കഥ ,സാഹിത്യം ,കവിത ,സംഗീതം ചിത്രമെഴുത്ത് തുടങ്ങിയവപോലെ പാചകവും ഒരു കലയാണ് .
ഒപ്പം അൽപ്പം കൈപ്പുണ്യവും മേമ്പൊടിയായി ലഭിച്ചാൽ നളനെ തോൽപ്പിക്കുന്ന തരത്തിലാകും പാചകം !
ലോകത്തിലെ നിരവധി വ്യത്യസ്ഥ പാചക തന്ത്രങ്ങളും പാചക വിഭവങ്ങളും അനായാസേന കൈകാര്യം ചെയ്യാനുള്ള മികവും മിടുക്കുമുള്ള ഡോ .ലക്ഷ്‌മി നായർ നിയമം പഠിച്ച പാചകക്കാരി മാത്രമല്ല പാചകത്തിൽ ഡോക്ട്രേറ്റ് കരസ്ഥമാക്കിയ മലയാളി മഹിള കൂടിയാണ് .
മധുരം പുരട്ടിയ വാചകങ്ങളിലൂടെയും ,അതീവ രുചികരങ്ങളായ പാചകങ്ങളിലൂടെയും കോടിക്കണക്കിന് ടെലിവിഷൻ പ്രേക്ഷകരുടെ രുചിഭേധങ്ങളിൽ തൊട്ടും തലോടിയും രസമുകുളങ്ങളെ ത്രസിപ്പിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പാചക വിദഗ്‌ദയും ടെലിവിഷൻ അവതാരകയുമായ ഡോ .പി .ലക്ഷ്‌മി നായരുടെ കൗതുകകരമായ ചില വീട്ടുവിശേഷങ്ങളിലൂടെ .
തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിനരികിൽ നിന്നും ഏറെ അകലത്തിലല്ലാതെ പത്മാനഗറിലെ
ഡോ.ലക്ഷ്‌മി നായരുടെ വീടിൻറെ ടെറസ്സ് മുഴുവൻ ഹരിതകാന്തിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണിപ്പോൾ .
അൽപ്പകാലം മുമ്പ് വരെ വെറുതെ കാലിയായിട്ടതായിരുന്നു ഈ ടെറസ്സ് .അലക്കിയ തുണികൾ വിരിച്ചിടാൻ മാത്രം ഉപയോഗിച്ചിരുന്ന ഈ ടെറസ്സ് ഇരുന്നേടത്തുനിന്നും എഴുന്നേറ്റാലെന്നപോലെയാണ് കൃഷിയിടമായിപെട്ടെന്ന് രൂപം മാറിയത് .
ഹരിതകാന്തിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ഈ മാളികപ്പുറത്തിലെ കൗതുക കാഴ്ച്ചകളിലൂടെ .
റെഡ് ഓക്സൈഡ് പൂശി സുരക്ഷിതമാക്കിയ ടെറസ്സിലെ തറയിൽ തുരുമ്പിക്കാത്ത ഇരുമ്പ് കമ്പികൾ ചേർത്ത് വെൽഡ് ചെയ്‌തെടുത്ത ഉറപ്പുമുള്ള മെറ്റൽ റാക്കുകളിൽ നിരനിരയായ് നിരത്തിയ ചെറുതും വലുതുമായ നൂറുക്കണക്കിന് ഗ്രോബാഗുകളിൽ പൂവിട്ടുണരുന്ന ഒട്ടുമാവുകൾ മുതൽ കുഞ്ഞൻ പ്ലാവുകൾ വരെ .
താങ്ങു കാലുകളിൽ പടർന്നുകയറി വിളഞ്ഞുപാകമായ കുരുമുളകുമണികളുമായി കുരുമുളക് ചെടികൾ .
പച്ചയും വെള്ളയും നീണ്ടതും ഉരുണ്ടതുമായ വിവിധയിനം പച്ചമുളകുകൾ തൂങ്ങിനിൽക്കുന്ന ചെടികൾ പാഷൻഫ്രൂട്ടിന് പടർന്നു കയറാൻ പ്രത്യേകം പന്തൽ .ഒപ്പം മുന്തിരിയ്‌ക്കും.
സംസാരത്തിനിടയിൽ ചെറുനാരക ചെടിയിൽനിന്നും ലക്ഷ്‌മി നായർ എന്ന വീട്ടമ്മ രണ്ടു മൂന്നു ചെറു നാരങ്ങകൾ പറിച്ചെടുക്കുകയും അഞ്ചു നിമിഷത്തിനകം ഉള്ളുകുളിരുന്ന ലെമൺ ജ്യുസ് റെഡി .
രാസകീടനാശിനിപ്രയോഗങ്ങളോ ,കൃത്രിമ വളങ്ങളോ നൽകാതെ തികച്ചും ജൈവ കൃഷി രീതിയിലാണ് ഈ ടെറസ്സ് കൃഷി .മുറ്റിത്തഴച്ചുവളരുന്ന കറിവേപ്പിലച്ചെടിയ്ക്ക് പഴകിയ കഞ്ഞിവെള്ളവും വളമായി നൽകുന്നുണ്ടത്രെ .
ചീരകൾ പലതരം , സുന്ദരിച്ചീര ,മയിൽപ്പീലിച്ചീര .വെള്ളച്ചീര അങ്ങിനെ നീളുന്നു പലതരങ്ങൾ .
അലോവേര ,പനീർകൂർക്ക തുടങ്ങിയ നിരവധി ഔഷധ ചെടികളും ഈ ടെറസ്സിൽ ഒരുക്കിയതായി കാണുന്നു .കൂട്ടത്തിൽ നിത്യകല്യാണി പോലുള്ള പൂച്ചെടികളും യൂജിനിയ പോലുള്ള അലങ്കാര ചെടികളുടെ ശേഖരം വേറെയും .
വെണ്ട .പല നിറങ്ങളിലുള്ള വഴുതിന ,കയ്പ്പക്ക .പടവലം ,വെള്ളരി .കോവൽ ,വിവിധയിനം ഒട്ടുമാവുകൾ .
സ്വർഗ്ഗീയ വൃക്ഷം എന്ന് പേരുകേട്ട Simaruba Glucca എന്ന ലക്ഷ്‌മിതരു മുതൽ ലവ്‌ലോലിക്ക ,അമ്പാഴ ചെടിവരെ .''മോളീസ് കിച്ചൺ '' എന്നാണിതിന് ലക്ഷ്‌മി നായർ പേരിട്ടിരിക്കുന്നത് .
സായാഹ്നങ്ങളിലും നിലാവലിഞ്ഞിറങ്ങുന്ന രാതികളിലും ഇവിടുത്തെ സിമൻറ് ബെഞ്ചിലിരുന്നു രാത്രിവിരിയുന്ന പൂക്കളുടെ സുഗന്ധമേറ്റുവാങ്ങാം .നഗരക്കാഴ്ചകൾ കാണാം .മെഡിറ്റേഷന് പറ്റിയ നല്ലൊരിടം . വർണ്ണ മത്സ്യങ്ങൾ നീന്തിപ്പുളക്കുന്ന കൃത്രിമ ജലാശയവും അതിഥികളെ സ്വീകരിക്കാൻ ചാരുബെഞ്ചുകളുമുള്ള ഈ ടെറസ്സ് ഗാർഡൻ ഈ വീടിന്റെ ഐശ്വര്യമാണെന്ന് പറയാതെ വയ്യ .
ദിവസവും അതിരാവിലെ എഴുന്നേറ്റ് ടെറസ്സിലെത്തി ഓരോ ചെടികളെയും തൊട്ടുതലോടി നടക്കുമ്പോൾ ഏതോ ദിവ്യമായ അനുഭൂതി മനസ്സിലൂടെ ഊർന്നിറങ്ങുന്നതായി പ്രകൃതിസ്നേഹിയായ ലക്ഷ്‌മി നായർ പറയുകയുണ്ടായി.
''തിരക്കിനിടയിൽ എന്ത് പച്ചക്കറികൃഷി? എവിടെ നേരം ? '' -പലരും പറയാറുള്ളതങ്ങിനെ . എന്നാൽ ഭാരിച്ച ഉത്തരവാദിത്വവും അതിലേറെ കൃത്യതാബോധവുമുള്ള ഡോ .ലക്ഷ്‌മി നായരെ പോലുള്ള ഒരു സെലിബ്രിറ്റിക്ക് ,വീട്ടമ്മക്ക് തിരക്കിനിടയിലും ഇത്രയൊക്കെ ആകാമെങ്കിൽ ശ്രമിച്ചാൽ ആർക്കാണാവാത്തത് ?
വിഷം തീണ്ടിയ പച്ചക്കറികളിൽ നിന്നും പുറംതിരിഞ്ഞുനിൽക്കാനുള്ള മനസ്സുള്ളതുകൊണ്ട്തന്നെയാണ് ഡോ .ലക്ഷ്‌മി നായരെപ്പോലുള്ള ഒരാൾ തിരക്കിനിടയിലും ഈ പച്ചക്കറിതോട്ടത്തിന് -മോളീസ് കിച്ചന് മുന്നിട്ടിറങ്ങിയതെന്നുവേണം കരുതാൻ. വിഷം തീണ്ടിയ അന്യസംസ്ഥാന പച്ചക്കറിയുടെ വരവ് കുറയ്‌ക്കാൻ ഓരോ വീട്ടു മുറ്റത്തും നമുക്കാരംഭിക്കാം ചെറുതെങ്കിലും നമ്മളുടേതായി ഒരു പച്ചക്കറിത്തോട്ടം .