Features

കുഴൽക്കിണറുകൾ ജലസമൃദ്ധമാക്കാം...

Borewell
കുഴൽക്കിണറുകൾ 90% വും വേനൽക്കാലങ്ങളിലും ജലസമൃദ്ധമായി തന്നെ നിലനിൽക്കും

കേരളത്തിൽ കാർഷികാവശ്യത്തിനും, കുടിനീരിനും വേണ്ടി നിർമ്മിക്കുന്ന കുഴൽക്കിണറുകളുടെ എണ്ണം ക്രമാതീതമായി കൂടുകയും എന്നാൽ ഇവയിൽ നിന്നുള്ള ജലലഭ്യത ക്രമാതീതമായി കുറഞ്ഞുവരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.  കുഴൽക്കിണറിൽ നിന്ന് ലഭ്യമാകുന്ന വെള്ളത്തിന്റെ ഗുണനിലവാരം അത്ര മേൻമയുള്ളതല്ലെങ്കിലും കുഴൽ കിണറുകളോടുള്ള താൽപര്യം ഇന്ത്യയിൽ കൂടുതലാണെന്ന് കണക്കുകൾ പറയുന്നു. 2011 ലെ സർവേ പ്രകാരം ഇന്ത്യയിൽ കുഴൽക്കിണറിൽ നിന്നും ശേഖരിക്കുന്ന വെള്ളത്തിൻറെ 60 % വും കാർഷികാവശ്യത്തിനും 20% വ്യവസായങ്ങൾക്കും, 20% മറ്റാവശ്യങ്ങൾക്കും വിനിയോഗിക്കുന്നു. എന്നാൽ കേരളത്തിൽ കുഴൽക്കിണറുകളിൽ നിന്നു കിട്ടുന്ന വെള്ളത്തിന്റെ 55% വും ഗാർഹികാവശ്യത്തിനാണ് ഉപയോഗിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് നിലവിൽ ഏതാണ്ട് 3.23 ലക്ഷം കുഴൽ കിണറുകളുണ്ടെന്നാണ് കണക്ക്. ഇവയിൽ തന്നെ പകുതി എണ്ണത്തിൽ നിന്ന് മാത്രമാണ് സ്ഥായിയായി  ജലലഭ്യതയുളളത്.  മിക്ക കുഴൽകിണറുകളും നിർമ്മാണം പൂർത്തിയാക്കി ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ വറ്റി പോവുകയാ, ഉദ്ദേശിച്ച അളവിൽ ജലം ലഭിക്കാതിരിക്കുകയോ, ലഭ്യമായവെള്ളത്തിന്റെ ഗുണനിലവാരം കുറയുകയോ ചെയ്യാറുണ്ട്. ഇതിന് പ്രധാന കാരണം ഭൂഗർഭ വിതാനം ക്രമാതീതമായിതാഴുന്നതും കിണറിൽ നിന്നുംപുറത്തെടുക്കുന്ന കുടിനീരിന് ആനുപാതികമായി ഭുമിയുടെ ഉള്ളറയിലേക്ക് ഭൗമോപരിതലത്തിലെ വെളളം അരിച്ചിറങ്ങാത്തതുമാണ്.

തുറന്നകിണറുകൾ(open well ) ജലസുലഭമാകാൻ ചുരുക്കംചിലരെങ്കിലും കിണറിൽ നിന്നും ഊറ്റിയെടുക്കുന്ന തെളിനീരിന് ആനുപാതികമായി മഴക്കാലങ്ങളിൽ വീടിന്റെ മേൽക്കൂരയിൽ നിന്നും മറ്റും പാഴായിപ്പോകുന്ന മഴവെള്ളം ശുദ്ധീകരിച്ച് കിണറുകളിലേക്കൊഴുക്കിവിട്ട് കിണറുകളെ റീചാർജ് ചെയ്യാറുണ്ട്. നിലവിലെ കെട്ടിടനിർമ്മാണചട്ടങ്ങളിൽ വീടുകളിലെ  "മേൽക്കൂര ജലസംഭരണം" ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്  പലരും കാര്യക്ഷമമായി നടപ്പാക്കി കാണുന്നില്ല. എന്നാൽ കുഴൽക്കിണറുകളുടെ കാര്യത്തിൽ ഇപ്രകാരമുള്ള ജലസംരക്ഷണ മാർഗ്ഗങ്ങൾ ആരും അനുവർത്തിക്കാറില്ല.

ഭൂഗർഭജലസ്രോതസ്സുകളുടെ അമിതമായ ചൂഷണം മൂലം ആ പ്രദേശത്തെ ജലവിതാനം താഴുന്നതോടൊപ്പം ചൂട് കൂടുകയും കാലക്രമേണ ആ ഭൂപ്രദേശം മരുവൽക്കരണത്തിന്(Desertification )സമാനമായ രീതിയിലേക്ക് മാറുകയും ചെയ്യുന്നു.

കുഴൽ കിണറുകൾ പ്രധാനമായും രണ്ടു തരം പൂരിതജല സ്രോതസ്സുകളിൽ (Aquifer) നിന്നാണ് ജലസംഭരണം നടത്തുന്നത്. ആഴം കുറഞ്ഞ കുഴൽക്കിണറുകൾ (Shallow tube well)  ഭൂനിരപ്പിന് ഏതാനും മീറ്ററുകൾക്ക് താഴെ വിശാലമായതും പ്രത്യേക അതിരുകളില്ലാത്തതുമായ നീരുറവയിൽ (Unconfined aquifer) നിന്നാണ് ജലശേഖരണം നടത്തുന്നത്. സാധാരണയായി മൺപാളികളിലൂടെ അരിച്ചിറങ്ങുന്ന ഈ മഴവെള്ളം "ഊറ്റ് വെള്ളമെന്നും" അറിയപ്പെടുന്നു. മഴയുടെ ഏറ്റക്കുറച്ചിലുകൾ ഇത്തരം സ്രോതസ്സുകളിലെ ജല വിതാനത്തേയും ബാധിക്കുന്നു. എന്നാൽ ആഴം കൂടിയ കിണറുകൾ ഭൂമിക്കടിയിലെ കട്ടിയായ മൺ പാളികൾക്കോ, പാറപ്പാളികൾക്കോ അടിയിൽ നിയന്ത്രിത ചുറ്റുപാടുകളിൽ സ്ഥിതി ചെയ്യുന്ന ജലസ്രോതസ്സിൽ (Confined aquifer) നിന്നാണ് ജലമൂറ്റ് നടത്തുന്നത്.

നിയന്ത്രിത ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്ന ഇത്തരം ജലസ്രോതസ്സുകളിൽ നിന്നുള്ള അമിതമായ ജലചൂഷണം പ്രകൃതിയുടെ താളം തന്നെ തെറ്റിക്കാറുണ്ട്. ഇതിനുള്ള ഏക പരിഹാരം കുഴൽക്കിണറുകളുടെ അനിയന്ത്രിതമായ നിർമ്മാണത്തിന് നിയന്ത്രണം കൊണ്ടുവരുകയോ, നിലവിലെ കിണറുകളെ റീച്ചാർജിങ്ങ് നടത്തുകയോ  മാത്രമാണ്.

കുഴൽക്കിണർ റീചാർജിംഗ്

കുഴൽക്കിണറുകൾ സാധാരണ 12 സെന്റീമീറ്റർ മുതൽ 60 സെന്റീമീറ്റർ വരെ വ്യാസത്തിലാണ് നിർമ്മിച്ചു പോരുന്നത്. കിണറുകളുടെ ഏറ്റവും മുകൾഭാഗം, അതായത് ഉറപ്പില്ലാത്ത മൺപാളികളിൽ മണ്ണ് ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള ഏറ്റവും മുകൾഭാഗത്ത്  ആവരണ പൈപ്പുകൾ സ്ഥാപിക്കേണ്ടിവരും. ഇതിനായി - ഗാൽവനൈസ്ഡ് ഇരുമ്പ് പൈപ്പുകളോ( ജി. ഐ.പൈപ്പ്) കട്ടിയുള്ള പ്ലാസ്റ്റിക്ക് പൈപ്പുകളോ ആണ് ഉപയോഗിക്കുന്നത്. റീചാർജിംഗ് ചെയ്യുന്ന ഈ ഭാഗത്ത് ഭൂനിരപ്പിൽ നിന്നും ഏകദേശം കുറഞ്ഞത് 5 മീറ്റർ ആഴത്തിൽ വരെയാണ് പൈപ്പുകൾ സ്ഥാപിക്കേണ്ടത്.

