കാലാവസ്ഥ മാറുന്നതും ആഹാരത്തിലൂടെയും ജീവിതചര്യയിലൂടെയും ശരീരത്തിനും ചർമത്തിനും പ്രശ്നങ്ങളുണ്ടാകുന്നതും ഇന്ന് പതിവാണ്. അതിനാൽ തന്നെ ചർമത്തിന്റെ ദീർഘകാല സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അതിപ്രധാനമാണ്. ഇന്നത്തെ കാലത്ത് ചർമം വൃത്തിയായി സൂക്ഷിക്കാൻ ആളുകൾ പല തന്ത്രങ്ങളും പരീക്ഷിക്കാറുണ്ട്. ഇതിനായി പാർശ്വഫലങ്ങൾ വളരെ പരിമിതമായ വീട്ടുവൈദ്യങ്ങളെ അധികമായി ഉപയോഗിക്കുന്ന ട്രെൻഡും വർധിച്ചിട്ടുണ്ട്.
ചർമ സംരക്ഷണത്തിനായി നമ്മൾ ഉപയോഗിക്കുന്ന ക്രീമുകൾ പോലെ പ്രധാനമാണ് ചർമത്തിലെ അഴുക്കും മലിനീകരണവും നീക്കം ചെയ്യാനായി ഉപയോഗിക്കുന്ന വസ്തുക്കളും. കുളിക്കുമ്പോഴും മറ്റും ഇതിനായി നമ്മൾ സ്ക്രബ്ബറുകൾ ഉപയോഗിക്കുന്നു. ചർമം വൃത്തിയാക്കാനുള്ള മൃദുലമായ സ്ക്രബ്ബുകൾ പുറത്ത് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയോ അതുമല്ലെങ്കിൽ കുമ്മട്ടിക്ക അഥവാ പീച്ചിങ്ങ പോലുള്ളവ ഉണക്കിയോ, രാമച്ചം ഉണക്കിയോ ഉപയോഗിക്കുന്നു.
കുളിക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന സ്ക്രബ്ബറുകളെ ലൂഫ(Loofah) സ്പോഞ്ച് എന്ന് പറയുന്നു. ബോഡി വാഷിനൊപ്പമോ സോപ്പ് പതപ്പിച്ചോ ദേഹത്ത് നന്നായി ഉരച്ച് തേച്ച് കുളിക്കുന്നവരാണ് മിക്കവരും. നാട്ടിൽ നിന്ന് ദൂരെ ജോലി ചെയ്യുന്നവരാണെങ്കിൽ രാമച്ചവും പീച്ചിങ്ങ ലൂഫയും ലഭ്യമല്ലാത്തതിനാൽ പ്ലാസ്റ്റിക് ലൂഫകളെ ആശ്രയിക്കുന്നു.
വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചർമത്തിനായി ലൂഫ ഉപയോഗിക്കുന്നത് സഹായിക്കുമെന്നാണ് പറയുന്നത്. കൂടാതെ, ചർമം വരളുന്ന പോലുള്ള പ്രശ്‌നങ്ങൾ ഇതുമൂലം ഉണ്ടാകില്ലെന്നതും, സോപ്പിനെയും ബോഡി വാഷിനെയും പരിമിതമായി ഉപയോഗിച്ചാൽ മതിയെന്നതും മറ്റ് നേട്ടങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: നല്ല ചർമത്തിന് നന്നായി കുളിയ്ക്കാം!
എന്നാൽ പ്രകൃതിദത്ത ലൂഫകളല്ലാതെ, പ്ലാസ്റ്റിക് ലൂഫകൾ ഉപയോഗിക്കുന്നത് വഴി നിങ്ങൾ കരുതുന്നതിലുമധികം ദോഷവശങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ എങ്ങനെയാണ് ലൂഫകൾ ഉപയോഗിക്കേണ്ടതെന്ന് ശരിയായി മനസിലാക്കി ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുക.
ലൂഫകൾ ദീർഘകാലം ഉപയോഗിക്കരുത്
ലൂഫകളിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് പലതരം പാർശ്വഫലങ്ങൾക്ക് കാരണമാകും. ലൂഫ ഉപയോഗിക്കുമ്പോൾ ചർമത്തിൽ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ലൂഫ പതിവായി ഉപയോഗിക്കുകയാണെങ്കിൽ അത് ഇത്തരം ചർമപ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുമെന്നതിനാൽ, 20 മുതൽ 30 ദിവസത്തിനുള്ളിൽ ലൂഫ മാറ്റേണ്ടതുണ്ട്. കാരണം ഉപയോഗിക്കുന്തോറും ലൂഫയുടെ പ്ലാസ്റ്റിക് കട്ടി കൂടിവരുന്നു. ഇത് ചർമത്തിന് പ്രശ്നമാകും.
മറ്റൊരാളുടെ ലൂഫ ഉപയോഗിക്കരുത്
സൗന്ദര്യവർധക വസ്തുക്കൾ ഒരിക്കലും പങ്കിടരുതെന്നാണ് പറയുന്നത്. കാരണം, ഒരാൾ ഉപയോഗിച്ച ലൂഫ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അത് മുഖക്കുരു, ചൊറിച്ചിൽ പോലുള്ള ത്വക്ക് പ്രശ്നങ്ങളിലേക്ക് നയിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments