<
  1. News

മഴക്കാലത്തെ നേരിടാൻ സുസജ്ജം; മുന്നൊരുക്കങ്ങൾ വിലയിരുത്തി

അതികഠിനമായ വേനലിനു ശേഷം എത്തുന്ന മഴക്കാലത്ത് രോഗസാധ്യത വർദ്ധിക്കുമെന്നത് കണക്കിലെടുത്ത് രോഗങ്ങൾ പടരാതിരിക്കാനും പടർന്നാൽ ആവശ്യമായ പ്രതിരോധ നടപടികൾ നടത്താനും വേണ്ട നിർദ്ദേശങ്ങൾ യോഗം വിലയിരുത്തി. താലൂക്ക് തലം മുതൽ ആശുപത്രികളിൽ പനി ക്ലിനിക്കുകളും വാർഡുകളും ആരംഭിച്ചു കഴിഞ്ഞതായി ഡിഎംഒ അറിയിച്ചു.

Saranya Sasidharan
Prepared for rainy season; Preparedness assessed
Prepared for rainy season; Preparedness assessed

മഴക്കാലമുന്നൊരുക്കങ്ങൾ വിലയിരുത്താൻ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം. ചുമതലക്കാരനായ നോഡൽ ഓഫീസർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്നുള്ള കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് യോഗത്തിലാണ് തീരുമാനം. 10 ദിവസത്തിനുള്ളിൽ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് പ്രാദേശിക യോഗങ്ങൾ ചേരാനും തീരുമാനമായി.

അതികഠിനമായ വേനലിനു ശേഷം എത്തുന്ന മഴക്കാലത്ത് രോഗസാധ്യത വർദ്ധിക്കുമെന്നത് കണക്കിലെടുത്ത് രോഗങ്ങൾ പടരാതിരിക്കാനും പടർന്നാൽ ആവശ്യമായ പ്രതിരോധ നടപടികൾ നടത്താനും വേണ്ട നിർദ്ദേശങ്ങൾ യോഗം വിലയിരുത്തി. താലൂക്ക് തലം മുതൽ ആശുപത്രികളിൽ പനി ക്ലിനിക്കുകളും വാർഡുകളും ആരംഭിച്ചു കഴിഞ്ഞതായി ഡിഎംഒ അറിയിച്ചു. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും ദുരന്ത നിവാരണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ദൗർലഭ്യം നേരിടുന്ന ബ്ലീച്ചിങ് പൗഡർ പൊതുമാർക്കറ്റിൽ നിന്നും വാങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കൃത്യമായി കണ്ടെത്തി ആരോഗ്യകരമായ സാഹചര്യം ആണോ എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ ലേബർ ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി.

അപകടകരമായ വൃക്ഷങ്ങൾ, മരച്ചില്ലകൾ, കായ്ഫലങ്ങൾ എന്നിവ വെട്ടി മാറ്റുന്നതിന് ആവശ്യമായ നടപടികൾ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് യോഗത്തിൽ നിർദേശം നൽകി. പ്രത്യേക സാഹചര്യങ്ങളിൽ കലക്ടറുടെ അധികാരം ഉപയോഗിച്ച് പരിഹാരം കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അഡീഷണൽ- മൈനർ - മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റുകളോട് യോഗത്തിൽ ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ വീഴ്ച ഉണ്ടാക്കുന്ന പക്ഷം കഠിനമായ ഉദ്യോഗസ്ഥ തല നടപടികൾ ഉണ്ടാകുമെന്ന താക്കീതും മന്ത്രി നൽകി.

പിഡബ്ല്യുഡി, പഞ്ചായത്ത് നേതൃത്വത്തിൽ കാന വൃത്തിയാക്കൽ ജില്ലയിൽ ഉടനീളം പുരോഗമിക്കുകയാണ്. കിണർ ശുചീകരണം, കുറ്റിക്കാടുകൾ തെളിയിക്കൽ, കൊതുക് നശീകരണം തുടങ്ങിയവയും ദ്രുതഗതിയിൽ നടപ്പിലാക്കുന്നതായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്കൾ വ്യക്തമാക്കി. മഴക്കാലമുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് 106 ലക്ഷം രൂപയാണ് പിഡബ്ല്യുഡി റോഡ് വിഭാഗത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 99 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം വ്യക്തമാക്കി.

കെഎസ്ഇബിയും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയതായി യോഗത്തിൽ അറിയിച്ചു. പ്രളയബാധിത സ്ഥലങ്ങളിൽ ട്രാൻസ്ഫോർമർ ഉയർത്തി വയ്ക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷാ ബോധവൽക്കരണ ക്ലാസുകളും ലഘുലേഖകളും വിതരണം ചെയ്തുകൊണ്ട് മഴക്കാല അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ ക്യാമ്പുകൾക്കുള്ള ഇടം കണ്ടത്താനും അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഉറപ്പുവരുത്തുവാനും റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. വളർത്തു മൃഗങ്ങളെ കൂടി ഉൾക്കൊള്ളിക്കുന്ന ക്യാമ്പുകൾ പരിഗണിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മഴക്കാലം മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ജില്ലയിലെ നാലാമത്തെ യോഗം ആണ് ചേർന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, വിവിധ വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: തൃത്താല കേരളത്തിലെ കേര മണ്ഡലമായി മാറും: മന്ത്രി എം.ബി രാജേഷ്

English Summary: Prepared for rainy season; Preparedness assessed

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds