്തിന് താഴെയായി പുല്ലും കരിയിലയും നൂലുകളുമെല്ലാം ഉപയോഗിച്ച് വലിയൊരു കൂട് നിർമിച്ചാണ് മുട്ടയിടുന്നത്. ആൺമത്സ്യങ്ങളാണ് കൂട് നിർമിക്കുക. നിർമാണം പൂർത്തിയായാൽ പെൺമത്സ്യത്തെ കൂടിനരികിൽ എത്തിച്ച് ഇണചേരുന്നു. പെൺമത്സ്യം മുട്ടകൾ നിക്ഷിപിച്ചാലുടൻ ആൺമത്സ്യം ബീജവർഷം നടത്തും. കൂടിനുള്ളിലേക്കാണ് ഈ മുട്ടകൾ പ്രവേശിക്കുക. ആദ്യ പ്രജനനമാണെങ്കിൽ മുട്ടകൾ പുറത്തേക്ക് പോകാനാണ് സാധ്യത കൂടുതൽ. മുട്ടകൾ രണ്ടു നിറത്തിൽ കാണാറുണ്ട്. സാധാരണ വൈകുന്നേരങ്ങളിൽ അതായത് 4നും ആറിനും ഇടയിലാണ് പ്രജനനം നടക്കുക. കുളത്തിൽ ശ്രദ്ധിച്ചാൽ കൂടിനു പുറത്തുപോയ മുട്ടകൾ കാണാൻ കഴിയും. ബീജസങ്കലനം നടന്ന മുട്ടകൾ സുതാര്യമായ മഞ്ഞനിറത്തിലും ബീജസങ്കലനം നടക്കാത്ത മുട്ടകൾ കടും മഞ്ഞ നിറത്തിലുമായിരിക്കും കാണപ്പെടുക. സുതാര്യമായ മഞ്ഞ നിറത്തിലുള്ള മുട്ടകൾ ശേഖരിച്ച് അക്വേറിയത്തിലോ മറ്റോ നിക്ഷേപിച്ച് വളർത്തിയെടുക്കാവുന്നതേയുള്ളൂ.

കൂട് നിർമിക്കാൻ സാഹചര്യമൊരുക്കണം.

ഓരോ ജലാശയത്തിലെയും സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. അതനുസരിച്ചുവേണം അവയ്ക്കു കൂടൊരുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിനൽകാൻ. മൺകുളങ്ങളിൽ പുല്ലുകളും മറ്റും ഇറങ്ങിക്കിടക്കുന്നെങ്കിൽ നമുക്ക് പ്രത്യേകിച്ചൊന്നും ഒരുക്കി നൽകേണ്ട ആവശ്യമില്ല. വേണമെങ്കില്‍ ചിത്രത്തില്‍ കാണുന്നതുപോലെ മുക്കാലി നിര്‍മിച്ച് കുളത്തിനു നടുവില്‍ ഇറക്കി വയ്ക്കാം. കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം. എന്നാൽ, പാറക്കുളം (പാറമട), സിമന്റ് കുളങ്ങൾ, പടുതാക്കുളങ്ങൾ എന്നിവയിൽ അവയ്ക്ക് കൂട് ഉറപ്പിക്കാൻ അവസരമില്ല എന്നതിനാൽ അതിനുള്ള മാർഗം നമ്മൾ നൽകണം. ചിലത് പറയാം. പടുത കുളമങ്ങളില്‍ വളരെ കരുതലോടെ മാത്രമേ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയു. അതുകൊണ്ടുതന്നെ കോംഗോസിഗ്നല്‍ പോലുള്ള ചെറു പുല്ലുവര്‍ഗങ്ങള്‍ കുളത്തിനു ചുറ്റും നട്ടുവളര്‍ത്തി കുളത്തിലേക്ക് പടര്‍ത്തിയിറക്കണം. ഗൗരാമികൾക്ക് കൂട് ഉറപ്പിക്കാൻ ഇത് ധാരാളം. വെള്ളത്തിനു പ്ലാസ്റ്റിക് ഭാഗം വെയിലേറ്റു നശിക്കില്ല എന്ന ഗുണവും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ലഭിക്കും. മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യവും ലഭിക്കും. മുക്കാലി വേണമെങ്കിലും ഉപയോഗിക്കാം. കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം. ആഴം കുടിയ പാറമടകളാണെങ്കില്‍ മുക്കാലി പ്രാവര്‍ത്തികമാവില്ല. അതുകൊണ്ടുതന്നെ വശങ്ങളില്‍ ചെറു തുരുത്തുകള്‍ പോലെ പുല്ലു വളര്‍ത്തുകയോ ഫ്രെയിം നിര്‍മിച്ച് വശങ്ങളില്‍ ഉറപ്പിക്കുകയോ ചെയ്യാം. കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം. കുളത്തില്‍ ഒന്നില്‍ കൂടുതല്‍ ആണ്‍മത്സ്യമുണ്ടെങ്കില്‍ ഉറപ്പിച്ചു നൽകുന്ന ഫ്രെയിമുകള്‍ക്കും മുക്കാലികള്‍ക്കും തമ്മില്‍ കുറഞ്ഞത് പത്ത് അടിയെങ്കിലും അകലമുണ്ടായിരിക്കണം.

gourami

മുട്ടയിടുന്നതിനായി കൂടൊരുക്കാനുള്ള സൗകര്യം ചെയ്തുനൽകിയാൽ അധികം വൈകാതെതന്നെ ആൺ–പെൺ ജയന്റ് ഗൗരാമികൾ കൂട് നിർമാണം തുടങ്ങും. ആൺമത്സ്യത്തിനാണ് കൂട് നിർമാണത്തിന്റെ ചുമതല. ഉണങ്ങിയ പുല്ല്, കയർ നൂലുകൾ, ചാക്കിന്റെ നൂലുകൾ തുടങ്ങിയവയെല്ലാം കൂട് നിർമിക്കാൻ ഉപയോഗിക്കും. അനുകൂല സാഹചര്യമാണെങ്കിൽ 4–6 ദിവസത്തിനുള്ളിൽ കൂട് നിർമാണം പൂർത്തിയാക്കി മുട്ടയിടും. വൈകുന്നേരങ്ങളിലാണു മുട്ടയിടുക. മുട്ടയിട്ടുകഴിഞ്ഞാൽ പെൺമത്സ്യമാണ് കൂടിനു സമീപം കാവൽനിൽക്കുക. കൂടിനുള്ളിലിരിക്കുന്ന മുട്ടകളുടെ സമീപത്തെ വള്ളത്തിന് ചലനമുണ്ടാക്കാനായി ചിറകുകൊണ്ട് അടിച്ചുകൊണ്ടിരിക്കും. 24–36 മണിക്കൂർ വേണം മുട്ടകൾ വിരിയാണ്. ഇളം മഞ്ഞനിറത്തിലുള്ള മുട്ടകളുടെ ഒരു വശത്ത് കണ്ണുകളും മറുവശത്ത് നേരിയ വാലും രൂപപ്പെടും. മുട്ടകൾ അക്വേറിയങ്ങളിൽ സംരക്ഷിച്ചാൽ ഈ മാറ്റം അറിയാൻ പറ്റും. സാധാരണ കുളങ്ങളിൽ കുഞ്ഞുങ്ങളെ കാണാൻ മൂന്നാഴ്ചയോളം കാത്തിരിക്കണം. അതുതന്നയാണ് നല്ലതും. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ മൂന്നാഴ്ചയോളം കൂടിനുള്ളിൽത്തന്നെയായിരിക്കും. അതുവരെ മാതാപിതാക്കളുടെ കാവലുണ്ടാകും. മത്സ്യത്തിന്റെ ആകൃതിയായി പുറത്തെത്തുന്ന കുഞ്ഞുങ്ങളെ വൈകുന്നേരങ്ങളിൽ കുളത്തിന്റെ വശങ്ങൾ പരിശോധിച്ചാൽ കാണാൻ കഴിയും. കുളത്തിൽ ലഭ്യമാകുന്ന ആൽഗകളാണ് ഗൗരാമിക്കുഞ്ഞുങ്ങളുടെ ആദ്യ ഭക്ഷണം. അതുകൊണ്ടുതന്നെ ആൽഗവളർച്ച കൂട്ടാൻ പച്ചച്ചാണകമോ ആട്ടിൻ കാഷ്ഠമോ കുളത്തിൽ അങ്ങിങ്ങായി ഇട്ടുനൽകാം. ചാണകം കലക്കേണ്ടതില്ല. 30 ദിവസം പ്രായമാകുമ്പോഴാണ് ഗൗരാമി മത്സ്യങ്ങളുടെ രൂപത്തിലേക്ക് കുഞ്ഞുങ്ങളെത്തുക. അതുവരെ ഗപ്പിക്കുഞ്ഞുങ്ങളുടെ രൂപമായിരിക്കും അവയ്ക്ക്. 30–40 ദിവസത്തിനിടയിലാണ് അന്തരീക്ഷത്തിൽനിന്നു നേരിട്ടു ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം കുഞ്ഞുങ്ങളുടെ തലയ്ക്കുള്ളിൽ രൂപപ്പെടുക. വെള്ളത്തിന് അത്യാവശ്യം ചൂടുണ്ടെങ്കിൽ മാത്രമേ ഈ ശ്വസനാവയവം രൂപപ്പെടൂ. അതിനാലാണ് തുറസായ സ്ഥലങ്ങളിൽ പ്രജനനക്കുളമൊരുക്കണമെന്ന് പറയുന്നത്. ശ്വസനാവയവം രൂപപ്പെട്ടില്ലെങ്കിൽ പിന്നീട് കുഞ്ഞുങ്ങൾ ചത്തുപോകും. ഏകദേശം 4–5 മാസംകൊണ്ടാണ് കുഞ്ഞുങ്ങൾ വിൽക്കാനുള്ള പ്രായത്തിലെത്തുക. 1.5–2 ഇഞ്ച് വലുപ്പത്തിലാണ് മിക്ക ബ്രീഡർമാരും കുഞ്ഞുങ്ങളെ വിൽക്കുക. മറ്റു മത്സ്യങ്ങൾ അതിവേഗം വളരുന്നതുപോലെ ഗൗരാമിക്കുഞ്ഞുങ്ങൾ വളരില്ല. ആദ്യത്തെ രണ്ടു വർഷത്തോളം കാര്യമായ വളർച്ച പ്രതീക്ഷിക്കണ്ട. വളർച്ചയ്ക്കായി കൂടിയ തോതിൽ പ്രോട്ടീൻ കൂടുതൽ അടങ്ങിയ പെല്ലറ്റ് തീറ്റകൾ നൽകിയാലും കാര്യമായ വളർച്ച കിട്ടില്ല. ആദ്യത്തെ അഞ്ചു മാസം വരെ പെല്ലറ്റ് തീറ്റകൾ കൊടുത്തശേഷം പിന്നീട് ഇലകളിലേക്ക് തിരിയുന്നതാണ് നല്ലത്. ഡക്ക് വീഡ്, അസോള തുടങ്ങിയവ ആദ്യം നൽകാം. രണ്ടിഞ്ച് വലുപ്പമായ കുഞ്ഞുങ്ങൾ ചേമ്പില നന്നായി കഴിക്കും.

ആണ്‍ ഗൗരാമി

  1. നെറ്റിയിലെ മുഴയ്ക്ക് വലുപ്പക്കൂടുതല്‍.
  2. തടിച്ച് മുമ്പോട്ടുന്തിയ കീഴ്ത്താടി.
  3. ചിറകുകളുടെ ചുവട്ടില്‍ വെള്ള നിറം.

പെണ്‍ ഗൗരാമി

  1. നെറ്റിയിലെ മുഴയ്ക്ക് കാര്യമായ വലുപ്പമില്ല.
  2. ഉരുണ്ട മുഖം.
  3. ചിറകുകളുടെ ചുവട്ടില്‍ കറുപ്പ് നിറം.

Vivekanandan fish farm

Phone - 9744282717

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാൻ കാർഡ് എടുക്കാൻ മടിക്കല്ലേ. സർക്കാർ കർഷകർക്കു തന്ന അവകാശം. പാഴാക്കരുത് ഈ സുവർണാവസരം


English Summary: Giant gourami breeding and techniques for fast growth

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox