അധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇല പ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്.
ഇലപ്പുള്ളി രോഗം
റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്ന താണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകും. രോഗം കാണുന്ന ചെടികള്‍ / ഇലകള്‍ പറിച്ചു നശിപ്പിക്കുക/തീയിടുക.
ഇലപ്പുള്ളി, ഇരുമ്പുരോഗം തടയാം
പയറിലുണ്ടാകുന്ന ഇലപ്പുള്ളി, ഇരുമ്പുരോഗങ്ങള്‍ക്കു കാരണം കുമിളുകളാണ്. ഇലകളില്‍ ഇരുമ്പു പറ്റിയപോലെ കരിഞ്ഞ പാടുകളാണ് ലക്ഷണം. ഇത് രൂക്ഷമാകുമ്പോള്‍ ഇലകള്‍ കരിഞ്ഞു പൊഴിയുന്നു.
എങ്ങനെ നിയന്ത്രിക്കാം
1. സ്യൂഡോമോണസ് കുഴമ്പില്‍ വിത്ത് മുക്കിയശേഷം അരമണിക്കൂര്‍ തണലില്‍ സൂക്ഷിച്ച ശേഷം നടുക.
2. അഞ്ച് ഇരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രം മൂന്നു ദിവസം പഴകിയ മോരില്‍ കലക്കി ഇതില്‍ വിത്ത് അരമണിക്കൂര്‍ കുതിര്‍ത്തശേഷം നടുക.
3. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക.
4. 10 ഗ്രാം പുതിയ പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയെടുത്ത് അതില്‍ ലിറ്ററിന് 10 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്തു തളിക്കുക.
5. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇല പ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാധനങ്ങള്‍ 1, പാല്‍ക്കായം (അങ്ങാടി കടയില്‍ / പച്ചമരുന്നു കടയില്‍ ലഭിക്കും, അഞ്ചു രൂപയ്ക്ക് വല്ലതും വാങ്ങിയാല്‍ മതി). 2, മഞ്ഞള്‍ പൊടി , 3, സോഡാപ്പൊടി (അപ്പക്കാരം) ഇവയാണ്.
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക (ചെറുതായി പൊടിച്ചു അലിയിക്കാം). ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക.