അര ഏക്കർ സ്ഥലത്ത് പഞ്ഞപ്പുൽകൃഷിയിൽ വിജയഗാഥ രചിച്ച് മുഹമ്മ പഞ്ചായത്തിലെ ധനശ്രീ കുടുംബശ്രീ അംഗങ്ങൾ.
14-ാം വാർഡിലെ സുധർമ്മ ,ജ്യോതി , സതിയമ്മ, തങ്കമണി, സരളമ്മ, ശ്രീദേവി, പുഷ്പകുമാരി, ലത എന്നിവർ മുഹമ്മ നന്നംകേരിൽ ശശിധരൻ്റെ പാടത്താണ് പഞ്ഞപ്പുൽകൃഷി വിളവെടുത്തത് കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ നിന്നുള്ള കോഴിവളവും ചാണകവും ചാരവും ഉപയോഗിച്ചു.
തെക്കേച്ചിറ കേശവനും കുടുംബാംഗങ്ങളും ജലസേചന സൗകര്യം ഒരുക്കി.നാലാം മാസം വിളവെടുക്കാനായി.
കാത്സ്യത്തിൻ്റെ കലവറയായ പഞ്ഞപ്പുല്ല് മുഹമ്മയിൽ ആദ്യമായാണ് കൃഷി ചെയ്യുന്നത്. കൃഷിഭവനിൽ നിന്നുള്ള വിത്താണ് വിതച്ചത്. വിളവെടുത്ത പഞ്ഞപ്പുല്ല് വായു കയറാത്ത പാത്രത്തിൽ അടച്ചു വച്ച് അഞ്ചു ദിവസം കഴിഞ്ഞ് കുറച്ച് വെള്ളമൊഴിച്ച് തിരുമി കഴുകി വെയിലത്ത് ഉണക്കി പൊടിച്ചെടുക്കും.
ഇത് ഉപയോഗിച്ച് പുട്ട്, ദോശ ഇഡലി ഹൽവ തുടങ്ങിയ പലഹാരങ്ങ ൾ ഉണ്ടാക്കാം . കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള പഞ്ഞപ്പുല്ല് കുറുക്കി കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി ഉപയോഗിച്ചു വരുന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ഷാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധുരാജീവ് , പഞ്ചായത്ത് സെക്രട്ടറി പി വി വിനോദ് , കൃഷി ഓഫീസർ രാഖി അലക്സ് , പഞ്ചായത്തംഗം കുഞ്ഞുമോൾ ഷാനവാസ് എന്നിവർ പങ്കെടുത്തു.
കടപ്പാട് : കെ എസ് ലാലിച്ചൻ