1. Fruits

Pot tamarind: കുടംപുളി വീട്ടിൽ തന്നെ കൃഷി ചെയ്യാം!

കുടംപുളി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് കേരളത്തിലെ കാലാവസ്ഥ. ഒട്ടുതൈകള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ ഏകദേശം 3-4 വര്‍ഷം കൊണ്ട് ഫലം ലഭിക്കും

Darsana J
Pot tamarind: കുടംപുളി വീട്ടിൽ തന്നെ കൃഷി ചെയ്യാം!
Pot tamarind: കുടംപുളി വീട്ടിൽ തന്നെ കൃഷി ചെയ്യാം!

കുടംപുളി പല രീതിയിലും നമ്മൾ ഉപയോഗിക്കാറുണ്ട്. ഗാർസീനിയ ഗമ്മി-ഗട്ട (Garcinia gummi-gutta) എന്നാണ് കുടംപുളിയുടെ ശാസ്ത്രീയ നാമം. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവരാണ് കുടംപുളി (Pot tamarind) ധാരാളമായി ഉപയോഗിക്കുന്നത്. കുടംപുളി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് കേരളത്തിലെ കാലാവസ്ഥ. ഒട്ടുതൈകള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ ഏകദേശം 3-4 വര്‍ഷം കൊണ്ട് ഫലം ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇപ്പോൾ കൃഷി തുടങ്ങിയാൽ തക്കാളിക്ക് ഇരട്ടി വിളവ്

കുടംപുളിയുടെ കൃഷിരീതി

മണല്‍ കലര്‍ന്ന എക്കല്‍ മണ്ണ് കുടംപുളി കൃഷിയ്ക്ക് ഏറെ അനുയോജ്യമാണ്. കുടംപുളിയുടെ കുരു ഇട്ട് കിളിര്‍പ്പിച്ച് ഉണ്ടാകുന്ന തൈയിൽ നിന്ന് ഫലം ഉണ്ടാകുന്നത് പ്രയാസമാണ്. ഇതിന് പരിഹാരമായി നല്ല ഫലം തരുന്ന മാതൃവൃക്ഷത്തില്‍ നിന്ന് എടുക്കുന്ന ഒട്ടുതൈകള്‍ ഉൽപാദിപ്പിച്ച് കൃഷി ചെയ്യുന്നതാണ് ഉത്തമം. 3 മുതൽ 4 വര്‍ഷം കൊണ്ട് വിളവെടുക്കാൻ ഒട്ടുതൈകളാണ് നല്ലത്. മാതൃ വൃക്ഷത്തിന്റെ ഗുണങ്ങൾ തൈകള്‍ക്കും ലഭിക്കുന്നു. ഇത് ചെറിയ മരങ്ങളായാണ് വളരുക. അതിനാൽ കൂടുതല്‍ മരങ്ങള്‍ ചുരുങ്ങിയ സ്ഥലത്ത് തന്നെ കൃഷി ചെയ്യാന്‍ സാധിക്കും. ഗവണ്‍മെന്റ് നഴ്‌സറികളിൽ നിന്നോ, വിവിധ ജില്ലകളിലെ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ നിന്നോ കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തൈകൾ ലഭിക്കും. മൂന്നോ, നാലോ ഒട്ടുതൈകള്‍ നട്ടാൽ മതിയാകും.

തൈകൾ നടുമ്പോൾ ശ്രദ്ധിക്കാം

തനിവിളയായും ഇടവിളയായും കുടംപുളി കൃഷി ചെയ്യാം. 4 മീറ്റര്‍ അകലത്തിൽ തൈകൾ നടാൻ ശ്രദ്ധിക്കണം. തെങ്ങിന്‍ തോപ്പുകളിലും കവുങ്ങ് തോട്ടങ്ങളിലും ഇടവിളയായും കൃഷി ചെയ്യാം. തൈ നടാനുള്ള കുഴിയിൽ ആദ്യം ജൈവവളം നിറയ്ക്കണം. ഒട്ടിച്ച ഭാഗം മണ്ണിനു മുകളില്‍ വരത്തക്കവിധം നടണം. ഒരു മാസത്തിന് ശേഷം പ്ലാസ്റ്റിക് ടേപ്പ് മാറ്റാം. തൈ കിളിര്‍ത്ത് കഴിഞ്ഞാല്‍ 2 മാസം കൂടുമ്പോള്‍ ജൈവവളം നല്‍കിയാൽ മതിയാകും. മഴയില്ലാത്തപ്പോള്‍ മാത്രം വെള്ളം നൽകിയാൽ മതിയാകും. വേനല്‍ക്കാലത്ത് തൈകളുടെ ചുവട്ടിൽ പുതയിടാൻ മറക്കരുത്. തൈകളിൽ ഒട്ടിപ്പിന്റെ അടി ഭാഗത്തുണ്ടാകുന്ന കിളിര്‍പ്പുകള്‍ നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒട്ടുതൈകളാണ് നട്ടതെങ്കിൽ മൂന്നാം വര്‍ഷം കായ്കൾ വരാൻ തുടങ്ങും.

ഗുണങ്ങൾ

കായ്കൾ പറിച്ചെടുത്ത് വെള്ളത്തില്‍ നന്നായി കഴുകിയ ശേഷം കുരു നീക്കം ചെയ്ത് പുറം തോട് വെയിലത്ത് വച്ച് നന്നായി ഉണക്കണം. ഉണങ്ങിയ പുളിയ്ക്ക് പുക കൊടുക്കുന്നത് ഗുണനിലവാരം വർധിപ്പിക്കും. വെളിച്ചെണ്ണയും ഉപ്പും ചേർത്ത് വയ്ക്കുകയാണെങ്കില്‍ ഉണക്കിയ കുടംപുളി ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. കുടംപുളിയിൽ അന്നജം, കൊഴുപ്പ്, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. കുടംപുളിയുടെ സത്തിന് വിദേശ രാജ്യങ്ങളിൽ വലിയ ഡിമാൻഡാണ്. കേരളത്തിലെ മീന്‍കറികളിൽ പ്രധാന സ്ഥാനമാണ് കുടംപുളിയ്ക്ക്. കുടംപുളിയുടെ കുരു, തളിർ, തൊലി, വേര് എന്നിവ ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കാറുണ്ട്.

കുടംപുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോ സിട്രിക് അമ്ലം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നശിപ്പിക്കുന്നു. കുടംപുളിയുടെ സത്ത് കൊണ്ട് ഉണ്ടാക്കുന്ന കഷായം ഉദരസംബന്ധമായ രോഗങ്ങളെ ശമിപ്പിക്കും. മോണയുടെ ആരോഗ്യത്തിന് കുടംപുളി തോട് കൊണ്ടുള്ള വെള്ളം വായില്‍ കൊള്ളുന്നത് നല്ലതാണ്. കുടംപുളി കുരുവില്‍ നിന്നും ഉല്പാദിപ്പിക്കുന്ന എണ്ണയാണ് കോകം എണ്ണ. ഇതിന് വളരെയധികം പോഷക ഗുണമുണ്ട്. കൈകാലുകളിലെയും, ചുണ്ടിലെയും വരൾച്ച തടയാനും കോകം എണ്ണ നല്ലതാണ്.

English Summary: how to grow pot tamarind in home

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds