ചില നാലു മണി പലഹാരങ്ങൾ ഗൃഹാതുരത്വം ഏറുന്ന ഓർമകളിലേക്ക് കൂടെ നമ്മളെ കൊണ്ടുപോകുന്നു. നാലുമണിക്ക് ക്ലാസ്സ് വിട്ട് വീട്ടിലേക്ക് ഓടി വരുന്ന നമുക്ക് വേണ്ടി അമ്മമാർ ഉണ്ടാക്കിയത് ഇന്നത്തെപോലെ നൂഡിൽസും, ബ്രഡ് റോസ്റ്റും ഒന്നുമല്ല. ആരോഗ്യം പകരുന്ന അടയും ചീടയും സുഖിയനുമൊക്കെയാണ്. സ്വാദിഷ്ടവും ഉണ്ടാക്കാൻ എളുപ്പവുമായ ഈ നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുവാനുള്ള പാചകക്കുറിപ്പ് ആണ് താഴെ നൽകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യഗുണങ്ങളേറെയുള്ള വാഴോൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കാവുന്ന ചില രുചികരമായ വിഭവങ്ങൾ
ചീട
എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് ചീട. ഇത് ഉണ്ടാക്കുവാൻ ഏറെ എളുപ്പമാണ്. പുഴുക്കലരി 250 ഗ്രാം 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. അതിനുശേഷം കുതിർത്ത അരിയും രണ്ട് ടീസ്പൂൺ ജീരകവും രണ്ട് ടീസ്പൂൺ കുരുമുളകും പാകത്തിന് ഉപ്പും ഒരു തേങ്ങയുടെ പകുതി ചിരകിയതും ചേർത്ത് നല്ല മയത്തിൽ മിക്സിയിൽ അരയ്ക്കുക.അതിനുശേഷം നമുക്ക് ഇഷ്ടപ്പെട്ട ആകൃതിയിൽ (മിക്കവരും ചെറിയ ഉരുളകളാക്കുകയാണ് പതിവ്) എടുത്ത് എണ്ണയിൽ വറുത്തുകോരുക.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മൂന്ന് കൊതിയൂറും വിഭവങ്ങൾ
സുഖിയൻ
ചെറുപയർ ഉപയോഗിച്ച് ഉണ്ടാക്കുന്ന നല്ല ആരോഗ്യപ്രദമായ നാലുമണി പലഹാരം ആണ് സുഖിയൻ. ചെറുപയർ നല്ല കുഴിയുള്ള പാത്രത്തിലെടുത്ത് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. അതിനുശേഷം ഒരുകിലോ പയറിന് ഒരു കിലോ എന്ന കണക്കിൽ ശർക്കര ചേർക്കുക. ഇത് നന്നായി അലിഞ്ഞാൽ തേങ്ങ ചിരകിയതും ഏലക്കായ പൊടിച്ചതും ചേർത്ത് കട്ടിയാക്കി വാങ്ങുക. ഒരു പാത്രത്തിൽ തുല്യഅളവിൽ ഗോതമ്പ് പൊടിയും അരിപ്പൊടിയും എടുത്ത് അല്പം പഞ്ചസാരയും ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന ചെറുപയർ മിശ്രിതം ചെറിയ ഉരുളകളാക്കി മാവിൽ മുക്കി എണ്ണയിൽ വറുത്തുകോരുക.
അട
അടയിൽ കേമനാണ് പൂവട. ഇത് അരിപ്പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇതിനുവേണ്ടി 250 ഗ്രാം അരിപ്പൊടി ഉപയോഗിക്കാം. ഇതിനൊപ്പം പന്ത്രണ്ടെണ്ണം ഞാലിപ്പൂവൻ പഴം, പഞ്ചസാര 500 ഗ്രാം, തേങ്ങ രണ്ടെണ്ണം, നെയ്യ് ഒരു ടീസ്പൂൺ,വാഴയില കീർ 12എണ്ണം തുടങ്ങിയവയും ഉപയോഗപ്പെടുത്താം. അരിപ്പൊടിയും നെയ്യും വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കുക. പഴം വളരെ ചെറുതായി അരിയുക. അതിനു ശേഷം തേങ്ങ ചിരകിയതും പഴവും പഞ്ചസാരയും ചേർത്തിളക്കുക ഇലകീറുകൾ നിരത്തിവെച്ച് ഇതിന്റെ നടുഭാഗത്ത് അരി മാവ് ഒഴിക്കുക. അതിനുശേഷം വിരൽതുമ്പ് കൊണ്ട് മാവ് വട്ടത്തിൽ പരത്തുക. തയ്യാറാക്കിവച്ച കൂട്ട് ഇതിലേക്ക് വച്ച് മടക്കി ആവിയിൽ വേവിച്ചെടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ചപ്പാത്തി സോഫ്റ്റ് ആയി ഉണ്ടാക്കാൻ ചില ടിപ്പുകൾ