Features

Mush Pellet - കൂൺ കൃഷിയിൽ സമയവും അധ്വാനവും ലാഭിക്കാം, ലാഭമുണ്ടാക്കാം: MFOI ദേശീയ പുരസ്കാര ജേതാവ് രാഹുൽ എൻ.വി

കൂൺ കൃഷിയിൽ നൂതന പരീക്ഷണങ്ങൾ നടത്തി വിജയം കണ്ടെത്തിയ വ്യക്തിയാണ് കണ്ണൂർ പുന്നാട് സ്വദേശി രാഹുൽ എൻ.വി. കൃഷി ജാഗരണും മഹേന്ദ്ര ട്രാക്ടേഴ്സും ചേർന്ന് ഏർപ്പെടുത്തിയ മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് വേദിയിൽ ദേശീയ പുരസ്കാരവും അദ്ദേഹം നേടി. കാർഷിക മേഖലയിൽ മികച്ച കൃഷിരീതികൾ പിന്തുടരുകയും സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്യുന്ന കർഷകർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

6 വർഷം മർച്ചന്റ് നേവിയിൽ ജോലി ചെയ്തതിനുശേഷമാണ് രാഹുൽ കൂൺ കൃഷിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. 'മഷ് പെല്ലറ്റ്' എന്ന നൂതന കൃഷിരീതി കേരളത്തിലുടനീളമുള്ള കർഷകരിൽ എത്തിച്ചതിൽ രാഹുലിന് വലിയ പങ്കുണ്ട്. മൺസൂൺ മഷ്റൂം എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള പെല്ലറ്റുകളും വിത്തുകളും വിതരണം ചെയ്യുന്നുമുണ്ട്. കൂടാതെ, കൂൺകൃഷിയിൽ പരിശീലന ക്ലാസുകളും ഇദ്ദേഹം എടുക്കാറുണ്ട്.

മഷ് പെല്ലറ്റ് - കൂൺകൃഷിയിലെ നൂതന രീതികൾ (അഭിമുഖം)

കൂൺകൃഷി മുമ്പ്..

കേരളത്തിൽ കഴിഞ്ഞ 35 വർഷമായി കൂൺ കൃഷി നടക്കുന്നുണ്ട്. ഇത്രകാലം കഴിഞ്ഞിട്ടും വിപ്ലവകരമായ മാറ്റങ്ങൾ കൂൺ കൃഷിയിൽ വന്നിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കൃഷി രീതി, മാധ്യമങ്ങൾ ഒന്നും തന്നെ മാറിയിട്ടില്ല. റിട്ടയേർഡ് ആയ ആൾക്കാർ, വീട്ടമ്മമാർ മാത്രമാണ് ഈ മേഖലയിൽ കൈ വച്ചിരുന്നത്. ചെറിയ വരുമാനം എന്നൊക്കെയുള്ള രീതിയിൽ ആയിരുന്നു കൂൺ കൃഷി.

കൂടുതൽ വായിക്കാൻ: എത്യോപ്യയിൽ നിന്നും ഇന്ത്യയിലേക്ക്; കൗതുകമൂറും കാപ്പിക്കഥ

പഴയ രീതി

ചിപ്പി കൂൺ കൃഷിയിൽ വൈക്കോൽ, ഈർച്ചപ്പൊടി (അറക്കപ്പൊടി) എന്നിവയാണ് പ്രധാന മാധ്യമങ്ങളായി ഉപയോഗിക്കുന്നത്. ഇത് 10-12 മണിക്കൂർ വെള്ളത്തിലിട്ട്, ഇതിനെ സോഫ്റ്റ് ആക്കിയെടുത്ത്, അണുനശീകരണം നടത്തി എടുക്കണം. 1 മണിക്കൂർ തിളപ്പിച്ച വെള്ളത്തിലോ, ആവിയിലോ ആണ് അണുനശീകരണം നടത്തുന്നത്. അല്ലെങ്കിൽ പല തരത്തിലുള്ള കെമിക്കൽ ട്രീറ്റ്മെന്റ്സും ചെയ്യാറുണ്ട്. ഇതിൽ പ്രധാനം പ്രശ്നം 20 ശതമാനം ജലാംശം നിലനിർത്തി മാധ്യമം ഉണക്കിയെടുക്കുക എന്നതാണ്.

വെയിലത്തായാലും, ഫാൻ ഉപയോഗിച്ചാലും, ഞങ്ങൾ വാഷിംഗ് മെഷീൻ ഉപയോഗിച്ചിരുന്നു, അങ്ങനെ ആണെങ്കിലും സാധാരണ കർഷകർക്ക് അത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. അതും 3-4 മണിക്കൂർ പ്രോസസാണ്. അങ്ങനെ 2-3 ദിവസത്തെ പ്രോസസാണ് അണുനശീകരണത്തിന് വേണ്ടത്. അങ്ങനെ ഈ മാധ്യമം ഒരു കവറിൽ നിറച്ച് അതിൽ കൂൺ വിത്തുകൾ ഇട്ടുകൊടുത്ത്, 15 ദിവസം സൂക്ഷിച്ച് വച്ച്, അതിന് കാലാവസ്ഥ ഒരുക്കണം, ഉറികൾ കെട്ടിത്തൂക്കണം, നനയ്ക്കണം ഇങ്ങനെ പല ഘട്ടങ്ങളാണ് തുടക്കം മുതൽ വരുന്നത്. നല്ല ക്വാളിറ്റിയുള്ള വൈക്കോൽ തെരഞ്ഞെടുക്കണം. വൈക്കോലിന്റെ പ്രശ്നം, കാലാവസ്ഥ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ അധ്വാനം പിന്നെയും കൂടും.

മഷ് പെല്ലറ്റ് വിപ്ലവം - ചെറുപ്പക്കാർ കൂൺ കൃഷിയിലേക്ക്

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിലാണ് ഒരുപാട് ചെറുപ്പക്കാർ ഈ രംഗത്തേക്ക് വരുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങളും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഈ സമയത്താണ് മഷ് പെല്ലറ്റ് ( Mush Pellet ) എന്ന നൂതന കൂൺകൃഷി രീതി ഞങ്ങൾ അവതരിപ്പിക്കുന്നത്. സാധാരണ കൂൺ കൃഷിയിൽ നിന്ന് വ്യത്യസ്തമായി വളരെ ഈസിയായ രീതി. ഇത് കാണാൻ കാലിത്തീറ്റ പോലെയാണ്. മഷ് പെല്ലറ്റ് എന്ന രീതിയ്ക്ക് മണിക്കൂറുകളോളം കാത്തിരുന്ന് പണിയെടുക്കേണ്ട കാര്യമില്ല.

മഷ് പെല്ലറ്റ് - രീതി

1 കിലോ മഷ് പെല്ലറ്റ് ഒരു കവറിൽ എടുക്കണം. ഇതിലേക്ക് ഒന്നര ലിറ്റർ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം ഒഴിയ്ക്കണം. ചൂടാറി കഴിയുമ്പോൾ വിത്തിടാം. 15 ദിവസം വളരാൻ അനുവദിക്കാം. ഒപ്പം വെള്ളം നനച്ച് കൊടുക്കുന്നു. ഹോൾസ് ഇടുന്നു. വൈക്കോൽ, അണുനശീകരണം ഒന്നും ഇതിൽ വരുന്നില്ല. എല്ലാ ട്രീറ്റ്മെന്റ്സും ചെയ്ത് കഴിഞ്ഞിട്ടാണ് മഷ് പെല്ലറ്റ് എന്ന സാധനം കയ്യിൽ കിട്ടുന്നത്. ഇത് ഡയറക്ട് യൂസ് ചെയ്താൽ മാത്രം മതി.

ആർക്കും ചെയ്യാം ഈസിയായി..

വെകുന്നേരം 1 കിലോ പെല്ലറ്റിൽ ഒന്നര ലിറ്റർ വെള്ളം ഒഴിച്ചിട്ട് പിറ്റേന്ന് രാവിലെ എണീറ്റ് വിത്തിട്ടാൽ മതി. ഇവിടെ ഏറ്റവും വലിയ ലാഭം സമയമാണ്. മറ്റൊരു ജോലി ചെയ്യുന്ന ആൾക്ക് ഈ രീതിയിൽ കൃഷി ചെയ്യാം. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളമാണ് കവറിലേക്ക് ഒഴിയ്ക്കുന്നത്. പെല്ലറ്റ് ഹാർഡ് ആയിരിക്കും അത് പെട്ടെന്ന് കുതിർന്ന് കിട്ടാനാണ് തിളച്ച വെള്ളമൊഴിക്കുന്നത്. പോളിപ്രൊപ്പലിൻ (പിപി കവർ) കവറാണ് ഇതിനായി യൂസ് ചെയ്യുന്നത്. തിളയ്ക്കുന്ന വെള്ളം ഒഴിയ്ക്കുന്നത് കൊണ്ട് ഈ കവറിന് യാതൊരു പ്രശ്നവും സംഭവിക്കില്ല. ഒരു ട്രേ വച്ചിട്ട് അതിന് മുകളിൽ കവർ വയ്ക്കുന്നതാണ് സുരക്ഷിതം.

ശുചിത്വം പ്രധാനം..

കൂൺ കൃഷി ചെയ്യുന്നവർ സാനിറ്റൈസർ, സോപ്പ് എന്നിവ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പരമാവധി ഗ്ലൗസ് ഉപയോഗിക്കുന്നതാണ് നല്ലത്. 10 മണിക്കൂറിന് ശേഷം എടുക്കുമ്പോൾ പെല്ലറ്റ് കവറിൽ പൊടിഞ്ഞുകിടക്കും. ശേഷം അതിന് മുകളിലേക്ക് 250-350 ഗ്രാം വിത്തുകൾ ഇടുക. കവറിന്റെ ഓപ്പണിംഗ് അതുപോലെ ടേപ്പ് ഇട്ട് ഒട്ടിക്കുക. വൃത്തിയുള്ള ഏത് സ്ഥലത്തും ഇത് സൂക്ഷിക്കാം. 15 ദിവസം ഈ കവർ അങ്ങനെ സൂക്ഷിക്കണം. ശേഷം 5 ചെറിയ സുഷിരങ്ങൾ കവറിൽ ഇടണം. തലകീഴായി കെട്ടിത്തൂക്കിയാൽ നന്നായിരിക്കും. 24-28 ഡിഗ്രി താപനിലയാണ് ചിപ്പിക്കൂൺ കൃഷിയ്ക്ക് ആവശ്യം. ഒരുതരത്തിലുള്ള വളവും കീടനാശിനികളും ചെയ്യേണ്ട കാര്യമില്ല. ചൂടുകാലാവസ്ഥയിൽ 2 മണിക്കൂർ ഇടവിട്ട് വെള്ളം സ്പ്രേ ചെയ്യുന്നത് നല്ലതാണ്.

പുതിയ ആൾക്കാരോട്

കൂൺ കൃഷിയിൽ എക്സ്പീരിൻസ് വളരെ പ്രധാനമാണ്. പഠിക്കുക, ശേഷം വളരെ ചെറിയ രീതിയിൽ കൃഷി തുടങ്ങുക. തുടക്കത്തിൽ തന്നെ വലിയ ഫാമുകളോ, കൂടുതൽ ബെഡുകളോ നിർമിക്കേണ്ട കാര്യമില്ല. ആദ്യശ്രമം വിജയിച്ചതിനുശേഷം കൃഷി വ്യാപിപ്പിക്കാം. 

 

Contact - Sreekanth, +91 89213 90344, Monsoon Mushroom


English Summary: Time and labor saving and profitable in Mush Pellet mushroom cultivation

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds