News

സിവെറ്റ് കോഫി ഇനി കര്‍ണ്ണാടകയിലെ കൂര്‍ഗിലും

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയായ സിവെറ്റ് കോഫി ഇപ്പോള്‍ കര്‍ണ്ണാടകയിലെ കൂര്‍ഗിലും. വിദേശരാജ്യങ്ങളിലെ സമ്പന്നര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള സിവെറ്റ് കോഫിയുടെ വിപണിസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉല്പാദനം നടത്തി വിപണിയിലെത്തിക്കുന്നത് കര്‍ണ്ണാടകയിലെ കൂര്‍ഗ് ജില്ലയിലെ കൂര്‍ഗ് കണ്‍സോളിഡേറ്റഡ് കമോഡിറ്റീസ് (സി.സി.സി) എന്ന സ്റ്റാര്‍ട്ടപ് സംരംഭമാണ്. കൂര്‍ഗിലെ ക്ലബ്ബ് മഹീന്ദ്ര മടിക്കേരി റിസോര്‍ട്ടിലെ ഏക ഔട്ട്‌ലെറ്റിലൂടെയാണ് സി.സി.സി 'എയ്ന്‍മെന്‍' എന്ന ബ്രാന്‍ഡില്‍ സിവെറ്റ് കോഫി വില്‍ക്കുന്നത്. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കിലോയ്ക്ക് ഇരുപതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയുള്ള സിവെറ്റ് കോഫി എണ്ണായിരം രൂപയ്ക്ക് ഇവിടെനിന്ന് ലഭിക്കും. കൂര്‍ഗിലെ വനപ്രദേശങ്ങളോടു ചേര്‍ന്ന കാപ്പിത്തോട്ടങ്ങളില്‍ നിന്നാണ് സി.സി.സി സിവെറ്റിന്റെ വിസര്‍ജ്ജ്യം ശേഖരിച്ച് കാപ്പിക്കുരു സംസ്‌ക്കരിക്കുന്നത്. അതുകൊണ്ടാണ് പ്രാദേശിക വിപണിയില്‍ വില കുറച്ച് വില്‍ക്കാനാകുന്നതും.

മരപ്പട്ടിയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിവെറ്റ് എന്ന ജീവിയെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച് അതിന്റെ വിസര്‍ജ്യത്തില്‍ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേര്‍തിരിച്ചെടുത്ത് സംസ്‌ക്കരിച്ചാണ് സിവെറ്റ് കോഫി ഉണ്ടാക്കുന്നത്. സിവെറ്റിന്റെ വയറ്റിലെ എന്‍സൈമുകളുമായി ചേരുന്നതിനാല്‍ കാപ്പിക്കുരുവില്‍ പ്രത്യേകതരം ഫ്‌ളേവറുണ്ടാകുന്നു. വിസര്‍ജ്ജ്യത്തിലൂടെ സിവെറ്റ് പുറന്തള്ളുന്ന കാപ്പിക്കുരു പ്രത്യേകരീതിയില്‍ സംസ്‌ക്കരിച്ചെടുക്കുന്നതിനാലാണ് സിവെറ്റ് കോഫിക്ക് വിപണിയില്‍ പൊന്‍വില നല്‍കേണ്ടിവരുന്നത്. ആഗോളതലത്തില്‍ ഇന്തോനേഷ്യയാണ് സിവെറ്റ് കോഫിയുടെ പ്രധാന ഉല്പാദകര്‍.


English Summary: civet coffee

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox