പരസ്‌പരം സ്നേഹം പങ്കുവെച്ചുകൊണ്ട് പൂമരക്കൊമ്പിൽ കൊക്കുരുമ്മിക്കളിക്കുന്ന ഇണപക്ഷികളിൽ ഒന്നിനെ അമ്പെയ്യ്ത് കൊല്ലാനൊരുങ്ങിയ കാട്ടാളനോട് ക്രോധാവേശത്തോടെ പണ്ട് വാത്മീകി മഹർഷി പറഞ്ഞിരുന്നത് -
''അരുത് ..കാട്ടാള '' എന്നായിരുന്നു .
''മാ,നിഷാദ പ്രതിഷ്ഠാം ത്വമഗമശാശ്വതീ സമാ യത് ക്രൗഞ്ച മിഥുനാദേകം അവതി, കാമ മോഹിതം''-
സംസ്കൃത ഭാഷയിലെ ആദ്യത്തെ ശ്ലോകവും ഇതാണത്രേ .
ലോക നാടകവേദിക്ക് ഭാരതത്തിൻറെ അത്യമൂല്യസംഭാവനയായ അഭിജ്ഞാന ശാകുന്തളം നാടകത്തിലെ ഒന്നാമങ്കത്തിലെ മറ്റൊരു ദൃശ്യം കൂടി.
നായാട്ടിനെത്തിയ ദുഷ്യന്ത മഹാരാജാവിൻറെ ശരപരിധിക്കുള്ളിൽ അകപ്പെട്ടുപോയ പാവം ഒരു കൃഷ്‌ണമൃഗത്തിൻറെ ദയനീയ ചിത്രം കാളിദാസൻ വരച്ചുകാട്ടുന്നു.
നായാട്ടിൻറെ ലഹരിയിൽ വില്ലിൻറെ ഞാൺ വലിച്ച് അമ്പ് തൊടുത്ത് , കണ്ണിറുക്കി,ഉന്നം നോക്കി ശരം തൊടുത്തുവിടാൻ ഒരുങ്ങിനിൽക്കുന്ന രാജാവിനോട് കണ്വാശ്രമത്തിലെ വൈഖാനസ ഋഷി ക്കൊപ്പം മറ്റു തപസ്സികൾക്കും യാചനാരൂപത്തിൽ പറയാനുണ്ടായിരുന്നത് -
''കൊല്ലരുതേ… കൊല്ലരുതേ ''-ഇത് ആശ്രമമൃഗമാണെന്നായിരുന്നു .
ശബ്ദം കേൾക്കേണ്ട താമസം ദുഷ്യന്തമഹാരാജാവ് ശരം പിൻവലിച്ച് ആവനാഴിയിലിട്ട് പുറംതിരിഞ്ഞെന്ന് നാടകം വ്യക്തമാക്കുന്നു .
ശിബി ചക്രവർത്തിയുടെയും പ്രാവിൻറെയും കഥയിലെ സന്ദേശവും സമാനമായത് .
ഋഗ്വേദമന്ത്രദൃഷ്ടാക്കളായ ഋഷിമാരുടെ അഹിംസാ സന്ദേശത്തിൻറെ ബഹിർസ്‌പുരണമാണ് കാളിദാസൻ വൈഖാനസനിലൂടെ നാടകീയമായി കേള്‍പ്പിച്ചതെന്നുവേണം കരുതാൻ .
ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നതും അനുസ്‌മരിക്കപ്പെടുന്നതും ഒരുപക്ഷെ അതുകൊണ്ടൊക്കെത്തന്നെയാവാം .
കാലാന്തരത്തിൽ അമ്പും വില്ലിനും പകരം വെട്ടുകത്തിയും കൈവാളും വടിവാളും അൽപ്പം കൂടെ മികച്ചതായ കൈത്തോക്കിലും വരെ എത്തിനിൽക്കുന്നു പുതിയ കാലഘട്ടം .
നാടെങ്ങും ചിക്കൻസ്റ്റാളുകൾ .കോടിക്കണക്കിന് കോഴികളെയാണ് കാലാ കാലങ്ങളായി മനുഷ്യർ വെട്ടിനുറുക്കി വിഭവമൊരുക്കുന്നത് .
ചെറുതും വലുതുമായ എല്ലാതരം മീനുകളെയും വളർത്തിയും വലുതാക്കിയും വലവെച്ചും കെണിവെച്ചും പിടിച്ച് കൊന്നു തിന്നുന്നു .
ആടുമാടുകളുടെ ചോര മണം മാറാത്ത മാംസത്തിനായി അറവുശാല യുടെ മുൻപിലും തിരക്ക് ! ഭക്ഷ്യോത്പ്പാദന രംഗത്താകട്ടെ വിളനാശം സദാ മുഖ്യ വിഷയം .
വിള സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് അത്യുഗ്രൻ കീടനാശികൾ നിർമ്മിക്കുന്ന കൂറ്റൻ കമ്പനികൾ കെട്ടിപ്പൊക്കുന്നു .
മാരകമായ കീടനാശിനികൾ തളിച്ചുകൊണ്ട് സൂക്ഷ്മ ജീവികളെ വരെ നിമിഷനേരംകൊണ്ട് കൊന്നൊടുക്കാനുള്ള നിരവധി സൂത്രങ്ങളിലേയ്ക്ക് ശാസ്ത്രം വിരൽ ചൂണ്ടുന്നു .
എലികളെ കൊല്ലാൻ എലിപ്പെട്ടികൾക്കും കത്രികകൾക്കും പകരം രാസവസ്‌തുക്കളും ഒപ്പം പലതരം പശകളും വരെ വിപണിയിൽ ഇന്ന് സുലഭം.
സിങ്ക് ഫോസ്‌ഫൈഡ് പോലുള്ള അക്യുട്ട് പോയ്സൺ ,ബ്രോ മോൺ ഡൈലാൻ അടിസ്ഥാനമായുള്ള ക്രോണിക് പോയ്സൺ തുടങ്ങിയവ വേറെയും . ജീവൻറെ ''ലക്ഷ്‌മണ രേഖ'' കടക്കാൻ കൂറകൾക്കും ഭയം .കടന്നാൽ മരണം ഉറപ്പ് .
.
ഈ അടുത്ത ദിവസം തട്ടോളിക്കര ഭാഗത്ത് ഭാന്തൻകുറുക്കൻ പലരെയും കടിച്ചതായി കേൾക്കുന്നു .
കല്ലും വടിയുമായി കുറുക്കനുവേണ്ടി കാവലിരിക്കുന്ന നാട്ടുകാരെ കുറ്റം പറയാൻ പറ്റുമോ ?
അവരെയെല്ലാം കൂട്ടത്തോടെ ജയിലിടാൻ പറ്റുമോ ?
തരം കിട്ടിയാൽ അവർ കുറുക്കൻറെ കുടുംബത്തോടെ കാലപുരിക്കയച്ചെന്നും വരാം .
പുലർകാലം നടക്കാനിറങ്ങുന്നവരിൽ പലരുടെയും കൈയ്യിലും ചെറിയ മരക്കൊമ്പോ ഇരുമ്പ് വടിയോ കാണാം .
വഴിയാത്രക്കാരുടെ തീരാദുരിതമായ തെരുവ് പട്ടികളെ ഭയപ്പെടുത്താൻ അഥവാ തുരത്താൻ .
കടിക്കാനാഞ്ഞടുത്താൽ അവറ്റകളുടെ കാലു തല്ലിയൊടിക്കാൻ വരെ മനോബലമുള്ളവരും കൂട്ടത്തിലില്ലാതല്ല .
തൻറെ വിയർപ്പിൻെറ, അദ്ധ്വാനത്തിൻറെ ഓരോ അംശവും അനേകം ജീവജാലങ്ങൾക്ക് അന്നവും അതിജീവനവുമായി മാറുന്നതിൽ ലഭിക്കുന്ന സന്തോഷത്തിൻറെ നിറവിനെക്കാൾ വലുതായൊന്നുമില്ലെന്നും ജീവിതം ധന്യമാക്കുന്നത് ഇത്തരം സേവാപ്രവർത്തനമാണെന്നും വിശ്വസിക്കുന്ന വിഖ്യാത ചിത്രകാരനും പ്രമുഖ എക്കോഫിലോസഫറുമായ മണ്ണിനെ പ്രണയിക്കുന്ന ഭൗമശിൽപ്പി പത്തനംതിട്ടക്കാരൻ അഡ്വ.ജിതേഷ് ജി യെപ്പോലുള്ള ഒരുപാട് നല്ല മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ടെന്നുള്ളതും വിസ്‌മരിക്കുന്നില്ല .
''തുച്ഛമാമീ ശവകുടീരത്തിൽ വെച്ചിടായ്കൊരു ദീപവും "
വർണ്ണമനോഹരമായ പൂഞ്ചിറകുകളുമായി പറന്നടുക്കുന്ന പൂത്തുമ്പികളുടെ, ചെറു പ്രാണികളുടെ അതിലോലമായ ചിറകുകൾ മൺചിരാതിലെ ദീപനാളത്തിൽ കരിഞ്ഞുപോകുമ്പോഴുള്ള മാനസിക നൊമ്പരം തന്നെയാവാം കവിയുടെ ഈ വിലക്കിൻറെ മൂല കാരണം.
ഈ ഭൂമിയിൽ പിറന്നു വീഴുന്ന എല്ലാ ജീവജാലങ്ങൾക്കും മനുഷ്യരെപ്പോലെതന്നെ അവകാശപ്പെട്ടതാണ് ഭൂമി എന്ന വസ്‌തുതയാകട്ടെ നിഷേധിക്കാനാവാത്ത വിലപ്പെട്ട ഓർമ്മപ്പെടുത്തൽ.
ശത്രു രാജ്യങ്ങളിലെ അതിർത്തി കാക്കുന്നവരെ പ്രത്യേക സാഹചര്യത്തിൽ വെടിവെച്ചും ബോംബെറിഞ്ഞും കൊല്ലുന്നതിനുവരെ നിയമ സാധുതയുള്ള രാജ്യത്ത് പരമദ്രോഹിയായ മുള്ളൻപന്നി എന്ന ജീവിയുടെ കടന്നാക്രമണങ്ങൾ മുഴുവൻ കണ്ടും സഹിച്ചും പ്രതികരണശേഷി നഷ്ടപ്പെട്ടനിലയിൽ നിഷ്‌ക്രിയരായി ജീവിക്കേക്കേണ്ട ഗതികേടിലാണ് നമ്മളിൽ പലരും.
ആരാണിതിനുത്തരവാദി ?
പ്രായം വകവെക്കാതെ കടുത്തവേനലിൽ വിയർപ്പൊഴുക്കി കഷ്ടപ്പെട്ട് മണ്ണൊരുക്കി വളം ചേർത്ത് നൂറിലേറെ ചീരതൈകൾ ഞങ്ങളുടെ പറമ്പിൽ ഞാൻ ഈ അടുത്ത ദിവസം നട്ടു വളർത്തിയിരുന്നു.
ദിവസേന ഉറക്കമെഴുനേറ്റ ഉടനെ ചീരത്തൈകളുടെ തലയെടുപ്പും വളർച്ചയും നോക്കിക്കാണാൻ പറമ്പിലേക്ക് നടക്കുന്നതും എൻറെ ദിനചര്യ യുടെ ഭാഗം .
എന്നാൽ നട്ടു നനച്ച ചീരത്തൈകളെയെല്ലാം മുള്ളൻപന്നി മൊട്ടയടിച്ചുവിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത് . പകൽ വെളിച്ചത്തിൽ ഈ ജന്തുവിനെ കാണാൻ കിട്ടില്ല .രാത്രി കാലങ്ങളിൽ ഒളിച്ചിരുന്നാൽ കണ്ടെങ്കിലായി .
250 രൂപ വീതം കൊടുത്തു വാങ്ങി നട്ടു വളർത്തിയ ആയുർ ജാക്കുകളുടെ ഒട്ടു തൈകളും കാണാനില്ല.
കുറ്റി മാത്രം ബാക്കി. ലോറൽ ഗാർഡനിൽ നിന്നും വാങ്ങിയ മുന്തിയ ഇനം പപ്പായതൈകൾ ഒന്നിനെയും കാണാനില്ല. മുള്ളൻ പന്നിയുടെ വിളയാട്ടം !
ആട് കിടന്നേടത്ത് പൂടപോലുമില്ലെന്ന സ്ഥിതി .ആർക്കാണ് സഹിക്കാനാവുക ? സങ്കടത്തേക്കാളേറെ എനിക്കുണ്ടായ വികാരം ഊഹിക്കാമല്ലോ ?
ഇത്തരമൊരു സാഹചര്യത്തിൽ മുള്ളൻപന്നിയെ കൈയ്യിൽ കിട്ടിയാൽ പുറം തലോടി ഉമ്മവെച്ചുവിടാൻ എത്രപേർക്കാവും ?
പ്രതികാര ദാഹം തലക്കുപിടിച്ചവർക്കുള്ള ഏറ്റവും വലിയ ആയുധം ക്ഷമയാണെന്നും ഏറ്റവും വലിയ പ്രതികാരം മൗനമാണെന്നും ആവർത്തിച്ച് പറയാറുള്ള തിരൂകൊയിലോത്ത് കൃഷ്ണൻ മാസ്റ്റർ എന്ന ഗാന്ധിയനെ അറിയാതെ ഓർത്തുപോയ നിമിഷം .
എലികളെ കെണി വെച്ച് പിടിക്കാം .അതെ സമയം വിളകള്‍ക്ക് നാശം വരുത്തുന്ന ,കൃഷിചെയ്യുന്നവർക്ക് തീരാശാപമായ മുള്ളന്‍ പന്നിയെ തൊടാന്‍ പാടില്ല .സംരക്ഷിത ജീവിയായതുകൊണ്ടുതന്നെ നിയമം അനുശാസിക്കുന്നത് അനുസരിക്കുക .അത്രയേ വഴിയുള്ളൂ .പൗരധർമ്മവും അതുതന്നെ. കൈയും കാലും കൂട്ടിക്കെട്ടി മുഖത്ത് തുപ്പിയാലുള്ള അവസ്ഥയിലായി എന്ന് പറയുന്നതാവും കൂടുതൽ ശരി .
ചുരുക്കിപ്പറഞ്ഞാൽ മുള്ളൻ പന്നി എന്ന ഈ നികൃഷ്ട ജന്മത്തെ വണങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. എന്തൊരു വിരോധാഭാസം ?
. മുള്ളൻപന്നിയുടെ ഇടപെടലിൽ മനം മടുത്ത് വീട്ടുവളപ്പിലെ പച്ചക്കറി വേണ്ടെന്ന് വെച്ചവരുടെ അംഗസംഖ്യയും ചെറുതല്ല.
നാട്ടുമ്പുറങ്ങളിലെ കൃഷിയിടങ്ങളിൽ പഴയ പോളിയെസ്റ്റർ സാരികൾ കൊണ്ടോ നൈലോൺ വലകൾകൊണ്ടോ പറമ്പുകളിൽ വളച്ചുകെട്ടി മറ സൃഷ്ട്ടിച്ചുകൊണ്ടാണ് ബഹുഭൂരിഭാഗം പേരും പച്ചക്കറി കൃഷി നടത്തുന്നത് .
ഉടുമ്പ് ,മുള്ളൻപന്നി എന്നിവയിൽ നിന്നും കൃഷിയെ രക്ഷിക്കാൻ കണ്ടെത്തിയ കാലാനുസൃതമായ സൂത്രം . പണ്ടുകാലങ്ങളിൽ ഇത്തരം വളച്ചുകെട്ടലുകൾ ഇല്ലാതെയായിരുന്നു കൃഷിരീതി .
ഉപദ്രവകാരികളായ ജീവികളെ വകവരുത്താനുള്ള വിവേകവും വകതിരിവും അക്കാലത്തെ കൃഷിക്കാർക്കുണ്ടായിരുന്നുവെന്നു വേണം കരുതാൻ .
കരണ്ടുതിന്നു ജീവിക്കുന്ന സ്വഭാവമുള്ള അണ്ണാനടക്കമുള്ള ജീവികളുടെ കുടുംബക്കാരനയ മുള്ളൻ പന്നി യുടെ പേരിനൊപ്പം പന്നി എന്നുണ്ടെങ്കിലും ഈ ജീവി പന്നിവർഗ്ഗത്തിൽ പെട്ടതുമല്ല .
Hystrix Indica എന്ന് ശാസ്ത്രീയ നാമമുള്ള മുള്ളൻപന്നി തൻറെ എതിരാളിയെ അഥവാ ശത്രുക്കളെ നേരിടുന്നതും നേർക്കുനേർ എന്നരീതിയിലുമല്ല .
പിന്നോക്കം ഓടാൻ കഴിവുള്ള ഈ ജീവി തൻറെ പൃഷ്ട ഭാഗം കൊണ്ടാണ് പ്രതിരോധമൊരുക്കുന്നത് .രോമങ്ങളുടെ രൂപാന്തരമെന്നനിലയിൽ ഒരു മുള്ളൻ പന്നിയുടെ ശരീരത്തിൽ മുപ്പത്തിനായിരത്തിലേറെ മുള്ളുകളാണത്രെ ഉള്ളത് .
കൂർത്ത് നേർത്ത് കനം കുറഞ്ഞ ഈ മുള്ളുകൾ ശത്രുവിൻറെ നേർക്ക് അതിവേഗത്തിൽ തെറിപ്പിക്കലാണ് ഇതിൻറെ രക്ഷാ രീതി.അഥവാ ജനിതകസ്വഭാവം .
ഇതിൻറെ ദേഹത്തു നിന്നും പൊഴിഞ്ഞു പോകുന്ന ഇത്തരം മുള്ളുകളാണ് ശത്രുവിന്റെ ദേഹത്ത് ചെന്ന് തറിക്കുന്നത് .
കാഴ്‌ച ശക്തിയുടെ കാര്യത്തിൽ മറ്റു ജീവികളേക്കാൾ ഏറെ പിന്നിലാണ് മുള്ളൻ പന്നികളെങ്കിലും ഘ്രാണശക്തി യുടെ കാര്യത്തിൽ ഇവറ്റകൾ ഏറെ മുന്നിലുമാണ് .
മരപ്പൊത്തിലും മണ്ണിലെ മാളങ്ങളിലും ജീവിക്കുന്ന ഇവയ്‌ക്ക് പൂർണ്ണവളർച്ചയെത്തിയാൽ അരമീറ്റർ വരെ നീളവും അഞ്ചു മുതൽ പതിമൂന്നു കിലോ വരെ ശരീര ഭാരവും കാണുമത്രെ .
സസ്യഭുക്കുകളായ ഇവ സസ്തനികളുടെ വർഗ്ഗത്തിൽ പെടുന്നു .
ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് ന്യുയോർക്കിലെ ഏതോ ഒരു മൃഗ സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയായ സെൻഡ് ബെർണാർഡ് ഇനത്തിൽ പെട്ട റെക്സ് എന്നു പേരുള്ള നായക്ക് മുള്ളൻ പന്നിയിൽ നിന്നും നേരിടേണ്ടി വന്ന ഗുരുതരമായ ആക്രമണത്തിൻറെ നേർക്കാഴ്ചകൾ ചിത്ര സഹിതം ലോക മാധ്യമങ്ങൾ ഏറെ ശ്രദ്ധേയമായ രീതിയിൽ പുറത്തുവിടുകയുമുണ്ടായി .
ആയുർവ്വേദ മരുന്നുനിർമ്മാണത്തിൽ ഭൂനാഗതൈലം ഉണ്ടാക്കുന്നത് ശുദ്ധിചെയ്‌തെടുത്ത മണ്ണിര കളെ അഥവാ ഞാഞ്ഞൂലുകളെ ചാണക്കല്ലിലരച്ചു ചേർത്തായിരുന്നു .
എന്റെ അച്ഛൻ ആയുർവ്വേദ വൈദ്യനും ഔഷധ നിർമ്മാതാവുമായിരുന്ന കാലങ്ങളിൽ അച്ഛൻറെ ജോലിക്കാർ ഈ പ്രവർത്തിചെയ്യുന്നത് ഞാൻ നേരിൽ കണ്ടിട്ടുമുണ്ട് .
കസ്‌തൂര്യാദി , ഗോരോചനാദി ,കൊമ്പൻ ജാതി ഗുളികളിലും വേണം ചിലതൊക്കെ .
അതുപോലെ പെരുമ്പാമ്പിൻറെ നെയ്യ് ഔഷധ ത്തില്‍ ചേര്‍ക്കാറുണ്ട്.
എങ്ങിനെയാണ് നെയ്യെടുക്കുകയെന്നറിയാമോ? പെരുമ്പാമ്പിനെ കൊന്ന് നെയ്യ് കീറിയെടുക്കുകയാണ് പതിവ് .കാട്ടിലെ കരിങ്കുരങ്ങും കരിങ്കുരങ്ങ് രസായനം പോലുള്ള ആയുർവ്വേദ മരുന്ന് നിർമ്മാണങ്ങളിലെ അവശ്യവസ്‌തു .
നിയമവിലക്കുകളെ മറികടന്നുകൊണ്ട് അതീവരഹസ്യമായ തോതിൽ ഒരുപക്ഷെ ഇപ്പോഴും ഈ നില തുടരുന്നവർ ഉണ്ടായിക്കൂടെന്നുമില്ല.
ആൺ മാനുകൾ ഇണയെ ആകർഷിക്കുവാൻ പുറപ്പെടുവിക്കുന്ന സുഗന്ധ വസ്തുവാണ് കസ്‌തൂരി .കസ്‌തൂരിമാനിനെ പിടിച്ച് സുഖചികിത്സ നടത്തിക്കൊണ്ടല്ല കസ്‌തൂരി ശേഖരിക്കുന്നത് .
പിത്താശയമുള്ള ഏക മാൻ വർഗ്ഗമായ കസ്‌തൂരി മാനിൻറെ വയറിൻറെ ഭാഗത്തുള്ള ഗ്രന്ഥികളിൽ നിന്നാണ് വിലപ്പെട്ട കസ്‌തൂരി ലഭിക്കുന്നത് .മാനിനെ മയക്കിക്കിടത്തിക്കൊണ്ടല്ല ഇതെടുക്കുന്നത് .കൊന്നിട്ടുതന്നെ .
ഇത്തരം ജീവികൾക്കൊന്നുമില്ലാത്ത ജീവൻറെ വിലയാണോ മുള്ളൻ പന്നിക്കുള്ളത് ? മറ്റു ജീവികളേക്കാൾ മുള്ളൻ പന്നിക്ക് എടുത്തു പറയാവുന്ന മഹത്വമെന്താണ് ?
നാട്ടുമ്പുറങ്ങളിലെ നമ്മുടെ കാർഷിക വിളവുകളുടെ തീരാശാപം മുള്ളൻപന്നികളെപ്പോലുള്ള ജീവികളും അവയെ സംരക്ഷിക്കാൻ കച്ചകെട്ടിപ്പുറപ്പെട്ടവരുമാണെന്ന് പറഞ്ഞാൽ തെറ്റാവുമോ ?
ജൈവസംസ്‌കൃതി കൂട്ടായ്‌മകൾ ഗൗരവപൂർവ്വം കാണേണ്ട വിഷയമല്ലേയിത് ?
കൊതുകിനെ ,പല്ലിയെ ,പാറ്റയെ ,ഈച്ചയെ കൊല്ലുന്നവരെ തൂക്കിലേറ്റുന്ന നിയമ സംവിധാനം കൂടി ഇനി വരും കാലങ്ങളിൽ ഉണ്ടാകുമോ .....എന്തോ ?