ചെറുപയർ വേവിക്കുമ്പോൾ കുഴഞ്ഞുപോകുന്നത് ചിലർക്ക് ഇഷ്ടമല്ല. എന്നാൽ ചെറുപയർ തോരൻ ഇഷ്ടമില്ലാത്തവർ ചരുക്കവുമാണ്. ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ആരും അത് വേണ്ടാന്ന് വയ്ക്കില്ല. ചെറുപയർ തോരനുണ്ടാക്കുമ്പോൾ കുഴഞ്ഞു പോകാതെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കഞ്ഞിക്കും ചോറിനും പുട്ടിനും കൂടെ കൂട്ടാൻ ഈ ചെറുപയര്‍ തോരന്‍ മാത്രം മതി.
ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയർ 2 കപ്പ്
തേങ്ങ ചുരണ്ടിയത് അര മുറിയുടെ
ചുവന്നുള്ളി 6
വെളുത്തുള്ളി 4 ചുള
പച്ചമുളക് 2
മഞ്ഞൾപ്പൊടി 1/4 tsp
ജീരകം
കടുക്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ചെറുപയർ കഴുകി വാരി 2 മണിക്കൂർ കുതിർക്കുക.തലേ ദിവസം രാത്രി വെള്ളത്തിൽ നന്നായി കഴുകി വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ പയർ നന്നയി കുതിർന്നിരിക്കും. കുതിർത്ത വെള്ളത്തിൽ തന്നെ ചെറുപയർ മഞ്ഞൾപ്പൊടിയും, കറിവേപ്പിലയും 1 tsp വെളിച്ചെണ്ണയും ചേർത്തു വേവിക്കുക.
ഈ സമയത്ത് ഉപ്പു ചേർക്കരുത്. വേവാൻ താമസിക്കും. ചീനച്ചട്ടിയിൽ തന്നെ വേവിക്കാം. കുതിർക്കുന്നത് അതിനാണ്. പ്രഷർ കുക്കറിൽ ചെറുപയർ വേവിക്കേണ്ട. തേങ്ങ ചുരണ്ടിയത് ,ചുവന്നള്ളി വെളുത്തുള്ളി പച്ചമുളക് ജീരകം എന്നിവ മിക്സിയിലിട്ട് വെള്ളമൊഴിക്കാതെ ഒതുക്കിയെടുക്കുക.
വേറൊരു ചീനച്ചട്ടിയിൽ കടുകു തിളിച്ചിട്ട് അരപ്പു ചേർത്തു മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. മഞ്ഞൾപ്പൊടിയും ചേർക്കുക.വേവിച്ചു വെച്ച ചെറുപയർ ഇതിലേക്കു ചേർത്ത് നന്നായി ഇളക്കി ഉലർത്തിയെടുക്കുക
.അരപ്പു പൊതിഞ്ഞു പാകമായി കഴിഞ്ഞു തീ നിർത്താം.ചെറുപയർ വേവിച്ച ഉടനെ ഉലർത്തിയാൽ പൊടിഞ്ഞു പോകാനും കുഴഞ്ഞു പോകാനും സാധ്യതയുണ്ട്. അതു കൊണ്ട് വേവിച്ചിട്ട് 1 മണിക്കൂർ എങ്കിലും കഴിഞ്ഞ് ഉലർത്തിയാൽ ഒരു പയർ മറ്റൊരു പയറിനെ തൊടാതെ നല്ല ഭംഗിയായി കിട്ടും.