1. Livestock & Aqua

അറിഞ്ഞിരിക്കാംകോഴിയുടെ ജനുസ്സുകള്‍; മുട്ടയ്ക്കും ഇറച്ചിക്കും

കോഴി കൃഷി ഇന്ന് മറ്റ് ഏതൊരു കൃഷിയും പോലെ ആദായകരമാണ് ' കോഴിവളര്ത്തലിനേക്കുറിച്ച് ആലോചിക്കുമ്പോള് കടന്നുവരുന്ന ഒരു പ്രധാന കാര്യമാണ് ഏതിനം കോഴികളെ വളര്ത്തണം എന്നത്. വളരെയധികം ജനുസ്സുകളും സങ്കരങ്ങളും ഉണ്ടാവുമ്പോള് നമുക്ക് ചേര്ന്നത് ഏത് എന്ന ചിന്ത സ്വാഭാവികം തന്നെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ജനുസ് കോഴികളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയില് പലതും ഇന്ത്യയില് വളര്ത്തുന്നുമുണ്ട്.

K B Bainda

കോഴി കൃഷി ഇന്ന് മറ്റ് ഏതൊരു കൃഷിയും പോലെ ആദായകരമാണ് ' കോഴിവളര്‍ത്തലിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ കടന്നുവരുന്ന ഒരു പ്രധാന കാര്യമാണ് ഏതിനം കോഴികളെ വളര്‍ത്തണം എന്നത്. വളരെയധികം ജനുസ്സുകളും സങ്കരങ്ങളും ഉണ്ടാവുമ്പോള്‍ നമുക്ക് ചേര്‍ന്നത് ഏത് എന്ന ചിന്ത സ്വാഭാവികം തന്നെ.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അനേകം ജനുസ് കോഴികളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയില്‍ പലതും ഇന്ത്യയില്‍ വളര്‍ത്തുന്നുമുണ്ട്. കൂടാതെ ഇന്ത്യയിലും ചില ശുദ്ധ ജനുസ്സുകള്‍ കാണപ്പെടുന്നു. ഇങ്ങനെ മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വളര്‍ത്തുന്ന കോഴികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതുകൂടാതെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുവാന്‍ യോജിച്ച സങ്കര ഇനങ്ങളും ലഭിക്കുന്നുണ്ട്.

കോഴികളെ അവയുടെ ഉത്ഭവസ്ഥാനമനുസരിച്ച് ഏഷ്യന്‍, മെഡിറ്ററെനിയന്‍, അമേരിക്കന്‍, ഇംഗ്ലീഷ് എന്നിങ്ങനെ തരംതിരിച്ച് പറയുന്നു. ഈ വര്‍ഗ്ഗങ്ങള്‍ക്ക് അവയുടേതായ പ്രത്യേകതകളുമുണ്ട്. ശുദ്ധ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കാന്‍ വളരെയധികം താല്‍പ്പര്യം കാണിച്ചിരുന്ന 1930-40 കാലഘട്ടത്തിലാണ് ഇവയില്‍ പലതും പ്രത്യക്ഷപ്പെട്ടത്. ഭംഗിക്കുവേണ്ടിയായിരുന്നു ഈ കാലത്ത് കോഴികളെ കൂടുതലായും വളര്‍ത്തിയിരുന്നത്. ഇന്നും അത് തുടരുന്നുണ്ടെങ്കിലും മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വെവ്വേറെ കോഴികളെ വികസിപ്പിച്ച് എടുത്തപ്പോള്‍ ശുദ്ധജനുസ്സ് സങ്കല്‍പ്പങ്ങള്‍ മാറിമറിയുകയായിരുന്നു.

ഏഷ്യന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ജനുസുകളാണ് കൊച്ചിന്‍, ബ്രഹ്മ, ലാങ്ങ്ഷാന്‍, എന്നിവ. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ ഉരുത്തിരിഞ്ഞ ഈ ജനുസ്സുകള്‍ക്ക് നല്ല ശരീരഭാരവും തൂവലുകള്‍ പൊതിഞ്ഞ കാലുകളും കാണപ്പെടുന്നു. കാഴ്ചയ്ക്ക് ഭംഗിയുള്ള ഇവ കൂടുതലായും ഓമനപക്ഷിയായി വളര്‍ത്തുന്നു. ഇവയുടെ മുട്ടയുത്പാദനം വളരെ കുറവാണ്.

മെഡിറ്ററെനിയന്‍ കടലിന്‍റെ തീരപ്രദേശങ്ങളില്‍ ഉത്ഭവിച്ചിട്ടുള്ള കോഴിവര്‍ഗ്ഗങ്ങള്‍ പൊതുവേ കുറഞ്ഞ ശരീരഭാരവും കൂടുതല്‍ മുട്ടയിടുവാനുള്ള കഴിവും ഉള്ളവരാണ്. ഇവയ്ക്ക് തീറ്റയുടെ ആവശ്യകത കുറവാണ്.

ഈ വര്‍ഗ്ഗത്തില്‍പ്പെട്ട കോഴികള്‍ മാത്രമാണ് വെളുത്ത മുട്ടകള്‍ ഇടുന്നത്. മുട്ടയിടീലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലഗോണ്‍ ജനുസ്സും മൈനോര്‍ക്കാ, അങ്കോണ എന്നീ ജനുസ്സുകളും ഈ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ്. വൈറ്റ് ലഗോണ്‍ കോഴികളെ അവയുടെ സങ്കരങ്ങളോ ആണ് ഇന്ന് ലഭിക്കുന്ന മുട്ടക്കോഴികള്‍ എല്ലാംതന്നെ. ബ്ലാക്ക് മൈനോര്‍ക്കാ കോഴികള്‍ ഒരു കാലത്ത് ഇന്ത്യയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വളരെക്കുറച്ചു മാത്രമേ കാണപ്പെടുന്നുള്ളൂ.Black Minorca chickens were once popular in India but are now found very few.

പൊതുവേ ശരീരഭാരം കൂടുതലുള്ളവയാണ് അമേരിക്കന്‍ കോഴികള്‍. വെള്ളത്തൂവലുകള്‍ ഉള്ള വൈറ്റ് പ്ലിമത്ത് റോക്ക് ആണ് ഈ വര്‍ഗ്ഗത്തില്‍ കണ്ടുവരുന്ന ഒരു ജനുസ്സ്. നല്ല ശരീരഭാരമുള്ള ഇവയെ പ്രധാനമായും ഇറച്ചിക്ക് വേണ്ടിയാണ് വളര്‍ത്തുന്നത്. ആകര്‍ഷകമായ സ്വര്‍ണനിറം കലര്‍ന്ന മഞ്ഞനിറമുള്ള ന്യൂഹാംഷെയര്‍ കോഴികള്‍ മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വളര്‍ത്താന്‍ യോജിച്ചതാണ്. ശരീരത്തിന് ഇരുണ്ട ചുവപ്പ്നിറവും ചിറകിനും വാലിനും കറുപ്പ് നിറവുമുള്ള റോഡ്‌ ഐലന്റ് റെഡ് ജനുസ്സ് ഇവിടെ വളരെക്കാലമായി പ്രചാരത്തിലുള്ളതാണ്. ഇവയ്ക്ക് മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വളര്‍ത്താം.

