Updated on: 30 April, 2021 9:21 PM IST
-ദിവാകരൻ ചോമ്പാല

സ്വന്തം വീട്ടുമുറ്റങ്ങളിൽ ചെറുതെങ്കിലും മനോഹരമായൊരു പൂന്തോട്ടം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല തീർച്ച .
നിറങ്ങൾക്ക് ചിറകു മുളച്ചപോലുള്ള ചിത്രശലഭങ്ങൾ ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേയ്ക്ക് തത്തിക്കളിച്ചും തെന്നിത്തെറിച്ചപോലെയും പൂഞ്ചിറകുകളിളക്കി പറന്നൊഴുകുന്ന ദൃശ്യമനോഹരമായ നിമിഷങ്ങൾ ആരെയും ഭാവഗായനാക്കും.
ചിത്രശലഭങ്ങൾ പ്രകൃതിയുടെ മാലാഖാമാരാണെന്ന് കവികൾ .
'' വിശ്വസാഹിത്യങ്ങളിൽ നിന്ന് ഉൾക്കൊണ്ടതിലേറെ ഞാൻ പൂമ്പാറ്റകളിൽ നിന്നും ഗ്രഹിച്ചുവെന്ന് ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവ് ശ്രീ ബുദ്ധൻ .

മഹാകവിയും ജ്ഞാനപീഠജേതാവുമായ ജി .ശങ്കരക്കുറുപ്പ് കുഞ്ഞുമനസ്സുകളിൽ
പ്രതിരൂപാത്മകായ തോതിൽ അക്ഷരക്കൂട്ടുകൾകൊണ്ട് വരച്ചിട്ട പൂമ്പാറ്റകളുടെ നേർക്കാഴ്ചകൾ ഇങ്ങിനെ .

''ഒന്ന് തൊടാമോ നോവാതെ ,നിന്നു തരാമോ പോവാതെ ''

ഭാവനാസമ്പന്നനും ക്രാന്തദർശിയുമായ കവി‌ക്ക് പാറിപ്പറന്നു പോകുന്ന മറ്റൊരു പൂവാണോ ചിത്രശലഭങ്ങളെന്ന് തോന്നുന്നതും സ്വാഭാവികം .
ഇതിൻറെ പൂഞ്ചിറകുകളിൽ നോവിക്കാതെ ഒന്ന് തൊടാനും കവി മനസ്സ് കൊതിക്കുന്നു .
'' ഈ വല്ലിയിൽ നിന്നും ചെമ്മേ ,പൂക്കൾ പോകുന്നിതാ പറന്നമ്മേ ''
ഹൃദയദ്രവീകരണ നൊമ്പരത്തോടെയാണ് കവി വീണപൂവിനെ നോക്കിക്കണ്ടത് .

പണ്ടുകാലങ്ങളിൽ നാട്ടുമ്പുറങ്ങളിലെ പാടവരമ്പുകളിലൂടെ നടന്നുപോകുമ്പോൾ ആയിരക്കണക്കിന് തുമ്പികൾ വയൽപ്പരപ്പിലൂടെ തെന്നിത്തെറിച്ചപോലെ പാറിപ്പറന്നൊഴുകുമായിരുന്നു.

തുമ്പിയുടെ വാലിൽ നൂലുകെട്ടിപ്പറപ്പിച്ചതും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചതും കുഞ്ഞുന്നാളിലേ ചില കുസൃതിക്കളികളുടെ ഓർമ്മക്കാഴ്ചകൾ .ഓണക്കാലമായാൽ ചിത്രശലഭങ്ങളുടെ വരവായി .പല നിറങ്ങളിൽ, പലതരങ്ങളിൽ .
1973 ൽ ഫ്രാൻസിൽ നിന്നും കണ്ടെത്തിയ ചിത്രശലഭങ്ങളുടെ ഫോസിലുകളിൽനിന്നും നിന്നും നടത്തിയ ഗവേഷണപഠനങ്ങളിൽ മനുഷ്യൻ ഭൂമിയിൽ ജനിക്കുന്നതിനും എത്രയോ മുൻപ് ഏകദേശം 970 ലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ചിത്ര ശലഭങ്ങൾ ഭുമിയിലുണ്ടായിരുന്നതായാണ് നിരീക്ഷകർ സാക്ഷ്യപ്പെടുത്തുന്നത് .
ഭൂമിയിലെ മറ്റ് ജീവികളെപ്പോലെ ചിത്രശലഭങ്ങളും ഇപ്പോൾ കടുത്ത വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു .
പാരിസ്ഥിതിക ശോഷണത്തോടൊപ്പം അമിതമായ കീടനാശിനി പ്രയോഗങ്ങളും കാലാവസ്ഥാ വ്യതിയാനം പരിസരമലിനീകരണം തുടങ്ങിയ കാരണങ്ങൾക്ക് പുറമെ ആഹാരദൗർല്ലഭ്യം തുടങ്ങിയ കാരണങ്ങളാൽ പൂത്തുമ്പികൾ പറന്നകന്നെങ്ങോ പോയനിലയിൽ .
ചിത്രശലഭങ്ങളും വിട്ടകന്ന നിലയിലെത്തിനിക്കുന്നു നമ്മുടെ ചുറ്റുപാടുകൾ .
പൂമ്പാറ്റകൾ മുട്ടയിടാനെത്തുന്ന ചെടികളുടെ ( ഹോസ്റ്റിങ് പ്ളാൻറ് ) അഭാവവും ചിത്ര ശലഭങ്ങളുടെ വംശ നാശഭീഷണിയ്ക്ക് ആക്കം കൂട്ടുന്നു .
വിശാലമായ ജലപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന വർണ്ണമത്സ്യങ്ങളെ ചില്ലുകൂടുകളിലാക്കി സ്വീകരണമുറികൾക്ക് അലങ്കാരപ്പൊലിലിമ നൽകുന്ന ആധുനിക നാഗരിക സംസ്‌കൃതിയിലൂടെ കടന്നുപോകുന്നവരാണ് നമ്മളിൽ പലരും .
എന്നാൽ വിസ്‌മയം വിടർത്തുന്ന വർണ്ണചാരുതയും പൂഞ്ചിറകഴകുമുളുള്ള പൂമ്പാറ്റകളെ ഇണക്കിയും മെരുക്കിയും വരുതിയിലാക്കി സ്വീകരണമുറികളിൽ തളച്ചിടാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നത് നിഷേധിക്കാനാവാത്ത പരമാർത്ഥം .
പകരം ശലഭോദ്യാനങ്ങൾ സ്ഥാപിക്കാനുള്ള യത്നത്തിലാണ് പലരും .

പൂമ്പാറ്റകളെ നമ്മളുടെ വീട്ടുമുറ്റങ്ങളിലേയ്ക്ക് അഥവാ നമ്മളെത്തേടി നമ്മുടെ വീട്ടുപടികടന്ന് കൂട്ടമായെത്താൻ ചില നുറുങ്ങു സൂത്രങ്ങൾ.

അനുകൂലവും പഥ്യവുമായ ആവാസവ്യവസ്ഥ യുള്ള പൂന്തോട്ടങ്ങളിൽ മാത്രമേ ചിത്രശലഭങ്ങൾ ആകർഷിക്കപ്പെടുകയുള്ളൂ എന്നതാണ് പ്രാഥമികവും പ്രാധാന്യവുമായ തിരിച്ചറിവ് .
പ്രാരംഭ നടപടി എന്ന നിലയിൽ ചിത്രശലഭങ്ങളെ കൂട്ടമായി ആകർഷിക്കുന്നതിനായി ആതിഥേയ സസ്യങ്ങൾ ആകാവുന്നത്ര നമ്മുടെ വീടിനോട് ചേർന്നുള്ള മുറ്റത്തിൻറെ അരികിലും മറ്റിടങ്ങളിലും നട്ടുപിടിപ്പിക്കുക എന്നതു തന്നെ .
പൂവുകളിലൂറുന്ന നറുതേനും പൂമ്പൊടിയുമാണ് പൂമ്പാറ്റകളുടെ മുഖ്യാഹാരം അഥവാ പത്ഥ്യാഹാരം . ചിത്രശലഭങ്ങളുടെ കാറ്റർപില്ലറുകൾക്കാവശ്യമായ ആഹാര വസ്‌തുക്കൾ ലഭിക്കുന്നതും ശലഭങ്ങൾക്ക് പൂന്തേൻ നുകരാനുതകുന്നതരത്തിലുള്ളതോ ആയ പൂക്കൾ വിടരുന്ന ചെടികൾ തിരഞ്ഞെടുത്ത് വേണം ശലഭങ്ങളെ ആകർഷിക്കാൻ പൂന്തോട്ടമുണ്ടാക്കാൻ .
അരളി ,ചെമ്പരുത്തി ,തെച്ചി ,ചെണ്ടുമല്ലി , കൃഷ്‌ണകിരീടം അഥവാ പഗോഡ ,കൊങ്ങിണിപ്പൂ ,ജമന്തി ,വാടാമല്ലി ,കോസ്മോസ് ,കറിവേപ്പില ,വയൽച്ചുള്ളി ,എരുക്ക് ,കൊന്ന ,പാഷൻ ഫ്രൂട്ട് ,മുള്ളിലം ,കൂവളം ,വാക തെങ്ങ് .കവുങ്ങ് ,പൂവരശ് അലങ്കാരപ്പനകൾ ,വള്ളിപ്പാല തുടങ്ങിയ എത്രയോ ചെടികൾ ശലഭോദ്യാനനിർമ്മിതിക്കായി നമുക്ക് ചുറ്റിലുമുണ്ട് .
വിടരുന്നപൂക്കളിൽ പാറിവന്നിരുന്നു തേനൂറ്റികുടിക്കുന്നത് മാത്രമല്ല ഓരോ ജനുസ്സുകളിൽ പെട്ട പൂമ്പാറ്റകളും സ്വന്തം ജീവിതചക്രം പൂർത്തീകരിക്കാൻ അതാത് വർഗ്ഗത്തിൽപ്പെട്ട പ്രത്യേകതരം സസ്യങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത് .
മുട്ട ,ലാർവ്വ .പ്യുപ്പ ,ശലഭം എന്നിങ്ങിനെ നാല് ദശാസന്ധികളിലൂടെയാണ് പൂമ്പാറ്റകളുടെ ജീവിതചക്രം പൂർത്തിയാകുന്നത് .
ഇണചേരലിനു ശേഷം ചിത്രശലഭങ്ങൾ തങ്ങൾക്കിഷ്ട്ടപ്പെട്ട ചെടികളുടെ തളിരിലകളിലും മുകുളങ്ങളിലുമൊക്കെയായാണ് മുട്ടയിടാറുള്ളത് .
ഇലകളുടെ അടി ഭാഗങ്ങളിലാണ് സാധാരണ മുട്ടകൾ നിക്ഷേപിക്കാറുള്ളത് . പൂമ്പാറ്റകളുടെ ശരീരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒരുതരം പശപോലുള്ള ദ്രാവകം ഉപയോഗിച്ചാണ് ഈ മുട്ടകൾ ഇലകളുടെ അടിഭാഗത്ത് ശലഭങ്ങൾ ഉറപ്പിച്ചുനിർത്താറുള്ളത് .
മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവ്വകളുടെ ഭക്ഷണവും ഈ ഇലകൾ തന്നെ .
ഇത്തരം ചെടികളെ ഹോസ്റ്റിംഗ് പ്ളാൻറ് അഥവാ ആതിഥേയ സസ്യം എന്ന പേരിലാണ് അറിയപ്പെടുന്നത് .
മുട്ടകൾ വിരിഞ്ഞശേഷം രൂപാന്തരീകരണത്തിലൂടെ പ്യൂപ്പ ശലഭമായി മാറുന്നു .
പ്രകൃതിയിലെ വർണ്ണ വിസ്‌മയമായ ചിത്ര ശലഭങ്ങളുടെ ആയുസ്സു കേവലം 15 ദിവസം മുതൽ ആറ് ആഴ്ചവരെ എന്നതാണ് ഏറ്റവും ഖേദകരം .
ചിലയിനം ദേശാടന ശലഭങ്ങൾ മാസങ്ങളോളം ജീവിക്കുന്നതായുമറിയുന്നു .

ലപ്പിഡോപ്ടെറ എന്ന വംശത്തിലെ അംഗങ്ങളാണ് ശലഭങ്ങളും നിശാശലഭങ്ങളും .
കേരളത്തിൽ 322 ഇനം ചിത്രശലഭങ്ങളുണ്ടെന്ന് നിരീക്ഷകർ .
ഇവയിൽ ബുദ്ധമയൂരി എന്ന ഇനം പൂമ്പാറ്റയാണ് ( പാപ്പിലിയോ ബുദ്ധ ) കേരളത്തിൻറെ  സംസ്ഥാനപദവിയിപദവിയിലെത്തിനിൽക്കുന്നത്  .
2018  നവംബർ 12 നാണ് ബുദ്ധമയൂരി എന്ന ഇനം ശലഭത്തെയാണ്  സംസ്ഥാന ശലഭമായി പ്രഖ്യാപിച്ചത് .
മയിലിൻറെ പീലിയുടെ വർണ്ണസങ്കലനം പോലുള്ള ഈ ശലഭത്തിൻറെ  ചിറകുകൾ അതീവസുന്ദരം എന്നേ  ആരും പറയൂ   .
ബുദ്ധമയൂരി എന്ന പേര് വീണതുമങ്ങിനെ .കൃഷ്‌ണകിരീടം വിരിയുന്ന പൂന്തോട്ടങ്ങളിൽ ബുദ്ധമയുരിയുടെ നിറസാന്നിധ്യമുണ്ടാകും തീർച്ച .
വിദേശരാജ്യങ്ങളിൽ പേപ്പർ വെയിറ്റ് പോലുള്ള നിരവധി അലങ്കാര വസ്‌തുക്കളിലും ആഭരണങ്ങളുടെ ലോക്കറ്റുകളുടെ നിർമ്മാണത്തിലും വരെ ഈ ചിതശലഭത്തിന്റെ ചിറകുകൾ അറുത്തെടുത്ത് ഉപയോഗിക്കുന്നുണ്ടത്രേ .

വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ വേട്ടയാടരുതെന്ന്‌ നിയമമുണ്ടെങ്കിലും വ്യാപകമായ തോതിൽ അലങ്കാര വസ്തുക്കളുടെ നിർമ്മാണത്തിനായി ഈ ശലഭത്തെ കൊന്നൊടുക്കുന്നതായാണ് വാർത്തകൾ .
മലബാർ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ ചിത്രശലഭ സർവ്വേയിൽ അത്യപൂർവ്വ വൈവിധ്യമുള്ള പൂമ്പാറ്റകളെ കണ്ടെത്തിയതായാണ് സമീപകാല വാർത്തകൾ .
സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിക്ക് പുറമെ നീലഗിരി പാപ്പാത്തിയടക്കം 161 ലേറെ  ഇനങ്ങളിലുള്ള ചിത്രശലഭങ്ങളെയാണത്രെ ഇവിടങ്ങളിൽ ഇത്തവണ കണ്ടെത്താനായത് .

എൻറെ  വീട്ടുവളപ്പിലെ കറിവേപ്പില മരത്തിൽ പൂക്കൾ വിരിയാൻ തുടങ്ങിയാൽ പൂമ്പാറ്റകളുടെ വരവുകാണാം .
അതുപോലെ അരിപ്പൂ വിടരുമ്പോഴും  ചെമ്പരുത്തിപ്പൂവിലും ചിത്രശലഭങ്ങൾ വിരുന്നുകാരെപ്പോലെ വന്നെത്താറുണ്ട് .
 സുഹൃത്തക്കളിൽ നിന്നും ലഭിച്ച ചില നാട്ടറിവുകളുടെ  അടിസ്ഥാനത്തിൽ നൂറുകണക്കിന് പൂമ്പാറ്റകളെ  വീട്ടുമുറ്റത്ത് കൂട്ടമായി എത്തിക്കാനുള്ള ചില ചില്ലറ പ്രയോഗങ്ങൾക്കുള്ള  മുന്നൊരുക്കത്തിലാണ് ഞാനിപ്പോൾ   .
നമ്മുടെ നാട്ടിൻപുറങ്ങളിലെ വഴിയോരങ്ങളിലും മറ്റും സുലഭ മായി കണ്ടു വന്നിരുന്ന കിലുക്കിചെടിയുടെ വിത്തുകൾ മുളപ്പിച്ചെടുത്ത ഏതാനുംചെടികൾ നമ്മുടെ വീട്ടിനോട് ചേർന്നുള്ള ചെറിയ പൂന്തോട്ടങ്ങൾക്കരികിൽ നട്ടുവളർത്താനുള്ള സന്മനസ്സു കാണിച്ചാൽ മാത്രം  മതി .

വെടിക്കെട്ട് പൊട്ടിയ പോലെ എണ്ണമറ്റ പൂമ്പാറ്റകൾ ഈ ചെടിക്ക് ചുറ്റും തത്തിക്കളിക്കുന്ന ‌കൗതുകക്കാഴ്ച കാണാം.കൺ നിറയെ .
പത്തനതിട്ടയിൽ നിന്നും ഒരു സുഹൃത്ത് അയച്ചു തരാമെന്നു പറഞ്ഞ ഈ ചെടിയുടെ വിത്തുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ എനിക്ക് ലഭിക്കുമെന്ന് ശുഭപ്രതീക്ഷ .
കിലുക്കിചെടി അഥവാ ( Cortalaria retusa  ) നല്ല സൂര്യപ്രകാശമുള്ളിടങ്ങളിലാണ് നട്ടുവളർത്തേണ്ടത് .
ഈ ചെടിയുടെ തണ്ടുകളിലും ഇലകളിലും വരെ ശലഭങ്ങൾക്ക് ആവശ്യമായ ആൽക്കലോയിഡുകൾ ധാരാളമായും അടങ്ങിയിരിക്കുന്നു .
നീലക്കടുവ ( Blue  Tiger )എന്ന ഇനത്തിൽ പെട്ട ശലഭങ്ങൾക്ക് ഈ ചെടി ഏറെ പഥ്യമായാണ് കണ്ടുവരുന്നത് .പെൺശലഭങ്ങളെ ആകർഷിക്കുന്നതിനാവശ്യമായ ഫിറമോൺ എന്ന ഹോർമോണിൻറെ ഉൽപ്പാദനത്തിനാവശ്യമായ  ആൽക്കലോയിഡുകൾ നക്കി നുണയുന്നതിനായാണ്  കിലുക്കിച്ചെടിയിൽ  ചിത്രശലഭങ്ങൾ കൂട്ടമായിചെക്കേറുന്നതെന്നുവേണം കരുതാൻ .
പ്രത്യുൽപ്പാദന പ്രക്രിയയുടെ ഭാഗമായി പൂമ്പാറ്റ കളിലെ ആൺ ശലഭങ്ങളാണ് കൂട്ടമായി ഈ ചെടിയിലെത്തുന്നത് .
ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് കിലുകിലുക്കി.  ചണ, തന്തലക്കൊട്ടി എന്നും ഇതിന്  പേരുകളുണ്ട് .
(ശാസ്ത്രീയ നാമം: Crotalaria retusa).. ഒരു പാഴ്‌ച്ചെടിയായ  ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായാണ് കരുതിപ്പോരുന്നത് .
കരിനീലക്കടുവ ശലഭത്തിന്റെ മാതൃസസ്യമാണിത്. കന്നുകാലികൾക്ക് കിലുകിലുക്കി വിഷമാണ്. പച്ചിലവളമായും വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതായറിയുന്നു .
 ചിലയിടങ്ങളിൽ ഇലയും പൂവും കറിവയ്കാൻ ഉപയോഗിക്കുന്നു. പല നാടുകളിലെ യും നാട്ടുമരുന്നുകളിൽ ഉപയോഗിച്ചു വരുന്ന ഈ ചെടിയുടെ കുരുക്കൾ വിയറ്റ്നാമിൽ വറുത്തുതിന്നാറുള്ളതായുമറിയുന്നു. പൂമ്പാറ്റകളുടെ വർണ്ണ വൈവിധ്യം കൊണ്ട് വീട്ടുമുറ്റം അലങ്കരിക്കാൻ നമുക്കാരംഭിക്കാം കിലുക്കിച്ചെടിയുടെ കൃഷിയും പരിപാലനവും  .

https://www.youtube.com/watch?v=cPnSUFMibA0  

https://www.youtube.com/watch?v=oSZn9HyVzvc  

English Summary: butterflies are necessary for our enviornment , so be with it
Published on: 27 January 2021, 12:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now