ജനകീയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിനെ നോവിന്റെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ചുവപ്പ് രാഷ്ട്രീയത്തിലായാലും കേരളത്തിന്റെ ആഭ്യന്തരവും ടൂറിസവും കൈകാര്യം ചെയ്തിരുന്ന അനുഭവസമ്പത്തുള്ള ജനനായകനായപ്പോഴുമെല്ലാം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോടിയേരി കാഴ്ച വച്ചത്.
ഇപ്പോഴിതാ, കോടിയേരി ബാലകൃഷ്ണനുമായി ചക്കയിലൂടെ ഉണ്ടായ ഊഷ്മള ബന്ധത്തെ കുറിച്ച് വിവരിക്കുകയാണ് തൃശ്ശൂർ സ്വദേശിയായ കർഷകൻ വർഗ്ഗീസ് തരകൻ. തൃശ്ശൂരിൽ കറുമാൽ കുന്നിൽ ആയുർ ജാക്ക് ഫാം നടത്തുന്ന വർഗ്ഗീസ് തരകനിലേക്ക് അമേരിക്കയിൽ ചികിത്സിച്ച ഡോക്ടറുടെ നിർദേശ പ്രകാരമാണ് കോടിയേരി എത്തപ്പെടുന്നത്.
താൻ കർഷകർക്ക് മാതൃകയാണെന്നും രോഗവുമായി ബന്ധപ്പെട്ട് ചക്ക കഴിയ്ക്കാൻ നിർദേശിച്ചപ്പോൾ കോടിയേരി എത്തിയത് തന്റെ ഫാമിലായിരുന്നെന്നും ഫേസ്ബുക്കിൽ പങ്കുവച്ച് അനുശോചനക്കുറിപ്പിൽ വർഗ്ഗീസ് തരകൻ എഴുതി. ഫാമിലെ സന്ദർശനവേളയിൽ കോടിയേരിയ്ക്കും കുടുംബത്തിനുമൊപ്പം എടുത്ത ചിത്രങ്ങളും വർഗീസ് തരകൻ ഫേസ്ബുക്കിൽ പങ്കുവച്ചു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….
'കോടിയേരി ബാലകൃഷ്ണൻ അവർകളും, അദ്ദേഹത്തിന്റെ സഹധർമ്മിണിയും ഏപ്രിൽ 23 - 2022ന് വൈകിട്ട് എന്റെ ആയൂർജാക്ക് ഫാമിൽ വരുകയും ഒരുപാട് സമയം ചിലവഴിക്കുകയും എന്റെ കൃഷിസ്ഥലം മുഴുവൻ ചുറ്റിക്കാണുകയും എന്നെ വളരെയധികം പ്രോൽസാഹിപ്പിക്കുകയും, ഞാൻ കൃഷിക്കാർക്ക് ഒരു മാതൃകയാണ് എന്നും, പറയുകയുണ്ടായി.
കോടിയേരി സാറിനെ അമേരിക്കയിൽ ചികിൽസിച്ച ഡോക്ടർ കീമോ ചെയ്യുമ്പോൾ അദ്ദേഹത്തിനോട് ചക്ക കഴിക്കണം എന്നു പറയുകയും ഈ അൺ സീസണിൽ എവിടെ നിന്നാണ് ചക്ക ലഭിക്കുക എന്ന് ഡോക്ടറോട് ചോദിക്കുകയുണ്ടായി , അപ്പോൾ ഡോക്ടറാണ് തൃശൂരിൽ കറുമാൽ കുന്നിൽ ആയുർ ജാക്ക് ഫാം നടത്തുന്ന ഒരു വർഗ്ഗീസ് തരകൻ ഉണ്ട് അദ്ദേഹം ചക്ക തരും എന്ന് കോടിയേരി സാറിനോട് പറഞ്ഞത്.
ബന്ധപ്പെട്ട വാർത്തകൾ: 'തുണ' പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമാർജനത്തിന് കരുത്തേകും
അപ്രകാരമാണ് അങ്ങിനെ എന്നെ സമീപിക്കുകയും, ഞാൻ അദ്ദേഹത്തിന് ആവശ്യമുള്ള ചക്ക തിരുവനന്തപുരത്ത് എത്തിച്ചു കൊടുത്തിരുന്നത്. അന്നു മുതൽ തുടങ്ങിയതാണ് വലിയ അടുപ്പം, എന്റെ പ്രിയ സുഹൃത്ത് കോടിയേരി അവർകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,' വർഗീസ് തരകൻ കുറിച്ചു.
ആയുർ ജാക്കും വർഗ്ഗീസ് തരകനും
തൃശ്ശൂർ ജില്ലയിലെ വേളൂർ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള വർഗീസ് തരകൻ അന്തർദേശീയ തലങ്ങളിൽ വരെ ശ്രദ്ധ നേടിയ കർഷകനാണ്. കറുമാൽ കുന്നിലെ അഞ്ചേക്കർ സ്ഥലത്ത് നിന്നും ആറും പന്ത്രണ്ടും വർഷം പ്രായമുള്ള റബ്ബർ മരങ്ങൾ മുറിച്ച് മാറ്റിയാണ് ആയുർ ജാക്ക് എന്ന പേരിൽ ഒരു ചക്ക വിപ്ലവത്തിനായി അദ്ദേഹം തുടക്കം കുറിക്കുന്നത്.
ആദ്യമാരും ഗൗരവമായി എടുക്കാതിരുന്നെങ്കിൽ തരകൻ വളർത്തിയ വൈവിധ്യ ചക്ക കൊളറാഡോ, അഡ്‌ലെയ്ഡ് തുടങ്ങിയ പ്രശസ്ത വിദേശ സർവകലാശാലകളിലെ വിദഗ്ധരെയും ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളെയും ആയൂർജാക്ക് ഫാമിലേക്ക് എത്തിച്ചു.
ആയുർ ജാക്ക്- കറയില്ലാത്ത ചക്ക, കാൻസറിനെ പ്രതിരോധിക്കും
ഏഴോ എട്ടോ അടി ഉയരത്തിൽ കായ്‌ക്കുന്ന ചക്കയാണെന്നത് മാത്രമല്ല വരിക്ക കുടുംബത്തിൽ പെട്ട ആയുർ ജാക്കിന്റെ പ്രത്യേകത. സ്ഥലപരിമിധിയുള്ളവർക്ക് വേണമെങ്കിൽ വീടിന്റെ ടെറസിലും വളർത്താം. കൃത്യമായ പരിചരണം നൽകിയാൽ ഒന്നര വർഷം മതി ആയുർ ജാക്കിന് കായ്ക്കാൻ.
പ്രമേഹവും കാൻസറും പോലുള്ള മാരക അസുഖങ്ങളെ അതിജീവിക്കാനും തരകൻ വികസിപ്പിച്ചെടുത്ത ഈ ചക്കയ്ക്ക് കഴിയും. ചക്ക സീസണിൽ മാത്രമല്ല, വർഷം മുഴുവനും ഫലം നൽകുന്ന വേറിട്ട ചക്കയാണിത്. ഒരു സാധാരണ ചക്ക അല്ലെന്നതിനാൽ തന്നെ ഏറ്റവും കൗതുകകരമായ ഘടകം ഇത് കറയില്ലാത്ത ചക്ക എന്നത് തന്നെയാണ്.
കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.