<
Features

മീനിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി ഐവി ജോസ്

"ഫിഷിലൈസർ " പാക്കിങ് പ്രവർത്തനത്തിലേർപ്പെട്ട ഐവി ജോസ്

മത്സ്യമേഖലയിലെ സംഭാവനയ്ക്കുള്ള അംഗീകാരം നേടിയ രണ്ടു വനിതാരത്നങ്ങളാണ് ഐവി ജോസും കെ വി രതികുമാരിയും. ഈ വർഷത്തെ വനിതാദിനത്തിലാണ് കേന്ദ്രസമുദ്രമത്സ്യഗവേഷണ സ്ഥാപനം (CMFRI) രണ്ടു വനിതാരത്നങ്ങളെയും ആദരിച്ചത്. CMFRI യിൽ നടന്ന വനിതാദിനാഘോഷ ചടങ്ങിൽ വച്ചാണ് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അംഗീകാരപത്രം നൽകി ആദരിച്ചത്. ഐവിയ്ക്ക് മത്സ്യവള നിർമാണരംഗത്ത് സംരംഭകയായി കഴിവ് തെളിച്ചിയിച്ചതിനും രതികുമാരിയ്ക്ക് അലങ്കാരമത്സ്യകൃഷിയിലെ മികവിനുമായിരുന്നു അഗീകാരം. എറണാകുളം മുനമ്പം സ്വദേശിയാണ് ഐവി. രതികുമാരി ആലപ്പുഴ ഓണാട്ടുകര സ്വദേശിയും. രണ്ടുപേരും CMFRI യുടെ സയൻസ്-ടെക്‌നോളജി ഇന്നൊവേഷൻ ഹബ്ബ് പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടിയാണ്.

പാഴ്വസ്തുക്കൾ കൊണ്ട് മൂല്യവർദ്ധിത ഉത്പന്നങ്ങൾ പലരും ചെയ്യാറുണ്ട്. എന്നാൽ മീനിന്റെ അവശിഷ്ടം ഉപയോഗിക്കുക എന്നത് കൂടുതൽ പേരും മടിക്കുന്ന കാര്യങ്ങളാണ്. പക്ഷെ പരിസരമലിനീകരണത്തിന് കാരണമാകുന്ന മത്സ്യ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നമെന്ന ആശയം ഐവിയെ വളനിർമാണരംഗത്തേക്ക് നയിച്ചു. അതുകൊണ്ടുതന്നെ വർഷങ്ങൾക്ക് മുമ്പ് തന്നെ കൃഷിവിജ്ഞാനകേന്ദ്രത്തിൽ നിന്ന് മത്സ്യവളനിർമാണത്തിൽ ഐവി പരിശീലനവും നേടിയിരുന്നു. മീനിന്റെ അവശിഷ്ടത്തിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കി, മുനമ്പം ഹാർബറിനടുത്ത് 'ഐവിസ് അഗ്രോഹബ്' എന്ന പേരിലാണ് ഐവി സ്ഥാപനം നടത്തുന്നത്. CMFRI യുടെ സയൻസ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (STI) ഹബ്ബ് എന്ന പദ്ധതിയാണ് സംരംഭക്ത്വ വികസനത്തിൽ ഏറെ പ്രയോജനകരമായത്. CMFRI പ്രിൻസിപ്പൽ സയന്റിസ്റ്റും അഗ്രികൾച്ചർ ടെക്നോളജി ഇൻഫർമേഷൻ സെന്റർ (ATIC) ന്റെ മനേജരുമായ ഡോ. വി. പി. വിപിൻകുമാറാണ് പദ്ധതിയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഇന്നത് ഐവിയെ അംഗീകാരനിറവിൽ കൊണ്ടെത്തിച്ചിരിക്കുന്നു.

എറണാകുളം വൈപ്പിൻ മുനമ്പം മാലിപ്പുറം എന്ന സ്ഥലത്താണ് ഐവി ജോസും ഭർത്താവും താമസിക്കുന്നത്.  വളരെ ചെറുപ്പത്തിൽ തന്നെ ഐവി കെ വി കെ യുടെ പ്രോജക്ടുകളുടെ ഭാഗമായിട്ടുണ്ട്. വലുതാകുന്നതിനൊപ്പം അതും തുടർന്നു. അങ്ങനെ KVK യിലെ ഉദ്യോഗസ്ഥരുമായി നല്ല അടുപ്പം ഉണ്ടായി. അതിൽത്തന്നെ എടുത്തു പറയേണ്ടത് അന്നത്തെ ചീഫ് ടെക്‌നിക്കൽ ഓഫീസറായിരുന്ന ശ്രീലത മാഡത്തിന്റെ പേരാണ്. ഇത്തരത്തിലുള്ള പ്രോജക്ടുകൾ വരുമ്പോൾ അവരാണ് ഐവിയെ അറിയിച്ചിരുന്നത്. അങ്ങനെ സ്ത്രീകൾക്കും കുടുംബശ്രീയ്ക്കുമൊക്കെ വേണ്ടിയുള്ള പല പ്രോജക്ടുകളിലും ഭാഗമാകുകയും പരിശീലന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാൻ സാധിച്ചു. 2007-ൽ വിവാഹം കഴിഞ്ഞു പറവൂരെക്കു മാറിയതിനു ശേഷവും തന്റെ പ്രവർത്തനങ്ങൾ ഐവി തുടർന്നു. ആ സമയത്താണ് മീൻ കൊണ്ട് വിൽക്കുന്നതിനായുള്ള വണ്ടി കുടുംബശ്രീകൾക്ക് അനുവദിക്കുന്നത്. കുടുംബശ്രീയിലെ സഹപ്രവർത്തകർക്കൊപ്പം അവർ തയ്യാറാക്കിയ ചമ്മന്തിപ്പൊടി, അച്ചാറുകൾ, പോലുള്ള ഉത്പന്നങ്ങൾ പലയിടങ്ങളിലേക്കും എത്തിക്കാൻ ഇത് വളരെയധികം സഹായകമായി. 

CMFRI യുടെ ക്യാന്റീനിലേക്കും  ഉത്പന്നങ്ങൾ എത്തിച്ചുകൊടുക്കാനുള്ള അവസരവം ഇതിലൂടെ കൈവന്നു. അങ്ങനെ CMFRI യിലെ ഉദ്യോഗസ്ഥരൊക്കെ ഐവിയുടെ പരിചിതരായി മാറി. അങ്ങനെയിരിക്കെയാണ് മീനിന്റെ അവശിഷ്ടത്തിൽ നിന്നും വളം ഉണ്ടാക്കാൻ, സംവരണ വിഭാഗക്കാർക്ക് വേണ്ടിയുള്ള ഒരു പുതിയ പ്രൊജക്റ്റ് വന്നിട്ടുണ്ടെന്നും വിവരം ശ്രീലത മാഡം വഴി അറിയുന്നത്. പക്ഷെ ഐവിയുടെ പരിചയത്തിൽ ആരും തയ്യാറായിരുന്നില്ല.  മുനമ്പം ഭാഗത്ത് നിന്നുള്ള ഒരു സ്ത്രീയാണ് ഇതിന് തയ്യാറായത്. അവിടെ വേസ്റ്റ് ഇടുന്ന ദിവസവും സമയവും ഉദ്യോഗസ്ഥർ ഐവിയെ അറിയിച്ചത് ഐവിയും ഭർത്താവും അവിടെ പോയി. ചെമ്മീൻ, ചാള തുടങ്ങിയ മീനുകളുടെ വേസ്റ്റ് ഉപയോഗിച്ച് ഓരോ ഘട്ടമായി വളം നിർമിക്കുമ്പോഴും അതിന്റെ ഭാഗമാകാൻ മാഡം അവർക്ക് അവസരം നൽകി. KVK & CMFRI  നിന്നുള്ള ഉദ്യോഗസ്ഥരും എത്തിയാണ് വളം തയ്യാറാക്കിയിരുന്നത്. കണ്ടു കാര്യങ്ങൾ മനസിലാക്കുന്നതിനായി മീനിന്റെ അവശിഷ്ടങ്ങൾ ഇടുക, അരിയ്ക്കുക, പായ്ക്ക് ചെയ്യുക തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഐവിയും പങ്കെടുത്തു. പിന്നീട് പ്രതീക്ഷയ്‌ക്കൊത്ത വരുമാനം കിട്ടാതെ വന്നതുകൊണ്ടു കൂടിയാവാം അത് ചെയ്തുകൊണ്ടിരുന്ന വനിത വളം നിർമാണം നിർത്തലാക്കി, മറ്റൊരു ജോലി ലഭിച്ചപ്പോൾ വിദേശത്തേക്ക് പോയി. താൽക്കാലികമായി അതിനൊരു വിരാമമായി.

മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി, മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്ന "സ്വച്ഛ ഭാരത്" ന്റെ കീഴിലാണ് ഇങ്ങനെയുള്ള പദ്ധതികൾ നടത്തുന്നത്. അതുകൊണ്ടുതന്നെ പരിസരമലിനീകരണത്തിന് കാരണമാകുന്ന മത്സ്യ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നമെന്ന ആശയം ഐവി ഉപേക്ഷിച്ചില്ല. താമസിക്കുന്ന വീടിനോട് ചേർന്ന് വെറുതെ കിടന്നിരുന്ന ഷെഡിൽ എന്തുകൊണ്ട് ചെയ്തുകൂടാ എന്ന ചിന്ത വന്നു. പരമ്പരാഗതമായി മത്സ്യത്തൊഴിൽ ചെയ്തുവന്നിരുന്ന കുടുംബത്തിലെ ഒരംഗമായതുകൊണ്ടു തന്നെ മീൻ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള മടിയും തോന്നിയിരുന്നില്ല. വീടിനടുത്താണ് ഹാർബർ എന്നതിനും അതിനൊരു പ്രധാന പ്രചോദനമായി. CMFRI  നിന്നുള്ള ഉദ്യോഗസ്ഥരും ശ്രീലതാ മാഡവും തന്ന പരിപൂർണ പിന്തുണ കൊണ്ടു തന്നെ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. അവർ തരുന്ന നിരന്തരപ്രോത്സാഹനവും പിന്തുണയും  ആത്മവിശ്വാസവും കൂട്ടി. വേസ്റ്റ് മാനേജ്‌മന്റ് ആയതുകൊണ്ടു തന്നെ ആർക്കു വേണമെങ്കിലും ചെയ്യാമെന്നതുകൊണ്ടു തന്നെ ഐവിയും ഈ രംഗത്തേക്ക് ചുവടു വച്ചു.

കൂടുതൽ വായിക്കാം: ചെമ്മീൻ കൃഷിയിൽ വിസ്മയങ്ങൾ തീർത്ത അശ്വിൻ

ഇങ്ങനെയൊരു സംരംഭം തുടങ്ങുന്ന വിവരം കെ വി കെയുടെ മേധാവിയെയും അറിയിച്ചു. അങ്ങനെ കെ വി കെയുടെ പ്രോജക്ടിൽ ഉൾപ്പെടുത്തി, ആവശ്യമായ സാധനങ്ങൾക്കുള്ള ചെറിയൊരു തുകയും പ്രാരംഭത്തിൽ സഹായമായി ലഭിച്ചു. അങ്ങനെ KVK, CMFRI ഔട്ട്ലെറ്റുകളിലും കർഷകരുടെ കൂട്ടായ്മയും പരിപാടികളും നടത്തുമ്പോൾ അവിടെയും ഇത് വിൽക്കാനുള്ള സൗകര്യവും ഉദ്യോഗസ്ഥർ ഒരുക്കി കൊടുത്തു. അങ്ങനെ 'ഐവിസ് അഗ്രോഹബ്' എന്ന പേരിലുള്ള സ്ഥാപനം നിലവിൽ വന്നു. വളം നിർമാണത്തിൽ മീനിന്റെ അവശിഷ്ടങ്ങൾ എത്തിച്ചു കൊടുക്കുന്നതു മുതൽ എല്ലാ പ്രവർത്തനങ്ങളിലും മികച്ച പിന്തുണയും നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. 'ഐവിസ് അഗ്രോഹബ്' എന്ന സ്ഥാപനം മുനമ്പം ഹാർബറിനടുത്ത് ഇന്നും പ്രവർത്തിച്ചുവരുന്നു.

ഐവി ജോസ്

തുടക്ക സമയത്ത് ഒരുപാട് വില്പന നടന്നില്ലെങ്കിലും 5-10 പായ്ക്കറ്റുകൾ വിറ്റുപോകാറുണ്ടായിരുന്നു. കാലക്രമേണ ഇതിനൊരു മാറ്റം സംഭവിക്കും എന്നുള്ളതുകൊണ്ട് വീണ്ടും പരിശ്രമം തുടർന്നുകൊണ്ടിരുന്നു. കർഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായുള്ള CMFRI യുടെ കാർഷികസംഘടനയിലേക്കും ഐവി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ലോക്‌ഡൗൺ കാലത്ത് നടത്തിയ ഓൺലൈൻ മീറ്റിംഗിൽ അഗ്രോ ഹബ്ബിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിച്ചു. അങ്ങനെ ഇതു കാണാനും പഠിക്കാനുമായി നിരവധി വിദ്യാർത്ഥികളും എത്തി, അവർക്ക് മികച്ച രീതിയിലുള്ള പരിശീലനവും ഐവിസ്‌ അഗ്രോ ഹബ്ബ് ഒരുക്കിക്കൊടുത്തു. ഡോ. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ CMFRI നിന്നുള്ള ഉദ്യോഗസ്ഥർ ഐവിസ്‌ അഗ്രോ ഹബ് പലതവണ സന്ദർശിക്കുകയും അവരുടെ പുതിയ STI HUB പ്രൊജക്ടിൽ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ നൽകി. അങ്ങനെ അവർ ഭാഗമാകുന്ന എല്ലാ പരിപാടികളിലും ഇത് വില്പനയ്ക്കുള്ള സൗകര്യമൊരുക്കി, കൂടാതെ ഓൺലൈനിലും വില്പനയ്ക്കുള്ള അവസരങ്ങൾ ഒരുക്കി. പലതരത്തിലുള്ള വളങ്ങൾ നിർമിക്കാറുണ്ടെങ്കിലും മീനിന്റെ അവശിഷ്ടങ്ങൾ കൊണ്ട് വ്യാവസായികമായി വളം നിർമിക്കുന്ന സ്ഥാപനങ്ങൾ വിരളമാണ്.

എന്നിരുന്നാലും ഇതിലൂടെ ഗണ്യമായൊരു സ്ഥിരവരുമാനം നേടാൻ ഐവിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മാർക്കറ്റിങ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. KVK & CMFRI ഔട്ട്ലെറ്റുകൾ വഴിയുള്ള വില്പനയൊഴിച്ചാൽ മറ്റൊരു വില്പന മാർഗം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഇതിന്റെ പിന്നിലുള്ള ലൈസൻസിങ് തുടങ്ങിയ സാങ്കേതിക തടസങ്ങളാണ് പ്രധാന കാരണം. കൃഷി ഓഫീസുകൾ മുഖേനയും വിപണി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. പച്ചക്കറി, വാഴ തുടങ്ങിയ കൃഷികൾക്കും ഗ്രോബാഗ് കൃഷിയിലും മികച്ച വളമാണ് ഐവിസ്‌ അഗ്രോ ഹബിലെ "ഫിഷിലൈസർ ". പക്ഷെ വിപണിയിലെ ലഭ്യതക്കുറവ് കൊണ്ടു തന്നെ കർഷകർക്കിടയിൽ അത്ര പരിചിതമല്ല ഈ "ഫിഷിലൈസർ ". 

ഒരു സ്ഥിരവരുമാനം കണ്ടെത്താൻ കഴിയുന്നില്ല എന്നുള്ള വൈഷമ്യമൊഴിച്ചു നിർത്തിയാൽ ഭർത്താവും മികച്ച പിന്തുണയാണ് ഐവിയ്ക്ക് കൊടുക്കുന്നത്. "മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമാകുന്നതിലും അതിലൂടെ ഒരു ആദരം നേടാൻ സാധിച്ചതും മികച്ച നേട്ടമായി ഞാൻ കാണുന്നു. ഞാൻ വീട്ടിൽ വെറുതെ ഇരുന്നാൽ ഒരിയ്ക്കലും ഈ നേട്ടം കൈവരിക്കാൻ സാധിക്കില്ലല്ലോ". ബ്യൂട്ടി തെറാപ്പിസ്റ്റും സൈക്കോ തെറാപ്പിസ്റ്റും കൂടിയായ ഐവി പറയുന്നു.

STI HUB പദ്ധതിയുടെ ഗുണഭോക്താവായതിനു ശേഷം CMFRI യുടെ ATIC വില്പനകേന്ദ്രത്തിലൂടെയും 'ഫിഷിലൈസർ' വിപണിയിൽ ആവശ്യാനുസരണം എത്തിച്ചു കൊടുത്തുകൊണ്ട് വിജയം കൊയ്യാനുള്ള തീവ്രപരിശ്രമത്തിലാണ് ഐവി ഇപ്പോൾ. ഈ കറകളഞ്ഞ ആത്മാർത്ഥതയും അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും കൃത്യമായ ലക്ഷ്യബോധവും ഐവിയെ വിജയത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഐവി ജോസ്
ഫോൺ: 93492 57562
77366 41844


English Summary: Ivy Jose with value added products from fish waste

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds