Updated on: 4 November, 2022 6:03 PM IST
Azolla Farm: നിസാരം അസോള കൃഷി, അറിയാം ഗുണങ്ങൾ

എണ്ണിയാൽ തീരാത്ത ഗുണങ്ങളുള്ള അസോളയുടെ കൃഷിരീതി നിസാരമാണെന്ന് പറഞ്ഞാൽ വിശ്വിക്കുമോ! പണ്ടുകാലത്ത് പാടശേഖരങ്ങളിൽ നൈട്രജൻ ലഭ്യത ഉറപ്പുവരുത്താൻ ഉപയോഗിച്ചിരുന്ന ഒരു പന്നൽ ചെടിയായിരുന്നു ഇത്. സസ്യ മൂലകങ്ങളാൽ സമ്പന്നമായ ജൈവവളമാണ് അസോള. കന്നുകാലികൾക്കും, കോഴികൾക്കും, മത്സ്യങ്ങൾക്കും തീറ്റയായി അസോള നൽകാറുണ്ട്. മാത്രമല്ല നൈട്രജന്റെ ലഭ്യത വർധിപ്പിക്കാൻ സസ്യങ്ങൾക്ക് വളമായും അസോള ഇടാറുണ്ട്. ശുദ്ധജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഏത് കൃഷി ചെയ്യുന്നവരായാലും അസോളയുടെ ഉപയോഗവും കൃഷിരീതിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: അസോള കൃഷിക്ക് ആദായകാലം

അസോളയുടെ ഗുണങ്ങൾ

അസോളയിൽ 25 മുതൽ 30 ശതമാനം വരെ പ്രോട്ടീനും, 10 മുതൽ 15 ശതമാനം വരെ കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, ഇരുമ്പ് എന്നിവയുടെ അംശവും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയം കൊണ്ട് വളരെ പരിമിതമായ സ്ഥലത്ത് വളർത്തിയെടുക്കാൻ സാധിക്കുന്ന ജൈവ വളമാണിത്. മട്ടുപ്പാവിലോ, പാടശേഖരങ്ങളിലോ, കുളങ്ങളിലോ, ടാങ്കുകളിലോ അസോള വളർത്താം. ജൈവകൃഷിയിൽ അസോളയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. വിയറ്റ്നാം, ചൈന, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നെൽകൃഷിയ്ക്ക് വളമായി അസോള ഉപയോഗിക്കുന്നു. അസോളയുടെ മുകളിലായി കാണുന്ന അനബീന അസോള എന്ന ഭാഗമാണ് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നത്.

അസോള - കൃഷി രീതി

നിരപ്പായ തറയിൽ 2 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും ചതുരാകൃതിയിൽ ഇഷ്ടികകൾ അടുക്കുക. 150 ഗേജ് കനത്തിലുള്ള സിൽപോണിക് ഷീറ്റ് ഇതിനുള്ളിൽ വിരിക്കാം. ശേഷം വശങ്ങളിൽ ഇഷ്ടികകൾ വയ്ക്കണം. 25 കിലോ മണ്ണ്, 5 കിലോ പച്ച ചാണകം, 30 ഗ്രാം രാജ് ഫോസ്/വസൂരി ഫോസ് എന്നിവ വെള്ളത്തിൽ കലർത്തുക. ടാങ്കിൽ 10 സെൻറീമീറ്റർ ഉയരത്തിൽ ഈ മിശ്രിതം നിറയ്ക്കണം. ചതുരശ്ര മീറ്ററിന് 500 ഗ്രാം എന്ന തോതിലാണ് ടാങ്കിൽ അസോള നിക്ഷേപിക്കേണ്ടത്. ഒരാഴ്ച കഴിയുമ്പോൾ ടാങ്ക് നിറയെ അസോള വളരുന്നത് കാണാൻ കഴിയും. വളരെ പെട്ടെന്ന് തന്നെ വളരാനുള്ള കഴിവ് ഇതിനുണ്ട്. ദിവസവും അരക്കിലോ മുതൽ ഒരു കിലോ വരെ അസോള വിളവെടുക്കാൻ സാധിക്കും.

അസോള ദിവസേന വിളവെടുക്കാൻ 10 ഗ്രാം രാജ് ഫോസും ഒരു കിലോ ചാണകവും ചേർത്ത് മിശ്രിതം എല്ലാ ആഴ്ചയും പ്രയോഗിച്ചാൽ മതി. രണ്ടാഴ്ച കൂടുമ്പോൾ കാൽഭാഗം വെള്ളം മാറ്റി പുതുതായി വെള്ളം നിറക്കണം. മാസത്തിലൊരിക്കൽ മണ്ണ് മാറ്റി അഞ്ച് കിലോ മണ്ണ് ചേർക്കണം. 6 മാസം കഴിയുമ്പോൾ പുതുതായി വീണ്ടും കൃഷി തുടങ്ങണം. അസോള കൃഷിയ്ക്ക് അനുയോജ്യമായ താപനില 20 മുതൽ 28 ഡിഗ്രി വരെയാണ്. ചൂട് കൂടുതലാണെങ്കിൽ നെറ്റ് ഉപയോഗിച്ച് തണൽ നൽകണം. ആർദ്രത 60 മുതൽ 80 ശതമാനം വരെയാണ്. ആർദ്രത വർധിച്ചാൽ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

 

ഡീപ് ലിറ്റർ സമ്പ്രദായത്തിൽ അടച്ചിട്ട് വളർത്തുന്ന മുട്ടക്കോഴികൾക്ക് പല പോഷക ഘടകങ്ങളുടെയും അഭാവം ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി കർഷകർ കോഴിത്തീറ്റയ്‌ക്കൊപ്പം അസോളയും നൽകാറുണ്ട്. ഇതുവഴി തീറ്റയുടെ ചെലവ് കുറയ്ക്കാനും കഴിയും. പോഷകസമ്പന്നമായ കോഴിമുട്ട ലഭിക്കാനും ഇത് നല്ലൊരു വഴിയാണ്. കന്നുകാലികൾക്ക് തീറ്റപ്പുല്ലിന്റെ ലഭ്യത കുറയുന്ന സമയത്ത് അസോള നല്ലൊരു പ്രതിവിധിയാണ്. കന്നുകാലികളിലെ പാൽ ഉൽപാദനം കൂട്ടാനും പാലിന്റെ ഗുണം വർധിപ്പിക്കാനും അസോളയ്ക്ക് സാധിക്കും. 

ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ

English Summary: Azolla Farm Easy Azolla Farming Know Benefits
Published on: 04 November 2022, 05:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now