ഇംഗ്ലീഷ് വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് ആസ്ട്രലോര്‍പ്, കോര്‍ണിഷ് എന്നീ ജനുസ്സുകള്‍. ശരീരമാസകലം കറുത്ത തൂവലുകള്‍ ഉള്ള ആസ്ട്രലോര്‍പ് കോഴികള്‍ നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങി പോകുന്നവയാണ്. മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വളര്‍ത്താന്‍ യോജിച്ചവയുമാണ്. ആകര്‍ഷകമായ ചുവപ്പ് തൂവലുകള്‍ ഉള്ള റെഡ് കോഴികള്‍ നല്ല ശരീരഭാരം വയ്ക്കുന്നത്കൊണ്ട്  ഇറച്ചിക്കോഴിക്കായി വളര്‍ത്തപ്പെടുന്നു. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട സസക്സ് എന്ന ജനുസ്സ് അധികം പ്രചാരത്തിലില്ല.

ഇന്ത്യൻ ജനുസ്

ഇന്ത്യയിലും ചില ശുദ്ധ ജനുസ്സുകള്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. അസീല്‍ എന്ന ഇനത്തിന് നല്ല ശരീരവടിവും കാലുകള്‍ക്ക് കൂടുതല്‍ നീളവും ഉണ്ട്. ഇവയെ പോരുകോഴികളായി ഉപയോഗിച്ചിരുന്നു. ഓമനപക്ഷിയായും അസീല്‍ കോഴികളെ വളര്‍ത്തുന്നുണ്ട്. ശരീരഭാഗങ്ങളിലെല്ലാം കറുപ്പ് നിറമുള്ള ഒരു ജനുസ്സാണ് കടക്നാധ്. ഇവ കരിങ്കോഴികള്‍ എന്നും അറിയപ്പെടുന്നു. ത്വക്കിലും മാംസപേശികളിലും മെലാനിന്‍ എന്ന പദാര്‍ത്ഥം നിക്ഷേപിക്കപ്പെടുന്നതുകൊണ്ടാണ് കറുപ്പുനിറം കാണുന്നത്. കഴുത്തില്‍ തൂവലുകള്‍ ഇല്ലാത്ത ഇനം കോഴികളും കേരളത്തിലുണ്ട്. ഇവ ഉഷ്ണരാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് കൂടുതല്‍ അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതുവേ നാടന്‍ കോഴികള്‍ എന്ന് വിളിക്കപ്പെടുന്ന നമ്മുടെ നാട്ടിലെ കോഴികള്‍ ഈ കാലാവസ്ഥയുമായി കൂടുതല്‍ പൊരുത്തപ്പെട്ടതും രോഗപ്രതിരോധശക്തി കൂടുതലുള്ളവയുമാണ്.

വ്യാവസായികാടിസ്ഥാനത്തില്‍ കോഴികളെ വളര്‍ത്തുമ്പോള്‍ അവയുടെ ഉത്പാദനത്തിനുള്ള കഴിവുകളാണ് മാനദണ്ഡമാക്കുന്നത്. ഇവിടെ ജനുസ്സിന് വലിയ പ്രസക്തിയില്ല.On the industrial scale, the chickens are reared for their breeding capabilities. The genus has no relevance here കൂടുതല്‍ ഉത്പാദനം തരാന്‍ കഴിവുള്ള ഇനങ്ങളെ കൂട്ടിച്ചേര്‍ത്ത് സങ്കര ഇനങ്ങളായി മാറ്റുകയാണ് ചെയ്തുവരുന്നത്. മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്ന കോഴികളില്‍ മുട്ടയുടെ എണ്ണം മാത്രമല്ല, അവയുടെ വലിപ്പം, തീറ്റയുടെ അളവ്, തീറ്റ പരിവര്‍ത്തനശേഷി, ജീവനക്ഷമത എന്നീ കഴിവുകളും പ്രാധാന്യമര്‍ഹിക്കുന്നു.

ഇറച്ചിക്കോഴികള്‍ക്കാകട്ടെ കൂടുതല്‍ ശരീരഭാരം, തീറ്റ പരിവര്‍ത്തന ശേഷി, ജീവനക്ഷമത ഇവ പ്രാധാന്യമര്‍ഹിക്കുന്നു. ഇവയെല്ലാം ഒരു ജനുസ്സില്‍ കാണപ്പെടുന്നില്ല എന്നതിനാല്‍ സങ്കരവര്‍ഗ്ഗങ്ങളായിട്ടാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ഉപയോഗിക്കുന്ന ജനുസ്സുകള്‍ അനുസരിച്ച് വെള്ളയും നിറമുള്ളതുമായ കോഴികള്‍ ലഭിക്കുന്നു.

കേരളത്തില്‍ പല വീടുകളിലും വളര്‍ത്തുന്ന ഒരിനമാണ്‌ ‘ഗിരിരാജ’ എന്നറിയപ്പെടുന്ന ബഹുവര്‍ണ്ണത്തിലുള്ള കോഴികള്‍. ഇവയെ കാണാന്‍ ഭംഗിയുണ്ടെങ്കിലും മുട്ടയുത്പാദനം കുറവാണ്. ശരീരഭാരം കൂടുതലുള്ളതിനാല്‍ തീറ്റയും കൂടുതല്‍ ആവശ്യമാണ്‌. അതിനാല്‍ മുട്ടയുത്പാദനം ആണ് ലക്ഷ്യമെങ്കിലും ഗിരിരാജ കോഴികള്‍ യോജിച്ചതല്ല.

തൂവലുകളുടെ പ്രത്യേകതകൊണ്ട് ഭംഗിയുള്ളവരാണ് സില്‍ക്കി കോഴികള്‍. ശരീരം പഞ്ഞികൊണ്ട് പൊതിഞ്ഞ പ്രതീതിയുള്ള ഇവയെ ഓമനപക്ഷിയായിട്ട് വളര്‍ത്താം.

അടുക്കളമുറ്റരീതിയില്‍ വളര്‍ത്തുവാന്‍ ഏറ്റവും യോജിച്ചവയാണ് നമ്മുടെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ഏറ്റവും ഇണങ്ങിയിട്ടുള്ള നാടന്‍കോഴികള്‍. പക്ഷെ അവയ്ക്ക് ഉത്പാദനശേഷി കുറവാണ്. അതുകൊണ്ട് സങ്കര ഇനങ്ങളെ ഈ മേഖലയിലേക്ക് ഉപയോഗിക്കാവുന്നതാണ്. ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, എന്നീ ഇനങ്ങള്‍ ഈ രീതിക്ക് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയിലും മൃഗസംരക്ഷണ വകുപ്പിന്‍റെ ഫാമുകളിലും ഇവയെ ഉത്പാദിപ്പിക്കുന്നുണ്ട്.

അനേകം സ്വകാര്യ കമ്പനികള്‍ പല ഇനം കോഴികളെ ഇറച്ചിക്കായും മുട്ടയ്ക്കായും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ ഓരോ ബ്രാന്റ് പേരുകളില്‍ അറിയപ്പെടുന്നു. അവരവരുടെ കോഴികള്‍ ഏറ്റവും നല്ലതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. ഇങ്ങനെയുള്ളപ്പോള്‍ ഏത് വാങ്ങണം എന്ന ആശയക്കുഴപ്പം ഉണ്ടാവാം.ഇവിടെയാണ്‌ റാന്‍ഡാം സാമ്പിള്‍ ടെസ്റ്റിന്‍റെ പ്രസക്തി. പലയിനം കുഞ്ഞുങ്ങളെ ഒരേ സ്ഥലത്ത് വളര്‍ത്തി താരതമ്യപഠനം നടത്തി അതിന്‍റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. തെക്കേ ഇന്ത്യയില്‍ ബെംഗളൂരുവിനടുത്ത് ഹസര്‍ഗട്ടയാണ് ഇതില്‍ ഒരു കേന്ദ്രം. മുട്ടക്കോഴിക്കും ഇറച്ചിക്കോഴിക്കും വെവ്വേറെ പഠനങ്ങള്‍ നടത്തുന്നുണ്ട്.

നമ്മുടെ വീടുകളില്‍ അടുക്കളമുറ്റരീതിയില്‍ കോഴികളെ വളര്‍ത്തുമ്പോള്‍ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ യോജിച്ചവയല്ല. അവയ്ക്കാവശ്യമായ പരിചരണവും തീറ്റയും ശ്രദ്ധയും നല്‍കാന്‍ സാധിക്കാതെ വരുമ്പോള്‍ ഉത്പാദനവും മോശമായിരിക്കും. വിദേശ ജനുസ്സുകള്‍ക്ക് അടയിരിക്കുന്ന സ്വഭാവവും നഷ്ടപ്പെട്ടിരിക്കുന്നു. അടയിരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള കഴിവ് നമ്മുടെ നാടന്‍ കോഴികള്‍ക്ക് ഇപ്പോഴുമുണ്ട്. അതുകൊണ്ട് ഇവയെ പൂര്‍ണ്ണമായും ഉപേക്ഷിക്കാതെയുള്ള വളര്‍ത്തുരീതിയായിരിക്കും കേരളത്തിന് യോജിച്ചത്.

കോഴികളെ ആദായകരമായി വളര്‍ത്താന്‍ കേജ് സമ്പ്രദായം

നമുക്ക് സുപരിചിതമായ അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍, ലീപ്പ് ലിറ്റര്‍ എന്നീ സമ്പ്രദായങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ്‌ കേജുകളിലെ കോഴിവളര്‍ത്തല്‍. കേജ് എന്ന നാമം സൂചിപ്പിക്കുന്നത് പോലെ കമ്പികള്‍ കൊണ്ടുണ്ടാക്കിയ കൂടുകളില്‍ കോഴികളെ വളര്‍ത്തുന്നത് കൊണ്ടാണ് കേജ് സമ്പ്രദായം എന്ന പേര് ലഭിച്ചത്.

1950-)0 ആണ്ടില്‍ അമേരിക്കയില്‍ രൂപംകൊണ്ട കേജ് സമ്പ്രദായം ഇന്ന് ലോകത്തിലെ മിക്ക രാഷ്ട്രങ്ങളിലും വളരെയേറെ പ്രചാരം നേടിയ ഒരു പ്രധാന കോഴിവളര്‍ത്തല്‍ രീതിയായി മാറിയിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ വളര്‍ത്തുന്ന കോഴികളില്‍ 90 ശതമാനവും കേജ് രീതിയില്‍ വളര്‍ത്തപ്പെടുന്നു എന്ന വസ്തുത തന്നെ ഈ സമ്പ്രദായത്തിന്‍റെ മേന്മയെ കാണിക്കുന്നു.

ഏത് പ്രായത്തിലുള്ള കോഴികളെ വളര്‍ത്താനും കേജ് സമ്പ്രദായം അനുയോജ്യമാണ്. എന്നാല്‍ പ്രായാനുസൃതമായ കേജുകള്‍ വേണമെന്ന് മാത്രം. അതുപോലെതന്നെ ഏത് കാലാവസ്ഥയിലും കേജ് രീതി അവലംബിക്കാവുന്നതാണ്. കേജുകള്‍ ഘടിപ്പിക്കാന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ കിടപ്പ്, അതിന്‍റെ തരം, പൊക്കം, കെട്ടിടത്തിന്‍റെ വശങ്ങളിലെ ഉയരം എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

കോഴിക്കുഞ്ഞുങ്ങളെ കേജ് സമ്പ്രദായത്തില്‍ വളര്‍ത്താന്‍ ബാറ്ററി ബ്രൂഡറാണ് ഉപയോഗിക്കുന്നത്. ഒരു ദിവസം പ്രായമുള്ളപ്പോള്‍ത്തന്നെ കുഞ്ഞുങ്ങളെ ബാറ്ററി ബ്രൂഡറില്‍ ഇട്ടു വളര്‍ത്താം. അവയ്ക്ക് ആവശ്യമായ അധിക ചൂടിനു വേണ്ടി ഇലക്ട്രിക് ബള്‍ബ് ബാറ്ററി ബ്രൂഡറിനുള്ളില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് പ്രചാരത്തിലില്ല എന്നുതന്നെ പറയാം. ഇറച്ചിക്കോഴികളെയും കേജ് രീതിയില്‍ വളര്‍ത്താന്‍ സാധിക്കുന്നതാണ്. ത്വരിത വളര്‍ച്ചയ്ക്കനുയോജ്യമായി കൂടുതല്‍ സ്ഥലം നല്‍കിക്കൊണ്ടുള്ള കേജുകള്‍ ഇന്ന് സുലഭമാണ്. എന്നാല്‍ ഈ രീതിയില്‍ വളര്‍ത്തുമ്പോള്‍ കോഴികളുടെ നെഞ്ചുഭാഗം കേജിന്‍റെ അടിത്തട്ടില്‍ ഇടയ്ക്കിടെ ഉരസുന്നതുവഴി നെഞ്ചില്‍ ഒരു അടയാളം അഥവാ പാട് (ബ്രെസ്റ്റ് ബ്ലിസ്റ്റെര്‍) ഉണ്ടാവുകയും തന്മൂലം വില്‍പ്പനപ്രായത്തില്‍ കോഴികളുടെ മേന്മ കുറയുകയും ചെയ്യുന്നു. അതിനാല്‍ സാധാരണയായി ഇറച്ചിക്കോഴികളെ കേജ് സമ്പ്രദായത്തില്‍ വളര്‍ത്താറില്ല.

ഇന്ത്യയില്‍ മുട്ടക്കോഴികളെയാണ് പ്രധാനമായും കേജ് രീതിയില്‍ വളര്‍ത്തിവരുന്നത്. കേജ് രീതിയില്‍ ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ കോഴികളെ വളര്‍ത്താന്‍ സാധിക്കുന്നു. മാത്രമല്ല, ഒരു കേജിന് മുകളില്‍ മറ്റൊരു കേജ് വരത്തക്കവണ്ണവും, കോണിപ്പടിപോലെ 3 നിരകളോ അതില്‍ കൂടുതലോ ആയും കേജുകള്‍ ഘടിപ്പിക്കാവുന്നതാണ്. ഇങ്ങനെ കുറച്ചുസ്ഥലത്തുതന്നെ ഡീപ്പ് ലിറ്ററിനെ അപേക്ഷിച്ച് കൂടുതല്‍ കോഴികളെ വളര്‍ത്താം.

ശാസ്ത്രീയരീതിയില്‍ കേജ് സമ്പ്രദായം

കൂടിയ ഉത്പാദനക്ഷമത, മെച്ചപ്പെട്ട തീറ്റ പരിവര്‍ത്തനശേഷി, ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ കോഴികളെ വളര്‍ത്തുവാനുള്ള സൗകര്യം എന്നീ പ്രധാന പ്രയോജനങ്ങള്‍ മൂലമാണ് മുട്ടക്കോഴി വളര്‍ത്തല്‍ 90 ശതമാനവും കേജ് സമ്പ്രദായത്തില്‍ ചെയ്യുന്നത്. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ വളര്‍ച്ചയെത്തിയ ഒരു കോഴിക്ക് 2 മുതല്‍ രണ്ടര ചതുരശ്ര അടി സ്ഥലം ആവശ്യമാണെന്നിരിക്കേ കേജ് സമ്പ്രദായത്തില്‍ 0.7 ചതുരശ്ര അടി സ്ഥലം മാത്രം മതി. കേജ് രീതിയില്‍ വളര്‍ത്തുമ്പോള്‍ രോഗം പകരുവാനുള്ള സാധ്യത, വിര ബാധയ്ക്കുള്ള സാധ്യത, രക്താതിസാരം (കോക് സീഡിയോസിസ്) വരാനുള്ള സാധ്യത എന്നിവ കുറവായിരിക്കും. ശുചിയായ രീതിയില്‍ മുട്ടയുത്പാദനം സാധിക്കുകയും ഓരോ കോഴിയുടെയും ഉത്പാദനം എളുപ്പത്തില്‍ അറിയാനും സാധിക്കും. ഇതിന്‍റെ പ്രധാന ദൂഷ്യവശം കൂടിയ മുതല്‍മുടക്കാണ്. എന്നാല്‍ ദീര്‍ഘകാല സേവനം, മുന്തിയ ഉത്പാദനക്ഷമത, കൂടിയ കോഴികളെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം, തന്നിമിത്തം ഉണ്ടാകുന്ന അധികം വരുമാനം എന്നിവ കണക്കിലെടുക്കുമ്പോള്‍ കേജ് സമ്പ്രദായമാണ് മെച്ചപ്പെട്ടത്.

മുട്ടയിടുന്ന പ്രായം വരെ കോഴിക്കുഞ്ഞുങ്ങളെ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും, 16 ആഴ്ചയ്ക്ക് ശേഷം കേജ് സമ്പ്രദായത്തിലും വളര്‍ത്താം.

ബ്രൂഡര്‍ കേജ് ഹൗസ്

ബ്രൂഡര്‍ കേജ് ഹൗസില്‍ കാലിഫോര്‍ണിയ കേജ് ബോക്സുകളുടെ വിസ്തീര്‍ണ്ണം 18 ഇഞ്ച്‌ വീതി, 18 ഇഞ്ച് നീളം, 14 ഇഞ്ച് ഉയരവുമാണ്‌. ആദ്യത്തെ 3 ആഴ്ച്ച ഓരോ ബോക്സിലും 36 കുഞ്ഞുങ്ങളെ വരെ ബ്രൂഡ് ചെയ്യാം. അങ്ങനെയാകുമ്പോള്‍ ബ്രൂഡര്‍ ഷെഡിന്‍റെ പകുതിമാത്രം ബ്രൂഡിംഗിനു വേണ്ടി ഉപയോഗിച്ചാല്‍ മതി. അങ്ങനെ ചൂടിനുവേണ്ട ചെലവ് പകുതി ആക്കാം. കുഞ്ഞുങ്ങള്‍ക്ക് ചൂടിനുവേണ്ടി ഓരോ ബോക്സിലും 40 വാട്സിന്‍റെ ബള്‍ബ്‌ ഇടുകയോ ഷെഡിനകത്ത് മഞ്ചട്ടിയില്‍ കല്‍ക്കരിക്കനല്‍ കൊണ്ടുള്ള ചൂട് കൊടുക്കുകയോ ചെയ്യാം. ഈ കാലയളവില്‍ ഷെഡിനുള്ളില്‍ ചൂട് നിലനിര്‍ത്തുവാന്‍ വേണ്ടി ഷെഡിന്‍റെ വശങ്ങളില്‍ സ്ക്രീന്‍ താഴ്ത്തി അടയ്ക്കണം. ഇടയ്ക്കിടെ വായുസഞ്ചാരത്തിനുവേണ്ടി സ്ക്രീന്‍ ഉയര്‍ത്തുകയും വേണം. മൂന്ന് ആഴ്ചയ്ക്ക് ശേഷം ഓരോ ബോക്സിലും 18 കുഞ്ഞുങ്ങള്‍ എന്ന നിരക്കില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടതാണ്. ബ്രൂഡിംഗിനു വേണ്ടി രണ്ടു തട്ടുള്ള കാലിഫോര്‍ണിയന്‍ കേജുകളാണ് അനുയോജ്യം. ബ്രൂഡിംഗ് കേജുകളില്‍ അടിവശത്ത് ഉപയോഗിക്കുന്ന വലയുടെ കണ്ണിയകലം ½ ഇഞ്ച്‌ ½ ഇഞ്ച്‌ വലിപ്പമുള്ളവയും വശങ്ങളിലും മുകളിലും ഉപയോഗിക്കുന്ന വലയുടെ കണ്ണിയകലം 1 ഇഞ്ച്‌ 1 ½ ഇഞ്ച്‌ വലിപ്പമുള്ളവയും ആയിരിക്കണം. ഓരോ കൂട്ടിലും 2 നിപ്പിള്‍ ഡ്രിങ്കര്‍ എന്ന തോതില്‍ ഘടിപ്പിക്കണം. ഡ്രിങ്കറുകള്‍ പ്രായമനുസരിച്ച് താഴ്ത്തുന്നതിനും ഉയര്‍ത്തുന്നതിനും പറ്റുന്ന രീതിയിലാവണം ഘടിപ്പിക്കേണ്ടത്.

ഗ്രോവര്‍ കേജ് ഹൗസ്

എട്ട് ആഴ്ച്ച പ്രായമുള്ള കുഞ്ഞുങ്ങളെ R2B വാക്സിന്‍ നല്‍കിയതിനുശേഷം ഗ്രോവര്‍ ഷെഡിലേക്ക് മാറ്റേണ്ടതാണ്. ഗ്രോവര്‍ ഷെഡില്‍ മൂന്നുതട്ടുള്ള കാലിഫോര്‍ണിയന്‍ കേജ് ഉപയോഗിക്കാവുന്നതാണ്. കേജിന്‍റെ ഓരോ ബോക്സിനും 19 ഇഞ്ച്‌ വീതിയും 15 ഇഞ്ച്‌ നീളവും 17 ഇഞ്ച്‌ ഉയരവും ഉണ്ടായിരിക്കണം. കേജുകളില്‍ അടിവശത്ത് ഉപയോഗിക്കുന്ന വലയുടെ കണ്ണിയകലം 11½ ഇഞ്ച്‌ വലിപ്പമുള്ളവയും വശങ്ങളിലും മുകളിലും ഉപയോഗിക്കുന്ന വലയുടെ കണ്ണിയകലം 23 ഇഞ്ചോ അതില്‍ കൂടുതലോ വലിപ്പമുള്ളവയും ആയിരിക്കണം. ഓരോ ബോക്സിലും 5 മുതല്‍ 6 വരെ കുഞ്ഞുങ്ങളെ പാര്‍പ്പിക്കാവുന്നതാണ്. ഓരോ കൂട്ടിലും വെള്ളത്തിനുവേണ്ടി ഒരു നിപ്പിള്‍ മതിയാകും. ഗ്രോവര്‍ ഹൗസില്‍ കൃത്രിമ ചൂടോ വെളിച്ചമോ കൊടുക്കാന്‍ പാടില്ല.

ലെയര്‍ കേജ് ഹൗസ്

കോഴി വളര്‍ത്തല്‍ മേഖലയില്‍ നിലവില്‍ കണ്ടുവരുന്ന രീതി 1+1+5 ആണ്. അതിന്‍റെ അര്‍ഥം 1 ബ്രൂഡര്‍ ഹൗസും 1 ഗ്രോവര്‍ ഹൗസും ഉണ്ടെങ്കില്‍ അതിന്‍റെതന്നെ കപ്പാസിറ്റിയുള്ള 5 ലെയര്‍ ഹൗസും വേണ്ടതാണ്.ലെയര്‍ കേജിന്‍റെ ഓരോ ബോക്സിന്‍റെയും അളവ് 18 ഇഞ്ച്‌ വീതിയും 15 ഇഞ്ച്‌ നീളവും പിന്‍വശം 15 ഇഞ്ച്‌ ഉയരവും മുന്‍വശം 17 ഇഞ്ച്‌ ഉയരവുമാകേണ്ടതാണ്. ഇത്തരത്തിലുള്ള കൂടിന്‍റെ അടിവശത്തിലെ കമ്പിവല മുന്‍വശത്തേക്കുള്ള ചെരിവോടുകൂടി കേജില്‍ നിന്ന് ആറിഞ്ച് തള്ളി നില്‍ക്കുന്ന രീതിയിലും അഗ്രഭാഗം മുകളിലേക്ക് 2 ഇഞ്ച്‌ വളഞ്ഞ രീതിയിലുമായിരിക്കണം. ഉയരത്തിന്‍റെ കാര്യത്തില്‍ 2 വിഭിന്ന അളവുകള്‍ പ്രതിപാദിച്ചത് കോഴി ഇടുന്ന മുട്ട ഉരുണ്ട് മുന്നിലേക്ക് വരുന്നതിനും തന്മൂലം ശേഖരിക്കാന്‍ എളുപ്പമാകുന്നതിനുമാണ്. കേജുകള്‍ നല്ല ഉറപ്പുള്ള ഒമ്പതോ പത്തോ ഗേജ് വണ്ണമുള്ള വെല്‍ഡട്മെഷ് കൊണ്ട് നിര്‍മിക്കണം. കേജിന്‍റെ വശങ്ങളില്‍ ഉപയോഗിക്കുന്ന കമ്പിവലയുടെ കണ്ണിയകലം 23 ഇഞ്ച്‌ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആകാം. അടിവശത്തുള്ള വലയുടെ കണ്ണിയകലം 12 ഇഞ്ച്‌ വലിപ്പമുള്ളതായിരിക്കണം. കേജിന്‍റെ മുന്‍വശത്ത് കേജിനോട് ചേര്‍ത്ത് 9 ഇഞ്ച്‌ ഉയരവും 6 ഇഞ്ച്‌ വീതിയുമുള്ള വാതില്‍ ഘടിപ്പിക്കാവുന്നതാണ്. ഓരോ ബോക്സിലും 4 മുട്ടക്കോഴികളെ വീതം ഇടാവുന്നതാണ്.കാലിഫോര്‍ണിയന്‍ കേജിന്‍റെ ആദ്യത്തെ തട്ട് തറനിരപ്പില്‍ നിന്നും ഒരടി ഉയരത്തിലായിരിക്കണം.ഓരോ കേജ് വരിയിലും പാത്തി രൂപത്തിലുള്ള തീറ്റപ്പാത്രം കേജിന്‍റെ മുന്‍വശത്തുള്ള കമ്പിവലയില്‍ ഘടിപ്പിക്കണം. വെള്ളം കൊടുക്കുന്നതിനായി നിപ്പിള്‍ ഡ്രിങ്കര്‍ ഘടിപ്പിച്ച പി.വി.സി. പൈപ്പ് കേജിന്‍റെ തൊട്ടുമുകളിലായി ഘടിപ്പിക്കണം.

കോഴികള്‍ക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കുന്നതിന് സ്വയമേവ പ്രവര്‍ത്തിക്കുന്ന ജലസംവിധാനം അടുത്ത കാലത്തായി കേജുകളില്‍ ഘടിപ്പിച്ചുവരുന്നു. വെള്ളത്തിന്‍റെ ഒരു പൈപ്പ് കേജിന്‍റെ അതേ നീളത്തില്‍ ഘടിപ്പിച്ചിരിക്കണം. ഇത്തരം പൈപ്പ്‌ലൈനില്‍ നിന്നും ഓരോ കേജിലും ഓരോ നിപ്പിള്‍ സംവിധാനം വീതം ഉണ്ടായിരിക്കണം. കോഴികള്‍ക്ക് വെള്ളം ആവശ്യമുള്ളപ്പോള്‍ ഈ നിപ്പിളില്‍ ചുണ്ട് അമര്‍ത്തുകയും അവയ്ക്ക് ആവശ്യമായ വെള്ളം ലഭിക്കുകയും ചെയ്യുന്നു. ഈ പൈപ്പ് ലൈനുകള്‍ വാട്ടര്‍ ടാങ്കുമായി ബന്ധിപ്പിച്ച് വെള്ളത്തിന്‍റെ ലഭ്യത എപ്പോഴും ഉറപ്പാക്കാം. വെള്ളത്തിന്‍റെ കാര്യത്തിലെന്ന പോലെ കണ്‍വെയര്‍ സംവിധാനത്തോടെ സ്വയമേവ പ്രവര്‍ത്തിക്കുന്ന തീറ്റ സംവിധാനവും നിലവിലുണ്ട്.

കേജ് സമ്പ്രദായത്തില്‍ കോഴികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന സംഗതി അവയുടെ ആഹാരത്തിലെ പോഷകമൂല്യങ്ങളുടെ അളവാണ്. പോഷകങ്ങളായ കാത്സ്യം, ഭാവഹം, ജീവകം B2, B12, പാന്റോത്തെനിക് ആസിഡ് എന്നിവയുടെ ആവശ്യകത കേജുകളില്‍ വളര്‍ത്തപ്പെടുന്ന മുട്ടക്കോഴികള്‍ക്ക് കൂടുതലായി കണ്ടിട്ടുണ്ട്. അതിനാല്‍ കേജ് രീതിയില്‍ വളര്‍ത്തുന്ന കോഴികളുടെ തീറ്റയില്‍ ഈ പോഷകങ്ങള്‍ സാധാരണ മുട്ടക്കോഴിത്തീറ്റയെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുതല്‍ ചേര്‍ക്കണം.

കേജുകളില്‍ വളര്‍ത്തുന്ന മുട്ടക്കോഴികള്‍ക്ക് വിരയ്ക്കുള്ള മരുന്ന് 3 മാസത്തിലൊരിക്കല്‍ നല്‍കണം. കേജ് സമ്പ്രദായത്തിന്‍റെ ഒരു ന്യൂനത കോഴിക്കാഷ്ഠത്തില്‍ ഈച്ചകള്‍ പെരുകി ശല്യവും ദുര്‍ഗന്ധവും ഉണ്ടാകുമെന്നതാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ള കാലങ്ങളിലാണ് ഇത് പ്രധാനമായും അനുഭവപ്പെടുന്നത്. കാഷ്ഠം ഉണക്കി സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള ഉത്തമ പ്രതിവിധി. ഇതിനുവേണ്ടി കോഴിക്കൂട്ടിനുള്ളില്‍ കൂടുതല്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്. കേജുകള്‍ ഘടിപ്പിക്കുന്ന കോഴിക്കൂടുകള്‍ ഉയര്‍ത്തി പണിയുകയാണെങ്കില്‍ ഈ പ്രശ്നം വിജയകരമായി തരണം ചെയ്യാന്‍ കഴിയും എന്ന് കണ്ടിട്ടുണ്ട്. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ നാമക്കലില്‍ ഇത്തരത്തിലുള്ള കോഴിക്കൂടുകളാണ് പ്രചാരത്തിലുള്ളത്. കാഷ്ഠത്തില്‍ അറക്കപ്പൊടി, കുമ്മായം എന്നിവ വിതറിയും ഒരുപരിധിവരെ ഈ ന്യൂനത പരിഹരിക്കാം.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീട്ടുവരാന്തയില്‍ വയ്ക്കാവുന്ന തരത്തിലുള്ള ചെറിയതരം കേജുകള്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ പൌള്‍ട്രി സയന്‍സ് വിഭാഗം രൂപകല്പന ചെയ്തിട്ടുണ്ട്. അഞ്ച് മുതല്‍ 10 കോഴികളെ വരെ വളര്‍ത്താന്‍ പറ്റിയ തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 10 കോഴികള്‍ക്ക് ആവശ്യമായ കൂടിന് 4 അടി അഥവാ 48 ഇഞ്ച്‌ നീളവും 1¼ അടി അഥവാ 15 ഇഞ്ച്‌ വീതിയും ഉണ്ടായിരിക്കണം. ഇത്തരം കേജിന്‍റെ പിന്‍വശത്ത് 17 ഇഞ്ച്‌ ഉയരവും മുന്‍വശത്ത് 19 ഇഞ്ച്‌ ഉയരവും ഉണ്ടായിരിക്കണം. കേജിന്‍റെ അടിവശം ചരിഞ്ഞതും കേജില്‍ നിന്നും 15-18 സെ.മീ. തള്ളിനില്‍ക്കുന്നതും അഗ്രഭാഗം മുകളിലേക്ക് വളഞ്ഞതുമായിരിക്കണം. കേജിന്‍റെ ഉള്ളില്‍ മധ്യഭാഗത്തായി ഒരു കമ്പിവല വച്ച് രണ്ട് കള്ളികളായി തിരിക്കണം. ഓരോ കള്ളികള്‍ക്കും മുന്‍വശത്ത് ഓരോ വാതിലും ഉണ്ടായിരിക്കണം. പാത്തി രൂപത്തിലുള്ള തീറ്റപ്പാത്രം കേജിന്‍റെ നീളത്തില്‍ മുന്‍വശത്ത് ഘടിപ്പിക്കണം. ഇതിനു മുകളിലായി വെള്ളപ്പാത്രവും ഘടിപ്പിക്കേണ്ടതുണ്ട്.

കാഷ്ഠം സംഭരിക്കാനായി കേജിന്‍റെ അടിത്തട്ടിനു താഴെ ഒരു ട്രേ ഉണ്ടായിരിക്കണം. ഈ കൂടുകള്‍ ആംഗിള്‍ അയണ്‍ കാലുകളില്‍ ഘടിപ്പിച്ച് സൗകര്യപ്രദമായ ഉയരത്തില്‍ നിര്‍ത്താവുന്നതാണ്.

സ്ഥലപരിമിതി വികസനത്തെ ബാധിക്കുന്ന നമ്മുടെ സംസ്ഥാനത്ത് മൊത്തത്തിലും ജനസാന്ദ്രത കൂടുതലുള്ള പട്ടണപ്രദേശങ്ങളില്‍ പ്രത്യേകിച്ചും വരാന്തയില്‍ വയ്ക്കാവുന്ന ഈ തരം ഹോംസ്റ്റെട് കേജുകള്‍ അനുഗ്രഹമാകും എന്ന കാര്യത്തില്‍ സംശയമില്ല.

വിവിധയിനം കോഴിത്തീറ്റകള്‍

കോഴികളെ പ്രധാനമായും മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണല്ലോ വളര്‍ത്തുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ കോഴികളെ വളര്‍ത്തുമ്പോള്‍ വരുന്ന ഉത്പാദനച്ചെലവിന്‍റെ ഭൂരിഭാഗവും അവയുടെ തീറ്റയിനത്തിലാണ് വേണ്ടിവരിക. ഇപ്പോള്‍ നിലവിലുള്ള വിലനിലവാരമനുസരിച്ച് ആകെ ചെലവിന്‍റെ 70 മുതല്‍ 75 ശതമാനം വരെ തീറ്റയ്ക്ക് മാത്രം വേണ്ടിവരും. അതിനാല്‍ കോഴികളുടെ തീറ്റയെ സംബന്ധിച്ച കാര്യങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ ഈ അടിസ്ഥാനപ്രമാണം ഉള്‍ക്കൊള്ളെണ്ടതുണ്ട്.

മുട്ടക്കോഴികള്‍ക്കും ഇറച്ചിക്കോഴികള്‍ക്കും വേണ്ട പോഷകഘടകങ്ങള്‍ക്കും വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ മുട്ടക്കോഴികളുടെ തന്നെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വേണ്ട പോഷകങ്ങളുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോതരം കോഴിത്തീറ്റയിലും ഉണ്ടായിരിക്കേണ്ട പോഷകങ്ങളും അവയുടെ നിരക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുട്ടക്കോഴികള്‍ക്ക് വേണ്ട തീറ്റ

മുട്ടയുത്പാദനം മാത്രം ലക്ഷ്യമിട്ട് വളര്‍ത്തുന്ന കോഴികളുടെ ജീവിതകാലത്തെ മൂന്നു ഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു. കോഴിക്കുഞ്ഞ് വിരിഞ്ഞിറങ്ങുന്നതു മുതല്‍ 8 ആഴ്ച്ച പ്രായംവരെയുള്ള കാലം, 20 ആഴ്ചയ്ക്ക് ശേഷമുള്ള കാലം അഥവാ മുട്ടയുത്പാദനം തുടങ്ങുന്നതുമുതല്‍ കോഴികളെ വില്‍ക്കുന്നതുവരെയുള്ള സമയം. ഇതില്‍ ആദ്യത്തെ ഘട്ടത്തില്‍ ചെറിയ കുഞ്ഞുങ്ങളുടെ തീറ്റ അഥവാ സ്റ്റാര്‍ട്ടര്‍ തീറ്റയാണ് കൊടുക്കേണ്ടത്. ഇത്തരം തീറ്റയില്‍ ചുരുങ്ങിയത് 20 ശതമാനം മാംസ്യവും 2600 കിലോ കലോറി ഉപാപചയ ഊര്‍ജ്ജവും ഉണ്ടായിരിക്കണം. ഇവ കൂടാതെ ഒരു നിശ്ചിത അളവില്‍ ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയും ഉണ്ടായിരിക്കണം. ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയുടെ മിശ്രിതം കോഴിത്തീറ്റയില്‍ ചേര്‍ത്താണ് കൊടുക്കുന്നത്. മുട്ടക്കോഴികളുടെ മറ്റ് തീറ്റകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ മാംസ്യത്തിന്‍റെ അളവ് കൂടുതലാണ്.

കോഴിത്തീറ്റയുത്പാദനത്തിനായി ഉപയോഗിക്കുന്ന തീറ്റഘടകങ്ങളെ രണ്ടായി തരംതിരിക്കാം.

ഊര്‍ജ്ജദായക വസ്തുക്കള്‍

മാംസ്യദായക വസ്തുക്കള്‍

ഊര്‍ജ്ജദായക വസ്തുക്കളായി മഞ്ഞച്ചോളം, ജോവര്‍ അഥവാ കമ്പ്, റൈസ് പോളിഷ് അഥവാ ഗുണമേന്മ കൂടിയ അരിത്തവിട് എന്നിവയാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. മാംസ്യത്തിന്‍റെ ആവശ്യത്തിലേക്കായി കടലപിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, സോയാബീന്‍ മീല്‍, ഉണക്കമീന്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.

മാതൃകാ സ്റ്റാര്‍ട്ടര്‍ തീറ്റയുടെ ഘടന (ചെറിയ കുഞ്ഞുങ്ങളുടെ തീറ്റ)

100 കിലോഗ്രാം ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകളുടെ അളവുകള്‍ താഴെക്കൊടുക്കുന്നു.

മഞ്ഞചോളം                       - 40 ഭാഗം

അരിത്തവിട്                       - 16 ഭാഗം

ഗോതമ്പ് തവിട്                     - 10 ഭാഗം

സോയാബീന്‍ മീല്‍                   - 10 ഭാഗം

കടലപിണ്ണാക്ക്                - 8 ഭാഗം

എള്ളിന്‍പിണ്ണാക്ക്                   - 5 ഭാഗം

ഉപ്പില്ലാത്ത ഉണക്കമീന്‍/മീന്‍ പൊടി - 9 ഭാഗം

ധാതുലവണ മിശ്രിതം                - 1.75 ഭാഗം

കറിയുപ്പ്                         - 0.25 ഭാഗം

ആകെ                            - 100 ഭാഗം

കുഞ്ഞുങ്ങള്‍ക്ക് നിര്‍ദേശിച്ച സ്റ്റാര്‍റ്റര്‍ തീറ്റയില്‍ ഉള്ളതുപോലെ നിശ്ചിത അളവുകളില്‍ ജീവകം എ, ബി, ഡി, എന്നിവ അടങ്ങിയ മിശ്രിതവും രക്താതിസാരം തടയാനുള്ള മരുന്നും ചേര്‍ത്തുകൊടുക്കണം.

മാതൃകാ ഗ്രോവര്‍ തീറ്റയുടെ ഘടന (9 മുതല്‍ 19 ആഴ്ച്ച വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക്)

രണ്ടാമത്തെ ഘട്ടത്തില്‍, അതായത് കുഞ്ഞുങ്ങള്‍ക്ക് 9 മുതല്‍ 19 ആഴ്ച്ച വരെ പ്രായമുള്ള സമയത്ത് നല്‍കേണ്ടത് ഗ്രോവര്‍ തീറ്റയാണ്. ഇത് വളരുന്ന കോഴികളുടെ തീറ്റ എന്ന പേരിലും അറിയപ്പെടുന്നു. തീറ്റയിലെ മാംസ്യത്തിന്‍റെ അളവ് താരതമ്യേന വളരെ കുറവാണ്. ഉപാപചയ ഊര്‍ജ്ജം 2500 കിലോ കലോറി മതിയാകും.

100 കിലോഗ്രാം ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകളുടെ അളവുകള്‍ താഴെക്കൊടുക്കുന്നു.

മഞ്ഞചോളം                       - 43 ഭാഗം

അരിത്തവിട്                       - 16 ഭാഗം

ഗോതമ്പ് തവിട്                     - 20 ഭാഗം

കടലപിണ്ണാക്ക്                - 8 ഭാഗം

എള്ളിന്‍പിണ്ണാക്ക്                   - 5 ഭാഗം

ഉപ്പില്ലാത്ത ഉണക്കമീന്‍/മീന്‍ പൊടി - 6 ഭാഗം

ധാതുലവണ മിശ്രിതം                - 1.75 ഭാഗം

കറിയുപ്പ്                         - 0.25 ഭാഗം

ലേയര്‍ തീറ്റ

മുട്ടക്കോഴികളുടെ തീറ്റയ്ക്ക് ലേയര്‍തീറ്റ എന്നാണ് പറയുന്നത്. കോഴികള്‍ക്ക് 20 ആഴ്ച്ച പ്രായം മുതലാണ്‌ ലേയര്‍ തീറ്റ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും 18 ആഴ്ച്ച മുതല്‍ ഇത്തരം തീറ്റ കൊടുത്ത് തുടങ്ങാവുന്നതാണ്. ഉത്പാദനശേഷിയുള്ള സങ്കരയിനം മുട്ടക്കോഴികള്‍ സാധാരണയായി 140 ദിവസം പ്രായം ആകുമ്പോള്‍ തന്നെ മുട്ടയിടാന്‍ തുടങ്ങും. അതിനാലാണ് ലേയര്‍ തീറ്റ രണ്ടാഴ്ച മുമ്പേ നല്‍കണമെന്ന് നിര്‍ദേശിക്കുന്നത്. ലേയര്‍ തീറ്റയില്‍ 18 ശതമാനം മാംസ്യവും, 2600 കിലോ കലോറി ഉപാപചയ ഊര്‍ജ്ജവും അടങ്ങിയിരിക്കണം. ഗ്രോവര്‍ തീറ്റയെ അപേക്ഷിച്ച് ലേയര്‍ തീറ്റയില്‍ മാംസ്യവും, ഊര്‍ജ്ജവും കൂടുതലാണ്. മാത്രമല്ല, മുട്ടക്കോഴികളുടെ തീറ്റയില്‍ സസ്യജന്യ തീറ്റവസ്തുക്കളുടെ കൂടെ ചെറിയ തോതില്‍ ജന്തു മാംസ്യങ്ങളും ചേര്‍ക്കുന്നു. ജന്തു മാംസ്യങ്ങള്‍ക്ക് താരതമ്യേന വില കൂടുതലായതുകൊണ്ട് അവ അധികമായി തീറ്റയില്‍ ഉള്‍പ്പെടുത്താറില്ല. നമ്മുടെ നാട്ടില്‍ ജന്തുജന്യവസ്തുവായി ഉണക്കമീനാണ് ചേര്‍ക്കുന്നത്. എന്നാല്‍ മീന്‍ തീറ്റയില്‍ അധികം മുട്ടയ്ക്കും മാംസത്തിനും അതിന്‍റെ മണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബ്രോയിലര്‍ കോഴികള്‍ക്ക് വേണ്ട ഊര്‍ജ്ജത്തിന്‍റെയും ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവയുടെയും അളവ് കൂടുതലാണ്. ചുരുക്കിപ്പറഞ്ഞാല്‍, പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് മെച്ചപ്പെട്ട തീറ്റ കൊടുക്കേണ്ടതുണ്ട് എന്നര്‍ഥം.

ബ്രോയിലര്‍ കോഴികളുടെ തീറ്റക്രമം

ബ്രോയിലര്‍ കോഴികളുടെ വളര്‍ച്ചാക്കാലത്തെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. കുഞ്ഞ് വിരിഞ്ഞ് 5 ആഴ്ച്ച വരെയുള്ള ഘട്ടത്തില്‍ ബ്രോയിലര്‍ സ്റ്റാര്‍റ്റര്‍ തീറ്റയാണ് കൊടുക്കേണ്ടത്. അതിനുശേഷം വില്‍പ്പന പ്രായംവരെ  ഫിനിഷര്‍ തീറ്റയും. ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 23 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊര്‍ജ്ജവും അടങ്ങിയിരിക്കണം. എന്നാല്‍ ഫിനിഷര്‍ തീറ്റയില്‍ 20 ശതമാനം മാംസ്യം മതി. എന്നാല്‍ ഊര്‍ജ്ജത്തിന്‍റെ അളവ് കൂടുതല്‍ ആകണം, അതായത് 2900 കിലോ കലോറി.

സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ മാംസ്യം അഥവാ പ്രോട്ടീന്‍ കൂടുതലുള്ളതുകാരണം ശരീരവളര്‍ച്ച ദ്രുതഗതിയിലാകുന്നു. കൂടുതല്‍ ഊര്‍ജ്ജം അടങ്ങിയിട്ടുള്ള ഫിനിഷര്‍ തീറ്റ കോഴികളുടെ വിപണന സമയത്തോടടുപ്പിച്ചു ശരീരതൂക്കം കൂട്ടാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ നിന്നും ഫിനിഷര്‍ തീറ്റയിലേക്ക് പെട്ടെന്നുള്ള മാറ്റം ആശാസ്യമല്ല. തരിരൂപത്തിലുള്ള തീറ്റകളും, പെല്ലറ്റ് രൂപത്തിലുള്ള ഫിനിഷര്‍ തീറ്റയും കമ്പോളത്തില്‍ ലഭ്യമാണ്. വിവിധ കമ്പനിക്കാര്‍ ബ്രോയിലര്‍ തീറ്റകള്‍ ധാരാളമായി നിര്‍മ്മിച്ചു വരുന്നു.

വിവരങ്ങൾക്ക്

കടപ്പാട്.

കോഴി കൃഷിയിൽ നിരവധി ആളുകൾ താൽപര്യപ്പെടുന്നതിനാൽ   വാട്സാപ്പ് ഗ്രൂപ്പിൽ ഫോർവേഡ്ചെയ്ത് കിട്ടിയ ഉപകാരപ്രദമായ വിവരങ്ങൾ ഷെയർ ചെയ്യുന്നു.

കെ.ബി.ബൈന്ദ

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാനവിള ഇന്‍ഷുറന്‍സ് പദ്ധതിയെ പരിചയപ്പെടുക.

English Summary: Known breeds of the cow; Eggs and meat

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters