1. News

വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.

Meera Sandeep
വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത് ഒഴിവാക്കണം. 11നു മുൻപും നാലിനു ശേഷവും മാത്രം പശുക്കളെ മേയാൻ വിടണം.

തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്‌ളർ / നനച്ച ചാക്കിടുന്നത് ഉത്തമമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തിൽ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കൾക്ക് 80- 100 ലിറ്റർ വെള്ളം / ദിവസം) ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം.

ചൂടും ഈർപ്പവും (ഹ്യൂമിഡിറ്റി) കൂടിയ പകൽ സമയങ്ങളിൽ നനയ്ക്കുന്നത് മൂലം കന്നുകാലികളുടെ ശരീരം പെട്ടെന്ന് തണുക്കുകയും തുടർന്ന് ശരീരോഷമാവ് സ്വയം നിയന്ത്രിക്കുന്നതിലേക്കായി കുറച്ചു സമയത്തിന് ശേഷം ശരീരോഷ്മാവ് സ്വയം വർദ്ധിക്കുന്നതിനും മറ്റു അസ്വസ്ഥതകൾക്കും കാരണമാകും. താരതമ്യേന ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കണം.

കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ  ഉമിനീർ നഷ്ടപ്പെടുന്നത്   മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. വേനൽ ചൂട്  മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു  ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ , ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ   അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.

ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനൽക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടിൽ നിന്നും പാൽ പൂർണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണം. കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതൽ വൈകിട്ടു നാലു വരെയുള്ള  സമയങ്ങളിൽ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

സൂര്യാഘാത ലക്ഷണങ്ങളും ശ്രദ്ധിക്കണം. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ  വിദഗ്ദ്ധ ചികിത്സ തേടണം.

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

  1. തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക.

  2. കുടിക്കാൻ ധാരാളം വെള്ളം നൽകുക

വേനൽക്കാലത്ത് അരുമ മൃഗങ്ങളുടെ പരിപാലനം

  • വളർത്തു മൃഗങ്ങൾക്ക് എല്ലായ്‌പ്പോഴും ശുദ്ധമായ  തണുത്ത ജലം കുടിയ്ക്കാൻ പാകത്തിന് എല്ലാസമയത്തും  ലഭ്യമാണെന്ന് ഉറപ്പാക്കുക.

  • പകൽ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളിൽ അരുമമൃഗങ്ങളെ പാർപ്പിക്കരുത്.

  • ഫാനുകളോ എയർ കൂളറുകളോ ഉള്ള മുറികളിൽ പകൽ സമയങ്ങളിൽ അരുമ മൃഗങ്ങളെ പാർപ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.

·രോമം കൂടിയ ഇനത്തിൽ പെട്ട അരുമ മൃഗങ്ങളെ  വേനൽക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.

  • കോൺക്രീറ്റ്/ ടിൻ ഷീറ്റുകൊണ്ടുള്ള കൂടുകളുടെ മേൽക്കൂരകളിൽ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കിൽ വെള്ളം തളിക്കുന്നതും കൂടുകളിൽ ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും.

  • രാവിലെ ഒൻപതു മണി മുതൽ വൈകീട്ട് നാല് മണി വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ  കൂടുതലായതിനാൽ അവയെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാൻ    ശ്രദ്ധിക്കുക.

  • ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകൾ നൽകുന്നത് ചൂടുകാലത്തു ഓമന മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് പ്രതിരോധം തീർക്കാൻ സഹായകരമായിരിക്കും

  • ചൂടുകാലത്തു ബാഹ്യ പരാദങ്ങൾ പെറ്റുപെരുകുന്ന സമയമായതിനാൽ   ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി അരുമ മൃഗങ്ങളുടെ ഉടമസ്ഥർ സ്വീകരിക്കേണ്ടതാണ്.

  • ചൂട് കൂടിയ ഉച്ച സമയങ്ങളിൽ ആഹാരം നൽകാതെ ചൂട്കുറവുള്ള സമയങ്ങളിൽ  പ്രത്യേകിച്ച്  രാവിലെയും വൈകീട്ടും   പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നൽകുന്നതാണ് നല്ലത്.

  • അടച്ചിട്ട കാറുകളിൽ അരുമ മൃഗങ്ങളെ ഒറ്റക്കാക്കി ഉടമസ്ഥർ പുറത്തുപോകരുത് .

  • വളർത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.

  • യാത്രകളുടെ ഇടവേളകളിൽ ശുദ്ധമായ കുടിവെള്ളം നൽകേണ്ടതാണ്.

  • ചൂട് കൂടിയ പകൽ സമയങ്ങളിൽ റോഡിലോ കോൺക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.

  • ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ടതാണ്.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ

  • ശരീരോഷ്മാവ് വർധിക്കുക

  • അമിതമായ ശ്വാസോച്ഛാസം

  • സാധാരണ ഗതിയിലും കൂടുതലായി ഉമിനീർ കാണുക

  • വിറയൽ

  • തളർന്നു വീഴുക

  • ആഹാരം കഴിയ്ക്കാതിരിക്കുക

  • ക്ഷീണം

  • ഛർദി

സൂര്യാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത്

  1. സൂര്യാഘാതമേറ്റാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക.

  2. തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കുക.

  3. കുടിക്കാൻ തണുത്ത വെള്ളം നൽകുക.

  4. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക

English Summary: Summer heat: Animal Welfare Department has issued a warning

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds