നമ്മുടെ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത് ഉണ്ടാക്കുവാൻ ഏറ്റവും എളുപ്പമായ ചെടിയാണ് ചീര. ഇലക്കറികളിൽ ഏറ്റവും പ്രാധാന്യമുള്ളത് ചീര തന്നെ. ചീരയെ കുറിച്ച് പഴമക്കാർ പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട്' 'ചോര ഉണ്ടാകുവാൻ ചീര'. പച്ചയായോ വേവിച്ചോ ചീര നമുക്ക് ഉപയോഗപ്രദം ആക്കാം. ധാരാളം പ്രോട്ടീൻ, ഇരുമ്പ്, ഫോളിക് ആസിഡ് വിറ്റാമിൻ എ തുടങ്ങിയ രക്ത ഉല്പാദക ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഈ ഇലക്കറി ആരോഗ്യത്തിന് പകരുന്ന ഗുണങ്ങൾ അനവധിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വണ്ണം കുറയ്ക്കുന്ന നെല്ലിക്ക- ബീറ്റ്റൂട്ട് പാനീയം
ചീര കറിയായി മാത്രമല്ല, പലഹാരമായും അനവധിപേർ ഉപയോഗപ്പെടുത്തുന്നു. പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി നട്ടാൽ രോഗസാധ്യത ഇല്ലാതെ ധാരാളമായി വിളവ് ലഭ്യമാകും. ചുവന്ന ചീരയുടെ വേര് കഷായം വച്ച് കഴിച്ചാൽ മഞ്ഞപ്പിത്ത സാധ്യതയെ പമ്പകടത്താം. ഇതുകൂടാതെ ഉപാപചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാനും, ഗർഭാശയ സംബന്ധമായ രോഗങ്ങൾ അകറ്റുവാനും ചീര ഉത്തമമാണ്. ഇത്രയും ആരോഗ്യഗുണങ്ങൾ പകരുന്ന ചീര കൊണ്ട് നമുക്കൊരു സൂപ്പുണ്ടാക്കി കുടിച്ചാലോ..
ബന്ധപ്പെട്ട വാർത്തകൾ: വേനൽച്ചൂടിൽ കൂവ കൊണ്ടൊരു പാനീയം
ചീര സൂപ്പ് തയ്യാറാക്കുന്ന വിധം
ചേരുവകൾ
1. വെണ്ണ - ഒരു വലിയ സ്പൂൺ
2. പച്ചച്ചീര- 3 കപ്പ്
3. ഉപ്പ് - അര ചെറിയ സ്പൂൺ
4. ഫ്രഷ് ക്രീം - രണ്ട് ചെറിയ സ്പൂൺ
5. കുരുമുളക് പൊടി - പാകത്തിന്
6. വെളുത്തുള്ളി ഒരു അല്ലി പൊടിയായി അരിഞ്ഞത്
7. സവാള ഇടത്തരം പൊടിയായി അരിഞ്ഞത്.
8. തക്കാളി- ഇടത്തരം ഒന്ന്, തൊലികളഞ്ഞ് പൊടിയായരിഞ്ഞത്
9. കോൺഫ്ളവർ - രണ്ട് ചെറിയ സ്പൂൺ രണ്ടു വലിയ സ്പൂൺ പാലിൽ കലക്കിയത്
ബന്ധപ്പെട്ട വാർത്തകൾ: രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്ന മുരിങ്ങയിലപ്പുട്ടും മുരിങ്ങയില പാനീയവും
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ചീരയിലയും തക്കാളി അരിഞ്ഞതും ചേർത്ത് വീണ്ടും രണ്ട് മിനിറ്റ് വഴറ്റുക. മൂന്ന് കപ്പ് വെള്ളം ചേർത്ത് ചീരയില വേവും വരെ തിളപ്പിക്കുക. ഇതിന് ഏകദേശം അഞ്ചു മിനിറ്റു മതി. വെന്ത് കുഴയാതെ പ്രത്യേകം നോക്കണം. ചൂടാറുമ്പോൾ മിക്സിയിൽ അടിച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് കോൺഫ്ലവർ കലക്കിയത് ചേർത്ത് ഇളക്കി സോസ് പാനിൽ ഒഴിക്കുക. അടുപ്പത്ത് ചെറുതീയിൽ വെച്ച് ഇത് തിളപ്പിക്കുക. കുറുകിവരുമ്പോൾ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വാങ്ങുക. അതിനുശേഷം ക്രീമും റൊട്ടിക്കഷണങ്ങൾ വറുത്തതും കൊണ്ട് അലങ്കരിച്ച വിളമ്പാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കുവാൻ കൊത്തമര സൂപ്പ്
Share your comments