അപൂർവയിനം വലിയ പൂച്ചയായ മെയിൻ കൂണിന്റെ മൂന്നുകുഞ്ഞുങ്ങളെ സ്വന്തമാക്കുമ്പോൾ നിഷാദിനും നൗഫലിനും സന്തോഷമടക്കാനാകുന്നില്ല.
പൂച്ചകളെ സംരക്ഷിക്കുന്നവരുടെ സംഘടനയായ കെൻ ക്യാറ്റ് ഫാൻസിയേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് നെറ്റ്‌വർക്ക് എൻജിനീയർകൂടിയായ നിഷാദ്. കണ്ണനല്ലൂർ സ്വദേശിയായ നൗഫൽ ഹരിതകേരളം മിഷനിൽ ജോലിചെയ്യുന്നു. സംഘടന സംഘടിപ്പിക്കുന്ന പ്രദർശനങ്ങൾക്കായി മെയിൻ കൂണിനെ മറ്റുസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുകയായിരുന്നു പതിവ്. ഇതിന് നല്ല തുക ചെലവാകും. ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നിരുന്നു. ഇതാണ് സ്വന്തമായി മെയിൻ കൂണിനെ വാങ്ങാൻ പ്രചോദനമായത്.
ഇന്ത്യയിൽ പലയിടത്തും മെയിൻ കൂണിനായി ഇരുവരും അലഞ്ഞെങ്കിലും സങ്കരയിനങ്ങളെയാണ് കണ്ടെത്താനായത്. വേൾഡ് ക്യാറ്റ് ഫെഡറേഷന്റെ സഹായത്തോടെ മറ്റ് രാജ്യങ്ങളിലും അന്വേഷണം നടത്തി. അരുമകളെ ഇറക്കുമതി ചെയ്യാൻ ലൈസൻസുള്ള ബെംഗളൂരു സ്വദേശിയായ സുധാകർ ബാബുവിന്റെ സഹായത്തോടെ റഷ്യയിൽനിന്ന് പൂച്ചകളെ കണ്ടെത്തി.
പെറ്റ് പാസ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കേരളത്തിലെ കാലാവസ്ഥയിൽ പൂച്ചകളെ വളർത്താനാകുമെന്നതിനുള്ള സാക്ഷ്യപത്രം തുടങ്ങി ഒട്ടേറെ രേഖകൾ സംഘടിപ്പിക്കാനായി പിന്നീടുള്ള യാത്രകൾ. ഒടുവിൽ കഴിഞ്ഞദിവസം റഷ്യയിൽനിന്ന് മലേഷ്യയിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കും പൂച്ചകളെ കൊണ്ടുവന്നു. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കരുനാഗപ്പള്ളി വേങ്ങയിലുള്ള നിഷാദിന്റെയും കണ്ണനല്ലൂർ വെളിച്ചിക്കാലയിലുള്ള നൗഫലിന്റെയും വീടുകളിലേക്ക് പൂച്ചകളെ എത്തിച്ചത്. ജോഡികളായ വാന്യയെയും ദാഷയെയും നിഷാദും റിമ്മയെ നൗഫലും സ്വന്തമാക്കി.
എട്ടുകിലോയോളം തൂക്കംവരുന്ന പൂച്ചകൾ ഓരോന്നിനെയും കേരളത്തിലെത്തിക്കാൻ യാത്രച്ചെലവടക്കം നാലുലക്ഷത്തോളം രൂപയാണ് ചെലവായത്. ശീതീകരിച്ച മുറികളിലാണ് മൂവരും ഇപ്പോൾ താമസം. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണമാണ് പൂച്ചകൾക്ക് നൽകുന്നത്.
ലോകത്തിലെ ഏറ്റവുംവലിയ പൂച്ചയിനമായ മെയിൻ കൂൺ കേരളത്തിൽ അപൂർവമാണെന്ന് മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി.ഷൈൻകുമാർ പറഞ്ഞു. സമീപഭാവിയിൽ ഏറ്റവും കൂടുതൽ വിനോദ, വാണിജ്യ സാധ്യതയുള്ള ഒന്നായി പൂച്ചവളർത്തൽ മാറുകയാണെന്നും അദ്ദേഹം പറയുന്നു.
Share your comments