1. വിള ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് കർഷകർ പുറത്താകുന്നു. കാർഷിക വായ്പ നൽകുന്ന ബാങ്കുകൾ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാത്തതാണ് കാരണം. കാലാവസ്ഥ മാറ്റം, പ്രകൃതി ദുരന്തം എന്നിവ മൂലം വിളനാശം സംഭവിച്ച് കർഷകർക്ക് നഷ്ട പരിഹാരം നൽകുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാരിന്റെ വിഞ്ജാപന പ്രകാരമുള്ള 26 വിളകൾക്കാണ് പദ്ധതി വഴി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. വായ്പയെടുക്കുന്ന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം എന്നാണ് കേന്ദ്ര സർക്കാർ നിർദേശം. വിളകളെ അടിസ്ഥാനമാക്കി വായ്പ നൽകുന്നത് കിസാൻ ക്രെഡിറ്റ് കാർഡ് വഴിയാണ്. 2019-20ൽ 70.27 ശതമാനം പേർക്ക് ഇൻഷുറൻസ് ലഭിച്ചിരുന്നു. എന്നാൽ 2021-22 വർഷത്തിൽ 32.04 ശതമാനമായി ഇത് കുറഞ്ഞു. 2020-21 വർഷത്തിൽ 8.82 ലക്ഷം കാർഡുകൾക്ക് വായ്പ നൽകിയെങ്കിലും ഇതിൽ ഭൂരിഭാഗം പേരും ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറത്താണ്. പാലക്കാട് ഒഴികെയുള്ള ജില്ലകളിലെ ചെറുകിട കർഷകരാണ് അർഹമായ ആനുകൂല്യത്തിൽ നിന്ന് പുറത്തായത്.
ബന്ധപ്പെട്ട വാർത്തകൾ: ഡിസംബറിൽ കേരളത്തിൽ പെയ്തത് റെക്കോർഡ് മഴ.. കൂടുതൽ കൃഷി വാർത്തകൾ
2. മൾട്ടിറൂട്ട് ജാതികൃഷിയിൽ അന്തർദേശീയ അംഗീകാരം നേടി അടിമാലി സ്വദേശി ഗോപി. ശ്രീലങ്കയിലെ കൊളംബോ ഓപ്പൺ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ കൃഷി വിഭാഗത്തിലെ ഡോക്ടറേറ്റാണ് ഗോപി നേടിയത്. കാലാവസ്ഥ വ്യതിയാനം മൂലം ജാതിത്തൈകൾ നശിക്കുന്നതിന് പരിഹാരമായാണ് ജാതി കർഷകനായ ഗോപി മൾട്ടി റൂട്ട് ജാതി തൈകൾ ഉൽപാദിപ്പിച്ചത്. യൂണിവേഴ്സിറ്റി അധികൃതർ ഗോപിയുടെ തോട്ടത്തിലെത്തി കൃഷിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് ഡോക്ടറേറ്റിന് പരിഗണിച്ചത്. ഇതിനുപുറമെ കർഷകോത്തമ അവാർഡ്, സ്പൈസസ് ബോർഡ് അവാർഡ്, കർഷകതിലക് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഗോപി നേടിയിട്ടുണ്ട്.
3. മികച്ച കര്‍ഷക നയ രൂപീകരണത്തിന് കാര്‍ഷിക സെന്‍സസ് സഹായിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കാര്‍ഷിക സെന്‍സസിന്റെ നെടുമങ്ങാട് താലൂക്ക് തല പരിശീലന പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു. എല്ലാ കുടുംബങ്ങളെയും നേരിട്ട് സന്ദര്‍ശിച്ച് കൃത്യതയോടെ തയ്യാറാക്കുന്നതാണ് കാര്‍ഷിക സെന്‍സസ് വിവരങ്ങളെന്നും ഭാവിയില്‍ കര്‍ഷകരുടെ മികച്ച ഉന്നമനത്തിനായി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍വേ ഫലങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സ്ഥിതവിവരണക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന്റെ പതിനൊന്നാം ഘട്ടം ഉടൻ ആരംഭിക്കും.
4.സംസ്ഥാനത്തെ മുഴുവൻ കന്നുകാലികൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമത്തിന്റെ സമാപന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പിന്റെ 2022- 2023ലെ വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീര സഹകരണ സംഘങ്ങളുടേയും ത്രിതല പഞ്ചായത്തുകളുടേയും ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
5. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ പച്ചക്കറി കൃഷിയ്ക്ക് തുടക്കം. പരിപാടിയുടെ ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ് നിർവഹിച്ചു. കൃഷി വകുപ്പിൻ്റെ പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായി ഒരേക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ ഏക്കർ കണക്കിന് തരിശുഭൂമി വീണ്ടെടുക്കാൻ സാധിച്ചതായും സുരക്ഷിതമായ ഭക്ഷ്യോത്പാദനത്തിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് കളമശ്ശേരി മണ്ഡലത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
6. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഓണ്‍ലൈന്‍ രജിസ്ട്രേഷനും സംബന്ധിച്ചാണ് ക്യാമ്പ് നടന്നത്. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള ആഗ്രോ മെഷിനെറി കോര്‍പ്പറേഷനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയില്‍ 40% മുതല്‍ 80% വരെ സബ്സിഡി ലഭിക്കുന്നതിന് വേണ്ടി സ്മാമിന്റെ സൗജന്യ ഓണ്‍ലൈന്‍ രജിസ്ട്രേഷനും യന്ത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
7. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൃശൂർ കൊറ്റനെല്ലൂരിൽ കര നെൽക്കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. കേരളത്തിൽ ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി വേളൂക്കര ഗ്രാമ പഞ്ചായത്തിൽ കറുത്ത ഇനം ഞവര നെൽ വിത്താണ് കൃഷി ചെയ്തത്.
8. കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ഇടുക്കിയിൽ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാലയ്ക്ക് തുടക്കം. ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും പുതിയ സംരംഭകര്‍ക്കും വേണ്ടി സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച പരിഹരിച്ച് വിളകള്‍ക്ക് ന്യായമായ വില ലഭിക്കുന്ന ഓണ്‍ലൈന്‍ വിപണി കണ്ടെത്താന്‍ കര്‍ഷകരെയും സംരംഭകരെയും പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
9. ക്ഷീരമേഖലയുടെ പുരോഗതിക്കായി തൊടുപുഴ ബ്ലോക്കിൽ വിവിധ പദ്ധതികൾക്ക് തുടക്കം. പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് നിര്‍വഹിച്ചു. വനിതാ ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണ പദ്ധതി, പട്ടികജാതി ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി, മിനി ഡയറി ഫാം ആധുനികവത്കരണം, സൈലേജ് നിര്‍മ്മാണ യൂണിറ്റ് എന്നീ പദ്ധതികളാണ് ക്ഷീരകര്‍ഷകര്‍ക്കായി പഞ്ചായത്ത് നടപ്പിലാക്കുന്നത്.
10. പച്ചക്കുട പദ്ധതിയിലൂടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും പച്ചക്കറി തൈകൾ മന്ത്രി വിതരണം ചെയ്തു. ഭക്ഷ്യോത്പാദനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സംരക്ഷണം, ഊർജ്ജസുരക്ഷ, ഇക്കോ ടൂറിസം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ട് ലക്ഷം തൈകളാണ് വിതരണം ചെയ്തത്.
11. മാനന്തവാടി ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം.ആര്‍ പ്രഭാകരന്‍ പഞ്ചായത്തിനുള്ള മൊമന്റോ കൈമാറി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കാമ്പയിനാണ് തരിശ് രഹിത ഗ്രാമ പഞ്ചായത്ത്. ഇതിനുമുമ്പ് നെന്മേനി, പുല്‍പ്പള്ളി എന്നീ പഞ്ചായത്തുകളെ തരിശുരഹിത ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയിലൂടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൃഷി യോഗ്യമായ മുഴുവന്‍ തരിശിടങ്ങളിലും കൃഷിയിറക്കിയിട്ടുണ്ട്.
12. ആലപ്പുഴയിൽ ശാസ്ത്രീയ പശു പരിപാലനം വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26 മുതല്‍ 31 വരെയാണ് പരിശീലനം നടക്കുക. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഈമാസം 24-ന് വൈകുന്നേരം അഞ്ച് മണി വരെ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ നൽകണം.
13. പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി വൈത്തിരി താലൂക്കിലെ എന്യൂമറേറ്റര്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷീന നിർവഹിച്ചു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതിനായി വിവരശേഖരണം നടത്തുന്നതിനാണ് കാര്‍ഷിക സെന്‍സസ് സംഘടിപ്പിക്കുന്നത്.
14. കോഴിക്കോട് ജില്ലയിൽ ക്രിസ്തുമസ്സ്-പുതുവത്സര ഖാദി മേളക്ക് തുടക്കം. മേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. ഖാദിമേളയോട് അനുബന്ധിച്ച് ജനുവരി മൂന്ന് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. മേളയുടെ ഭാഗമായി ഖാദി ബോര്‍ഡിന് കീഴില്‍ പ്രവൃത്തിക്കുന്ന വില്‍പ്പനശാലകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍, എള്ളെണ്ണ, നറുതേന്‍ എന്നിവ ലഭിക്കും.
15. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളുൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments