1. Livestock & Aqua

മധ്യപ്രദേശിലെ കുനോ കാടുകൾ തയ്യാറാക്കുന്നു, ചീറ്റപ്പുലികൾ നവംബറിൽ എത്തും

എഴുപത് വർഷത്തെ ഇടവേളയ്‌ക്കു ശേഷം രാജ്യത്തെ വനസമ്പത്തിലേക്ക് ചീറ്റപ്പുലികൾ തിരികെയെത്തുന്നു.

K B Bainda
മധ്യപ്രദേശിലെ ചമ്പൽ മേഖലയിലെ കുനോ ദേശീയോദ്യാനമാണ് ചീറ്റപ്പുലികൾക്ക് പറ്റിയ കാട്
മധ്യപ്രദേശിലെ ചമ്പൽ മേഖലയിലെ കുനോ ദേശീയോദ്യാനമാണ് ചീറ്റപ്പുലികൾക്ക് പറ്റിയ കാട്

എഴുപത് വർഷത്തെ ഇടവേളയ്‌ക്കു ശേഷം രാജ്യത്തെ വനസമ്പത്തിലേക്ക് ചീറ്റപ്പുലികൾ തിരികെയെത്തുന്നു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലികളുടെ പുനരധിവാസം ഈ വർഷം നവംബറിൽ യാഥാർഥ്യമാകുമെന്ന് മധ്യപ്രദേശ് വനം മന്ത്രി വിജയ് ഷാ അറിയിച്ചു.

ദക്ഷിണാഫ്രിക്കൻ വനങ്ങളിൽ നിന്നാണ് അഞ്ചു പെൺപുലികൾ ഉൾപ്പെടെ 10 ചീറ്റകളെ ഇന്ത്യ സ്വന്തമാക്കുന്നത്. ഇന്ത്യയിൽ ഇവയ്ക്ക് ഏറ്റവും യോജിച്ച ആവാസവ്യവസ്ഥ മധ്യപ്രദേശിൽ ചമ്പൽ മേഖലയിലെ കുനോ ദേശീയോദ്യാനമാണെന്ന് നേരത്തെ വന്യജീവി പരിസ്ഥിതി വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു.

ഇന്ത്യൻ വനങ്ങളിൽ ഏറെയുണ്ടായിരുന്ന ചീറ്റപ്പുലികൾ നിരന്തരമായ വേട്ടയും വനങ്ങളുടെ നാശവും മൂലം ഇല്ലാതാവുകയായിരുന്നു. 1947 ൽ ഛത്തീസ്‌ഗഡിലാണ് അവസാന ചീറ്റയുടെ മരണം റിപ്പോർട്ട് ചെയ്തത്.1952 ൽ രാജ്യത്ത് ചീറ്റപ്പുലികൾ അവശേഷിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏതാനും വർഷം മുൻപ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WWI)മുൻകയ്യെടുത്താണ് ആഫ്രിക്കൻ വനങ്ങളിൽ നിന്ന് ചീറ്റകളെ ഇന്ത്യയിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. അടുത്തിടെ സുപ്രീം കോടതിയുടെ അനുമതിയും ലഭിച്ചതോടെ പദ്ധതിക്ക് ജീവൻ വച്ചു. ഓഗസ്റ്റിൽ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന് വിജയ് ഷാ പറഞ്ഞു.

ആദ്യം കൂട്ടിനുള്ളിലും പിന്നീട് ചുറ്റും വലയുളള തുറന്ന പ്രദേശത്തും വളർത്തി പുതിയ പരിസ്ഥിതിക്ക് ഇണക്കിയശേഷമായിരിക്കും ചീറ്റകളെ സ്വതന്ത്രമായി കാട്ടിനുള്ളിലേക്ക് വിടുക. ചീറ്റകളെ വളർത്താനുള്ള പരിശീലനത്തിന് ഉദ്യോഗസ്ഥർക്ക് ജൂണിലും ജൂലായിലുമായി ദക്ഷിണാഫ്രിക്കയിൽ പരിശീലനം നൽകും.

750 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ളതാണ് ചമ്പൽ മേഖലയിലെ കുനോ ദേശീയോദ്യാനം. കാലമാൻ, പുള്ളിമാൻ, മ്ലാവ്,കേഴ, കാട്ടുപന്നി തുടങ്ങിയവ ധാരാളമായി കാണപ്പെടുന്ന ചീറ്റകൾക്ക് ഭക്ഷണ ദൗർലഭ്യമുണ്ടാവില്ലെന്ന് കരുതുന്നു. 14 കോടി രൂപയാണ് പ്രൊജക്റ്റ് ചീറ്റ എന്ന പദ്ധതിക്ക് ഈ വർഷം അനുവദിച്ചിട്ടുള്ളത്.

English Summary: Kuno forests in Madhya Pradesh are being prepared and cheetahs will arrive in November

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds