ആഹാരമാണ് ഔഷധം. അതായത് നമ്മൾ കഴിയ്ക്കുന്ന ആഹാരം ശരിയായില്ലെങ്കിൽ അനാരോഗ്യമായിരിക്കും ഫലം. ശരീരത്തിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ആഹാരവും വ്യായാമവും ചിട്ടയാക്കുന്നതിലൂടെ ആരോഗ്യജീവിതം ലഭിക്കും. ആരോഗ്യത്തിന് പ്രത്യേകിച്ച് ഭക്ഷണങ്ങൾ കരുതേണ്ടതില്ല. നമ്മൾ നിത്യേന കഴിയ്ക്കുന്ന ആഹാരത്തിൽ ഇതുപോലെ പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് മനസിലാക്കി ജീവിതശൈലി മാറ്റണം.
മലയാളികൾ നന്നായി കഴിയ്ക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കുമ്പളങ്ങ. പാരമ്പര്യമായി നമ്മുടെ ഭക്ഷണശീലങ്ങളിൽ സാന്നിധ്യമായ കുമ്പളങ്ങയ്ക്ക് ഒരുപാട് ഔഷധഗുണങ്ങളുണ്ട്.
മെഴുക്കുപുരട്ടിയും തോരനും ഓലനും ഹൽവയും പോലെ ഒരുപാട് വിഭവങ്ങൾ കുമ്പളങ്ങ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്. ഇന്ത്യൻ ഭക്ഷണത്തിൽ മാത്രമല്ല, ചൈനീസ് ഭക്ഷണ വിഭവങ്ങളിലും കുമ്പളങ്ങ കൂടുതലായി ഉപയോഗിക്കാറുണ്ട്. കൂടാതെ, ആയുർവേദത്തിലും നാടൻ ചികിത്സാരീതികളിലും സൗന്ദര്യസംരക്ഷണത്തിനും വരെ വെള്ളരിയോട് സാദൃശ്യമുള്ള ഈ പച്ചക്കറി പ്രയോജനപ്പെടുന്നു.
കുമ്പളങ്ങയുടെ പോഷകമൂല്യങ്ങൾ മനസിലാക്കുന്നതിനൊപ്പം നമ്മൾ വെറുതെ കളയുന്ന കുമ്പളങ്ങത്തൊലി കൊണ്ട് സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കുന്നത് കൂടിയാണ് താഴെ വിവരിക്കുന്നത്.
കുമ്പളങ്ങയുടെ ഗുണങ്ങൾ (Benefits of Ash Gourd)
മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത കുമ്പളങ്ങയിൽ ഫോസ്ഫറസ്, കാത്സ്യം, അയേണ്‍, തൈമിന്‍, നൈസിന്‍, വൈറ്റമിന്‍ സി തുടങ്ങി ഒട്ടേറെ പോഷക സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഫൈബറിന്റെയും, കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, പ്രോട്ടീൻ എന്നിവയുടെയും ഉറവിടമായ കുമ്പളങ്ങ ഒരു കലോറി കുറഞ്ഞ പച്ചക്കറിയാണ് എന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ധൈര്യമായി കഴിക്കാനാകും.
അമിത വണ്ണം ഒരു പ്രശ്നമായി തോന്നുന്നവർക്കും പ്രമേഹരോഗികള്‍ക്കും കുമ്പളങ്ങ നല്ലതാണ്. കാരണം ഇവ രക്തത്തിലെ പഞ്ചസാര കുറയ്ക്കാക്കുന്നു. അതുപോലെ ശരീരത്തിന് അമിതമായി കലോറി നൽകുന്നില്ല. കുമ്പളങ്ങയിൽ നന്നായി ജലാശം അടങ്ങിയിട്ടുള്ളതിനാൽ ഇവ അസിഡിറ്റിയും അള്‍സറും ശമിപ്പിക്കും.
ഇതിന് പുറമെ, കുമ്പളങ്ങയുടെ വിത്തും തൊലിയും വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേക്കാം. ഇത് താരൻ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴം കൊണ്ടൊരു മലബാർ സ്പെഷ്യൽ; 5 മിനിറ്റിൽ നുള്ളിയിട്ടപ്പം റെഡി
കുമ്പളങ്ങ ചുമയ്ക്കും ജലദോഷത്തിനുമെതിരെ ആശ്വാസം നൽകും. ഇതിനായി കുമ്പള ജ്യൂസ് കുടിയ്ക്കുന്നത് പതിവാക്കാം. തൈറോയ്ഡിന്റെ സാധ്യത ഒഴിവാക്കുന്നതിനും കുമ്പളങ്ങ ജ്യൂസ് നല്ലതാണ്. കുമ്പളങ്ങ വേവിച്ച വെള്ളത്തില്‍ കുറച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പാക്കി കുടിക്കാം. ശരീരക്ഷീണം അകറ്റാൻ ഇത് ഉത്തമമാണെന്ന് ആയുർവേദം നിർദേശിക്കുന്നു. കൂടാതെ അനീമിയ പോലുള്ള വിളര്‍ച്ചാരോഗങ്ങളെയും ഇങ്ങനെ പ്രതിരോധിക്കാം.
കുമ്പളങ്ങയുടെ തൊലിയിൽ രൂചിയേറും വിഭവം (Delicious Dishes With Ash Gourd)
കുമ്പളങ്ങയുടെ തൊലി കൊണ്ട് സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കാം. ഇതിനായി കുമ്പളങ്ങ തൊലി നീളത്തിൽ അരിഞ്ഞെടുക്കണം. ഏകദേശം 2 കപ്പ് നിറയെ കുമ്പളങ്ങ തൊലിയെടുക്കുക. കൂടാതെ, ഒരു വലിയ ഉരുളക്കിഴങ്ങ്, കാൽ കപ്പ് തേങ്ങ, അഞ്ച് വറ്റൽ മുളക്, 2 ടീസ്പൂൺ വെളിച്ചെണ്ണ, 1 ടീസ്പൂൺ കടുക്, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് പ്രധാന ചേരുവകളായി ഉപയോഗിക്കുന്നത്.
കുമ്പളങ്ങയുടെ പുറംഭാഗം ചുരണ്ടിക്കളഞ്ഞ ശേഷമാണ് തൊലി ചെത്തി എടുക്കേണ്ടത്. ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞ് മാറ്റിവയ്ക്കുക.
ചീനച്ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽമുളകും ഇടുക. തുടർന്ന് കുമ്പളങ്ങ തൊലിയും ഉരുളക്കിഴങ്ങും ചീനച്ചട്ടിയിലേക്ക് ചേർത്ത് വഴറ്റുക. ഇതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് അര കപ്പ് വെള്ളമൊഴിക്കുക. ശേഷം ചീനച്ചട്ടി അടച്ചു വച്ച് ചെറുതീയിൽ വേവിക്കണം. വെള്ളം വറ്റിയ ശേഷം ഇതിലേക്ക് തേങ്ങ ഇട്ട് കുറച്ച് മിനിറ്റുകൾ കഴിഞ്ഞ് വാങ്ങിവയ്ക്കാം. ചോറിനൊപ്പം സ്വാദിഷ്ടമായി കഴിയ്ക്കാവുന്ന വിഭവമാണിത്.