ആലപ്പുഴ:വൈവിദ്ധ്യ കൃഷിയിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ കഞ്ഞിക്കുഴിയിലെ യുവകർഷകൻ സുജിത്ത് അരയേക്കർ സ്ഥലത്ത് ആരംഭിക്കുന്ന മുന്തിരി കൃഷിയുടെ തൈനടീൽ ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവ്വഹിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ വാണിജ്യകൃഷിയായാണ് മുന്തിരി വള്ളികൾ നട്ടത്. കോഴിവളവും ചാണകവുമാണ് അടിവളം. ബാംഗ്ലൂരിൽ നിന്നാണ് മുന്തിരി തൈകൾ എത്തിച്ചത്.
നേരത്തേ സൂര്യകാന്തി കൃഷി ചെയ്ത് സുജിത്ത്ശ്രദ്ധ നേടിയിരുന്നു. കൂടാതെ സൂര്യകാന്തി എണ്ണ വില്പന നടത്താനുള്ള ശ്രമത്തിലും ആണ്.
ഉള്ളി, കാരറ്റ് ,ഉരുളക്കിഴങ്ങ് എന്നിങ്ങനെയുള്ള മലയാളികൾക്ക് പരിചിതമല്ലാത്ത കൃഷിയിനങ്ങൾ വിളവെടുത്ത് ശ്രദ്ധ നേടിയ കർഷകനാണ് സുജിത്ത്. അദ്ദേഹം ചെയ്യുന്ന വ്യത്യസ്തയിനം കൃഷി ഇനങ്ങൾക്കായി കാത്തിരിക്കാം.
മുന്തിരിത്തൈകളുടെ നടീൽ വേളയിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചയത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ വൈസ് പ്രസിഡന്റ് എം. സന്തോഷ്കുമാർ , പഞ്ചായത്തംഗം ബി.ഇന്ദിര, എൻ.ടി.സുരേഷ് എന്നിവർ പങ്കെടുത്തു.