വേനലായതോടെ വിപണിയിൽ പഴങ്ങളുടെ സീസണാണ്. പൈനാപ്പിൾ, തണ്ണിമത്തൻ, ഓറഞ്ച് എന്നിങ്ങനെ പലതരം പഴങ്ങൾ കടകളിലും റോഡരികിൽ വാഹനങ്ങളിലും വില്പനയ്ക്കുണ്ട് പല സ്ഥലങ്ങളിലും 5 കിലോ 100, 5 എണ്ണം 100 രൂപ എന്നിങ്ങനെ വിലയിൽ പൈനാപ്പിൾ ലഭ്യമാണ്. രുചിയും മണവും ഓർക്കുമ്പോൾ പൈനാപ്പിളിനോടാണ് കൂടുതൽ പേർക്കും താല്പര്യം എന്നാൽ വാങ്ങിയാൽ പലപ്പോഴും അത് സൂക്ഷിച്ചു വയ്ക്കാൻ കഴിയാറില്ല. അങ്ങനെയാകുമ്പോൾ ജാം, പൾപ്പ് , സ്ക്വാഷ്, അച്ചാർ മുതലായ രൂപത്തിൽ ഇത് പ്രീസെർവ് ചെയ്തു സൂക്ഷിക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. പൈനാപ്പിൾ അച്ചാർ വളരെ രുചികരമായ ഒരു വിഭവം ആണ് ദീർഘകാല സൂക്ഷിപ്പിനായും സ്ഥിരം ഉപയോഗിക്കാനും പൈനാപ്പിൾ അച്ചാർ ഉപയോഗിക്കാം.അച്ചാർ ഉണ്ടാക്കാൻ ഏതൊക്കെ സാധനങ്ങൾ ആവശ്യമുണ്ട് എങ്ങനെയാണ് സിമ്പിൾ ആയി ഇത് ഉണ്ടാക്കുന്നത് എന്നുനോക്കാം.
പൈനാപ്പിൾ അരിഞ്ഞത് - ഒരു കപ്പ്
പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ പീസ്
ഉണക്കമുളക് - 4
മുളക് പൊടി - ഒന്നര സ്പൂൺ
മഞ്ഞൾ പൊടി - കാൽ സ്പൂൺ
കായ പൊടി - അര സ്പൂൺ
ഉലുവ പൊടി - കാൽ സ്പൂൺ
കടുക്, കറിവേപ്പില, വിനിഗർ, ഉപ്പ്, പഞ്ചസാര, എണ്ണ.
ആദ്യം പൈനാപ്പിളും ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് വെക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇനി വെളുത്തുളളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉണക്കമുളക് എന്നിവ ചേർത്ത് വഴറ്റുക പച്ച മണം മാറിയാൽ പൊടികൾ ഓരോന്നായി ചേർത്ത് മിക്സ് ചെയ്യാം, അടുത്തത് പൈനാപ്പിൾ ചേർത്ത് കൊടുക്കുക, ഒരു രണ്ട് മിനിറ്റ് ഇളക്കി തിളച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റാം. പൈനാപ്പിൾ അച്ചാർ റെഡി.
English Summary: how to make pineapple pickle
Published on: 04 March 2019, 04:04 IST