കുഴൽക്കിണർ റീചാർജിംഗ് - രേഖാചിത്രം
കുഴൽക്കിണർ റീചാർജിംഗ് - രേഖാചിത്രം

ഇപ്രകാരം ഭൂനിരപ്പിൽ നിന്നും ഒരു മീറ്റർ മുതൽ നാലു മീറ്റർവരെ(1 to 4 m) ആഴത്തിലാണ് കുഴൽ കിണറുകളിൽ റീചാർജിംഗ് സൗകര്യം ഒരുക്കാം. ഇതിന് ആദ്യമായി കിണറിന് ചുറ്റും ഒരു മീറ്റർ വ്യാസത്തിലും 3 മീറ്റർ ആഴത്തിലും വൃത്താകാരത്തിൽ മണ്ണ് മാറ്റുക. തുടർന്ന് മധ്യഭാഗത്തായി സ്ഥാപിച്ചിട്ടുള്ള കേസിംഗ് പൈപ്പിൽ ഭൂനിരപ്പിൽ നിന്നും 1 മീറ്റർ താഴെയായി പൈപ്പിൽ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുക. കിണറിനുള്ളിലേക്ക് വെള്ളം ഒഴുകി നിറയുന്നതിനു വേണ്ടിയാണ് ഈ സുഷിരങ്ങൾ നിർമ്മിക്കുന്നത്. സുഷിരം നിർമ്മിച്ച ഭാഗം അകലം കുറഞ്ഞ നൈലോൺ നെറ്റോ, സ്റ്റെയിൻലെസ്സ് സ്റ്റീൽ വല കൊണ്ടോ ചുറ്റിക്കെട്ടുക. മണൽത്തരികൾ കിണറിനുള്ളിലേക്ക് ഒഴുകി എത്താതെ തടയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

തുടർന്ന് മണ്ണ് നീക്കം ചെയ്ത ഭാഗത്ത് ഫിൽറ്റർ ബെഡ് ഒരുക്കേണ്ടതാണ്. ഇതിനുവേണ്ടി ഏറ്റവും അടിയിലായി 50 സെന്റീമീറ്റർ  ഉയരത്തിൽ 20 mm അളവിലുള്ള കരിങ്കൽ അഥവാ ചല്ലി (20mm broken stone) നിരത്തുക. അതിന് മുകളിലായി വീണ്ടും 50 സെന്റീമീറ്റർ കനത്തിൽ ചെറിയ കരിങ്കൽ ചിപ്സ് അഥവാ ബേബി ചിപ്സ്  നിറയ്ക്കുക. തുടർന്ന്  30 മുതൽ 50 സെന്റീമീറ്റർ വരെ ഉയരത്തിൽ വെള്ളം കൂടുതൽ ശുദ്ധിയാക്കുന്നതിനു വേണ്ടി കരിക്കട്ടയോ കൽക്കരിയോ നിറയ്ക്കാം. തുടർന്ന് ബാക്കി വരുന്ന ഭാഗം ഭൂനിരപ്പു വരെ മണൽ നിറച്ച് ഫിൽറ്റർ ബെഡ് പൂർത്തിയാക്കാം. മേൽക്കൂരയിൽ നിന്നാണ് മഴവെള്ളസംഭരണം നടത്തുന്നതെങ്കിൽ പൈപ്പുകൾ വഴി കൊണ്ടുവരുന്ന വെള്ളം ഏറ്റവും മുകളിലെ മണൽ നിരത്തിയ ഭാഗത്തേക്ക് തുറന്നു വിടുക.

വെള്ളം സാവധാനം വിവിധ മണൽ തട്ടുകളിലൂടെയും, കരിക്കട്ടകൾക്കിടയിലൂടെയും അരിച്ചിറങ്ങി കിണറിന്റെ ആവരണപ്പൈപ്പിലെ സുഷിരങ്ങളിലൂടെ ശുദ്ധമായ ജലം കുഴൽക്കിണറുകളിലേക്ക് ഒഴുകിയെത്തുന്നു.

ഇപ്രകാരം മഴവെള്ള സംഭരണം നടത്തി ജലപൂരിതമാക്കപ്പെടുന്ന കുഴൽക്കിണറുകൾ 90% വും വേനൽക്കാലങ്ങളിലും ജലസമൃദ്ധമായി തന്നെ നിലനിൽക്കും.


English Summary: Borewells can be recharged

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds