ഇന്നത്തെ കിടാവ് നാളത്തെ കാമധേനു കന്നുകാലികളുടെ ശാസ്ത്രീയ പരിപാലനമുറകളെ കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍

Friday, 18 May 2018 03:15 PM By KJ KERALA STAFF
ഇന്നത്തെ പശുക്കിടാവ് നാളെയുടെ കാമധേനുവാണ്. കുഞ്ഞുക്കിടാങ്ങളെ ആരോഗ്യവും മികച്ച ഉത്പാദനശേഷിയുമുളള പശുക്കളായി മാറ്റിയെടുക്കുകയാണ് ക്ഷീരമേഖലയിലെ വിജയത്തിന്റെ അടിത്തറ. മികച്ച ആരോഗ്യവും വളര്‍ച്ചാക്ഷമതയുമുളള കിടാരികള്‍ കര്‍ഷകരുടെ മുന്നോട്ടുളള പ്രയാണം ശക്തിപ്പെടുത്തും. ഇതിന് അത്യധികം ശ്രദ്ധയും ശാസ്ത്രീയ പരിപാലനവും അത്യാവശ്യമാണ്.

കന്നുക്കുട്ടികളുടെ ശാസ്ത്രീയ പരിപാലനത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ അവയുടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. നല്ല വളര്‍ച്ചയോടെയും ശരീരഭാരത്തോടുകൂടിയും പ്രസവിക്കുന്ന കന്നുക്കുട്ടികളില്‍ പൊതുവെ രോഗനിരക്കും മരണ സാദ്ധ്യതയും കുറവായിരിക്കും. അതുകൊണ്ടു തന്നെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ ശാരീരികവളര്‍ച്ച ഉറപ്പു വരുത്താന്‍ തളളപ്പശുക്കള്‍ക്ക് അവയുടെ ഗര്‍ഭകാലത്ത് പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയിലുളള കിടാവിന്റെ വളര്‍ച്ച ഏറ്റവും കൂടിയ അവസാനത്തെ മൂന്നു മാസത്തില്‍ കൃത്യമായ കണക്കില്‍ ഗുണനിലവാരമുളള ഭക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. സാധാരണ നല്‍കുന്ന സംരക്ഷണ റേഷന് പുറമെ ഉയര്‍ന്ന അളവില്‍ മാംസവും ഊര്‍ജ്ജവുമടങ്ങിയ ഖരാഹാരങ്ങള്‍ അരക്കിലോ മുതല്‍ ഒരു കിലോ വരെ അധികം നല്‍കണം. കൂടിയ അളവില്‍ പച്ചപ്പുല്ല് നല്‍കല്‍, വളര്‍ച്ചയെ സഹായിക്കുന്ന മൂലകങ്ങള്‍ അടങ്ങിയ ധാതുലവണങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തല്‍ എന്നിവയും നല്ലതാണ്. എങ്കിലും ഗര്‍ഭകാലത്തിന്റെ ഏഴുമാസം മുതല്‍ പ്രസവത്തിന്റെ രണ്ടാഴ്ചയിലുളള കാലയളവില്‍ കാല്‍സ്യം അടങ്ങിയ തീറ്റ ഒഴിവാക്കുന്നത് പ്രസവ സമയത്തെ സങ്കീര്‍ണ്ണതകള്‍ തടയും. 

ഒന്നാം ദിവസം തന്നെ തളളയില്‍ നിന്ന് കുഞ്ഞിനെ വേര്‍പെടുത്തുന്നില്ലെങ്കില്‍ പത്തു ദിവസം വരെ തളളപ്പശുവിനൊപ്പം കുഞ്ഞിനെ അവിടെ തന്നെ പാര്‍പ്പിക്കാം. ഡയറീഫാമുകള്‍ ആണെങ്കില്‍ മൊത്തം പ്രത്യുല്‍പാദനക്ഷമതയുളള പശുക്കളുടെ എണ്ണത്തിന്റെ അഞ്ചു ശതമാനം എന്ന കണക്കില്‍ പ്രസവമുറികള്‍ മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കാം. ധാരാളം ജലവും വിരേചനക്ഷമത കൂടിയ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാക്കണം. ചുരുങ്ങിയത് 3 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയും ഉളള ഒരു മുറി പ്രസവത്തിന് സജ്ജീകരിക്കാം. നല്ല വായു സഞ്ചാരവും വെളിച്ചവും പ്രത്യേകം ഉറപ്പു വരുത്തണം. 

calf

അണുനാശിനികള്‍ തളിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ പ്രസവമുറിയിലേക്ക് പ്രസവം പ്രതീക്ഷിക്കുന്നതിനു രണ്ടാഴ്ച മുമ്പ് തന്നെ പശുക്കളെ മാറ്റാം. ഒപ്പം പ്രസവമുറിയില്‍ വൈക്കോലും ചണച്ചാക്കും മറ്റും തറയില്‍ വിരിച്ച് വിരിപ്പൊരുക്കുകയും വേണം. പ്രസവം ഏറ്റവും അടുത്ത നാളുകളില്‍ പ്രത്യേകിച്ച് രാത്രിയും വെളുപ്പിനും പശുക്കളെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. അകിടുകള്‍ കന്നിപ്പാല്‍ നിറഞ്ഞ് തുടിക്കല്‍, യോനിദളം ചുവന്നു വികസിക്കല്‍, വാല് തുടര്‍ച്ചയായി ഉയര്‍ത്തിപ്പിടിക്കല്‍, ഇടവിട്ട് മൂത്രമൊഴിക്കല്‍, ഇടുപ്പെല്ലുകള്‍ വികസിക്കല്‍, ഭക്ഷണത്തോടു വിരക്തി, പാല്‍ ചുരത്തല്‍ തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ എന്നിവ പ്രസവമടുത്തതിന്റെ സൂചനകളാണ്. 

തുടര്‍ന്ന് പുറത്തേക്കുവന്നു പൊട്ടി സാധാരണ നിലയില്‍ പ്രസവം നടക്കും. എന്നാല്‍ കുട്ടിയുടേതും അമ്മയുടേതുമായ വ്യത്യസ്തങ്ങളായ കാരണങ്ങളാല്‍ പ്രസവതടസ്സത്തിനുളള സാധ്യതയും തളളിക്കളയാന്‍ കഴിയില്ല. തണ്ണീര്‍ക്കുടം പൊട്ടി രണ്ടു മണിക്കൂറിനുളളില്‍ പ്രസവം നടന്നില്ലെങ്കില്‍ വിദഗ്ധസഹായം തേടണം.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പശുക്കിടാങ്ങളുടെ അകാലമരണത്തിനുളള പ്രധാന കാരണങ്ങളിലൊന്നാണ് പ്രസവ തടസ്സവും തുടര്‍ന്നുളള സങ്കീര്‍ണ്ണതകളും. സമയബന്ധിതമായി വിദഗ്ധസഹായം തേടുക വഴി ഇത് പരിഹരിക്കാം. പ്രത്യേകിച്ച് പശുക്കളുടെ കന്നിപ്രസവത്തില്‍ പ്രസവ തടസ്സത്തിന് സാധ്യത കൂടും. അമ്മപ്പശുവിന്റെ പ്രായം കൂടുന്തോറും ഗര്‍ഭാശയം പുറത്തേക്ക് തളളിവരല്‍ പോലുളള സങ്കീര്‍ണ്ണതകളും സംഭവിക്കാം. ഈ സാഹചര്യത്തില്‍ ഉടനടി ഡോക്ടറുടെ സേവനം ലഭ്യമാക്കണം. പശുവിന്റെ ഏകദേശം പ്രസവ തീയതി ഡോക്ടറെ മുന്‍കൂട്ടി അറിയിച്ച് അടിയന്തിര ഘട്ടങ്ങളിലെ സേവനം മുന്‍കൂട്ടി ഉറപ്പു വരുത്തുക.


dairy cow

കിടാവിന് ശ്വാസോച്ഛ്വാസം ഉറപ്പുവരുത്തുക

പ്രസവം നടന്ന ഉടന്‍ കന്നിക്കിടാവിന് ശ്വാസോച്ഛ്വാസം ഉറപ്പു വരുത്തണം. മുഖത്തും മറ്റും പറ്റിപ്പിടിച്ച ഗര്‍ഭാശയ അവശിഷ്ടങ്ങളും, കൊഴുത്ത ദ്രാവകവും, രക്തവും നീക്കി തുടച്ചു വൃത്തിയാക്കി നെഞ്ചില്‍ ഇടവിട്ട് തുടര്‍ച്ചയായി ചെറുതായി അമര്‍ത്തി നാസാദ്വാരത്തില്‍ ഒരു വൈക്കോല്‍ തുമ്പു കൊണ്ട് ചെറുതായി തട്ടി ശ്വാസോച്ഛ്വാസം സാധ്യമാക്കാം. ചില സമയം ശ്വസന നാളികളില്‍ കെട്ടിക്കിടക്കുന്ന കൊഴുത്ത ദ്രാവകം ശ്വാസതടസ്സം ഉണ്ടാക്കാം. അതൊഴിവാക്കാന്‍ കിടാവിനെ പിന്‍കാലുകളില്‍ പിടിച്ചുയര്‍ത്തി ചെറുതായി ഇരുവശത്തേക്കും ചലിപ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ കിടാവിന്റെ മുട്ടില്‍ നിന്നും നമ്മുടെ കൈ വഴുതാതിരിക്കാന്‍ വൈക്കോല്‍ കൊണ്ട് ചേര്‍ത്ത് പിടിക്കണം.

ഈ മാര്‍ഗ്ഗങ്ങളത്രയും പരാജയപ്പെട്ടാല്‍ അടുത്ത വഴി കിടാവിനു കൃത്രിമശ്വാസോച്ഛ്വാസം നല്‍കുക എന്നതാണ്. നമ്മുടെ വായ് കിടാവിന്റെ മൂക്കിനോട് ചേര്‍ത്തുപിടിച്ചു ശ്വസനനാളികകളില്‍ കെട്ടിക്കിടക്കുന്ന ദ്രാവകങ്ങള്‍ വലിച്ചെടുക്കുക എന്നതാണ് പ്രഥമ പടി. ശേഷം കിടാവിന്റെ വായ് അടച്ചു പിടിച്ചു നമ്മുടെ നിശ്വാസവായു അതിന്റെ മൂക്കിലേക്ക് കടത്തിവിടാം. ഒപ്പം ഇടവിട്ട് ചെറുതായി നെഞ്ചില്‍ അമര്‍ത്തി തടവുകയും വേണം. നമ്മുടെ നിശ്വാസ വായുവിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് കിടാവിന്റെ ശ്വസനപ്രക്രിയയെ ത്വരിതപ്പെടുത്തും. 

അണുബാധാ സാധ്യതകള്‍ തടയണം

പ്രസവിച്ച ഉടനെ സാധാരണഗതിയില്‍ തളളപ്പശു തന്നെ കിടാവിനെ നക്കി തുടച്ചു വൃത്തിയാക്കാറുണ്ട്. ഇത് കിടാവിന്റെ രക്തചംക്രമണത്തെയും സുഗമമായ ശ്വസനത്തെയും സഹായിക്കും. തളള പശു ഇതില്‍ വിമുഖത കാണിച്ചാല്‍ കിടാവിന്റെ ശരീരത്തില്‍ അല്പം ഉപ്പോ, തവിടോ വിതറുന്നത് നല്ലതാണ്. എന്നിട്ടും തളളപ്പശു കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ലെങ്കില്‍ കന്നിക്കിടാവിന്റെ ശരീരം മുഴുവനും ഉണങ്ങിയ വൃത്തിയുളള ഒരു തുണി കൊണ്ടോ, വൈക്കോല്‍ കൊണ്ടോ തുടച്ചു പറ്റി പിടിച്ചിരിക്കുന്ന സ്രവങ്ങളും മറ്റു സ്തരങ്ങളും നീക്കം ചെയ്യണം. അല്ലെങ്കില്‍ താഴ്ന്ന ശരീരോഷ്മാവ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. 

cow licking calf

കിടാക്കളിലെ രോഗസംക്രമണത്തിനും അണുബാധയ്ക്കുമുളള വലിയ സാധ്യതകളില്‍ ഒന്നാണ് അവയുടെ പൊക്കിള്‍ക്കൊടി വഴി രോഗാണുക്കള്‍ ശരീരത്തില്‍ കയറുന്നത്. സന്ധിവീക്കം, പൊക്കിള്‍ രോഗം, പൊക്കിള്‍ പഴുപ്പ് തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകാം. ഇതൊഴിവാക്കാന്‍ പ്രസവിച്ച് അരമണിക്കൂറിനുളളില്‍ തന്നെ പൊക്കിള്‍ കൊടി ശരീരത്തില്‍ നിന്നും 5 സെന്റീ മീറ്റര്‍ മാറി ടിഞ്ചര്‍ അയഡിന്‍ ലായനിയില്‍ മുക്കിയ ഒരു നൂലു കൊണ്ട് കെട്ടണം. ശേഷം അതിന്റെ 2 സെന്റി മീറ്റര്‍ ചുവടെ വച്ച് മുറിച്ച് ഒഴിവാക്കാം. ബാക്കിയുളള ഭാഗം നേര്‍പ്പിച്ച അയഡിന്‍ ലായനിയില്‍ (7%) അഞ്ചു ദിവസം വരെ ദിവസവും രണ്ടു തവണ മുക്കണം. 

സന്ധിവീക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ചികില്‍സ ലഭ്യമാക്കണം. അല്ലാത്തപക്ഷം വീക്കം വര്‍ദ്ധിച്ചു മുട്ടുകള്‍ പഴുത്തു പൊട്ടി ഒന്നു രണ്ടു ആഴ്ചയ്ക്കുളളില്‍ മരണം സംഭവിക്കും. രോഗം ബാധിച്ച കിടാവിനെ മറ്റുളളവയില്‍ നിന്ന് പ്രത്യേകം മാറ്റിയിടാനും അതിന്റെ മുറിവിലെ പഴുപ്പും മറ്റും തൊഴുത്തില്‍ വീഴാതെയും ശ്രദ്ധിക്കണം. നീണ്ടുനില്‍ക്കുന്ന ആന്റിബയോട്ടിക് ചികിത്സ അനിവാര്യമാണ്. 

കന്നിപ്പാലിന്റെ പ്രാധാന്യം

കന്നുക്കുട്ടിയുടെ ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ അളവിലും സമയത്തും കന്നിപ്പാല്‍ ഉറപ്പുവരുത്തണം. ഗര്‍ഭാവസ്ഥയില്‍ തളളപ്പശുവില്‍ നിന്ന് രോഗപ്രതിരോധത്തിനുളള ആന്റിബോഡികള്‍ ഒന്നും തന്നെ കുഞ്ഞിന് ലഭ്യമാവില്ല. എന്നാല്‍ കന്നിപ്പാല്‍ കുടിക്കുന്നതു വഴി ഈ കുറവ് നികത്താം. ഗ്രാമ ഗ്ലോബുലിന്‍ അടക്കം രോഗപ്രതിരോധത്തിനാവശ്യമായ ആന്റിബോഡികള്‍, വിറ്റാമിന്‍ എ അടക്കമുളള വിവിധ വിറ്റാമിനുകള്‍, അയണ്‍, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയ മൂലകങ്ങള്‍, ഊര്‍ജ്ജം വിവിധ മാംസ്യങ്ങള്‍ എന്നിവയുടെയെല്ലാം നിറഞ്ഞ സ്രോതസ്സുകളാണ് കന്നിപ്പാല്‍ അഥവാ കൊളസ്ട്രം. 

first milk

സാധാരണ പാലിലുളളതിനെക്കാള്‍ ഏഴിരട്ടി അധികം മാംസ്യവും രണ്ടിരട്ടി അധികം ഖരപദാര്‍ത്ഥങ്ങളും കന്നിപ്പാലില്‍ അടങ്ങിയിട്ടുണ്ട്. കന്നിപ്പാല്‍ പോഷകങ്ങളോടൊപ്പം വിരേചതനക്ഷമതയും പ്രധാനം ചെയ്യുന്നു. ജനിച്ച ശേഷം പന്ത്രണ്ടു മുതല്‍ ഇരുപത്തിനാലു മണിക്കൂര്‍ വരെ ഈ ഘടകങ്ങള്‍ അതേപടി നേരിട്ട് ആഗിരണം ചെയ്യാനുളള കഴിവ് കന്നുകുട്ടികളുടെ ദഹനവ്യൂഹത്തിനുണ്ട്. ആദ്യ ഒന്നു രണ്ടു മണിക്കൂറില്‍ ആഗിരണശേഷി ഏറ്റവും ഉയര്‍ന്ന തോതില്‍ ആയിരിക്കും. എന്നാല്‍ സമയം ഏറുന്തോറും ദഹനവ്യൂഹത്തില്‍ വിവിധ രാസാഗ്നികള്‍ പ്രവര്‍ത്തിച്ച് പ്രസ്തുത ഘടകങ്ങള്‍ വിഘടിക്കുന്നതിനും നേരിട്ടുളള ആഗിരണം തടസ്സപ്പെടുന്നതിനും കാരണമാവും. അതിനാല്‍ കന്നിപ്പാല്‍ കൃത്യ അളവില്‍ കൃത്യസമയത്ത് നല്‍കണം.

സാധാരണ നിലയില്‍ അര മുതല്‍ ഒരു മണിക്കൂറിനുളളില്‍ കിടാക്കള്‍ എഴുന്നേറ്റ് സ്വമേധയാ കന്നിപ്പാല്‍ കുടിക്കുമെങ്കിലും അങ്ങനെയല്ലാത്ത പക്ഷം കന്നിപ്പാല്‍ കറന്ന് കിടാക്കളെ കുളിപ്പിക്കണം. ആദ്യ അരമണിക്കൂറിനുളളില്‍ ശരീരഭാരത്തിന്റെ എട്ടു ശതമാനം വരെ കന്നിപ്പാല്‍ കിടാവിനെ കുടിപ്പിക്കാം. ശേഷം 10 മുതല്‍ 12 മണിക്കൂറിനുളളില്‍ അതേ അളവില്‍ ഒരു തവണ കൂടി നല്‍കാം. തുടര്‍ ദിവസങ്ങളില്‍ മൊത്തം ശരീരഭാരത്തിന്റെ പത്തുശതമാനം വരെ പാല്‍ ഇങ്ങനെ കിടാക്കളെ കുടിപ്പിക്കാം. ഈ അളവിലുളള പാല്‍ ദിവസം മൂന്നോ നാലോ തവണ നല്‍കാം. കന്നിപ്പാലിന്റെ അഭാവത്തില്‍ ഒരു മുട്ട അര ലിറ്റര്‍ പാലില്‍ കലക്കി അതില്‍ 15 മില്ലി ലിറ്റര്‍ ആവണക്കെണ്ണയും മീനെണ്ണയും ചേര്‍ത്ത് നല്‍കാം.

ശാസ്ത്രീയ ഭക്ഷണക്രമം

ആദ്യ മൂന്നു മാസം പ്രായമാവുന്നതു വരെ കന്നുകുട്ടികളുടെ ആഹാരത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മൂന്നു മാസം വരെയുളള കിടാക്കളെ പശുക്കളുടെ അരികെ വിട്ട് വേണ്ടത്ര പാല്‍ കുടിപ്പിക്കുന്ന രീതിയാണ് കേരളത്തില്‍ ചെറുകിട ക്ഷീരകര്‍ഷകര്‍ വ്യാപകമായി അനുവര്‍ത്തിക്കുന്നത്. രണ്ട് ആഴ്ച പ്രായമായ കിടാങ്ങളെ തളള പശുക്കളില്‍ നിന്ന് മാറ്റി നിര്‍ത്തി പരിപാലിക്കുന്ന വീനിങ് രീതിയും അവലംബിക്കാം. വീനിങ് രീതിയാണെങ്കില്‍ കറന്നെടുത്ത പാലോ അല്ലെങ്കില്‍ ഉയര്‍ന്ന പ്രോട്ടീനുകള്‍ അടങ്ങിയ (24 % വരെ) കൃത്രിമ പാലുകളോ നിപ്പിളും മറ്റു പാല്‍ പാത്രങ്ങളും ഉപയോഗിച്ച് നല്‍കണം.

calf fodderആദ്യമാസം ശരീരഭാരത്തിന്റെ പത്തിലൊന്നു പാല്‍ ദിവസവും വിവിധ തവണകളായി ഇങ്ങനെ നല്‍കാം. ഇത് പരമാവധി മൂന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെ ആവാം. രണ്ടാം മാസം ശരീരഭാരത്തിന്റെ പതിനഞ്ചില്‍ ഒന്നും മൂന്നാം മാസം ഇരുപതില്‍ ഒന്നും പാല്‍ നല്‍കാം. രണ്ടാഴ്ച മുതല്‍ ധാരാളം ശുദ്ധജലം കിടാക്കള്‍ക്ക് ലഭ്യമാക്കണം.

ഉയര്‍ന്ന തോതില്‍ പോഷകഘടകങ്ങള്‍ അടങ്ങിയ സാന്ദ്രീകൃതാഹാരം (കാഫ് സ്റ്റാര്‍ട്ടര്‍) ഒരു മാസത്തിനുശേഷം ആറു മാസം വരെ കൊടുക്കാം. ഇത് കിടാക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. നാലു ആഴ്ചകള്‍ക്കു ശേഷം അന്‍പതു മുതല്‍ നൂറു ഗ്രാം വരെ ഖരാഹാരം ഇങ്ങനെ നല്‍കാം. ഓരോ രണ്ടാഴ്ച കൂടുന്തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറു മുതല്‍ നൂറ്റി അന്‍പത് ഗ്രാം വരെ അധികമായി വര്‍ദ്ധിപ്പിച്ചു ആറാം മാസത്തോടുകൂടി ഒന്നേകാല്‍ കിലോ വരെ സാന്ദ്രീകൃതാഹാരം നല്‍കാം. ഒപ്പം ഒന്നാം മാസത്തിനു ശേഷം അല്‍പ്പാല്‍പ്പം പുല്ലും തീറ്റയില്‍ ചേര്‍ത്തു നല്‍കാം. ജീവകങ്ങളായ എ, ഡി, ബി തുടങ്ങിയവ വളര്‍ച്ചാ ഘട്ടത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഈ അവസരത്തില്‍ യൂറിയ അടങ്ങിയ തീറ്റ ഒഴിവാക്കണം. 

കന്നുകുട്ടികള്‍ക്കും പ്രത്യേക മുറി

കന്നുകുട്ടികള്‍ക്ക് പ്രത്യേകമുറിയൊരുക്കി പാര്‍പ്പിക്കല്‍ മികച്ച ഒരു ശാസ്ത്രീയ രീതിയാണ്. അവയെ പ്രത്യേകം ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനും ഇത് സഹായിക്കും. മുറികള്‍ ഉണക്കി വൃത്തിയായി സൂക്ഷിക്കേണ്ടതും നല്ല വായു സഞ്ചാരം ഉറപ്പു വരുത്തേണ്ടതും ഉണ്ട്. തറയില്‍ വൈക്കോല്‍ പുതച്ച് വിരിപ്പ് ഒരുക്കണം. ആദ്യ മൂന്നു മാസം ഈ പ്രത്യേക മുറികളില്‍ കിടാക്കളെ പാര്‍പ്പിക്കണം. ഇതിനു ശേഷം ഒരുമിച്ചു പരിപാലിക്കുകയും ആറു മാസത്തോടെ ആണ്‍-പെണ്‍ എന്നിങ്ങനെ വേര്‍തിരിച്ചു പരിപാലിക്കുകയും വേണം. 

കിടാക്കളിലെ രോഗങ്ങള്‍ 

കന്നിപ്പാല്‍ കുടിപ്പിക്കുകയും വൃത്തിയുളള തൊഴുത്ത് സജ്ജമാക്കുകയും ശാസ്ത്രീയപരിചരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വഴി രോഗങ്ങള്‍  ഒരു പരിധി വരെ തടയാം. എങ്കിലും കന്നു കുട്ടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ അറിഞ്ഞിരിക്കണം.
തളളപ്പശുവില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരാന്‍ സാധ്യതയുളള ടോക്‌സോകാര വിറ്റുലോറം എന്നയിനം ഉരുണ്ടവിരകള്‍, പ്രോട്ടോസോവല്‍ രോഗകാരിയായ കോക്‌സീഡിയ എന്നിവയാണ് കിടാക്കളുടെ പ്രധാന വിരബാധകള്‍. തളളപ്പശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തിനു മുമ്പ് തന്നെ ഫെന്‍ബെന്‍ഡസോള്‍, ആല്‍ബെന്‍ഡസോള്‍ തുടങ്ങിയ എല്ലാത്തരം വിരകളെയും തടയുന്ന വിരമരുന്നുകള്‍ നല്‍കിയും പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്ന് തളള പശുവിന് നല്‍കിയും ടോക്‌സോകാര എന്നയിനം വിരകള്‍ അമ്മപ്പശുവില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് പകരുന്നത് തടയാം. ഒപ്പം പ്രസവിച്ച് പത്താം ദിവസം കിടാങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിരമരുന്നുകള്‍ നല്‍കണം.

കുഞ്ഞു കിടാക്കളെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗവും, രക്തവും കഫവും കലര്‍ന്ന വയറിളക്കത്തിന് കാരണമാവുകയും ചെയ്യുന്ന പ്രോട്ടോസോവല്‍ രോഗമാണ് കോക്‌സിഡിയോസിസ് അഥവാ രക്താതിസാരരോഗം. കൃത്യമായ ചികിത്സ ലഭ്യമാക്കാത്ത പക്ഷം കുടലിലെ സ്തരങ്ങള്‍ ഇളകി പുറത്തു വരുന്നതിനും തുടര്‍ന്ന് മരണത്തിന് തന്നെയും കാരണമാകും. കാഷ്ട പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ഉടന്‍ ചികിത്സ ലഭ്യമാക്കണം. 

ശ്വാസകോശത്തിലെ അണുബാധ, വയറിളക്കം, വിറ്റാമിന്‍ എ യുടെ അപര്യാപ്തത തുടങ്ങിയവയൊക്കെയാണ് കന്നുകുട്ടികളെ ബാധിക്കാന്‍ സാധ്യതയുളള മറ്റു രോഗങ്ങള്‍. രോമം കൊഴിഞ്ഞു പോവല്‍, കണ്ണില്‍ നിന്ന് വെളളമൊലിക്കല്‍ എന്നിവയെല്ലാം വിറ്റാമിന്‍ എ യുടെ അപര്യാപ്തതാ ലക്ഷണങ്ങളാണ്. മണ്ണുതീറ്റ, വയറു ചാടല്‍, രോമം കൊഴിച്ചില്‍ തുടര്‍ച്ചയായ ക്ഷീണം എന്നിവയെല്ലാം വിരബാധയുടെയും ലക്ഷണങ്ങളാവാം. കന്നുകുട്ടികളിലെ വിളര്‍ച്ചാബാധയും സൂക്ഷിക്കണം.  

ഡോ. മുഹമ്മദ് ആസിഫ് എം, ഫോണ്‍: 9495187522 

CommentsMore from Livestock & Aqua

കുതിരവേഗത്തില്‍ കാളകള്‍ വയല്‍ വരമ്പില്‍ ആവേശത്തിര

കുതിരവേഗത്തില്‍ കാളകള്‍ വയല്‍ വരമ്പില്‍ ആവേശത്തിര കൊയ്ത്തു കഴിഞ്ഞ് രണ്ടാം വിളവിറക്കുന്നതിനായി ഉഴുതു മറിച്ച വിശാലമായ വയലുകളില്‍ ഉയരുന്ന കാളപ്പൂട്ടിന്റെ നിറഞ്ഞ ആരവങ്ങള്‍.....

June 18, 2018

മഴക്കാലത്ത് പക്ഷിമൃഗാദികളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ 

മഴക്കാലത്ത് പക്ഷിമൃഗാദികളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ  കനത്ത വേനലിനു ശേഷം ഈ മാസം അവസാനത്തോടു കൂടി ശക്തമായ മഴയുണ്ടാകുമെന്നും, സാധാരണയിൽ കവിഞ്ഞ മഴ ഇപ്രാവശ്യം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

June 14, 2018

മത്സ്യകൃഷി അടുക്കളകുളങ്ങളിൽ

മത്സ്യകൃഷി അടുക്കളകുളങ്ങളിൽ മഴക്കാലം തുടങ്ങിയതോടെ ഇപ്പോൾ അടുക്കള കുളങ്ങളിലേക്കു മീൻ വളർത്തൽ ആരംഭിക്കാൻ സമയമായി. സ്ഥലപരിമിതിക്കനുസരിച്ചു കുളങ്ങൾ നിർമിക്കാം.

June 12, 2018

FARM TIPS

ചെടി ഉണങ്ങാതിരിക്കാന്‍ മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയ

June 21, 2018

മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയാ പ്രകൃതിയിലുള്ള മണ്ണ്‍ , ശുദ്ധജലം ഇലതഴകള്‍,വേരുപടലങ്ങള്‍ എന്നിവയില്‍ കൂവരുന്ന സൂക്ഷ്മാണൂവാകുന…

വാം: വിളകളുടെ മിത്രം

June 14, 2018

ചെടികള്‍ വളരുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ഫോസ്ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ…

സസ്യസംരക്ഷണം: കൊമ്പന്‍ ചെല്ലിയുടെ ചുവടുമാറ്റം

May 30, 2018

തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.