കർഷകത്തൊഴിലാളികൾക്ക് കൃത്യമായ വരുമാനം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ കാർഷികമേഖലയിൽ നടപ്പാക്കാൻ കൃഷിവകുപ്പ് ഒരുങ്ങുന്നു. എല്ലാ വിനിമയങ്ങളും (ട്രാൻസാക്ഷൻ) പരസ്പരം ബന്ധിപ്പിച്ച് എല്ലാവർക്കും കാണാൻകഴിയുന്ന പൊതു ലെഡ്ജർ തയ്യാറാക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയ്ൻ. ലെഡ്ജറിന്റെ കോപ്പി എല്ലാ കംപ്യൂട്ടറുകളിലും ലഭ്യമാക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന കർഷകർ, മൊത്ത-ചില്ലറ വ്യാപാരികൾ, ട്രാൻസ്പോർട്ട് കമ്പനികൾ തുടങ്ങി ഈ ശൃംഖലയിലെ എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ ഇതിലൂടെ കഴിയും.
കൃഷിയും ഭക്ഷണവിതരണ ശൃംഖലയും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ പ്രതീക്ഷിക്കുന്ന വളർച്ചാനിരക്ക് 87 ശതമാനമാണ്.
ബ്ലോക്ക് ചെയ്ൻ സാങ്കേതികവിദ്യ ഉപയോഗിച്ചാൽ കാർഷികമേഖലയ്ക്ക് നിരവധി മെച്ചങ്ങളുണ്ടാകുമെന്നും കൃഷിവകുപ്പ് വിലയിരുത്തുന്നു. വിത്തുകൾ, വളങ്ങൾ, കൃഷിരീതി, കീടനാശിനി, കാലാവസ്ഥാവ്യതിയാനം, വ്യാപാരം തുടങ്ങിയ വിവരങ്ങൾ പങ്കുവെയ്കാൻ സാധിക്കും. ഭക്ഷ്യോത്പന്ന ഫാക്ടറിയിലെ വിവരങ്ങൾ അറിയാനും കഴിയും.
കാർഷികവിളകളുടെ വില കർഷകനും ആവശ്യക്കാരനും മുൻകൂട്ടി അറിയാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന ഗുണം. വിതരണ സമ്പ്രദായത്തിലെ എല്ലാ വിവരങ്ങളും ലഭിക്കും. ഇതിനൊപ്പം ഉപഭോക്താവിന് മൊബൈൽ ഫോണിൽ ക്യൂ ആർ കോഡ് ഉപയോഗിച്ച് ഉത്പന്നത്തിന്റെ തുടക്കംമുതൽ അവസാനംവരെയുള്ള വിവരങ്ങൾ പരിശോധിക്കാം. ചില്ലറ വ്യാപാരികൾക്ക് ഉത്പന്നവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അറിയാനും കഴിയും.
ഓഫീസുകളിലെ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ അഞ്ചിലൊന്നായി ചുരുക്കി സ്വയംനിയന്ത്രിതമായി വേഗത്തിൽ നടത്തുന്നതിനും ബ്ലോക്ക് ചെയ്ൻ സാങ്കേതികവിദ്യ സഹായിക്കുമെന്നും കൃഷിവകുപ്പധികൃതർ പറഞ്ഞു.
Share your comments