1. Livestock & Aqua

കുതിരവേഗത്തില്‍ കാളകള്‍ വയല്‍ വരമ്പില്‍ ആവേശത്തിര

കൊയ്ത്തു കഴിഞ്ഞ് രണ്ടാം വിളവിറക്കുന്നതിനായി ഉഴുതു മറിച്ച വിശാലമായ വയലുകളില്‍ ഉയരുന്ന കാളപ്പൂട്ടിന്റെ നിറഞ്ഞ ആരവങ്ങള്‍.....

KJ Staff
കൊയ്ത്തു കഴിഞ്ഞ് രണ്ടാം വിളവിറക്കുന്നതിനായി ഉഴുതു മറിച്ച വിശാലമായ വയലുകളില്‍ ഉയരുന്ന കാളപ്പൂട്ടിന്റെ നിറഞ്ഞ ആരവങ്ങള്‍..... പൂട്ടുപാടത്തിന്റെ വരമ്പുകളില്‍ ആവേശത്തിന്റെ ആര്‍പ്പുവിളികള്‍. മത്സരത്തിനെത്തിയ കാളകളെ അവയുടെ പൂട്ടുകാര്‍ക്കൊപ്പം ഒറ്റയ്ക്കും ജോഡിയായും മത്സരത്തിനും മുന്നോടിയായി പൂട്ടുപാടങ്ങളില്‍ ഇറക്കി പൂട്ടുകണ്ടം ചുറ്റിക്കും; പാടം വലംവയ്ക്കുക എന്നും ഇതിനു പറയും.

ഇത് 'കണ്ടം പഴകാന്‍' നല്ലതാണത്രെ; പൂട്ടുകണ്ടത്തെക്കുറിച്ച് ഉരുക്കള്‍ക്കും അവയുടെ നുകക്കാര്‍ക്കും ബോധ്യം വരാന്‍ ഈ വലം വയ്ക്കല്‍ സഹായിക്കും. ചേറുണര്‍ത്താനും ഇത് നല്ലതാണെന്നു കരുതുന്നു. നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ടമത്സരമാണ് മരമടി. പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉഴുതുമറിച്ച വയലുകളാണ് കാളപ്പൂട്ടിന്റെ വേദി. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും മത്സരത്തിനു മുന്നോടിയായി കന്നുകാലികളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞള്‍പ്പൊടി എന്നിവ ചാര്‍ത്തി അലങ്കരിക്കുന്നു.

തുടര്‍ന്ന് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീര്‍ കൊണ്ട് അഭിഷേകം ചെയ്ത് കൂട്ടിക്കെട്ടി വയലിലിറക്കുന്നു. 30 മുതല്‍ 70 ജോടി കാളകള്‍ വരെ ഓരോ മത്സരത്തിനുമുണ്ടാകും. മണ്ണിന്റെ ഗന്ധവും കര്‍ഷകജനതയുടെ കരുത്തും നിറയുന്ന ഗ്രാമീണ ജനതയുടെ ആവേശമാണ് അന്നും ഇന്നും കാളപൂട്ട്. അരുമകളെ പോലെ ഓമനിച്ചു വളര്‍ത്തിയ മൃഗങ്ങള്‍ ശരവേഗത്തില്‍ മത്സരിച്ചു നേടുന്ന വിജയം കാര്‍ഷിക മുന്നേറ്റത്തിന്റെ ആവേശം കൂടെയാണ്. മണ്ണില്‍ നൂറുമേനി വിളയിച്ച മനുഷ്യന്റെ ഉത്സവം. തങ്ങള്‍ക്കൊപ്പം നിലമുഴുത് അന്നത്തിന് വിയര്‍പ്പൊഴുക്കിയ കന്നുകാലികളും മനുഷ്യനും കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ ആര്‍പ്പുവിളികളുടെ ആവേശത്തില്‍ പ്രവേഗത്തിന്റെ പുതിയ ചരിത്രം രചിക്കുന്ന ധന്യനിമിഷം.

bulls

കഴിഞ്ഞ അരനൂറ്റാണ്ടായി കൃഷിയടെയും കാളപൂട്ടിന്റെയും രംഗത്ത് കയ്യും മെയ്യും മറന്ന് ജീവിക്കുന്ന എടയൂര്‍ കളരിക്കല്‍ പുത്തൂര്‍മഠം വിജയന്‍ നായര്‍ ഈ മേഖലയില്‍ അമൂല്യമായ കൈത്തഴമ്പിന്റെയും അനുഭവസമ്പത്തിന്റെയും അമരക്കാരനാണ്. 

മലബാറിലെ കാര്‍ഷിക ചരിത്രത്തിന്റെ അധ്യായമാണ് ഓരോ പ്രദേശത്തെയും കാളപൂട്ട് മത്സരം. പുല്ലാളൂരിലെയും ചേളന്നൂരിലെയും താനളൂരിലെയും അയിലക്കാട്ടെയും എടപ്പാളിലെയും വളാഞ്ചേരിലെയും പയ്യനാട്ടെയും എടയൂരിലെയും കാര്‍ഷികഗ്രാമങ്ങളില്‍ കാളപ്പൂട്ടുകണ്ടങ്ങള്‍ തന്നെയുണ്ട്. മലബാറിലെ പ്രമുഖ പഞ്ചായത്തുകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്ക് കാളപൂട്ടിനു മാത്രമായി സ്ഥിരം പൂട്ടുകണ്ടങ്ങള്‍ ഉണ്ട്. 

മൃഗത്തോട് മനുഷ്യര്‍ എതിരിടുന്നതിനു പകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന ഒരു ടീം വര്‍ക്കാണ് കാള ഓട്ടം എന്നു പറയാം. ''കൈനഷ്ടമാണ് ഒരര്‍ത്ഥത്തില്‍ ഇവയുടെ തീറ്റിപ്പോറ്റല്‍... എങ്കിലും പണ്ടുമുതലേ തുടര്‍ന്നുവരുന്ന നാടിന്റെയും നാട്ടാരുടെയും ഉത്സവമല്ലേ.... ഒഴിവാക്കാന്‍ മനസ്സുവരുന്നില്ല....'' 

നെറ്റിയില്‍ ഏലസും കഴുത്തില്‍ വെടയും കെട്ടി ഒരുക്കി നിര്‍ത്തിയിരിക്കുന്ന പോത്തിന്‍കുട്ടികളെ സ്‌നേഹവായ്‌പോടെ തഴുകുമ്പോള്‍ വിജയന്‍ നായരുടെ ആത്മഗതം.സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കെയുണ്ട് വിജയന്‍നായര്‍ക്ക് കാളക്കമ്പം. അമ്പത് ജോഡി കന്നും അതിനനുസരിച്ച് നിലവുമുണ്ടായിരുന്നു തറവാട്ടില്‍. അതുകൊണ്ടു തന്നെ സ്‌കൂളില്‍ പോകുക വിജയന്‍നായര്‍ക്ക് അത്ര താല്‍പര്യമുളള വിഷയമായിരുന്നില്ല. എന്നാല്‍ കൃഷി കാര്യങ്ങള്‍ക്കും കന്നുപൂട്ടിനും കൂടാന്‍ ഒരിക്കലും യാതൊരു വൈമനസ്യവുമില്ല താനും. പളളിക്കൂടത്തില്‍ പോകുന്നതിനു പകരം വിജയന്‍നായര്‍ മിക്കപ്പോഴും പ്രകൃതിയുടെ പാഠശാലയിലേക്കാണിറങ്ങുക. അപ്പോള്‍ സ്‌കൂളും ക്ലാസുമൊക്കെ സൗകര്യപൂര്‍വ്വം മറക്കും.

baffallo

പഠിത്തം മതിയാക്കി കൃഷിപ്പണിയിലേക്കും കന്നുപൂട്ടിലേക്കുമിറങ്ങിയപ്പോള്‍ വിജയന്‍ നായര്‍ക്ക് പല ഭാഗത്തു നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നു. എന്നാല്‍ എന്തിനെയും ലാഘവത്തോടെ കാണാന്‍ പഠിച്ചതിനാല്‍ അതൊന്നും അത്ര ഗൗരവമായി എടുക്കുന്ന പ്രകൃതമായിരുന്നില്ല വിജയന്‍നായരുടേത്. 

എടയൂര്‍ പ്രദേശത്തെവിടെയും വിത്തിറക്കാനും പാടം ഉഴാനും ഒക്കെ വിജയന്‍നായര്‍ കൂടിയേ തീരൂ എന്നൊരു കാലമുണ്ടായിരുന്നു. കാര്‍ഷിക മേഖലയില്‍ സംഭവിച്ച വ്യത്യാസങ്ങള്‍ എന്നാല്‍ ഈ പതിവിന് സ്വാഭാവികമായ ചില മാറ്റങ്ങള്‍ വരുത്തി. നിലമുഴാനും മറ്റും ട്രാക്ടര്‍ സ്ഥിരം സാന്നിദ്ധ്യമായി. നാളിതുവരെ കാളപൂട്ടിയിരുന്ന വിജയന്‍ നായര്‍ക്ക് ട്രാക്ടറിന്റെ വരവ് അത്ര വേഗം ഉള്‍ക്കൊളളാനായില്ലെങ്കിലും പഠിക്കാനും തരമില്ലെന്നു കണ്ടപ്പോള്‍ ട്രാക്ടര്‍ ഓടിക്കാനും പഠിച്ചു. അതും ട്രാക്ടറുമായി കണ്ടങ്ങള്‍ തോറുമെത്തിയിരുന്ന ഡ്രൈവര്‍ക്ക് മുറുക്കാനും സിഗരറ്റും ഒക്കെ കൈമടക്കി വാങ്ങി നല്‍കി. ഒരു ട്രാക്ടര്‍ സ്വന്തമായി വാങ്ങി ആ വഴിയ്ക്കും കുറെ നാള്‍ സഞ്ചരിച്ചു. 

എങ്കിലും പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ പ്രവൃത്തികള്‍ കൈവിടാന്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിജയന്‍നായര്‍ ഇന്നും പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്നു; മത്സരങ്ങള്‍ക്കയയ്ക്കുന്നു; വിജയാഹ്ലാദം കണ്ട് നിസ്വാര്‍ത്ഥം ആനന്ദിക്കുന്നു.

''45 സെക്കന്റ് നേരത്തെ ഓട്ടം...അതായത് 15-16 സെക്കന്റ് വീതം മൂന്നു റൗണ്ട്... മൂന്നു റൗണ്ടിന്റെയും വേഗത്തില്‍ ശരാശരി കണ്ടെത്തിയാണ് വിജയിയെ നിശ്ചയിക്കുന്നത്. ഇത്രേയുളളൂ കാളയോട്ടത്തിന്റെ സമയം... ഇതിനുളളില്‍ അസ്ത്രവേഗത്തില്‍ ആദ്യം ഓടിയെത്തുന്നവരാണ് ജേതാക്കള്‍... ഈ 45 സെക്കന്റു സമയത്തിനുവേണ്ടിയാണ് ഇത്ര ശ്രദ്ധാപൂര്‍വ്വം ഇവയെ വളര്‍ത്തുന്നത്....'' വിജയന്‍നായര്‍ പറയുന്നു.

bull fighting

ഓട്ടത്തിനു വളര്‍ത്തുന്ന പോത്തുകുട്ടികളുടെ തീറ്റക്രമത്തിനുമുണ്ട് ചില നിഷ്ഠകളും ചിട്ടകളും. കോഴിയിറച്ചിയാണ് ഒരു പ്രധാന മെനു. പീടികയില്‍ നിന്ന് വാങ്ങുന്ന കോഴിയെ അവിടെ വച്ച് കൊല്ലില്ല. വീട്ടില്‍ കൊണ്ടുവന്നേ കൊല്ലുകയുളളൂ. എന്നിട്ട് അയമോദകം, മഞ്ഞള്‍പ്പൊടി, ഉളളി, കുരുമുളക്, വെളുത്തുളളി, കുറുന്തോട്ടി എന്നിവയും ചേര്‍ത്ത് ഉരലില്‍ ഇടിക്കും. വെളിച്ചെണ്ണ കൂട്ടി ഉരുളയാക്കിയിട്ടാണ് പോത്തുകള്‍ക്ക് കോഴിയിറച്ചി നല്‍കുക. ഇളയ പൂവന്‍ കോഴിയാണിതിന് ആവശ്യം. പിടക്കോഴിയാണെങ്കില്‍ മുട്ടയിടുന്നതിനുമുമ്പുതന്നെ എടുക്കും. 

''നാടന്‍ ഭാഷയില്‍ ഇതിന് കോഴിയിറച്ചി എന്നല്ല 'കോഴിമരുന്ന്' എന്നാണ് പറയുക....'' വിജയന്‍ നായര്‍ വിശദീകരിച്ചു
പതിനഞ്ചു ദിവസം കൂടുമ്പോഴാണ് കോഴിമരുന്ന് കൊടുക്കുന്നത്. ഒരു തവണ ഒരു പോത്തിന് / കാളയ്ക്ക് മൂന്നു കോഴി വേണ്ടി വരും. വൈകുന്നേരമാണ് 'കോഴിമരുന്ന്' കൊടുക്കാന്‍ യോജിച്ച സമയം. ദിവസവും വൈക്കോല്‍ കൊടുക്കും. എന്നാല്‍ പച്ചപ്പുല്ല് പേരിന് മാത്രമേ കൊടുക്കുകയുളളൂ. പച്ചപ്പുല്ല് 'കനംകൂടിയ' തീറ്റയായാല്‍ ഓട്ടത്തില്‍ ഇവ പിന്നോക്കം പോകാനിടയുണ്ട്. 

വേവിച്ച് ഇടിച്ച മുതിര പോത്തിന് ഓരോ കിലോ വീതം കൊടുക്കുന്ന പതിവുണ്ട്. പൂട്ടു കഴിഞ്ഞു വന്നാല്‍ ഉടനെ കൊടുക്കുന്നതും മുതിരയാണ്. മുതിര മാത്രമല്ല ഒപ്പം കുറച്ച് നെല്ലും ചേര്‍ക്കും. നെല്ലാകുമ്പോള്‍ അവ അയവെട്ടി ചവയ്ക്കുന്ന പതിവ് തുടരും. മുതിര മാത്രമായാല്‍ ദഹനവും പ്രശ്‌നമാകും.'മുക്കിടി' എന്നു പേരായ മറ്റൊരു ഔഷധക്കൂട്ടും ഇവയ്ക്ക് നല്‍കുന്ന പതിവുണ്ടെന്ന് ഒരു ആയുര്‍വേദവിശാരദന്റെ വൈഭവത്തോടെ വിജയന്‍നായര്‍ പറയുന്നു.

''കയ്ക്കുന്ന ആര്യവേപ്പിന്റെ ഇല, ജീരകം, അയമോദകം, തെങ്ങിന്‍ പൂക്കുല, പച്ചമഞ്ഞള്‍, പെരുവങ്കൊടയുടെ കൂമ്പ്, വെളുത്തുളളി, ഇഞ്ചി ഇവ അമ്മിയില്‍ നന്നായി അരയ്ക്കുന്നു. എന്നിട്ട് അരപ്പ് പ്ലാവിന്റെ പലകയില്‍ പരത്തും. ഇത് വെയിലത്ത് ഉണക്കി ചാരി വയ്ക്കും. ഇത് മോരില്‍ തിളപ്പിച്ച് കര്‍ക്കിടക മാസമാണ് കൊടുക്കുക. ഒരു കൊല്ലം വരെ മുക്കിടി കേടാകാതെയുമിരിക്കും......''

പോത്തിനാണെങ്കില്‍ മോര് നിഷിദ്ധം. പകരം നെല്ലു കുത്തരിയുടെ അരിക്കാടിയാണെടുക്കുക. പൂട്ടുകളത്തിലേക്കിറങ്ങും മുമ്പ് തന്നെ പോത്തിന് പരിശീലനം നല്‍കുക പതിവാണ്. കയര്‍ കെട്ടി തെങ്ങിനു ചുറ്റും നിശ്ചിത കാലത്തില്‍ ഓടിച്ചാണ് പരിശീലനം. കാലമേറെ മാറി; കമ്പക്കാര്‍ വന്നാല്‍ ഒന്ന്-ഒന്നര ലക്ഷം രൂപ വരെ തന്ന് പോത്തുകുട്ടികളെ വാങ്ങാറുണ്ട്....... ആ പ്രതീക്ഷയിലാണ് ഇവയെ നന്നായി പരിചരിച്ച് വളര്‍ത്തുന്നതും....വില്‍പന നിന്നുപോയാല്‍ ഏറെ ചെലവ് വര്‍ദ്ധിക്കാനും മതി... എങ്കിലും അതൊന്നും ഞാന്‍ കാര്യമാക്കാറില്ല... ഇതെന്റെ നിയോഗവും അന്നവുമാണ്.. എന്തുതന്നെ സംഭവിച്ചാലും ഞാന്‍ ഇവയെ വളര്‍ത്തുകയും പോത്തു പൂട്ടിന് വിടുകയും ചെയ്യും. 

ദിവസവും കുളിപ്പിച്ച് നല്ല വൃത്തിയും ശുദ്ധിയും ഉറപ്പാക്കിയുളള സംരക്ഷണമാണ് പോത്തിന്‍കുട്ടികള്‍ക്ക് നല്‍കുക. നെറ്റിയില്‍ ഏലസും കഴുത്തില്‍ വെടയും കെട്ടി ഭംഗി വരുത്തുന്നതുപോലെ തന്നെ കൊളളിക്കിഴങ്ങ് ചതച്ച് ഉരച്ച് കുളിപ്പിക്കുക പതിവാണ്. ദേഹശുദ്ധിക്കിത് ഉത്തമമാണ് എന്ന് വിജയന്‍ നായര്‍ പറയുന്നു. വിജയന്‍ നായരുടെ വാക്കുകളില്‍ തികഞ്ഞ ദൃഢനിശ്ചയം. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന്റെ ദൃശ്യങ്ങള്‍ കണ്ട് ഇടക്കാലത്ത് കാളപൂട്ട്-പോത്തുപൂട്ട് മത്സരത്തിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ വിലക്ക് വിജയന്‍നായരെപ്പോലെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളെ ആശങ്കാകുലരാക്കി.

ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലും വിജയന്‍ നായര്‍ മുന്‍നിരയിലായിരുന്നു. ഉത്തരവിന് സ്റ്റ് സമ്പാദിക്കാനും കളക്‌ട്രേറ്റ് മാര്‍ച്ച് നടത്താനുമെല്ലാം ഉണ്ടായിരുന്നു. എങ്കിലും കാളക്കൂറ്റന്മാര്‍ക്കും വയല്‍വരമ്പിലെ ജനസഞ്ചയത്തിനും ഇന്നും കാര്യമായ മാറ്റമില്ല. വലിയ ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രതീതിയിലാണ് ഇന്നത്തെ കാളപൂട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഡിജിറ്റല്‍ വാച്ചുകളും സ്റ്റോപ് വാച്ചുകളും ഉപയോഗിച്ചാണ് സമയക്ലിപ്തത നിര്‍ണയിക്കുന്നത്. 

വിജയന്‍ നായരുടെ കാളക്കമ്പത്തിന് സാക്ഷികളും സഹായികളുമായി ഭാര്യ സരോജിനിയും മക്കളായ മണികണ്ഠനും സുജിതകുമാരിയും ഒപ്പമുണ്ട്. എടയൂര്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന പാടശേഖരസമിതിയുടെ സെക്രട്ടറി കൂടിയായ വിജയന്‍ നായര്‍ രണ്ടേക്കര്‍ സ്ഥലത്ത് കൃഷി മുടങ്ങാതെ നടത്തിയിരുന്നു. 

http://malayalam.krishijagran.com/livestock-aqua/bull-fighting-in-kerala/  
സുരേഷ് മുതുകുളം എഡിറ്റര്‍, കൃഷി ജാഗ്രണ്‍, മലയാളം 
English Summary: bull fighting in kerala

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds