1. News

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി 'ക്ഷീര സാന്ത്വനം' സമഗ്ര ഇന്‍ഷ്യുറന്‍സ് പദ്ധതി

സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി കേരളക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ''ക്ഷീര സാന്ത്വനം'' എന്ന സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നു.

KJ Staff
cow and cattle

സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി കേരളക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ''ക്ഷീര സാന്ത്വനം'' എന്ന സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നു.

ആരോഗ്യസുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇന്‍ഷൂറന്‍സ്, ഗോസുരക്ഷ എന്നീ ഘടകങ്ങളാണ് ക്ഷീര സാന്ത്വന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പശുക്കള്‍ക്കും ഈ പദ്ധതി പ്രകാരം പരിരക്ഷ ലഭിക്കും. സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളില്‍ 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ കുറഞ്ഞത് 90 ദിവസമോ 250 ലിറ്റര്‍ പാല്‍ അളന്നതോ ആയ ക്ഷീര കര്‍ഷകനും, ജീവിത പങ്കാളിയും, 25 വയസ്സില്‍ താഴെ പ്രായമായ അവിവാഹിതരായ രണ്ട് കുട്ടികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഇവര്‍ക്ക് പുറമേ ക്ഷീരസംഘം ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ഒരു വര്‍ഷമാണ് ഇന്‍ഷൂറന്‍സിന്റെ കാലാവധി. 80 വയസ്സുവരെ പ്രായമായവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ അംഗമാകാം. ഈ പദ്ധതിയില്‍ ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും. അംഗമായി ചേരുന്ന സമയത്തുള്ള അസുഖങ്ങളുടെ ചികിത്സയ്ക്കായി 50,000/- രൂപ വരെ സഹായം ലഭിക്കും. സംസ്ഥാനത്ത് തെരഞ്ഞെടുത്ത പ്രമുഖ ആശുപത്രിയില്‍ പണമടയ്ക്കാതെ തന്നെ ചികിത്സ നേടാം.

cattle

അപകട ഇന്‍ഷൂറന്‍സ് പോളിസിയിലും 80 വയസ്സുവരെയുള്ളവര്‍ക്ക് അംഗമാകാം. അപകട മരണമോ, അപകടം മൂലം പക്ഷാഘാതമോ, സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാല്‍ 5 ലക്ഷം രൂപ ലഭ്യമാകും. ഇതിനു പുറമേ അപകടത്തില്‍ മരണപ്പെടുന്ന ക്ഷീരകര്‍ഷകരുടെ മക്കളുടെ പഠനത്തിനായി ഒരു കുട്ടിക്ക് പരമാവധി 25000/- രൂപ എന്ന നിരക്കില്‍ രണ്ട് കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കും.

കര്‍ഷകര്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാവുന്നതാണ്. 50 വയസ്സുവരെ പ്രായമായവര്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാല്‍ 2 ലക്ഷം രൂപയും അപകട മരണം സംഭവിച്ചാല്‍ 4 ലക്ഷം രൂപയും അംഗവൈകല്യത്തിന് 1 ലക്ഷം രൂപയും മരണാനന്തര ചടങ്ങുകള്‍ക്ക് 6000/- രൂപ വരെയും ലഭിക്കും. ഈ പദ്ധതി ആം ആദ്മി ഭീമ യോജന പദ്ധതിയുമായി സംയോജിപ്പിച്ചാണ് നടപ്പിലാക്കുന്നത്. ഇതേ പദ്ധതിയില്‍ 51 മുതല്‍ 60 വരെ പ്രായമായ ക്ഷീര കര്‍ഷകര്‍ക്ക് 412 രൂപ പ്രീമിയം ഒടുക്കുന്ന പക്ഷം ഒരു ലക്ഷം രൂപ മരണാനന്തര ആനുകൂല്യം ലഭിക്കും.

ഗോസുരക്ഷാ പോളിസിയില്‍ പശുക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് 50,000/- രൂപ കവറേജ് ലഭിക്കുന്നതിന് 1668/- രൂപയും 60,000/- രൂപ കവറേജ് ലഭിക്കുന്നതിന് 2001രൂപയും പ്രീമിയം നല്‍കണം. എത്ര പശുക്കളെയും ഇന്‍ഷൂര്‍ ചെയ്യാം. ആരോഗ്യ സുരക്ഷാ ഇന്‍ഷൂറന്‍സ് പോളിസിക്ക് 5015 രൂപയും അപകട സുരക്ഷാ പോളിസിക്ക് 88 രൂപയും ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിക്ക് 400 രൂപയുമാണ് പ്രീമിയം തുക. ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് പുറമേ 50 വയസില്‍ താഴെ ആകെ ഇന്‍ഷൂര്‍ ചെയ്യുന്നവരില്‍ പത്ത് ശതമാനം കര്‍ഷകരുടെ മക്കള്‍ക്ക് 1200/- രൂപ വീതം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി നല്കുന്നതാണ്. ക്ഷീര സാന്ത്വനം സമഗ്ര ഇന്‍ഷൂറന്‍സിനുള്ള 2018 നവംബര്‍ മാസം 1 മുതല്‍ 10 വരെ സംസ്ഥാനത്തെ ക്ഷീര സംഘങ്ങള്‍ മുഖേന എന്റോള്‍മെന്റ് നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ഏറ്റവും അടുത്തുള്ള ക്ഷീര സഹകരണ സംഘവുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

 

English Summary: Ksheera Swanthanam Insurance project for dairy farmers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds