ആര്‍. വീണാറാണി
പണ്ടത്തെ കൃഷിരീതികള്‍ അതാത് പ്രദേശത്തിന് അനുയോജ്യവും സസ്യജന്തുജാല സഹവര്‍ത്തിത്വം ഉറപ്പുവരുത്തുന്നതുമായിരുന്നു. മണ്ണറിഞ്ഞ് വിത്തെറിയുകയായിരുന്നു പഴയ രീതി. ഇന്ന് രാസവിഷങ്ങളുടെ അതിപ്രസരം മണ്ണ് മലിനമാക്കി. മണ്ണ് ജീവനില്ലാതായി. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ മണ്ണിന്റെ ജീവന്‍ തിരിച്ച് പിടിക്കണം. ആര്‍ക്കും തയ്യാറാക്കാവുന്ന ജൈവവളങ്ങള്‍ ഈ രംഗത്തേക്കുള്ള കൈത്തിരിനാളമാണ്.
മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം കൂട്ടുന്നതിന് സഹായിക്കുന്ന ഒരു മിശ്രിതമാണ് ജീവാമൃതം. ജീവാമൃതം തളിക്കുമ്പോള്‍ രോഗ കീടാക്രമണം കുറയും ചെടികള്‍ ആരോഗ്യമുള്ളതായി വളരും.
ആവശ്യമായ സാധനങ്ങള്‍
നാടന്‍ പശുവിന്റെ ചാണകം - 10 കിലോ
ഗോമൂത്രം - 5-10 ലിറ്റര്‍
ഏതെങ്കിലും പയറുവര്‍ഗ്ഗത്തിന്റെ വിളകളുടെ ധാന്യമാവ് - 2 കിലോ
( ഉദാ: മുതിര, വന്‍പയര്‍, ഉഴുന്ന്, തുവര )
കറുത്ത ശര്‍ക്കര
(അല്ലെങ്കില്‍ 2 ലിറ്റര്‍ തേങ്ങാവെള്ളം) - 2 കിലോ
രാസ സ്പര്‍ശമേല്‍ക്കാത്ത മരത്തിനു ചുവട്ടിലേയോ വനത്തിലേയോ കറുത്തമണ്ണ് - ഒരു പിടി.
തയ്യാറാക്കുന്ന വിധം
ഒരു പ്ലാസ്റ്റിക്ക് വീപ്പയില്‍ (200 ലിറ്ററിലധികം വെള്ളം കൊള്ളുന്നത്) മേല്‍പ്പറഞ്ഞിരിക്കുന്ന ചേരുവകള്‍ ഒന്നിച്ചു ചേര്‍ത്ത് നന്നായി വലത്തോട്ട് ഇളക്കണം. ശേഷം ഏകദേശം 200 ലിറ്റര്‍ വെള്ളം വീപ്പയില്‍ നിറക്കാം. വീണ്ടും നന്നായി ഇളക്കി നിഴലില്‍ വച്ച് ചണചാക്കുകൊണ്ട് മൂടിവയ്ക്കണം. ദിവസവും 3 നേരം 2 മിനുട്ട് ഒരു കമ്പ് കൊണ്ട് നന്നായി വലത്തോട്ട് ഇളക്കി കൊടുക്കണം. 48 മണിക്കൂറിനു ശേഷം ജീവാമൃതം ഉപയോഗിക്കാം. ഇത് ഒരാഴ്ച വരെ സൂക്ഷിക്കാം. സൂക്ഷിക്കുമ്പോള്‍ 3 നേരം ഇളക്കി കൊടുക്കാന്‍ മറക്കരുത്. തളിക്കുന്ന സമയത്ത് പാടത്ത് ഒരു ഇഞ്ച് കനത്തില്‍ മാത്രം വെള്ളം കെട്ടിനിര്‍ത്തിയാല്‍ മതി.
ഘനജീവാമൃതം - അടിവളമായുത്തമം
ഏതൊരു വിളയ്ക്കും അടിവളമായുപയോഗിക്കാവുന്ന നല്ല മിശ്രിതമാണ് ഘനജീവാമൃതം. കൂടുതല്‍ കാലിവളം ഉപയോഗിക്കുന്നതിനു പകരം കുറച്ച് ഘനജീവാമൃതം മതിയാകും. വിളയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.
ആവശ്യമായ സാധനങ്ങള്‍
നാടന്‍ പശുവിന്റെ ചാണകം (അല്‍പം ഉണങ്ങിയത്) - 100 കിലോ
(അല്ലെങ്കില്‍ 50 കിലോ നാടന്‍ പശുവിന്റെ ചാണകവും 50 കിലോ നാടന്‍ കാളയുടെയോ എരുമയുടെയോ ചാണകവും)
കറുത്ത ശര്‍ക്കര - 2 കിലോ
ഏതെങ്കിലും പയറു വിളകളുടെ ധാന്യമാവ് - 2 കിലോ
(പയര്‍, തുവര, ഉഴുന്ന്, മുതിര)
രാസസ്പര്‍ശമേല്‍ക്കാത്ത വനമണ്ണ് / മരത്തിനു ചുവട്ടിലെ മണ്ണ് - ഒരു പിടി
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം ഒരു പ്ലാസ്റ്റിക് കൂട്ടില്‍ കലര്‍ത്തി 5 ലിറ്റര്‍ ഗോമൂത്രം അതിന്മേല്‍ തളിച്ച് കൈകൊണ്ടോ തൂമ്പ കൊണ്ടോ നന്നായി കുഴച്ചെടുത്ത് കൂനയാക്കുക. എന്നിട്ട് ചണചാക്കുകൊണ്ട് 48 മണിക്കൂര്‍ നേരം മൂടിവയ്ക്കണം. മണ്ണില്‍ തട്ടാതിരിക്കാനും മഴ കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം. 2 ദിവസം കഴിഞ്ഞ് പ്ലാസ്റ്റിക്ക് ഷീറ്റില്‍ തന്നെ ചെറിയ സൂര്യപ്രകാശത്തില്‍ ഉണക്കുക. നല്ലപോലെ ഉണങ്ങിക്കഴിഞ്ഞാല്‍ പൊടിച്ച് ചണചാക്കുകളില്‍ നിറച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. മണ്ണില്‍ തൊടാതെ സൂക്ഷിക്കണം. ഘനജീവാമൃതം 6 മാസം വരെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. വിത്തു വിതയ്ക്കുന്നതിനോ, ഞാറു നടുന്നതിനോ തൊട്ടുമുമ്പാണ് വിതറേണ്ടത്.
ജീവാമൃതം തളിച്ചും ഘനജീവാമൃതം തയ്യാറാക്കം. 100 കിലോ ചാണകത്തിന് 10 ലിറ്റര്‍ ജീവാമൃതമാണ് വേണ്ടത.് ആദ്യം ഏകദേശം 10 കിലോ (ഒരു കൊട്ട) ചാണകമെടുത്ത് കൈക്കോട്ട് കൊണ്ട് കൂട്ടി ഒരു ലിറ്റര്‍ തയ്യാറായ ജീവാമൃതം തളിക്കണം. ആവശ്യമായ അളവില്‍ ചാണകമെടുത്ത് വീണ്ടും വീണ്ടും ഇതുപോലെ ചെയ്യണം. എന്നിട്ട് നന്നായി ഇളക്കി കൊടുത്ത ശേഷം പ്ലാസ്റ്റിക് ഷീറ്റില്‍ കൂനകൂട്ടി ചണച്ചാക്കുകൊണ്ട് 48 മണിക്കൂര്‍ നേരം മൂടിവച്ചാല്‍ മതി. ഈ രീതിയില്‍ ഘനജീവാമൃതം ഉണ്ടാക്കി സൂക്ഷിക്കാം.
ബീജാമൃതം - വിത്ത് സംസ്‌കരിക്കാന്‍
20 ലിറ്റര്‍ വെള്ളത്തില്‍ നാടന്‍ പശുവിന്റെ 5 കിലോ ചാണകം തുണിയിലാക്കി കെട്ടി 12 മണിക്കൂര്‍ (ഒരു രാത്രി) മുക്കിയിടുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം ചുണ്ണാമ്പ് ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക. വെള്ളത്തില്‍ മുക്കി വച്ച ചാണകക്കൂട്ട് മൂന്നു തവണ അതില്‍ പിഴിയുക. കൃഷിയിടത്തില്‍ നിന്നെടുത്ത ഒരു പിടിമണ്ണ് ഇതിലിട്ടിളക്കുക. അഞ്ചുലിറ്റര്‍ ഗോമൂത്രം ചേര്‍ത്ത് ചുണ്ണാമ്പു വെള്ളവും കലര്‍ത്തി നന്നായി ഇളക്കിയാല്‍ വിത്തു സംസ്‌കരണത്തിനുള്ള ബീജാമൃതമായി. വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് നെല്‍വിത്ത് അതിലിടാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് പതിരുമാറ്റി വിത്ത് അല്‍പ്പനേരം തണലിലുണക്കാം. തുടര്‍ന്ന് ബീജാമൃതം കൊണ്ട് വിത്ത് സംസ്‌കരിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation- A to Z ) പാര്‍ട്ട് -7 - കളകളും കളനിയന്ത്രണവും