ജീവിതചൈര്യ രോഗങ്ങൾ കാരണം വിഷമുക്തമായ ആഹാരം എന്നതാണ് മിക്കവരുടെയും ലക്ഷ്യം. രാസവസ്തുക്കളും കീടനാശിനികളും പ്രയോഗിക്കാതെ പൂർണമായും ജൈവ കൃഷി രീതി അവലംബിച്ചാൽ വിഷരഹിത ഭക്ഷണം ഉറപ്പാക്കാം. എന്നാൽ കൂടുതൽ പരിചരണവും, കൃത്യമായ നിരീക്ഷണവും നൽകിയാൽ മാത്രമേ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാനാകൂ.
ഇത്തരത്തിൽ നമ്മുടെ അടുക്കള തോട്ടത്തിലുള്ള തക്കാളിയിലും കോളി ഫ്ലവറിലും ഇലതീനി പുഴുക്കളുടെ ആക്രമണം ചിലപ്പോഴൊക്കെ രൂക്ഷപ്രശ്നമാവാറുണ്ട്.
ഇങ്ങനെ ഇലകളെ കാർന്നുതിന്ന് വിളകളെ നശിപ്പിക്കുന്ന പുഴുക്കളെയും കീടങ്ങളെയും നശിപ്പിക്കുന്നതിനുള്ള ചില എളുപ്പവഴികൾ പരിചയപ്പെടാം.
ഗോമൂത്ര കാന്താരി മുളക് മിശ്രിതം
ഇലതീനി പുഴുക്കള്‍ക്കെതിരെ ഏറെ ഫലപ്രദമാണ് ഗോമൂത്ര കാന്താരി മുളക് മിശ്രിതം. നാറ്റപൂച്ചെടി മിശ്രിതം, കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം എന്നിവയും ഇലതീനി പുഴുക്കള്‍ക്കെതിരെ പ്രയോഗിക്കാം.
ഗോമൂത്ര കാന്താരി മുളക് മിശ്രിതം: കീടനാശിനി പ്രയോഗിക്കേണ്ടതെങ്ങന?
ഇവ സ്പ്രേ ചെയ്യുമ്പോള്‍ ഇലകളുടെ അടിവശത്ത് കൂടുതല്‍ പ്രയോഗിക്കണം എന്നത് കൂടുതൽ ശ്രദ്ധിക്കണം. 10 ദിവസം കൂടുമ്പോള്‍ ഈ കീടനാശിനി പ്രയോഗങ്ങൾ നടത്തുക. വീര്യം അധികമാകാതിരിക്കാനും ശ്രദ്ധിക്കണം. നന്നായി വെയില്‍ ഉള്ളപ്പോള്‍ സ്പ്രേ ചെയ്യുക. സ്പ്രേ ചെയ്യുന്നതിന് മുന്‍പ് ചെടികള്‍ക്ക് ജലസേചനം ചെയ്യുന്നതും നല്ലതാണ്.
ഗോമൂത്ര കാന്താരി മുളക് മിശ്രിതം എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് കൂടി നോക്കാം.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനിയാണിത്.
ഗോമൂത്രം – 1 ലിറ്റര്‍
കാന്താരി മുളക് – 1 കൈപ്പിടി
ബാര്‍ സോപ്പ് – 50 ഗ്രാം
ആദ്യം കാന്താരി മുളക് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഈ ലായനിയിൽ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് 10 ഇരട്ടി വെള്ളം കൂടി ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം.
ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാനും പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ് തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ എന്നിവയ്ക്കെതിരെയും ഗോമൂത്ര കാന്താരി മുളക് മിശ്രിതം നല്ലതാണ്. ഇതുകൂടാതെ, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍, പുകയില കഷായം, പാല്‍ക്കായ മിശ്രിതം എന്നിവയും ജൈവകൃഷിയിൽ ഉപയോഗിക്കുന്ന മികച്ച കീടനാശിനികളാണ്.
ബന്ധപ്പെട്ട വാർത്തകൾ: വേപ്പിൻ പിണ്ണാക്ക് , വേപ്പെണ്ണ ഇവയുടെ ഉപയോഗം
പഴുത്ത പപ്പായ, മത്തങ്ങ, വാഴപ്പഴം, ശർക്കര, കോഴിമുട്ട എന്നിവ ചേർത്തുള്ള ജൈവവളവും ചെടികളിലെ കീടാക്രമണത്തിന് എതിരെ പ്രയോഗിക്കാം. അതായത്, ഈ പദാർഥങ്ങൾ ചേർത്തുള്ള ഇഎം ലായനി ചെടികളുടെ ആരോഗ്യത്തോടെയുള്ള വളർച്ചയ്ക്കും പ്രതിരോധശേഷിക്കും വളരെ നല്ലതാണ്.
പച്ചച്ചാണകം, ഗോമൂത്രം, കടല്ലപ്പിണ്ണാക്ക് എന്നിവ ഉപയോഗിച്ചുള്ള ചാണക വളക്കൂട്ടും ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ജൈവവളമാണ്. ഇത് പച്ചച്ചാണകം, ഗോമൂത്രം, കടലപ്പിണ്ണാക്ക്, കറുത്ത ശർക്കര, മേൽമണ്ണ് എന്നിവയ്ക്കൊപ്പം വെള്ളം കൂടി ചേർത്താണ് തയ്യാറാക്കുന്നത്.