ഈ മാമ്പഴക്കാലത്ത് ഫ്രിഡ്ജിൽ വയ്ക്കാതെ ഉപയോഗിക്കാൻ പറ്റുന്ന മാമ്പഴപ്പുളിശ്ശേരിയുടെ രുചിക്കൂട്ട് പരിചയപ്പെടാം.
നല്ല പഴുത്ത മാമ്പഴം 5 എണ്ണം. മഞ്ഞൾപൊടി ഒരു ചെറിയ സ്പൂൺ ,ജീരകം ഒരു നുള്ള് ,പച്ചമുളക് 10 എണ്ണം. തേങ്ങാ ചെറുത് ഒരെണ്ണം ,തൈര് 350 ഗ്രാം ,നെയ്യ് 3 സ്പൂൺ ,ഉലുവ 1 സ്പൂൺ, വെളുത്തുള്ളി 2 അല്ലി,കടുക് വറവിന് ,വറ്റൽമുളക് 4 എണ്ണം, കറിവേപ്പില രണ്ടു തണ്ട് , ഉപ്പ് ആവശ്യത്തിന് .
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ പഴുത്ത 4 മാമ്പഴം തൊലി കളഞ്ഞത് കഷണങ്ങളാക്കി മുറിച്ച് ഇടുക. മാങ്ങാ മുങ്ങിക്കിടക്കത്തക്ക രീതിയിൽ വെള്ളം ഒഴിച്ച് അല്പം മഞ്ഞൾപൊടിയും ചേർത്ത് ചെറു തീയിൽ നന്നായി വേവിക്കുക.
മിക്സിയുടെ വലിയ ജാറിൽ നാളികേരവും പത്ത് പച്ചമുളകും ഒരു നുള്ള് ജീരകവും തൈരും ചേർത്ത് നന്നയി അരയ്ക്കുക. തൈര് ചേർക്കതെയും അരയ്ക്കാം.
മാമ്പഴം നല്ലതുപോലെ വെന്തു കഴിഞ്ഞു തീയണയ്ക്കാം. ഉടൻ തന്നെ തൈര് ചേർത്ത അരപ്പ് മാമ്പഴ ചട്ടിയിലേക്ക് ഒഴിക്കാം. പിന്നീട് ചട്ടി ചൂടാക്കാൻ പാടില്ല. ചട്ടിയുടെ സ്വാഭാവികമായ ചൂടിൽ അരപ്പ് വേവണം . അതിനു ശേഷം ഉപ്പ് ചേർക്കുക. തൈര് ചേർത്ത് കറികൾ ഉണ്ടാക്കുമ്പോൾ ഉപ്പു . സ്വാദ് കൂടും.
പിന്നീട് കടുക് വറുക്കാനായി ഒരു ചീനച്ചട്ടിയിൽ നെയ്യോ എണ്ണയോ ഒഴിക്കുക. കടുകിട്ട് പൊട്ടി കഴിയുമ്പോൾ വറ്റൽമുളക് ചേർക്കാം. ചതച്ച വെളുത്തുള്ളിയും ചേർക്കാം. അതിനുശേഷം ഉലുവയും കറിവേപ്പിലയും എണ്ണയിൽ ഇടുക. ഉലുവ ബ്രൗൺ നിറമാകുമ്പോൾ കടുക് വറുത്ത ചീനച്ചട്ടിയിലേക്ക് കൂട്ടി വച്ച പുളിശ്ശേരി മുഴുവൻ ഒഴിക്കുക. തണുത്തു കഴിഞ്ഞു ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ രണ്ടു മൂന്നു ദിവസം സൂക്ഷിക്കാനാവും.